ലോക കേരളസഭ പ്രത്യേക പതിപ്പ് കോഫി ടേബിൾ ബുക്ക് മുഖ്യമന്ത്രി പ്രകാശനം ചെയ്തു

ലോക കേരളസഭയുടെ അഞ്ചാം സമ്മേളനത്തോടനുബന്ധിച്ച് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് തയ്യാറാക്കിയ പ്രത്യേക പതിപ്പ് കോഫി ടേബിൾ ബുക്ക് മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു.

 

 

നിയമസഭയിൽ നടന്ന ലോക കേരളസഭയുടെ ഉദ്ഘാടന ചടങ്ങിൽ സ്പീക്കർ എ എൻ ഷംസീറിന്റെ സാന്നിധ്യത്തിൽ യു.എൻ ദുരന്തലഘൂകരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടി മുഖ്യമന്ത്രിയിൽ നിന്നും പതിപ്പ് സ്വീകരിച്ചു.

 

 

പ്രവാസി മലയാളികളുടെ ആഗോള പങ്കാളിത്തവും കേരളത്തിന്റെ വികസന യാത്രയും സമഗ്രമായി അവതരിപ്പിക്കുന്ന ലേകകേരള സഭ പ്രത്യേക പതിപ്പ് ലോകമെമ്പാടുമുള്ള മലയാളിസമൂഹത്തെയും സംസ്ഥാനത്തിന്റെ മുന്നേറ്റങ്ങളെയും അടയാളപ്പെടുത്തുന്ന സമഗ്രരേഖയാണ്. ലോക കേരളസഭയുടെ ലക്ഷ്യവും പ്രാധാന്യവും വിശദീകരിക്കുന്ന ലേഖനങ്ങളാണ് പതിപ്പിന്റെ മുഖ്യ ആകർഷണം.

 

 

 

”മാനവികതയുടെ ലോകകേരളം” എന്ന തലക്കെട്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ എഴുതിയ ലേഖനം, പ്രവാസി സമൂഹത്തിന്റെ അനുഭവങ്ങളും ആശയങ്ങളും കേരളത്തിന്റെ വികസനയാത്രയുമായി ബന്ധിപ്പിക്കുന്ന ലോക കേരളസഭയുടെ പ്രസക്തി വിശദമാക്കുന്നു. അതിരുകൾക്കപ്പുറം വ്യാപിച്ചിരിക്കുന്ന മലയാളി സ്വത്വത്തെ ഏകോപിപ്പിക്കുന്ന ജനാധിപത്യ വേദിയായാണ് ലോക കേരളസഭയെ മുഖ്യമന്ത്രി വിശേഷിപ്പിക്കുന്നത്. ”അതിരുകളില്ലാത്ത കേരളം” എന്ന ലേഖനത്തിലൂടെ നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ, പ്രവാസികളും സംസ്ഥാന നിയമനിർമ്മാണ സംവിധാനവും തമ്മിലുള്ള ആശയവിനിമയത്തിന് ലോക കേരളസഭ ഒരുക്കുന്ന സാധ്യതകൾ ചൂണ്ടിക്കാട്ടുന്നു.

 

 

 

പ്രവാസികളുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനും നാടിന്റെ വികസനത്തിനായി അവരുടെ അറിവും അനുഭവസമ്പത്തും പ്രയോജനപ്പെടുത്താനും ലക്ഷ്യമിട്ടുള്ള ലേഖനങ്ങളും പ്രവാസലോകത്തെക്കുറിച്ചുള്ള പഠനങ്ങളും പതിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡോ. ശശി തരൂർ എം.പി., പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ ഡോ. വി. കെ. രാമചന്ദ്രൻ, ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ എം എബ്രഹാം, എം.എ യൂസഫലി, രവി പിള്ള, സച്ചിദാനന്ദൻ, ഡോ. ആസാദ് മൂപ്പൻ, കെ രവി രാമൻ, ഇരുദയരാജൻ പ്രഭാവർമ്മ തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖരുടെ ലേഖനങ്ങളും കുറിപ്പുകളും പുസ്തകത്തിലുണ്ട്. പ്രവാസ ചരിത്രം, നോർക്കയുടെ ക്ഷേമപദ്ധതികൾ, വിഴിഞ്ഞം തുറമുഖം പോലുള്ള വൻകിട വികസന പദ്ധതികൾ, നവകേരള നിർമ്മിതിയിലെ പ്രവാസികളുടെ പങ്ക് എന്നിവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങളും പ്രത്യേക പതിപ്പിലൂടെ അറിയാം.

 

 

 

വികസിത രാഷ്ട്രങ്ങളിലെ ജീവിതനിലവാരത്തിലേക്ക് കേരളത്തെ ഉയർത്തണം: മുഖ്യമന്ത്രി പിണറായി വിജയൻ

 

 

വികസിത രാഷ്ട്രങ്ങളിലെ ജീവിതനിലവാരത്തിലേക്ക് കേരളത്തെ ഉയർത്തുക എന്നത് ഒരു സ്വപ്നം മാത്രമല്ല യാഥാർഥ്യമാക്കാൻ കഴിയുന്ന ഒന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭാ ശങ്കരനാരായണൻ തമ്പി ഹാളിൽ അഞ്ചാമത് ലോക കേരള സഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

 

 

ആദ്യകാലത്ത് ദാരിദ്ര്യവും കഷ്ടപ്പാടും മൂലം നാടുവിട്ട മലയാളികൾ കഠിനമായ ശാരീരിക അധ്വാനം വേണ്ടി വരുന്ന ജോലികളിൽ ഏർപെട്ടിട്ടാണ് പ്രവാസ ജീവിതം കെട്ടിപ്പടുത്തത്. എന്നാൽ 1957ലെ ഇ.എം.എസ് സർക്കാരിന്റെ ഭൂപരിഷ്‌കരണവും വിദ്യാഭ്യാസ രംഗത്തെ വിപ്ലവകരമായ ഇടപെടലുകളും കേരളത്തിന്റെ ഗതി മാറ്റി. സ്‌കൂളുകളുടെ എണ്ണം വർദ്ധിച്ചതും വിദ്യാഭ്യാസം സാർവത്രികമായതും മലയാളിയെ ലോകനിലവാരമുള്ള പ്രൊഫഷണലുകളാക്കി മാറ്റിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് ലോകത്തെവിടെയും മലയാളി സാന്നിധ്യമുണ്ട്. ഡോക്ടർമാരും എൻജിനീയർമാരും ശാസ്ത്രജ്ഞരുമായി പ്രവാസി മലയാളികളുടെ ലോകം വികസിച്ചു.

 

 

 

സംസ്ഥാന ബജറ്റിൽ ഡിഗ്രി വിദ്യാഭ്യാസം സൗജന്യമാക്കിയതും മുഖ്യമന്ത്രി പരാമർശിച്ചു. വിദേശത്ത് ഗവേഷണത്തിനും ജോലിക്കുമായി പോയവരുടെ സഹായം തേടി, അവരുടെ വൈദഗ്ധ്യം ആഭ്യന്തര ഉൽപ്പാദന മേഖലയിൽ വിനിയോഗിക്കുന്ന ചൈനയുടെ പദ്ധതി ലോകപ്രശസ്തമാണ്. ഇതിന് സമാനമായ നിർദ്ദേശങ്ങൾ ലോക കേരള സഭയിൽ ഉയർന്നുവന്നിട്ടുണ്ടെന്നും ഭാവിയിൽ കേരളത്തിലും ഇത്തരം പ്രവാസി പ്രോജക്ടുകൾ നടപ്പിലാക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക കേരള സഭയുടെ രൂപീകരണ വേളയിൽ പലർക്കും ആശങ്കയുണ്ടായിരുന്നുവെങ്കിലും ഇന്ന് ഇത് പ്രവാസികളുടെ ആധികാരിക ശബ്ദമായി മാറി. കേന്ദ്ര സർക്കാർ പോലും കേരളത്തിന്റെ ഈ മാതൃക പിന്തുടരാൻ മറ്റ് സംസ്ഥാനങ്ങളോട് നിർദ്ദേശിക്കുന്നത് കേരളത്തിന്റെ വിജയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

 

 

രാജ്യത്തെ ആദ്യത്തെ സമഗ്ര ആരോഗ്യ-അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയർ ഉൾപ്പെടെ പ്രവാസികൾക്കായി സർക്കാർ നടപ്പിലാക്കുന്ന വിപുലമായ പദ്ധതികലും മുഖ്യമന്ത്രി പരാമർശിച്ചു. വിദേശ റിക്രൂട്ട്‌മെന്റ് തട്ടിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കു നോർക്ക പോലീസ് സ്റ്റേഷൻ സ്ഥാപിക്കുന്നുണ്ട്. നിലവിലെ എൻ.ആർ.ഐ പോലീസ് സ്റ്റേഷന് ഉപരിയായി നേരിട്ട് എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ സാധിക്കുന്ന സംവിധാനമായിരിക്കും ഇത്. പഠനസംബന്ധമായ സമഗ്ര ഓൺലൈൻ സംവിധാനം സ്റ്റുഡന്റ് മൈഗ്രേഷൻ പോർട്ടൽ പൂർത്തിയായിക്കഴിഞ്ഞു. വിദേശരാജ്യങ്ങളിൽ ഹെൽപ് ഡെസ്‌ക്കുകൾ സ്ഥാപിച്ചു. കാനഡയിലെ പ്രവാസി സംഘടനകളെ ഏകോപിപ്പിച്ചു കൊണ്ട് നോർക്ക-കാനഡ കോർഡിനേഷൻ കൗൺസിൽ രൂപീകരിച്ചു. എജുക്കേഷൻ കൺസൾട്ടൻസികളെ നിയന്ത്രിക്കാനുള്ള ബില്ലുമായി ബന്ധപ്പെട്ട നിയമനിർമാണം അവസാന ഘട്ടത്തിലാണ്.

 

 

 

അന്താരാഷ്ട്ര തലത്തിൽ കുടിയേറ്റക്കാരോടുള്ള പാശ്ചാത്യ രാജ്യങ്ങളുടെ സമീപനം മാറുന്നതിൽ ആശങ്ക പ്രകടിപ്പിച്ച മുഖ്യമന്ത്രി, അസഹിഷ്ണുത വർദ്ധിക്കുന്ന ഈ കാലഘട്ടത്തിൽ പ്രവാസി സമൂഹത്തെ ചേർത്തുപിടിക്കേണ്ടത് മാതൃരാജ്യത്തിന്റെ കടമയാണെന്നും കൂട്ടിച്ചേർത്തു.

 

 

 

ലോക കേരള സഭ സമീപന രേഖ മുഖ്യമന്ത്രി സഭയുടെ പരിഗണനയ്ക്കായി സമർപ്പിച്ചു. സ്റ്റുഡന്റ് മൈഗ്രേഷൻ പോർട്ടൽ, എയർപോർട്ട് ഹെല്പ് ഡെസ്‌ക്, ഷെർപ്പ പോർട്ടൽ, ലോക കേരളം ഓൺലൈൻ പോർട്ടൽ സേവനങ്ങൾ എന്നിവയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് തയ്യാറാക്കിയ കോഫി ടേബിൾ ബുക്കിന്റെ പ്രകാശനവും ചടങ്ങിൽ നടന്നു. സ്പീക്കർ എ. എൻ. ഷംസീർ, മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, ചീഫ് സെക്രട്ടറി എ. ജയതിലക്, വ്യവസായ പ്രമുഖരായ എം. എ. യൂസഫ് അലി, രവി പിള്ള, വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി പ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

 

 

 

 

പ്രവാസികൾക്ക് ഇന്ന് നാടിന്റെ ജനാധിപത്യ പ്രക്രിയയിൽ കൃത്യമായ പങ്കാളിത്തമുണ്ട്: സ്പീക്കർ എ. എൻ. ഷംസീർ

 

 

ഭൗതികമായി നാട്ടിലില്ലാത്തതിനാൽ ഭരണകൂടത്തിന്റെ പരിഗണനകളിൽ നിന്ന് മുൻപ് പുറത്തായിപ്പോയ പ്രവാസികൾക്ക് ഇന്ന് നാടിന്റെ ജനാധിപത്യ പ്രക്രിയയിൽ കൃത്യമായ പങ്കാളിത്തമുണ്ടെന്നു സ്പീക്കർ എ. എൻ. ഷംസീർ. ലോക കേരള സഭയുടെ അഞ്ചാം പതിപ്പിന്റെ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സ്പീക്കർ. പ്രവാസികളെ നമ്മുടെ ജനാധിപത്യത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിൽ ലോക കേരള സഭ വലിയ വിജയമാണെന്നും കേരളത്തിന്റെ ഈ മാതൃക പിന്തുടരാൻ കേന്ദ്ര സർക്കാർ മറ്റു സംസ്ഥാനങ്ങളോട് നിർദ്ദേശിക്കുന്നത് അഭിമാനകരമാണെന്നും സ്പീക്കർ പറഞ്ഞു. ‘കേരളം ഇന്ന് ചിന്തിക്കുന്നത് ഇന്ത്യ നാളെ ചിന്തിക്കുന്നു’ എന്ന വാചകം അക്ഷരാർത്ഥത്തിൽ ശരിവെക്കുന്ന രീതിയിലാണ് സഭയുടെ പ്രവർത്തനങ്ങൾ.

 

 

 

പുനരധിവാസത്തിൽ മാത്രം ഒതുങ്ങിനിന്നിരുന്ന പ്രവാസികളുമായി ബന്ധപ്പെട്ട ഭരണനിർവഹണ സംവിധാനത്തെ വിദേശത്ത് താമസിക്കുന്ന മലയാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന നിലയിലേക്ക് വിപുലീകരിക്കാൻ കേരളത്തിന് സാധിച്ചു. 351 അംഗങ്ങളുള്ള ഈ സഭയിൽ ഗാർഹിക തൊഴിലാളികൾ, മതിയായ രേഖകളില്ലാത്തവർ, തിരിച്ചുവരവിൽ പ്രയാസം നേരിടുന്നവർ തുടങ്ങി അരികുവൽക്കരിക്കപ്പെട്ടവരുടെ ശബ്ദം ഉൾപ്പെടെ കേൾക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നുണ്ടെന്നും സ്പീക്കർ പറഞ്ഞു.

 

 

 

വ്യവസായം, സ്റ്റാർട്ടപ്പുകൾ, ടൂറിസം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ പ്രവാസി നിക്ഷേപവും പങ്കാളിത്തവും വർദ്ധിപ്പിക്കാൻ ലോക കേരള സഭ നിമിത്തമാകും. ഭാഷയും സാഹിത്യവും ഉൾപ്പെടെയുള്ള മേഖലകളിലും പ്രവാസികളുടെ സംഭാവനകൾ വളർത്തിയെടുക്കാൻ സാധിക്കും. പ്രവാസികളുടെ അറിവും കഴിവും നവകേരള നിർമ്മിതിക്കായി പ്രയോജനപ്പെടുത്തുക എന്നതാണ് സഭയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. മാറുന്ന പ്രവാസ ഭൂമികയ്ക്ക് അനുസൃതമായി ഭരണനിർവഹണ സംവിധാനങ്ങൾ പരിഷ്‌കരിക്കണമെന്നും അഞ്ചാം ലോക കേരള സഭയിൽ നിന്നുണ്ടാകുന്ന ക്രിയേറ്റീവ് ആയ ആശയങ്ങൾ കേരളത്തിന്റെ കുതിപ്പിന് വേഗത കൂട്ടുമെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.

 

 

 

ലോക കേരള സഭ ലോകരാജ്യങ്ങൾക്കിടയിൽ കേരളത്തിന്റെ ഒരു പാലമായി മാറിയെന്ന് സമ്മേളനത്തിൽ ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. സംസ്ഥാനത്തിന്റെ വികസനത്തിൽ പ്രവാസികൾ വെറും കാഴ്ചക്കാരല്ല, മറിച്ച് തുല്യ പങ്കാളികളാണെന്ന ബോധ്യം ഈ സഭയിലൂടെ കൈവന്നു. നാടിന്റെ വികസനത്തോടൊപ്പം ചേർന്നുനിൽക്കാനുള്ള പ്രവാസികളുടെ സന്നദ്ധത ഗവൺമെന്റിന് വലിയ ഊർജ്ജമാണ് നൽകുന്നതെന്നും മന്ത്രി പറഞ്ഞു.

 

 

 

ലോകത്തിന്റെ വിവിധ കോൺകളിലിരുന്നും കേരളത്തിലെ സ്വന്തം മണ്ണുമായി ബന്ധപ്പെട്ട റവന്യൂ ഇടപാടുകൾ സുതാര്യമായും വേഗത്തിലും പൂർത്തിയാക്കാൻ സാധിക്കുന്ന വിധത്തിൽ കേരളത്തിൽ വിവര-സാങ്കേതിക വിദ്യയുടെ തേരിലേറികൊണ്ടുള്ള വികസന മുന്നേറ്റം നടക്കുകയാണെന്ന് സമ്മേളനത്തിൽ റവന്യു മന്ത്രി കെ. രാജൻ പറഞ്ഞു. ഭൂമി ഇടപാടുകളിലെ ഏജന്റ്മാരുടെ ഇടപെടൽ ഒഴിവാക്കണമെന്ന രണ്ടാം ലോക കേരള സഭയിലെ പ്രവാസികളുടെ ആവശ്യം മൂന്നാം സഭയിൽ പോർട്ടലായി യാഥാർത്ഥ്യമായെന്നും, അഞ്ചാമത് ലോക കേരള സഭയിലേക്കു എത്തുമ്പോൾ പത്തു രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്ക് അവിടെ ഇരുന്നു തന്നെ റവന്യുവുമായി ബന്ധപ്പെട്ട ഇടപാടുകൾ നിർവഹിക്കാൻ കഴിയുന്ന സാഹചര്യമുണ്ടാകുന്നു.

 

 

റവന്യൂ, രജിസ്‌ട്രേഷൻ, സർവേ വകുപ്പുകളുടെ സേവനങ്ങൾ സംയോജിപ്പിച്ചുകൊണ്ടുള്ള ‘ഇന്റഗ്രേറ്റഡ് ലാൻഡ് മോണിറ്ററിംഗ് സിസ്റ്റം’ (ILMS) ഇന്ത്യയിൽ തന്നെ കേരളമാണ് ആദ്യമായി നടപ്പിലാക്കുന്നത്. റിലീസ് (റവന്യൂ), പേൾ (രജിസ്‌ട്രേഷൻ), ഇമാപ്പ് (സർവേ) എന്നീ മൂന്ന് പോർട്ടലുകളെയും ‘എന്റെ ഭൂമി’ എന്ന ഒറ്റ കുടക്കീഴിൽ കൊണ്ടുവന്നു. പ്രവാസികൾക്ക് അവർ വാങ്ങുന്ന ഭൂമിയുടെ അതിരുകൾ തിരിച്ചറിയാനും, ബാധ്യതാ സർട്ടിഫിക്കറ്റ് (EC) പരിശോധിക്കാനും എല്ലാം ഇന്ന് വേഗത്തിൽ സാധിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.