കൊച്ചി: ഹിന്ദുജ ഗ്രൂപ്പിന്‍റെ ഇന്ത്യന്‍ പതാകവാഹക കമ്പനിയും രാജ്യത്തെ പ്രമുഖ വാണിജ്യ വാഹന നിര്‍മാതാക്കളുമായ അശോക് ലേയ്‌ലാൻഡിൻറെ ഏറ്റവും പ്രശസ്തമായ രണ്ട് ട്രക്ക് മോഡലുകളായ ടോറസ്, ഹിപ്പോ എന്നിവ വീണ്ടും വിപണിയില്‍ അവതരിപ്പിച്ചു. ആധുനിക കാലഘട്ടത്തിന് അനുയോജ്യമായ രീതിയില്‍ പരിഷ്കരിച്ച ടോറസ് ഉയര്‍ന്ന കുതിരശക്തിയുള്ള ടിപ്പര്‍ വിഭാഗത്തെയും, ഹിപ്പോ ട്രെയിലര്‍ ട്രാക്ടര്‍ വിഭാഗത്തെയുമാണ് പ്രതിനിധീകരിക്കുന്നത്. കരുത്തിനും വിശ്വാസ്യതയ്ക്കും പേരുകേട്ട ഇരുമോഡലുകളും ഇന്ത്യയുടെ വളരുന്ന സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി അടുത്ത തലമുറ സാങ്കേതികവിദ്യയോടെയാണ് തിരിച്ചെത്തുന്നത്.

 

അശോക് ലേയ്‌ലാൻഡ് മീഡിയം ആന്‍ഡ് ഹെവി കൊമേഴ്സ്യല്‍ വെഹിക്കിള്‍ പ്രസിഡന്‍റ് സഞ്ജീവ് കുമാര്‍, നാഷണല്‍ സെയില്‍സ് ഹെഡ് മാധവി ദേശ്മുഖ്, പ്രമുഖ ഉപഭോക്താക്കളുടെയും ഡീലര്‍മാരുടെയും, മാധ്യമപ്രതിനിധികളുടെയും സാന്നിധ്യത്തില്‍ അശോക് ലേയ്‌ലാൻഡ് മാനേജിങ് ഡയറക്ടറും സിഇഒയുമായ ഷേനു അഗര്‍വാള്‍ വാഹനങ്ങള്‍ പുറത്തിറക്കി.

 

ഉയര്‍ന്ന ഉല്‍പ്പാദനക്ഷമത, മികച്ച ഇന്ധനക്ഷമത, ഡ്രൈവര്‍ക്ക് കൂടുതല്‍ സുഖസൗകര്യങ്ങള്‍ എന്നിവ ഉറപ്പാക്കുന്ന പുതിയ ടോറസ്, ഹിപ്പോ ശ്രേണികള്‍ വാഹനശൃംഖല ഓപ്പറേറ്റര്‍മാര്‍ക്ക് കൂടുതല്‍ ലാഭം നല്‍കുന്ന രീതിയിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. അശോക് ലേയ്‌ലാൻഡിൻറെ നൂതനമായ എവിടിആര്‍ മോഡുലാര്‍ ട്രക്ക് പ്ലാറ്റ്ഫോമില്‍ നിര്‍മിച്ച ഈ വാഹനങ്ങള്‍ ഇന്ത്യയിലുടനീളമുള്ള അശോക് ലേയ്‌ലാൻഡ് ഡീലര്‍ഷിപ്പുകള്‍ വഴി ബുക്ക് ചെയ്യാനാവും.

 

8.0 ലിറ്റര്‍ എ-സീരീസ്, 6-സിലിണ്ടര്‍ എഞ്ചിന്‍ 360 എച്ച്പി കരുത്ത് നല്‍കുന്നു, ഈ വിഭാഗത്തിലെ ഏറ്റവും മികച്ച 1600 എന്‍എം ടോര്‍ക്ക്, 430 മി.മീ വ്യാസമുള്ള ക്ലച്ച്, ഹെവിഡ്യൂട്ടി 9എസ് 15409 സിന്‍ക്രോമെഷ് ഗിയര്‍ബോക്സ്, കരുത്തുറ്റ 9 മി.മീ കനമുള്ള ഫ്രെയിം, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഓട്ടോമാറ്റിക് ട്രാക്ഷന്‍ കണ്‍ട്രോള്‍, ചരിക്കാന്‍ സാധിക്കുന്ന ടോറസ് ഡേ ക്യാബിന്‍ എന്നിവയാണ് ടോറസ് ടിപ്പര്‍ ശ്രേണിയുടെ സവിശേഷതകള്‍.

 

എ-സീരീസ്, 6സിലിണ്ടര്‍ 8.0 ലിറ്റര്‍ എന്‍ജിന്‍, 360 എച്ച്പി കരുത്താണ് ഹിപ്പോ ട്രെയിലര്‍ ശ്രേണിക്കും. മികച്ച യാത്രാസുഖത്തിനും സുരക്ഷയ്ക്കുമായി ചരിക്കാന്‍ സാധിക്കുന്ന ഹിപ്പോ സ്ലീപ്പര്‍ ക്യാബിന്‍, 8 മി.മീ കനമുള്ള ഹെവിഡ്യൂട്ടി ഫ്രെയിം എന്നിവയുണ്ട്. ടയര്‍ പ്രഷര്‍ മോണിറ്ററിങ്, റിവേഴ്സ് ക്യാമറ, അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റ് സിസ്റ്റംസ് എന്നിവ ഓപ്ഷണലായി ലഭിക്കും.

 

ഖനനം, അടിസ്ഥാന സൗകര്യ വികസനം, നിര്‍മാണ മേഖല എന്നിവയിലെ ആവശ്യങ്ങള്‍ക്കായി പ്രത്യേകം നിര്‍മിച്ചതാണ് ടോറസും ഹിപ്പോയും എന്ന് അശോക് ലേയ്‌ലാൻഡ് മാനേജിങ് ഡയറക്ടറും സിഇഒയുമായ ഷേനു അഗര്‍വാള്‍ പറഞ്ഞു. അശോക് ലേയ്ലാന്‍ഡിന്‍റെ എ-സീരീസ് 6-സിലിണ്ടര്‍ എഞ്ചിനുകള്‍ ഈ വാഹനങ്ങള്‍ക്ക് സമാനതകളില്ലാത്ത കരുത്തും ഈടും നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

വെറും പേരുകള്‍ക്കപ്പുറം, ഇന്ത്യന്‍ ട്രാന്‍സ്പോര്‍ട്ടര്‍മാരുടെ തലമുറകളുടെ വിശ്വാസം നേടിയെടുത്ത ഇതിഹാസങ്ങളാണ് ഹിപ്പോയും ടോറസുമെന്ന് അശോക് ലേയ്‌ലാൻഡ് മീഡിയം ആന്‍ഡ് ഹെവി കൊമേഴ്സ്യല്‍ വെഹിക്കിള്‍ പ്രസിഡന്‍റ് സഞ്ജീവ് കുമാര്‍ പറഞ്ഞു. ഇന്ത്യന്‍ ഹൈവേകളിലും ഖനന മേഖലകളിലും ഹെവി-ഡ്യൂട്ടി പ്രകടനത്തിന്‍റെ പര്യായമായി ഈ പേരുകള്‍ മാറി, ആ പാരമ്പര്യത്തിലാണ് പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. ഉപഭോക്തൃ കേന്ദ്രീകൃതമായ നൂതനാശയങ്ങളോടും പ്രവര്‍ത്തന മികവിനോടുമുള്ള പ്രതിബദ്ധതയാണ് ഈ അവതരണത്തിലൂടെ അടിവരയിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.