കേന്ദ്ര തുറമുഖം, ഷിപ്പിംഗ്, ജലഗതാഗത വകുപ്പ് മന്ത്രി സർബാനന്ദ സോനോവാലിനെ ന്യൂഡൽഹിയിൽ സന്ദർശിച്ച്, യൂണിയൻ ബജറ്റ് 2026–27ൽ പ്രഖ്യാപിച്ച ആഭ്യന്തര ജലഗതാഗത വികസന പദ്ധതിയിൽ ദേശീയ ജലപാത–8 (NW-8)യിലെ ആലപ്പുഴ–ചങ്ങനാശ്ശേരി ഭാഗം ഉൾപ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി നിവേദനം നൽകി.
പരിസ്ഥിതി സൗഹൃദ ചരക്കു ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 20 പുതിയ ദേശീയ ജലപാതകൾ പ്രവർത്തനക്ഷമമാക്കുകയും, 2047ഓടെ ആഭ്യന്തര ജലഗതാഗതത്തിന്റെയും തീരദേശ ഷിപ്പിംഗിന്റെയും വിഹിതം 6 ശതമാനത്തിൽ നിന്ന് 12 ശതമാനമായി ഉയർത്തുകയുമാണ് ബഡ്ജറ്റ് പ്രഖ്യാപനത്തിൽ ഈ പാതയും ഉൾപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് എംപി മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
കേരളത്തിലെ ഏറ്റവും ഉൽപാദനക്ഷമമായ പ്രദേശങ്ങളിലൂടെയാണ് ആലപ്പുഴ–ചങ്ങനാശ്ശേരി ജലപാത കടന്നുപോകുന്നതെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. കൃഷി, ചെറുകിട നിർമ്മാണ മേഖല, വ്യാപാരം തുടങ്ങിയ മേഖലകൾക്ക് വലിയ പ്രയോജനമുണ്ടാക്കുന്ന ഈ ജലപാത വികസിപ്പിച്ചാൽ റോഡ് ഗതാഗതത്തിലുണ്ടാകുന്ന തിരക്കും മലിനീകരണവും കുറയ്ക്കാനും, തുറമുഖങ്ങളുമായും വ്യവസായ കേന്ദ്രങ്ങളുമായും മികച്ച ചരക്കു ബന്ധം ഉറപ്പാക്കാനും സാധിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.
ജലഗതാഗത വികസനം പ്രാദേശികതലത്തിൽ തൊഴിലവസരങ്ങളും നൈപുണ്യ വികസന സാധ്യതകളും സൃഷ്ടിക്കുമെന്നും, കേരളത്തിന്റെ പാരമ്പര്യമായ ഉൾനാടൻ ജലഗതാഗത ശൃംഖലയെ ശക്തിപ്പെടുത്തുന്നതിലൂടെ സംസ്ഥാനത്തിന്റെ സുസ്ഥിര സാമ്പത്തിക വളർച്ചയ്ക്ക് ഇത് സഹായകരമാകുമെന്നും എംപി ചൂണ്ടിക്കാട്ടി.
ആവശ്യം അനുഭാവപൂർവം പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നൽകിയതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.


