മകരവിളക്ക് മഹോത്സവം: സന്നിധാനത്ത് കനത്ത സുരക്ഷാക്രമീകരണങ്ങള്‍

രണ്ടായിരത്തോളം പോലീസുകാര്‍ സേവനത്തിന്

ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് കനത്ത സുരക്ഷാക്രമീകരണങ്ങളാണ് പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും ഈ ക്രമീകരണങ്ങളും മാര്‍ഗനിര്‍ദേശങ്ങളും ഭക്തര്‍ കൃത്യമായി പാലിക്കണമെന്നും സന്നിധാനം പോലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ എസ്. സുജിത്ത് ദാസ് അറിയിച്ചു. രണ്ടായിരത്തോളം പോലീസ് ഉദ്യോഗസ്ഥരെയാണ് മകരവിളക്ക് ദിവസം ശബരിമലയില്‍ വിന്യസിക്കുന്നത്. നിലവില്‍ 11 ഡി.വൈ.എസ്.പിമാരുടെ കീഴില്‍ 34 സി.ഐമാരും 1489 സിവില്‍ പോലീസ് ഓഫീസര്‍മാരും ഉള്‍പ്പെടെ 1534 സേനാംഗങ്ങള്‍ സന്നിധാനത്ത് സേവനം ചെയ്യുന്നുണ്ട്. അധികമായുള്ള അഞ്ഞൂറോളം ഉദ്യോഗസ്ഥര്‍ ഇന്ന് (ജനുവരി 13) എത്തിച്ചേരും. സുഗമമായ മകരജ്യോതി ദര്‍ശനത്തിനും തിരിച്ച് സുരക്ഷിതമായി മലയിറങ്ങുന്നതിനും പോലീസ് ഏര്‍പ്പെടുത്തിയ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാന്‍ ഭക്തര്‍ ശ്രദ്ധിക്കണമെന്ന് സ്‌പെഷ്യല്‍ ഓഫീസര്‍ പറഞ്ഞു.

ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം മകരവിളക്ക് ദിവസം വെര്‍ച്വല്‍ ക്യൂ വഴി 30,000 പേര്‍ക്കും സ്പോട്ട് ബുക്കിംഗ് വഴി 5,000 പേര്‍ക്കുമായി സന്നിധാനത്തേക്ക് പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്. രാവിലെ 10 മുതല്‍ നിലയ്ക്കലില്‍ നിന്നും പമ്പയിലേക്കും രാവിലെ 11 മുതല്‍ പമ്പയില്‍ നിന്നും സന്നിധാനത്തേയ്ക്കും ഭക്തരെ കടത്തിവിടില്ല. തിരുവാഭരണ ഘോഷയാത്ര പരമ്പരാഗത പാതയിലൂടെ വൈകുന്നേരം അഞ്ചരയോടെ ശരംകുത്തിയില്‍ എത്തിച്ചേരും. കര്‍ശ്ശന സുരക്ഷയാണ് തിരുവാഭരണ ഘോഷയാത്രയ്ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 6.20 ഓടെ ഘോഷയാത്ര സന്നിധാനത്ത് എത്തും തുടര്‍ന്ന് ദീപാരാധന നടക്കും. ഭക്തര്‍ തിരുവാഭരണപ്പെട്ടി തൊടാനോ ഘോഷയാത്ര കടന്നു പോകുന്ന പാതയില്‍ തിക്കും തിരക്കും സൃഷ്ടിക്കാനോ ശ്രമിക്കരുതെന്നും സ്‌പെഷ്യല്‍ ഓഫീസര്‍ പറഞ്ഞു.

പാണ്ടിത്താവളം, ശരംകുത്തി, യൂടേണ്‍ തുടങ്ങിയ ഇടങ്ങളിലെ വ്യൂ പോയിന്റുകളില്‍ സുരക്ഷിതമായി നിന്ന് മകരജ്യോതി ദര്‍ശിക്കണം. വനമേഖലയോട് ചേര്‍ന്നുള്ള പല വ്യൂപോയിന്റുകളിലും ഭക്തര്‍ വിരിവയ്ക്കാറുണ്ട്. ഈ പ്രദേശങ്ങളിൽ യാതൊരു കാരണവശാലും പാചകം നടത്തരുത്. ഹില്‍ടോപ്പില്‍ അപകടമുണ്ടാക്കുന്ന സ്ഥിതിവിശേഷം സൃഷ്ടിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഗുരുസ്വാമിമാരുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ഭക്തര്‍ക്കുള്ള നിര്‍ദേശങ്ങള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

മകരജ്യോതി ദര്‍ശനത്തിന് ശേഷം പമ്പയിലേക്ക് തിരിച്ചു മടങ്ങാന്‍ തിരക്ക് കൂട്ടരുത്. സുരക്ഷിതമായി പമ്പയില്‍ എത്തണം. മുഴുവന്‍ ഭക്തര്‍ക്കും മടങ്ങിപ്പോകുന്നതിനുള്ള കെ.എസ്.ആര്‍.ടി.സി ബസുകള്‍ പമ്പയില്‍ നിന്നും ക്രമീകരിച്ചിട്ടുണ്ട്. ഭക്തര്‍ കെ.എസ്.ആര്‍.ടി.സി വാഹനങ്ങളില്‍ ക്യൂ പാലിച്ച് കയറണം.

മകരജ്യോതി ദര്‍ശിച്ച് തിരിച്ചിറങ്ങാന്‍ മൂന്ന് റൂട്ടുകള്‍ നിശ്ചയിച്ചിട്ടുണ്ട്. പാണ്ടിത്താവളത്ത് നിന്ന് ദര്‍ശന്‍ കോംപ്ലക്‌സിന് പിന്‍ഭാഗത്തിലൂടെ, നടപ്പന്തലിന് പിന്‍ഭാഗം വഴി കൊപ്രാക്കളം, ട്രാക്റ്റര്‍ റോഡിലൂടെ, കെ.എസ്.ഇ.ബി ജംഗ്ഷനിലെത്തുന്നതാണ് ഒരു പ്രധാന റൂട്ട്. പാണ്ടിത്താവളം ജംഗ്ഷനില്‍ നിന്ന് മാളികപ്പുറം ഭാഗത്തുള്ള ഇറക്കം വഴി, പോലീസ് ബാരക്ക്, ബെയ്‌ലി പാലം വഴി ചന്ദ്രാനന്ദന്‍ റോഡിലെത്തുന്നതാണ് രണ്ടാമത്തെ പാത. നടപ്പന്തലിന്റെ മധ്യഭാഗം വഴി കെ. എസ്. ഇ.ബി ജംഗ്ഷനിലെത്തുന്നതാണ് മൂന്നാമത്തേത്. ഈ റൂട്ടുകളിലൂടെ ഭക്തരെ സെഗ്മന്റുകള്‍ തിരിച്ച് അപകടം കൂടാതെ സുരക്ഷിതരായി പമ്പയിലെത്തിക്കുകയാണ് പോലീസിന്റെ ലക്ഷ്യം.

മകരവിളക്ക് ദിവസം സോപാനത്തിലും തിരുമുറ്റത്തും പരിസരത്തും തിരുവാഭരണ ഘോഷയാത്ര എത്തുമ്പോള്‍ അഭൂതപൂര്‍വ്വമായ തിരക്ക് നിയന്ത്രിക്കാന്‍ എല്ലാ നടപടികളും കൈക്കാണ്ടിട്ടുണ്ട്. തിരക്ക് ഒഴിവാക്കാന്‍ ഭക്തരെ വ്യൂപോയിന്റുകളിലേക്ക് മാറ്റും. അതിന് ശേഷമായിരിക്കും തിരുവാഭരണം എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക. തീര്‍ത്ഥാടകര്‍ പോലീസിന്റെയും മറ്റ് വകുപ്പുകളുടെയും നിയന്ത്രണങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും കര്‍ശ്ശനമായി പാലിക്കണമെന്നും സ്‌പെഷ്യല്‍ ഓഫീസര്‍ അറിയിച്ചു.

 

ശബരിമല മകരവിളക്ക് മഹോത്സവം: അഗ്നിരക്ഷാ സേന സജ്ജം

ശബരിമല മകരവിളക്ക് മഹോത്സവത്തിനെത്തുന്ന തീര്‍ത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഏത് അടിയന്തര സാഹചര്യം നേരിടുന്നതിനും സജ്ജമായി സന്നിധാനത്തെ അഗ്നിരക്ഷാ സേന യൂണിറ്റ്. ഫയർ ആൻഡ് റസ്ക്യു ശബരിമല സ്‌പെഷ്യല്‍ ഓഫീസര്‍ അരുണ്‍ ഭാസ്‌കറിന്റെ കീഴില്‍ ഒരു സ്‌റ്റേഷന്‍ ഓഫീസര്‍, മൂന്ന് സ്‌റ്റേഷന്‍ ഓഫീസര്‍മാര്‍, രണ്ട് മെക്കാനിക്കുകള്‍, 10 ഡ്രൈവര്‍മാര്‍, 10 സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യു ഓഫീസര്‍മാര്‍, 57 ഫയര്‍മാന്‍മാര്‍ എന്നിവരടങ്ങിയ സംഘമാണ് സന്നിധാനത്ത് ഡ്യൂട്ടിയിലുള്ളത്. കൂടാതെ സ്‌ട്രെച്ചര്‍ സര്‍വീസിനും മറ്റ് അടിയന്തര ഘട്ടങ്ങളിലും 50 അംഗ സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാരുടെ സേവനവും ഉണ്ട്. പമ്പയില്‍ തീര്‍ത്ഥാടകരുടെ രക്ഷയ്ക്കായി പരിശീലനം ലഭിച്ച 10 അംഗ സ്‌കൂബ ഡൈവിങ് അംഗങ്ങളും ഉണ്ട്.

വണ്ടിപ്പെരിയാർ, പുല്ലുമേട്, പാഞ്ചാലിമേട്, സത്രം, പരുന്തുംപാറ, അയ്യന്‍മല, പഞ്ഞിപ്പാറ, ഇലവുങ്കല്‍, അട്ടത്തോട്, അട്ടത്തോട് ഉന്നതി, ളാഹ, വടശ്ശേരിക്കര, നീലിമല തുടങ്ങിയ 13 വ്യൂപോയിന്റുകളില്‍ പത്തില്‍ കുറയാത്ത അഗ്നിരക്ഷാ സേനാംഗങ്ങളുടെ സംഘം ഡ്യൂട്ടിയിലുണ്ടാകും. മള്‍ട്ടി യൂട്ടിലിറ്റി വെഹിക്കിള്‍, ഫയര്‍ ടെണ്ടറുകള്‍, ആംബുലന്‍സ്, റെസ്‌ക്യു വെഹിക്കിള്‍, ഫസ്റ്റ് റെസ്‌പോണ്‍സ് വെഹിക്കിള്‍ മുതലായ സേനയുടെ 31 വാഹനങ്ങളും സേവനത്തിന് സജ്ജമായി വ്യൂ പോയിന്റുകളിലുണ്ടാകും.

സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഹോട്ടലുകളില്‍ ഫയര്‍ ആന്റ് റസ്‌ക്യു സര്‍വീസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങള്‍, എല്‍.പി.ജി ഗോഡൗണുകള്‍, വെടിക്കെട്ട്പുര, കൊപ്രാക്കളം, മാളികപ്പുറം പരിസരത്തെ ബഹുനില കെട്ടിടങ്ങള്‍ എന്നിവിടങ്ങളിലും പരിശോധന നടത്തി. കൂടാതെ പോലീസ്, വനംവകുപ്പ് എന്നീ വിഭാഗങ്ങളോടൊപ്പം വനത്തിനുള്ളില്‍ ആരംഭിച്ച സംയുക്ത സ്‌ക്വാഡ് പരിശോധനയിലും അഗ്നിശമന സേനാംഗങ്ങള്‍ സജീവമാണ്. വനത്തിനുള്ളില്‍ യാതൊരു കാരണവശാലും പര്‍ണ്ണശാലകള്‍ കെട്ടുന്നതിനോ പാചകം ചെയ്യുന്നതിനോ അനുവദിക്കില്ലെന്ന് അഗ്നിരക്ഷാ സേന അറിയിച്ചു.

പുല്ലുമേട് വഴിയുള്ള കാനന പാതയില്‍ തീര്‍ത്ഥാടകര്‍ എന്തെങ്കിലും അത്യാഹിതത്തില്‍പ്പെട്ടതായി സന്ദേശം ലഭിച്ചാല്‍ രക്ഷാപ്രവര്‍ത്തനത്തിനായി സ്‌ട്രെച്ചര്‍ സര്‍വീസിന് സേനാംഗങ്ങളും സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാരുമുണ്ട്. ഉള്‍വനത്തില്‍ നിന്ന് ഏറെ പണിപ്പെട്ടാണ് തീര്‍ത്ഥാടകരെ രക്ഷിച്ച് ചുമന്നു കൊണ്ടുവരുന്നത്. പമ്പ, നിലയ്ക്കല്‍, പ്ലാപ്പള്ളി എന്നിവിടങ്ങളിലും അഗ്നിരക്ഷാ സേനയുടെ യൂണിറ്റുകള്‍ ഉണ്ട്.

 

ശബരിമല മകരവിളക്ക്: തിരുവാഭരണഘോഷയാത്രയ്ക്കായി കാനനപാത സുരക്ഷിതമാക്കി വനം വകുപ്പ് :120 ഉദ്യോഗസ്ഥരെ അധികമായി വിന്യസിച്ചു

മകരവിളക്ക് മഹോത്സവം കൂടുതല്‍ സുരക്ഷിതമാക്കുന്നതിനായി വനം വകുപ്പ് വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കിയതായി അധികൃതര്‍ അറിയിച്ചു.

തിരുവാഭരണം കൊണ്ടുവരുന്ന കാനനപാത കൂടുതല്‍ സുരക്ഷിതമാക്കുന്നതിനായി
പമ്പാനദിക്ക് കുറുകെ സഞ്ചരിക്കാന്‍ താല്‍ക്കാലിക നടപ്പാത നിര്‍മ്മിച്ചിട്ടുണ്ട്. അപകട സാധ്യത ഒഴിവാക്കുന്നതിനായി ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. ഭക്തരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പമ്പ, പുല്ലുമേട്, സന്നിധാനം മേഖലകളില്‍ നിലവിലുള്ള സ്ഥിരം ഉദ്യോഗസ്ഥര്‍ക്കു പുറമേ 120 പേരെ അധികമായി വനം വകുപ്പ് വിന്യസിച്ചിട്ടുണ്ട്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി തദ്ദേശീയരായ നാട്ടുകാരുടെ സഹകരണത്തോടെ എക്കോ ഡെവലപ്‌മെന്റ് കമ്മിറ്റിയുടെ (ഇ.ഡി.സി) സേവനം സത്രം, പുല്ലുമേട്, പമ്പ, അഴുതകടവ്, സന്നിധാനം തുടങ്ങിയ സ്ഥലങ്ങളില്‍ ലഭിക്കും. 136 സന്നദ്ധ പ്രവര്‍ത്തകരാണ് എക്കോ ഡെവലപ്‌മെന്റ് കമ്മിറ്റിയിലുള്ളത്. അടിയന്തര സാഹചര്യങ്ങള്‍ ഉണ്ടായാല്‍ പമ്പ ഹെഡ്ക്വാര്‍ട്ടേഴ്‌സിന്റെ കീഴില്‍ സ്‌പെഷ്യല്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. സഹായത്തിനായി തീര്‍ത്ഥാടകര്‍ക്ക് 04735 203492 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്നും വനം വകുപ്പ് അറിയിച്ചു.

അധികൃതര്‍ അനുവദിച്ചിട്ടുള്ള സ്ഥലങ്ങളില്‍ നിന്ന് മാത്രമേ ഭക്തര്‍ മകരവിളക്ക് ദര്‍ശനം നടത്താവു. അനധികൃതമായി വനത്തിനകത്തേക്ക് പ്രവേശിക്കുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. മകരവിളക്ക് കാണുന്നതിനായി മരങ്ങളില്‍ കയറുകയോ അപകടകരമായ രീതിയില്‍ വനമേഖലകളിലേക്ക് കടക്കുകയോ ചെയ്യരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. വനത്തിനകത്ത് ഭക്ഷണം പാകം ചെയ്യുന്നത് കര്‍ശനമായി വിലക്കിയിട്ടുണ്ട്.