പിടിച്ചെടുത്ത ലോറികൾ വിട്ട് നൽകുന്നതിന് മൂന്നര ലക്ഷം രൂപ കൈക്കൂലി :ജി.എസ്.ടി എൻഫോഴ്സ്മെന്റ് ഓഫീസർ വിജിലൻസ് പിടിയിൽ

 

 

ജി.എസ്.ടി എൻഫോഴ്സ്മെന്റ് സ്ക്വാഡ്, സ്ക്രാപ്പ് ലോഡുമായി പിടിച്ചെടുത്ത പരാതിക്കാരൻ പാർട്ണറായുള്ള സ്ക്രാപ്പ് ബിസിനസ് സ്ഥാപനത്തിന്റെ രണ്ട് ലോറികൾ വിട്ടു കൊടുക്കുന്നതിന് പരാതിക്കാരനിൽ നിന്നും മൂന്നര ലക്ഷം (3,50,000/-) രൂപ കൈക്കൂലി വാങ്ങിയ വാളയാർ ജി.എസ്.ടി എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ എൻഫോഴ്സ്മെന്റ് ഓഫീസറും പാലക്കാട് കുരുടിക്കാട് സ്വദേശിയുമായ സുമൻ.പി.എൻ നെ വിജിലൻസ് കൈയ്യോടെ പിടികൂടി.

 

വിജിലൻസ് കൈയ്യോടെ പിടികൂടിയ സമീപകാല ട്രാപ്പ് കേസുകളിൽ ഇത് ഏറ്റവും ഉയർന്ന കൈക്കൂലി തുകയാണ്. പരാതിക്കാരനും സുഹൃത്തും ചേർന്ന് നടത്തുന്ന സ്ക്രാപ്പ് ബിസിനസിൽ വിവിധ ഡീലർമാരിൽ നിന്നും ബിൽ പ്രകാരം ശേഖരിച്ച സ്ക്രാപ്പ് വിൽക്കുന്നതിനായി രണ്ട് ലോറികളിൽ പൊള്ളാച്ചിയിലെ കമ്പനിയിലേക്ക് കൊണ്ട് പോകുന്ന സമയം ഈ മാസം ആറിന് കുഴൽമന്ദം വച്ച് ജി.എസ്.ടി എൻഫോഴ്സ്മെന്റ് സ്ക്വാഡ് ഉദ്യോഗസ്ഥർ ലോറികൾ പരിശോധിക്കുകയും വാളയാർ ജി.എസ്.ടി ഓഫീസ് ഗ്രൗണ്ടിൽ കൊണ്ട് പോയി തടഞ്ഞിടുകയും ചെയ്തിരുന്നു.

 

ജി.എസ്.ടി ഉദ്യോഗസ്ഥർ ലോറി ഡ്രൈവർക്ക് ഒരു ഫോൺ നമ്പർ കൊടുത്ത ശേഷം ഓണറോട് ഈ നമ്പരിൽ ബന്ധപ്പെടാൻ പറയണമെന്ന് പറഞ്ഞ് ഡ്രൈവർമാരെ തിരികെ അയച്ചു. തുടർന്ന് പരാതിക്കാരൻ ഡ്രൈവർമാർ നൽകിയ ഫോൺ നമ്പരിൽ ബന്ധപ്പെട്ടപ്പോൾ ജി.എസ്.ടി എൻഫോഴ്സ്മെന്റ് ഓഫീസർ സുമനെയാണ് കിട്ടിയത്. സുമൻ നിർദ്ദേശിച്ച പ്രകാരം പരാതിക്കാരനും കമ്പനി അക്കൗണ്ടന്റും പിറ്റേ ദിവസം ജി.എസ്.ടി ഓഫീസ് ഗ്രൗണ്ടിലെത്തി ഓഫീസർ ആവശ്യപ്പെട്ട രേഖകൾ മുഴുവൻ നൽകിയെങ്കിലും രേഖകൾ പഠിക്കട്ടെ എന്ന് പറഞ്ഞ് പരാതിക്കാരനെയും മറ്റും തിരികെ അയച്ചു. തുടർന്ന് വീണ്ടും പരാതിക്കാരൻ ഓഫീസിലെത്തി സുമനെ കണ്ടപ്പോൾ 23 ലക്ഷം രൂപ ഫൈൻ അടക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ പരാതിക്കാരൻ, രേഖകൾ എല്ലാം ശരിയാണെന്നും ഫൈൻ കുറച്ച് തരണമെന്നും എൻഫോഴ്സ്മെന്റ് ഓഫീസറായ സുമനോട് പറഞ്ഞപ്പോൾ 4 ലക്ഷം രൂപ കൈക്കൂലി നൽകിയാൽ നോക്കാമെന്ന് പറഞ്ഞു. തുടർന്ന് 8 ലക്ഷം രൂപ ഫൈൻ അടപ്പിച്ച ശേഷം ലോറികൾ വിട്ട് നൽകുന്നതിന് കൈക്കൂലിയായി 3.5 ലക്ഷം രൂപ വേണമെന്നും അത് എത്തിക്കേണ്ട സമയം ഫോണിൽ വിളിച്ച് അറിയിക്കാമെന്നും പറഞ്ഞിട്ട് 2 ലോറികളും വിട്ട് നൽകി.

 

സുമൻ ഫോണിൽ വിളിച്ച് ഇന്ന് (25-01-2026) രാവിലെ 11.00 മണിക്ക് മൂന്നര ലക്ഷം രൂപ നേരിട്ട് നൽകണമെന്ന് ആവശ്യപ്പെടുകയും സ്ഥലം അറിയിക്കാമെന്നും പറഞ്ഞു. എന്നാൽ കൈക്കൂലി നൽകി കാര്യം സാധിക്കാൻ താല്പര്യമില്ലാത്ത പരാതിക്കാരൻ ഈ വിവരം പാലക്കാട് വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിക്കുകയും, അദ്ദേഹത്തിന്റെ നിർദ്ദേശാനുസരണം വിജിലൻസ് സംഘം കെണിയൊരുക്കി നിരീക്ഷിച്ചു വരവേ ഉച്ചക്ക് 01.40 മണിക്ക് പരാതിക്കാരനിൽ നിന്നും മൂന്നര ലക്ഷം രൂപ (3,50,000/-) കൈക്കൂലി വാങ്ങവേ വാളയാർ ജി.എസ്.ടി എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ എൻഫോഴ്സ്മെന്റ് ഓഫീസറും പാലക്കാട് കുരുടിക്കാട് സ്വദേശിയുമായ സുമനെ കുരുടിക്കാട് ജംഗ്ഷന് സമീപം വച്ച് വിജിലൻസ് സംഘം കൈയ്യോടെ പിടികൂടുകയാണുണ്ടായത്.
അറസ്റ്റ് ചെയ്ത പ്രതിയെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കും.

 

പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ, വിജിലൻസിന്റെ ടോൾ ഫ്രീ നമ്പറായ 1064 എന്ന നമ്പറിലോ, 8592900900 എന്ന നമ്പരിലോ, വാട്സ്ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഐ.പി.എസ്സ് അഭ്യർത്ഥിച്ചു.