മകരവിളക്ക് മഹോത്സവം; തീര്‍ത്ഥാടകര്‍ക്ക് സുരക്ഷിതവും സുഖകരവുമായ യാത്ര ഉറപ്പാക്കി കെഎസ്ആര്‍ടിസി :ആയിരം ബസുകള്‍ സര്‍വീസ് നടത്തും

മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് തീര്‍ത്ഥാടകര്‍ക്ക് സൗകര്യപ്രദമായ യാത്ര ഉറപ്പാക്കുന്നതിന് 1000 ബസുകള്‍ സര്‍വീസിനായി ഒരുക്കിയിട്ടുണ്ടെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു. നിലവില്‍
പമ്പ-നിലയ്ക്കല്‍ റൂട്ടില്‍ പ്രതിദിനം 160 ചെയിന്‍ സര്‍വീസുകൾ നടത്തുന്നുണ്ട്. തീര്‍ത്ഥാടക തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ 250 ബസുകള്‍ അധികമായി സര്‍വീസ് നടത്തും.
കോയമ്പത്തൂര്‍, പഴനി, തെങ്കാശി തുടങ്ങിയ ഇതര സംസ്ഥാനങ്ങളിലെ നഗരങ്ങളിലേക്കും തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ഉള്‍പ്പെടെയുള്ള വിവിധ ജില്ലകളിലേക്കുമായി ഇരുപതോളം ദീര്‍ഘദൂര സര്‍വീസുകളും ക്രമീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്‍ നിന്നുള്ള മികച്ച ബസുകളാണ് പമ്പയിലേക്ക് സര്‍വീസിനായി എത്തിച്ചിരിക്കുന്നത്.

ഹില്‍ടോപ്പില്‍ ജനുവരി 12ന് രാവിലെ 8 മണി മുതല്‍ 15 ന് ഉച്ചയ്ക്ക് 12 മണി വരെ സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിംഗ് നിരോധിച്ചിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്കും സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായുള്ള വാഹനങ്ങള്‍ക്കും മാത്രമേ പാര്‍ക്കിംഗിന് അനുമതിയുള്ളൂ. സ്വകാര്യ വാഹനങ്ങള്‍ നിലയ്ക്കലില്‍ പാര്‍ക്ക് ചെയ്യണം. മകരജ്യോതി ദര്‍ശനം കഴിഞ്ഞ് ഭക്തര്‍ തിരിച്ചെത്തുന്നതോടെ പമ്പയില്‍ നിന്ന് നിലയ്ക്കലിലേക്ക് കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വീസ് നടത്തും.

നിലവില്‍ 290 കണ്ടക്ടര്‍മാരും 310 ഡ്രൈവര്‍മാരും ഡ്യൂട്ടിക്കുണ്ട്. തീര്‍ത്ഥാടക തിരക്ക് വര്‍ധിക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടായാല്‍ അധിക ബസുകളും ആവശ്യമായ ഉദ്യോഗസ്ഥരെയും വിന്യസിക്കുമെന്നും കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു.