ഡെന്മാർക്ക് പ്രതിനിധി സംഘം മന്ത്രിമാരായ ഡോ. ആര്‍.ബിന്ദു, എം.ബി രാജേഷ്, വീണാ ജോര്‍ജ്ജ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിലെ വയോജന പാലിയേറ്റീവ് പരിചരണ പദ്ധതികള്‍ മാതൃകാപരമെന്ന് ഡെന്മാർക്ക് സംഘം

ഡെന്മാർക്ക് മിനിസ്റ്റർ ഓഫ് സീനിയർ സിറ്റിസൺസ് മെറ്റെ കിയർക്ക്ഗാർഡ്, ഇന്ത്യയിലെ ഡെന്‍മാര്‍ക്ക് അംബാസിഡര്‍ റാസ്മസ് അബിൽഡ്ഗാർഡ് ക്രിസ്റ്റൻസൻ എന്നിവരുടെ നേതൃത്വത്തിലുളള എട്ടംഗ പ്രതിനിധി സംഘം സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍.ബിന്ദു, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. പാലിയേറ്റീവ് പരിചരണം, വയോജന പരിചരണം എന്നിവയില്‍ കേരളവും ഡെന്‍മാര്‍ക്കും നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ ചര്‍ച്ച ചെയ്തു. കേരളം നടപ്പിലാക്കിവരുന്ന വയോജന പാലിയേറ്റീവ് പരിചരണ പദ്ധതികള്‍, വയോജന കമ്മീഷന്‍ മുതലായവ മാതൃകാപരവും അനുകരണീയവുമാണെന്ന് ഡെന്‍മാര്‍ക്ക് സംഘം അഭിപ്രായപ്പെട്ടു. കുടുംബശ്രീ വഴി നടപ്പിലാക്കുന്ന വിവിധ വയോജന, പാലിയേറ്റീവ് പരിചരണ പദ്ധതികള്‍, ഡിജിറ്റല്‍ ഇന്‍ക്ലൂഷന്‍ പദ്ധതി, പകല്‍വീട്, മന്ദഹാസം, സമൂഹാടിസ്ഥാനത്തിലുളള സംരക്ഷണപദ്ധതികള്‍ മുതലായവ മന്ത്രിമാര്‍ ഡെന്‍മാര്‍ക്ക് സംഘത്തോട് വിശദീകരിച്ചു. കേരളം നടപ്പിലാക്കി വരുന്ന വയോജന പാലിയേറ്റീവ് പരിചരണ പദ്ധതികള്‍ സംബന്ധിച്ച് വിശദാംശങ്ങള്‍ക്കായി ഇന്ത്യയിലെ ഡെന്‍മാര്‍ക്ക് എംബസി ബന്ധപ്പെട്ട വകുപ്പുകളുമായി തുടര്‍ ആശയവിനിമയം നടത്തുമെന്ന് മെറ്റെ കിയർക്ക്ഗാർഡ് പറഞ്ഞു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖൊബ്രഗഡെ, നോര്‍ക്ക വകുപ്പ് സെക്രട്ടറി ടി.വി അനുപമ, നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി തുടങ്ങിയവര്‍ കൂടിക്കാഴ്ചകളില്‍ പങ്കെടുത്തു.

 

ഡെന്മാർക്ക് മന്ത്രിതല പ്രതിനിധി സംഘം മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടറേറ്റും നഴ്സിംങ് കോളേജും സന്ദര്‍ശിച്ചു. കേരളത്തിലെ ആരോഗ്യ വിദ്യാഭ്യാസ മേഖല മികച്ചതെന്ന് സംഘം.

 

ഡെന്മാർക്ക് മിനിസ്റ്റർ ഓഫ് സീനിയർ സിറ്റിസൺസ് മെറ്റെ കിയർക്ക്ഗാർഡ്, ഇന്ത്യയിലെ ഡെന്‍മാര്‍ക്ക് അംബാസിഡര്‍ റാസ്മസ് അബിൽഡ്ഗാർഡ് ക്രിസ്റ്റൻസൻ എന്നിവരുടെ നേതൃത്വത്തിലുളള എട്ടംഗ പ്രതിനിധി സംഘം മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടറേറ്റും തിരുവനന്തപുരം ഗവണ്‍മെന്റ് നഴ്സിംങ് കോളേജും സന്ദര്‍ശിച്ചു. കേരളത്തിൽ നിന്നുളള ആരോഗ്യ പ്രവർത്തകരെ ഡെന്മാർക്കിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനായി നോർക്ക റൂട്സും ഡെന്മാർക്ക് മിനിസ്ട്രി ഓഫ് സീനിയർ സിറ്റിസൺസും തമ്മില്‍ കരാര്‍ ഒപ്പുവെയ്ക്കുന്നതിന്റെ ഭാഗമായാണ് സംഘം കേരളത്തിലെത്തിയത്. കരാർ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ ഒരു പുതിയ അധ്യായം കുറിക്കുമെന്ന് മെറ്റെ കിയർക്ക്ഗാർഡ് പറഞ്ഞു. അടുത്ത 10 വർഷത്തിനുള്ളിൽ ഡെൻമാർക്കിലെ ജനസംഖ്യയുടെ ഏകദേശം 25% പേർക്ക് 67 വയസ്സിൽ കൂടുതൽ പ്രായമുണ്ടാകും. ഈ സാഹചര്യത്തില്‍ 2035-ഓടെ വയോജന പരിചരണത്തിൽ ഡെന്‍മാര്‍ക്കില്‍ 24,000 ജീവനക്കാരുടെ കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. കേരളത്തിലെ ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ ഉയർന്ന നിലവാരവും മികച്ച പൊതുജനാരോഗ്യ സംവിധാനവും പരിഗണിച്ചാണ് ആരോഗ്യപ്രവര്‍ത്തകരെ റിക്രൂട്ട് ചെയ്യുന്നതിന് തീരുമാനിച്ചതെന്നും മെറ്റെ കിയർക്ക്ഗാർഡ് വ്യക്തമാക്കി. അന്താരാഷ്ട്ര കരാറിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കും ഡെൻമാർക്കിലെ പൗരന്മാരുടേതിന് തുല്യമായി വിദ്യാഭ്യാസ, തൊഴിൽ, വേതനാവകാശങ്ങള്‍ ലഭിക്കുമെന്നും അവര്‍ വ്യക്തമാക്കി.

അതിദാരിദ്ര്യം ഇല്ലാതാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനമാണ് കേരളമെന്ന് ചൂണ്ടിക്കാട്ടിയ അംബാസിഡര്‍ റാസ്മസ് അബിൽഡ്ഗാർഡ് ക്രിസ്റ്റൻസൻ കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളില്‍ ആരോഗ്യ വിദ്യാഭ്യാസ മേഖലകളില്‍ നടത്തിയ നിക്ഷേപങ്ങളും ഇടപെടലുകളും മാതൃകാപരമാണെന്നും അഭിപ്രായപ്പെട്ടു. ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ, കോൺഫറൻസ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഡയറക്ടർ ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ഡോ. കെ. വി. വിശ്വനാഥൻ സ്വാഗതം പറഞ്ഞു. നഴ്‌സിംഗ് വിദ്യാഭ്യാസത്തെക്കുറിച്ച് പ്രൊഫ. സ്വപ്ന കെ. ജി വിശദീകരിച്ചു. ജോയിന്റ് ഡയറക്ടർ ഓഫ് നഴ്‌സിംഗ് എജ്യുക്കേഷൻ ഡോ. ബീന എം. ആർ നന്ദിയും പറഞ്ഞു. വൃദ്ധപരിചരണ വിഭാഗം പ്രൊഫസറും വകുപ്പ് മേധാവിയുമായ ഡോ. അരുണ, നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് വിഭാഗം പ്രതിനിധികള്‍, നഴിസിംങ് വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ചടങ്ങുകളില്‍ സംബന്ധിച്ചു. വിദ്യാര്‍ത്ഥികളുമായി സംവദിച്ച സംഘം അവരുടെ ചോദ്യങ്ങള്‍ക്കും ഡെന്‍മാര്‍ക്ക് റിക്രൂട്ട്മെന്റ് സംബന്ധിക്കുന്ന സംശയങ്ങള്‍ക്കും മറുപടി നല്‍കി. കേരളത്തിൽ നിന്നുളള ആരോഗ്യ പ്രവർത്തകരെ ഡെന്മാർക്കിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനായി നാളെ (ജനുവരി 8 ന്) മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലാണ് നോര്‍ക്ക റൂട്ട്സും ഡെന്മാർക്ക് മിനിസ്ട്രി ഓഫ് സീനിയർ സിറ്റിസൺസും തമ്മില്‍ കരാര്‍ കൈമാറുക.