നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം: ഫെസ്റ്റിവൽ ഓഫീസ് ഉദ്ഘാടനം 6ന്

നാലാമത് കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് മുന്നോടിയായുള്ള ഫെസ്റ്റിവൽ ഓഫീസിന്റെ ഉദ്ഘാടനം ജനുവരി 6ന് രാവിലെ 10.30ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. ചടങ്ങിൽ പുസ്തകോത്സവം ഡയറക്ടറിയുടെയും ഫെസ്റ്റിവൽ സോങ്ങിന്റെയും പ്രകാശനം നടക്കും. വൈകിട്ട് 6.30ന് നിയമസഭാ സമുച്ചയത്തെ വർണ്ണശബളമാക്കുന്ന വൈദ്യുതാലങ്കാരങ്ങളുടെ ഉദ്ഘാടനം സ്പീക്കർ എ. എൻ. ഷംസീർ നിർവഹിക്കും.

ജനുവരി 7 മുതൽ 13 വരെ നിയമസഭാ സമുച്ചയത്തിലാണ് പുസ്തകോത്സവം സംഘടിപ്പിക്കുന്നത്. പുസ്തക്കോൽസവത്തിൽ പങ്കെടുക്കുന്നവർക്ക് നിയമസഭാ മ്യൂസിയവും സഭാ സമ്മേളനം നടക്കുന്ന നിയമസഭാ ഹാളും സന്ദർശിക്കാനുള്ള സൗകര്യവുമുണ്ടാകും.

സംവാദങ്ങളും കലാപരിപാടികളുമായി തലസ്ഥാനത്ത് അറിവിന്റെ ഉത്സവം തീർക്കുന്ന പുസ്തകോത്സവത്തിന്റെ നാലാം പതിപ്പിൽ മന്ത്രിമാരും സാമാജികരും സാമൂഹിക സാംസ്‌കാരിക കലാ സാഹിത്യ മേഖലകളിലെ പ്രമുഖരും സജീവമായി പങ്കെടുക്കും. ദേശീയ, അന്തർദേശീയ പ്രസാധകരും പ്രമുഖ സാഹിത്യകാരന്മാരും ഈ അക്ഷരോത്സവത്തിന്റെ ഭാഗമാകും. മേളയിൽ വിപുലമായ പുസ്തകശേഖരമാണ് വായനക്കാരെ കാത്തിരിക്കുന്നത്.

 

വായനയുടെ ഉത്സവത്തിന് അകമ്പടിയായി തെയ്യത്തിന്റെ ചിലമ്പൊലി

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ (KLIBF 2026) നാലാം പതിപ്പിന് തലസ്ഥാനത്ത് തിരശ്ശീല ഉയരുമ്പോൾ, ഇത്തവണത്തെ പ്രധാന ആകർഷണം വടക്കേ മലബാറിന്റെ തനത് അനുഷ്ഠാന കലയായ തെയ്യമാണ്. ജനുവരി 7 മുതൽ 13 വരെ നിയമസഭാ സമുച്ചയത്തിൽ നടക്കുന്ന പുസ്തകോത്സവത്തിന്റെ ഭാഗമായി ജനുവരി 8 മുതൽ 12 വരെയാണ് തെയ്യങ്ങൾ അരങ്ങേറുന്നത്.

ജനുവരി 8ന് വൈകിട്ട് 6ന് മാഹിയിൽ നിന്നുള്ള ‘തെയ്യം പൈതൃക സമിതി’ അവതരിപ്പിക്കുന്ന ‘കൊടിയേറ്റം’ ചടങ്ങോടെ കലാപരിപാടികൾക്ക് തുടക്കമാകും. സ്പീക്കർ എ.എൻ. ഷംസീറിന്റെ സാന്നിധ്യത്തിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും.

‘ഗുരുതി തർപ്പണവും പൂക്കുട്ടിച്ചാത്തൻ തിറയും’ ജനുവരി 8ന് വൈകിട്ട് 6.30ന് അരങ്ങേറും. ഫ്രഞ്ച്-ബ്രിട്ടീഷ് യുദ്ധകാലത്ത് തകർന്ന സെന്റ് തെരേസ ദേവാലയത്തിന്റെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട ഐതിഹ്യമാണ് ഈ തെയ്യത്തിനുള്ളത്. തുടർന്ന് 8 മണിക്ക് മുത്തപ്പൻ വെള്ളാട്ടവും അരങ്ങിലെത്തും.

ആയോധന മികവിന്റെ പടവീരൻ തെയ്യം ജനുവരി 9ന് വൈകിട്ട് 7നും അടിച്ചമർത്തപ്പെട്ടവരുടെ പോരാട്ട വീര്യവുമായി കുട്ടിച്ചാത്തൻ തിറ ജനുവരി 10ന് വൈകിട്ട് 7നും അരങ്ങേറും.

ജനുവരി 11ന് വൈകിട്ട് 6 മണിക്ക് ആയോധന ഫൗണ്ടേഷൻ അവതരിപ്പിക്കുന്ന കളരിപ്പയറ്റ് പ്രദർശനത്തിന് പിന്നാലെ, 16 പന്തങ്ങളുമായി അഗ്‌നികണ്ഠാ കർണ്ണൻ തെയ്യം ഉഗ്രമൂർത്തിയായി എത്തും. ജനുവരി 12ന് വൈകിട്ട് 7ന് വസൂരിമാല ഭഗവതി തിറയും വൈകിട്ട് 8ന് സാമൂഹിക വിവേചനങ്ങൾക്കെതിരെ ശബ്ദമുയർത്തുന്ന പൊട്ടൻ തെയ്യവും അരങ്ങേറും.

 

നിയമസഭാ പുസ്തകോത്സവം: വിദ്യാർത്ഥികൾക്ക് മൃഗശാല പ്രവേശനം സൗജന്യം

കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് പങ്കെടുക്കാൻ എത്തുന്ന വിദ്യാർത്ഥികൾക്ക് ജനുവരി 7 മുതൽ 13 വരെ തിരുവനന്തപുരം മൃഗശാലയും മ്യൂസിയങ്ങളും സൗജന്യമായി സന്ദർശിക്കാം. പുസ്തകോത്സവത്തിന്റെ ഭാഗമായി 12ന് മൃഗശാലയും മ്യൂസിയങ്ങളും തുറന്നു പ്രവർത്തിക്കുമെന്ന് മ്യൂസിയം മൃഗശാല ഡയറക്ടർ അറിയിച്ചു.

 

നിയമസഭ പുസ്തകോത്സവം: 11 വിഭാഗങ്ങളിൽ മീഡിയ അവാർഡ് നൽകും

ജനുവരി 7 മുതൽ 13 വരെ സംഘടിപ്പിക്കുന്ന കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം നാലാം പതിപ്പിന്റെ ഭാഗമായി പുസ്തകോത്സവം സംബന്ധിച്ച വാർത്തകൾ മികച്ച രീതിയിൽ റിപ്പോർട്ട് ചെയ്യുന്ന അച്ചടി, ദൃശ്യ, ശ്രവ്യ, ഓൺലൈൻ മാധ്യമങ്ങൾക്കായി 11 വിഭാഗങ്ങളിൽ അവാർഡ് ഏർപ്പെടുത്തി. പുസ്തകോത്സവ വാർത്തകൾ മികച്ച രീതിയിൽ ജനങ്ങളിൽ എത്തിക്കുന്ന വ്‌ളോഗർക്കും അവാർഡുണ്ട്.

സമഗ്ര കവറേജിന് അച്ചടി, ദൃശ്യ, ശ്രവ്യ, ഓൺലൈൻ വിഭാഗത്തിലും മികച്ച റിപ്പോർട്ടർക്ക് അച്ചടി, ദൃശ്യ, ശ്രവ്യ, ഓൺലൈൻ വിഭാഗത്തിലും മികച്ച ഫോട്ടോഗ്രാഫർക്ക് അച്ചടി വിഭാഗത്തിലും മികച്ച ക്യാമറപേഴ്‌സന് ദൃശ്യ വിഭാഗത്തിലുമാണ് അവാർഡ് നൽകുക. ഡിസംബർ 15 മുതൽ ജനുവരി 15 വരെയുള്ള പുസ്തകോത്സവം സംബന്ധിച്ച വാർത്തകളാണ് പരിഗണിക്കുക.

വ്‌ളോഗർ പുസ്തകോത്സവം സംബന്ധിച്ചു ചുരുങ്ങിയത് അഞ്ചു കണ്ടന്റ് എങ്കിലും ചെയ്തിരിക്കണം. എൻട്രി അയക്കുന്നത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കും.

നിയമസഭാ പുസ്തകോത്സവം: ക്വിസ് മത്സരങ്ങൾക്ക് സ്പോട്ട് രജിസ്ട്രേഷൻ

നിയമസഭയുടെ അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് ജനുവരി 8, 9, 10 തീയതികളിൽ നിയമസഭാ സമുച്ചയത്തിൽ വച്ച് യഥാക്രമം ഹൈസ്‌കൂൾ- ഹയർ സെക്കണ്ടറി തലം, കോളേജ് തലം, പൊതുജനങ്ങൾ എന്നീ മൂന്ന് വിഭാഗങ്ങളിലായി സംഘടിപ്പിക്കുന്ന ക്വിസ് മത്സരങ്ങൾക്ക് സ്‌പോട്ട് രജിസ്‌ട്രേഷൻ ഉണ്ടായിരിക്കും. പങ്കെടുക്കാനാഗ്രഹിക്കുന്നവർ അതത് ദിവസങ്ങളിൽ രാവിലെ 9.30ന് റിപ്പോർട്ട് ചെയ്യണം. വിശദ വിവരങ്ങൾക്ക്: 0471 2512456/2549/2368.