ഫ്രാൻസിലെ ആനെസി അന്താരാഷ്ട്ര അനിമേഷൻ ചലച്ചിത്രോത്സവത്തിൽ സുരേഷ് ഏര്യാട്ടിന്റെ ‘ദേസി ഊനി’ന് നേട്ടം
പ്രശസ്ത അനിമേഷൻ ചലച്ചിത്രസംവിധായകനും മലയാളിയുമായ സുരേഷ് ഏര്യാട്ടിന് ആഗോള അംഗീകാരം. ‘ദേസി ഊൻ’ (Desi Oon) എന്ന അനിമേഷൻ ചിത്രത്തിലൂടെയാണ് ഇന്ത്യൻ അനിമേഷൻ രംഗത്തെ സുരേഷ് ആഗോളവേദിയിൽ എത്തിച്ചത്. ഫ്രാൻസിൽ നടന്ന പ്രശസ്തമായ ആനെസി അന്താരാഷ്ട്ര അനിമേഷൻ ചലച്ചിത്രോത്സവത്തിൽ മികച്ച കമ്മീഷൻഡ് ഫിലിമിനുള്ള ജൂറി പുരസ്കാരം ‘ദേസി ഊൻ’ സ്വന്തമാക്കി.
അനിമേഷൻ ലോകത്തെ ഏറ്റവും ആദരണീയമായ ഈ മേളയിൽ പുരസ്കാരം നേടുന്ന അപൂർവം ഇന്ത്യൻ ചിത്രങ്ങളിലൊന്നാണ് ‘ദേസി ഊൻ’. ഇന്ത്യയുടെ അനിമേഷൻ മേഖലയ്ക്കു ചരിത്രനിമിഷമാണ് ഈ നേട്ടം.
വലിയ അംഗീകാരമാണിതെന്നു സുരേഷ് ഏര്യാട്ട് പറഞ്ഞു. ആട്ടിടയന്മാരുടെ ജീവിതത്തെയും അവരുടെ സാഹചര്യങ്ങളെയും ആഴത്തിൽ പഠിച്ച ശേഷമാണു ചിത്രം ഒരുക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ഗ്രാമീണ ഇന്ത്യയുടെ പശ്ചാത്തലത്തിൽ ആട്ടിടയ സമൂഹത്തിന്റെ ജീവിതം മനോഹരമായും വികാരാധീനമായും ദൃശ്യവൽക്കരിക്കുന്ന ചിത്രമാണ് ‘ദേസി ഊൻ’. ‘ഊൻ’ എന്നാൽ കമ്പിളി എന്നാണ് അർത്ഥം. കർണാടക, മഹാരാഷ്ട്ര, തമിഴ്നാട്, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ കാണപ്പെടുന്ന ‘ഡെക്കാനി ബ്ലാക്ക്’ ഇനത്തിൽപ്പെട്ട ആടുകളിൽനിന്നു ലഭിക്കുന്ന തദ്ദേശീയമായ കമ്പിളിയാണിത്.
പാരമ്പര്യം, അതിജീവനം, വ്യക്തിത്വം, തൊഴിലിന്റെ മഹത്വം എന്നിവയാണു ചിത്രത്തിന്റെ പ്രമേയം. ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെയും തദ്ദേശീയ രീതികളെയും ചിത്രം ലോകത്തിനു മുന്നിൽ എത്തിക്കുന്നു. വാർത്താവിതരണ-പ്രക്ഷേപണ മന്ത്രാലയത്തിന്റെ ‘ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ചി’ന്റെ (CIC) ഭാഗമായുള്ള ‘വേവ്സ്’ (WAVES) പുരസ്കാരത്തിൽ ചിത്രം സ്വർണമെഡൽ നേടിയിരുന്നു.
സുരേഷ് ഏര്യാട്ടിന്റെ സ്റ്റുഡിയോ ഈക്സോറസ് നിർമിച്ച ഈ ചിത്രം ഇതിനോടകം പല അന്താരാഷ്ട്ര വേദികളിലും ശ്രദ്ധിക്കപ്പെട്ടു. കാൻ ലയൺസ് 2025-ൽ ചിത്രം ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടു. ഗുഡ് ആഡ്സ് മാറ്റർ അവാർഡ്, എഐസിപി (AICP) ഷോ അവാർഡ്, ക്യൂരിയസ് ക്രിയേറ്റീവ് അവാർഡ്സ് തുടങ്ങിയ അംഗീകാരങ്ങളും ചിത്രത്തിനു ലഭിച്ചു.

