ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് തീര്‍ത്ഥാടകര്‍ക്ക് മികച്ച ആശയവിനിമയ സൗകര്യമൊരുക്കാന്‍ ബിഎസ്എന്‍എല്‍ പുല്ലുമേട്ടില്‍ താല്‍ക്കാലിക ടവര്‍ സ്ഥാപിച്ചു. വനം വകുപ്പിന്റെ വാച്ച് ടവറിലാണ് ഈ അധികസംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
മകരജ്യോതി ദര്‍ശനത്തിനായി പതിനായിരങ്ങള്‍ എത്തുന്ന സാഹചര്യം കണക്കിലെടുത്ത് സ്ഥാപിച്ച ടവര്‍ ജനുവരി 12 മുതല്‍ പ്രവര്‍ത്തനസജ്ജമാകും. സന്നിധാനത്തും പരിസരപ്രദേശത്തും എത്തുന്ന ഭക്തജനങ്ങള്‍ക്ക് ബിഎസ്എന്‍എല്‍ നെറ്റ്‌വര്‍ക്കില്‍ യാതൊരുവിധ തടസ്സങ്ങളുമുണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചു.
കൂടാതെ ബിഎസ്എന്‍എല്‍ ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ മുപ്പത് എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ സെന്ററുകളിലും വൈഫൈ സൗകര്യം നല്‍കിയിട്ടുണ്ട്.
ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ വഴിയാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഏത് അടിയന്തര സാഹചര്യത്തിലും ഈ വൈദ്യസഹായ കേന്ദ്രങ്ങളില്‍ കോള്‍ ചെയ്യുന്നതിനും ഇന്റര്‍നെറ്റ് ലഭ്യമാകുന്നതിനും സൗകര്യമുണ്ട്. അടിയന്തരഘട്ടങ്ങളില്‍ വീഡിയോ കോള്‍ വഴി ആശയവിനിമയത്തിന് സാധിക്കും.
വിവിധ വകുപ്പുകള്‍ക്കും മാധ്യമങ്ങള്‍ക്കും ബിഎസ്എന്‍എല്‍ സന്നിധാനത്ത് വെഫൈ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.


