പരാതികളില്ലാത്ത തീര്‍ഥാടനമെന്ന് ശബരിമല എഡിഎം

വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും പത്തനംതിട്ട ജില്ല ഭരണകൂടത്തിന്റെയും കൃത്യമായ ഏകോപനത്തിന്റെയും ആസൂത്രണത്തിന്റെയും ഫലമായി ശബരിമല തീര്‍ഥാടനം ശുഭകരമായി പര്യവസാനിച്ചു. ദേവസ്വം, ആരോഗ്യം, റവന്യു, പൊലിസ്, എക്‌സൈസ്, തദ്ദേശസ്വയം ഭരണം, വനം, അഗ്നിസുരക്ഷ, ജലസേചനം, വൈദ്യുതി, ഭക്ഷ്യം, കെഎസ്ആര്‍ടിസി തുടങ്ങിയ വകുപ്പുകളുടെ ചിട്ടയായ പ്രവര്‍ത്തനം ഭക്തര്‍ക്ക് ശബരിമലയില്‍ മികച്ച സൗകര്യം ഉറപ്പാക്കി.

 

ആക്ഷേപങ്ങളോ പരാതികളോ ഇല്ലാത്ത മണ്ഡല മകരവിളക്ക് മഹോത്സവമാണ് സമാപിക്കുന്നതെന്ന് ശബരിമല എഡിഎം അരുണ്‍ എസ് നായര്‍ പറഞ്ഞു. നിലയ്ക്കല്‍- പമ്പ വഴിയും പരമ്പരാഗത കാനന പാതയിലൂടെയും ഏകദേശം 54 ലക്ഷത്തോളം ഭക്തരെത്തി.

 

ആചാരപരമായ കാര്യങ്ങള്‍ക്കൊപ്പം ഭക്തര്‍ക്ക് ആവശ്യമായ മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ ദേവസ്വം ബോര്‍ഡിനായി. പൊലിസിന്റെ കൃത്യമായ ഇടപെടലിലൂടെ നിലയ്ക്കലും പമ്പയിലും സന്നിധാനത്തും തിരക്ക് നിയന്ത്രിച്ചു.

 

റവന്യു വകുപ്പിന്റെ സ്‌ക്വാഡ് പ്രവര്‍ത്തനവും വിശുദ്ധി സേനാംഗങ്ങളുടെ സേവനവും ക്ലീന്‍ ശബരിമല സൃഷ്ടിച്ചു. ആരോഗ്യ വകുപ്പിന്റെ കൃത്യമായ ഇടപെടലോടെ ഭക്തരുടെ മരണനിരക്ക് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞു.

 

ഹൃദായാഘാതം മൂലമായിരുന്നു മരണങ്ങേറെയും. ദുര്‍ഘടമായ കാനനപാതയിലൂടെയുള്ള ഭക്തരുടെ സുഗമമായ നിയന്ത്രണത്തിനും ദര്‍ശനത്തിനും വനം വകുപ്പിന്റെ ഇടപെടലുണ്ടായി. ഭക്തര്‍ക്ക് സുരക്ഷിത ദര്‍ശനം ഉറപ്പാക്കി അവരെ വാസസ്ഥലത്തേയ്ക്ക് മടക്കി അയക്കാനുള്ള ഉത്തരവാദിത്ത്വം എല്ലാ വകുപ്പുകളും കൃത്യമായി നിര്‍വഹിച്ചെന്നും എഡിഎം പറഞ്ഞു.

 

സന്നിധാനത്തെ അത്യാധുനിക ആരോഗ്യ കേന്ദ്രത്തില്‍ തീര്‍ഥാടന കാലത്ത് ചികിത്സ തേടിയെത്തിയത് 96,826 ഭക്തരാണ്. സൗജന്യമായി 23.19 ലക്ഷം രൂപയുടെ മരുന്നും നല്‍കി. രക്തം കട്ടപിടിക്കുന്നത് തടയുന്ന സ്ട്രെപ്റ്റോകിനെസ് മരുന്നടക്കം ആശുപത്രിയിലുണ്ടായിരുന്നു.

 

24 മണിക്കൂറും പ്രവര്‍ത്തിച്ച ലാബില്‍ ഹൃദയാഘാതം തിരിച്ചറിയുന്ന ട്രോപോണിന്‍ പരിശോധനയടക്കം ചെയ്തു. പാമ്പു കടിയേറ്റാലുള്ള ആന്റി വെനം, റാബിസ് വാക്സിന്‍ എന്നിവയും ആശുപത്രിയില്‍ സൂക്ഷിച്ചിരുന്നു. ഫിസിഷന്‍, സര്‍ജന്‍, ഓര്‍ത്തോ, അനസ്തേഷ്യിസ്റ്റ്, പീഡീയാട്രീഷ്യന്‍, കാര്‍ഡിയോളജിസ്റ്റ്, പള്‍മണോളജിസ്റ്റ് എന്നിവരുടെ സേവനം 24 മണിക്കൂറും ഉറപ്പാക്കി. സന്നിധാനം ആയുര്‍വേദ ആശുപത്രിയില്‍ 63,785 ഭക്തരെത്തി. 10,807 പേര്‍ക്ക് തിരുമല്‍, ലേപനം, ആവി പിടിക്കല്‍, നസ്യം തുടങ്ങിയ വിവിധ തെറാപ്പി നല്‍കി.

 

മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് സന്നിധാനം സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയില്‍ നിന്ന് 4412 അയ്യപ്പഭക്തര്‍ക്ക് ചിക്കന്‍പോക്സ്, ചെങ്കണ്ണ്, മുണ്ടിനീര് അസുഖം തടയുന്നതിനുള്ള പ്രതിരോധമരുന്ന് നല്‍കി. 2540 ഭക്തര്‍ ചികിത്സയ്‌ക്കെത്തി. സൗജന്യമായി ഒരു ലക്ഷത്തിലധികം രൂപയുടെ മരുന്നും വിതരണം ചെയ്തു.