79ാം സ്ഥാപകദിനമായ ചൊവ്വാഴ്ച (ഫെബ്രു 3) സിഎംഎഫ്ആർഐ പൊതുജനങ്ങൾക്കായി തുറന്നിടും

ആഴക്കടലിന്റെ വിസ്മയക്കാഴ്ചകളും കൗതുകമുണർത്തുന്ന കടലറിവുകളുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും തുറന്നിടുന്നു. 79ാം സ്ഥാപകദിനാഘോഷത്തിന്റെ ഭാഗമായി ഫെബ്രുവരി മൂന്ന് ചൊവ്വാഴ്ച സിഎംഎഫ്ആർഐ ഓപൺ ഹൗസ് പ്രദർശനം നടത്തും. രാവിലെ 9 മുതൽ മൂന്ന് വരെയാണ് പ്രദർശനം.

കടലാഴങ്ങളിലെ വൈവിധ്യമായ ജൈവവൈവിധ്യങ്ങളും സിഎംഎഫ്ആർഐ നടത്തിവരുന്ന ഗവേഷണ പഠനങ്ങളും പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. വിവിധ ഗവേഷണവിഭാഗങ്ങൾ ഒരുക്കുന്ന പ്രദർശനം, അപൂർവ ശേഖരങ്ങളുള്ള മ്യൂസിയം, മറൈൻ അക്വേറിയം, വിവിധ ലബോറട്ടറികൾ, ഹാച്ചറികൾ തുടങ്ങിയ സന്ദർശിക്കാനും വിദഗ്ധരുമായി ആശയവിനിമയം നടത്താനും അവസരമുണ്ടാകും. തിമംഗലം, ഡോൾഫിന് തുടങ്ങിയ കടൽസസ്തനികളെ കുറിച്ചുള്ള പ്രത്യേക പവലിയനാണ് ഇത്തവണത്തെ പ്രധാന ആകർഷണം.

ഏറ്റവും വലിയ മത്സ്യമായ തിമിംഗല സ്രാവ്, കടൽ മുയൽ, പറക്കും കൂന്തൽ, കടൽ വെള്ളരി, പലതരം കടൽ സസ്യങ്ങൾ, കടൽപാമ്പുകൾ, വിഷമത്സ്യങ്ങൾ തുടങ്ങി മൂവായിരത്തോളം സമുദ്ര ജൈവവൈവിധ്യങ്ങളുടെ ശേഖരമടങ്ങുന്നതാണ് സിഎംഎഫ്ആർഐയിലെ നാഷണൽ മറൈൻ ബയോഡൈവേഴ്‌സിറ്റി മ്യൂസിയം. സിഎംഎഫ്ആർഐയുടെ ഗവേഷണമേഖലകൾ അടുത്തറിയാനും സംശയനിവാരണത്തിനും പ്രദർശനം പ്രയോജനപ്പെടും.

കൂടാതെ, കാർഷിക അനുബന്ധ മേഖലകളിലെ ഉന്നത പഠനം, തൊഴിൽസാധ്യതകൾ എന്നിവ പരിചയപ്പെടുത്തുന്ന പ്രത്യേക സെഷൻ 2.30 മുതൽ നാല് വരെ നടക്കും. സിഎംഎഫ്ആർഐ ഡയറക്ടർ ഡോ ഗ്രിൻസൺ ജോർജ് ഉൾപ്പെടെ വിവിധ ശാസത്രജ്ഞർ വിദ്യാർത്ഥികളുമായി സംവദിക്കും.