ശബരിമല സ്വര്‍ണക്കൊള്ള കേസിൽ നിർണായക നീക്കവുമായി ഇ.ഡി. കേരളത്തിലും തമിഴ്നാട്ടിലും കർണാടകയിലുമായി പരിശോധന നടന്നു . ഇതുമായി ബന്ധപ്പെട്ടു 21 സ്ഥലങ്ങളില്‍ ആണ് പരിശോധന നടക്കുന്നത്.
ഓപ്പറേഷൻ ഗോൾഡൻ ഷാഡോ എന്ന പേരിൽ കള്ളപ്പണ ഇടപാട് അന്വേഷിക്കുന്നതുമായി ബന്ധപ്പെട്ടാണ് പരിശോധന നടന്നത് . ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഴുവൻ പ്രതികളുടെയും വീടുകളിലാണ് പരിശോധന നടന്നത് .
ഉണ്ണിക്കൃഷ്ണൻ പോറ്റി, എൻ. വാസു,എ. പത്മകുമാര്‍, മുരാരി ബാബു , ഗോവര്ധൻ, പങ്കജ് ഭണ്ഡാരി എന്നിവരുടെ വീടുകളിലും ഇവര്‍ ഉള്‍പ്പെട്ട ഓഫീസുകളിലും ആണ് പരിശോധന നടന്നത് . തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തും പരിശോധനയുടെ ഭാഗമായി ഇ ഡി എത്തി . ള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (പിഎംഎൽഎ ആക്ട്) സംഭവത്തിൽ ഇഡി കേസ് റജിസ്റ്റർ ചെയ്തിരുന്നു.
തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമാരായ എ. പത്മകുമാർ, എൻ. വാസു എന്നിവരുടെ വസതികളിൽ പുലർച്ചെ മുതൽ ഇഡി ഉദ്യോഗസ്ഥർ വിശദമായ പരിശോധന ആരംഭിച്ചു. കേസിലെ മുഖ്യപ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു എന്നിവരുടെ വീടുകളും റെയ്ഡിന്റെ പ്രധാന കേന്ദ്രങ്ങളാണ്. ഇതിന് പുറമെ മുൻ ദേവസ്വം ബോർഡ് സെക്രട്ടറി എസ്. ജയശ്രീയുടെ തിരുവല്ലയിലെ വീട്ടിലും പരിശോധന തുടരുന്നുണ്ട്.
സ്വർണ്ണ വ്യാപാരി ഗോവർദ്ധൻ, സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി എന്നിവരുടെ സ്ഥാപനങ്ങളിൽ നിന്നും കള്ളപ്പണ ഇടപാടുകളിലേക്ക് വിരൽചൂണ്ടുന്ന നിർണ്ണായക രേഖകളും ഡിജിറ്റൽ തെളിവുകളും അന്വേഷണസംഘം പിടിച്ചെടുത്തു.
തിരുവനന്തപുരത്ത് കെ.പി. ശങ്കരദാസ്, എൻ. വിജയകുമാർ, എസ്. ബൈജു എന്നിവരുടെ വീടുകളിലും ഇഡി പരിശോധന നടത്തി.ശബരിമലയിലെ സ്വർണ്ണ ഉരുപ്പടികളുടെ തൂക്കത്തിൽ കുറവ് കണ്ടെത്തിയതിനെത്തുടർന്നാണ് സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ആരംഭിക്കുന്നത്. ഈ കൊള്ളയ്ക്ക് പിന്നിൽ ഉന്നത ഉദ്യോഗസ്ഥരുടെയും ഇടനിലക്കാരുടെയും വലിയൊരു ശൃംഖല തന്നെയുണ്ടെന്നാണ് ഇഡിയുടെ പ്രാഥമിക നിഗമനം.
നിലവിൽ തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിൽ പരിശോധനകൾ ഇല്ല എന്ന് ഇഡി വ്യക്തമാക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥരും വ്യാപാരികളും ഉൾപ്പെട്ട ഈ വൻ സാമ്പത്തിക ക്രമക്കേടിന്റെ മുഴുവൻ വിവരങ്ങളും പുറത്തുകൊണ്ടുവരാൻ ‘ഓപ്പറേഷൻ ഗോൾഡൻ ഷാഡോ’ വഴി സാധിക്കുമെന്നാണ് ഇഡി കരുതുന്നത്. റെയ്ഡിൽ ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാനാണ് സാധ്യത.

