ശബരിമല നട നാളെ (ജനുവരി 20) അടയ്ക്കും; രാവിലെ തിരുവാഭരണ മടക്കഘോഷയാത്ര ആരംഭിക്കും

 

 

ശബരിമല തീര്‍ഥാടനത്തിന് സമാപനം കുറിച്ച് ക്ഷേത്രനട നാളെ (ജനുവരി 20) അടയ്ക്കും. പന്തളം കൊട്ടാരം രാജപ്രതിനിധി പുണര്‍തംനാള്‍ നാരായണ വര്‍മയുടെ ദര്‍ശനത്തിന് ശേഷം രാവിലെ 6:30 ന് നട അടയ്ക്കും.

 

 

രാവിലെ അഞ്ചിന് നട തുറക്കും. തുടര്‍ന്ന് കിഴക്കേമണ്ഡപത്തില്‍ ഗണപതിഹോമം. ഗണപതി ഹോമത്തിന് ശേഷം തിരുവാഭരണ മടക്കഘോഷയാത്ര പന്തളം സ്രാമ്പിക്കല്‍ കൊട്ടരാത്തിലേക്ക് യാത്ര തിരിക്കും. പെരിയസ്വാമി മരുതുവന ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ 30 അംഗ സംഘമാണ് വന്ന പാതയിലൂടെ തിരുവാഭരണ പേടകുമായി മടങ്ങുന്നത്. ജനുവരി 23 ന് വൈകിട്ട് സംഘം പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തിലെത്തും.

 

 

മേല്‍ശാന്തി അയ്യപ്പവിഗ്രഹത്തില്‍ വിഭൂതിയഭിഷേകം നടത്തി ഹരിവരാസനം ചൊല്ലി വിളക്കണച്ച് ശ്രീകോവിലിന് പുറത്തിറങ്ങി നടയടയ്ക്കും. താക്കോല്‍ക്കൂട്ടം രാജപ്രതിനിധിക്ക് കൈമാറും.

 

പതിനെട്ടാം പടിയിറങ്ങി ദേവസ്വം പ്രതിനിധികളുടെയും മേല്‍ശാന്തിയുടെയും സാന്നിധ്യത്തില്‍ രാജപ്രതിനിധി താക്കോല്‍ക്കൂട്ടം ശബരിമല അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസര്‍ക്ക് നല്‍കും. മാസപൂജ ചെലവുകള്‍ക്കുള്ള പണക്കിഴിയും സമ്മാനിച്ച് രാജപ്രതിനിധി പന്തളം കൊട്ടാരത്തിലേക്ക് യാത്രയാകുന്നതോടെ ഈ തീര്‍ഥാടന കാലത്തിന് സമാപനമാകും.

 

 

 

ഡ്യൂട്ടി മജിസ്‌ട്രേറ്റിന്റെ നേൃത്വത്തില്‍ പരിശോധന: 3.64 ലക്ഷം രൂപ പിഴ ഈടാക്കി

 

മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് സന്നിധാനത്തെ ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളിലും ഡ്യൂട്ടി മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്‍ ജനുവരി ഒന്ന് മുതല്‍ നടത്തിയ പരിശോധനയില്‍ വിവിധ കേസുകളിലായി 3,64,000 ലക്ഷം രൂപ പിഴ ഈടാക്കി.

 

 

അമിത വില ഈടാക്കല്‍, തൂക്കത്തില്‍ കുറച്ച് വില്‍പന, പരമാവധി വിലയേക്കാള്‍ അധികം രൂപയ്ക്ക് വില്‍പന, മായം ചേര്‍ന്ന ജ്യൂസ് വില്‍പന, അനുവദിച്ചതും അധികം ഗ്യാസ് സിലിണ്ടര്‍ സൂക്ഷിച്ചത്, കേടായ ഭക്ഷണ സാധനങ്ങളുടെ വില്‍പന, ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്ത ജീവനക്കാര്‍, പഴകിയ ഭക്ഷണസാധനങ്ങളുടെ വില്‍പന, അളവ് തൂക്ക് ഉപകരണം യഥാസമയം പുനപരിശോധന നടത്തി മുദ്ര ചെയ്യാതെ ഉപയോഗിച്ചത് തുടങ്ങിയ നിയമലംഘനങ്ങള്‍ നടത്തിയ സ്ഥാപനങ്ങളില്‍ നിന്നാണ് പിഴ ഈടാക്കിയത്.

 

സന്നിധാനം ഡ്യൂട്ടി മജിസ്‌ടേറ്റ് കെ ആര്‍ മനോജ്, എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് രത്‌നേഷ് എന്നിവര്‍ കഴിഞ്ഞ 10 ദിവസത്തെ പരിശോധനയ്ക്ക് നേതൃത്വം നല്‍കി. അഞ്ച് പേര്‍ വീതമുള്ള മൂന്ന് സ്‌ക്വാഡുകളായിട്ടായിരുന്നു പരിശോധന. ശുചീകരണ പ്രവര്‍ത്തനങ്ങളുടെ പരിശോധനയ്ക്കായി 17 പേരുണ്ടായിരുന്നു. ആരോഗ്യം, റവന്യൂ, ലീഗല്‍ മെട്രോളജി, സപ്ലൈകോ, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയുടെ ഉദ്യോഗസ്ഥര്‍ 24 മണിക്കൂറും സ്‌ക്വാഡിലുണ്ട്.

 

ഭക്തര്‍ക്ക് പ്രതിരോധ മരുന്നേകി സന്നിധാനത്തെ ഹോമിയോ ആശുപത്രി

 

 

ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് ആശ്വാസവും രോഗ പ്രതിരോധശക്തിയും നല്‍കി സന്നിധാനത്തെ ഹോമിയോ ആശുപത്രി. മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് 4412 അയ്യപ്പഭക്തര്‍ക്ക് ചിക്കന്‍പോക്‌സ്, ചെങ്കണ്ണ്, മുണ്ടിനീര് അസുഖം തടയുന്നതിനുള്ള പ്രതിരോധമരുന്ന് നല്‍കി. 2025 നവംബര്‍ 16 മുതല്‍ 2540 ഭക്തരാണ് ചികിത്സയ്‌ക്കെത്തിയത്.

 

 

സൗജന്യമായി ഒരു ലക്ഷത്തിലധികം രൂപയുടെ മരുന്ന് വിതരണം ചെയ്തു. ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടിനാണ് ഭൂരിഭാഗം തീര്‍ത്ഥാടകരും ചികിത്സ തേടിയത്. യാത്രയ്ക്കിടയിലെ ഭക്ഷണക്രമത്തിലെ മാറ്റങ്ങള്‍ മൂലമുള്ള ഉദരസംബന്ധമായ പ്രശ്നം, പേശീവലിവ് തുടങ്ങിയവയുടെ ചികിത്സയ്ക്കും ഭക്തര്‍ എത്തി.

 

കഴിഞ്ഞ 10 ദിവസമായി കൊല്ലം തൃക്കരിവ സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയിലെ ഡോ. അതുല്‍ ബാബുരാജും കൊല്ലം ജില്ലാ ഹോമിയോ ആശുപത്രിയിലെ ഡോ. ഹരിലാലുമാണ് മെഡിക്കല്‍ ഓഫീസര്‍മാര്‍.രണ്ട് ഫാര്‍മസിസ്റ്റുകള്‍, രണ്ട് അറ്റന്‍ഡറുമാര്‍, ഒരു ക്ലീനര്‍ എന്നിവരും സേവനസന്നദ്ധരായി ആശുപത്രിയിലുണ്ട്.

 

 

 

സൗജന്യമായി വിതരണം ചെയ്തത് 23 ലക്ഷം രൂപയുടെ മരുന്ന്

 

ശബരിമല തീര്‍ഥാടന കാലത്ത് മികച്ച സേവനം നല്‍കി സന്നിധാനത്തെ അത്യാധുനിക ആരോഗ്യ കേന്ദ്രം. 2025 നവംബര്‍ 17 മുതല്‍ 2026 ജനുവരി 19 വരെ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത് 96,826 ഭക്തര്‍. സൗജന്യമായി 23.19 ലക്ഷം രൂപയുടെ മരുന്ന് നല്‍കിയതായി ചാര്‍ജ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ജിജോ മാത്യു അറിയിച്ചു.

 

 

24 മണിക്കൂറും പ്രവര്‍ത്തിച്ച ആശുപത്രിയില്‍ എല്ലാവിധ സൗകര്യവും ഉറപ്പാക്കിയിരുന്നു. ഹൃദയസ്തംഭനവുമായി ബന്ധപ്പെട്ട് 50 കേസുകള്‍ എത്തി. പ്രാഥമിക ചികിത്സ നല്‍കി സുരക്ഷിതമായി ഇവരെ കോന്നി മെഡിക്കല്‍ കോളജ്, കോട്ടയം മെഡിക്കല്‍ കോളജ്, പത്തനംതിട്ട ജനറല്‍ ആശുപത്രി എന്നിവിടങ്ങിലേക്ക് മാറ്റാനായി. രക്തം കട്ടപിടിക്കുന്നത് തടയുന്ന സ്‌ട്രെപ്‌റ്റോകിനെസ് മരുന്നടക്കം ആശുപത്രിയിലുണ്ടായിരുന്നു. വിവിധ അപകടങ്ങളില്‍ പെട്ട 19 ഭക്തര്‍ ചികിത്സ തേടി. 12,215 പേര്‍ പനിയുമായി ആശുപത്രിയില്‍ എത്തി. ഉദരസംബന്ധമായ അസുഖത്തിന് 9,666, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് 818, ശ്വാസകോശ അസുഖത്തിന് 7,306 പേരും ചികിത്സ തേടി. 24 മണിക്കൂറും പ്രവര്‍ത്തിച്ച ലാബില്‍ ഹൃദയാഘാതം തിരിച്ചറിയുന്ന ട്രോപോണിന്‍ പരിശോധനയടക്കം ചെയ്തു. പാമ്പു കടിയേറ്റാലുള്ള ആന്റി വെനം, റാബിസ് വാക്‌സിന്‍ എന്നിവയും സൂക്ഷിച്ചിരുന്നു.

 

ആരോഗ്യ വിഭാഗത്തില്‍ നിന്ന് ഫിസിഷന്‍, സര്‍ജന്‍, ഓര്‍ത്തോ, അനസ്‌തേഷ്യിസ്റ്റ്, പീഡീയാട്രീഷ്യന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് കാര്‍ഡിയോളജിസ്റ്റ്, പള്‍മണോളജിസ്റ്റ് എന്നിവരുടെ സേവനം ഉറപ്പാക്കി. രണ്ട് അസിസ്റ്റന്റ് സര്‍ജന്‍, ഏഴു സ്റ്റാഫ് നേഴ്‌സുകള്‍, രണ്ട് ലാബ് ടെക്‌നീഷ്യന്‍സ്, രണ്ട് എക്‌സ്‌റേ ടെക്‌നീഷ്യന്‍സ്, ഏഴു ഫാര്‍മസിസ്റ്റുകള്‍, 10 പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവര്‍ 24 മണിക്കൂറും സേവന സന്നദ്ധരായിരുന്നു.

 

 

 

ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സ തേടിയത് അരലക്ഷത്തിലധികം ഭക്തര്‍

 

 

സന്നിധാനം ആയുര്‍വേദ ആശുപത്രിയില്‍ തീര്‍ഥാടന കാലത്ത് ചികിത്സ തേടിയത് 63,785 ഭക്തര്‍. പേശീവലിവ്, ശരീരവേദന, ചുമ, തുമ്മല്‍, ജലദോഷം, നീര്‍ക്കെട്ട് തുടങ്ങിയ അസുഖത്തിനാണ് കൂടുതല്‍ പേര്‍ ചികിത്സയ്ക്ക് എത്തിയത്.

 

 

10,807 പേര്‍ക്ക് തിരുമല്‍, ലേപനം, ആവി പിടിക്കല്‍, നസ്യം തുടങ്ങിയ വിവിധ തെറാപ്പി നല്‍കി. ഒമ്പത് ഘട്ടങ്ങളിലായാണ് ജീവനക്കാരെ ആശുപത്രിയില്‍ ജോലിക്ക് നിയോഗിച്ചത്. ഓരോ ഘട്ടത്തിലും ഏഴു ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 20 പേര്‍. ജനുവരി 12 മുതല്‍ കോഴിക്കോട് സ്വദേശി ഡോ. അനില്‍ കുമാറാണ് ചാര്‍ജ് മെഡിക്കല്‍ ഓഫീസര്‍.

 

 

മൂന്ന് ഫാര്‍മസിസ്റ്റ്, നാല് തെറാപ്പിസ്റ്റ്, മൂന്ന് അറ്റന്‍ഡേഴ്‌സ്, മൂന്ന് ക്ലീനിങ്ങ് ജീവനക്കാരും കൂടെയുണ്ട്. കഴിഞ്ഞ ദിവസം ചാര്‍ജ് മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ 12 ജീവനക്കാര്‍ ചേര്‍ന്ന് സന്നിധാനം ശാസ്താ ഓഡിറ്റോറിയത്തില്‍ ഭക്തിഗാനസുധ അവതരിപ്പിച്ചിരുന്നു