പുതുതലമുറയിൽ ഊർജ സംരക്ഷണ പ്രവർത്തനങ്ങളുടെ അവബോധത്തിനായും ഭാവിയിൽ സൗരോർജ്ജ ഉപയോഗം പ്രാവർത്തികമാക്കുവാനും വഴിയൊരുക്കുന്ന തരത്തിൽ കേരളത്തിലെ സ്കൂളുകളിലും കോളേജുകളിലും സോളാർ പാനൽ സ്ഥാപിക്കണമെന്ന് അധ്യാപകൻ.
ആലപ്പുഴ താമരക്കുളം വി വി ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനും സംസ്ഥാന അധ്യാപക അവാർഡ് ജേതാവും സംസ്ഥാന വനിമിത്ര അവാർഡ് ജേതാവും വിദ്യാഭ്യാസ പ്രവർത്തകനും കൂടിയായ എൽ സുഗതനാണ് അധികാരികൾക്ക് ഈ വിഷയത്തെ സംബന്ധിച്ച നിർദേശം സമർപ്പിച്ചത്.
സ്കൂൾ കോളേജ് തലങ്ങളിൽ ഇപ്പോൾ തന്നെ ഊർജ സംരക്ഷണ പ്രവർത്തനങ്ങളിൽ മികവ് കാഴ്ചവയ്ക്കുന്ന കുട്ടികൾക്കും വിദ്യാലയങ്ങൾക്കും അവാർഡുകൾ നൽകി വരുന്നുണ്ട്. ഇത് സ്കൂളുകളിൽ നടപ്പാക്കുമ്പോൾ ഒരു പ്രത്യക്ഷ ഊർജ്ജ സംരക്ഷണ പ്രവർത്തനമായി മാറുന്നതോടൊപ്പം കുട്ടികളിൽ ഇത് സ്വാധീനം ചെലുത്തും എന്നുള്ളതിൽ സംശയമില്ല.
എംഎൽഎ ഫണ്ട് ഉൾപ്പെടെയുള്ള സാമ്പത്തിക സഹായം ലഭ്യമാക്കുന്നതോടൊപ്പം ഈ പദ്ധതിക്ക് കേന്ദ്രസർക്കാർ നൽകിവരുന്ന ഇളവ് പ്രയോജനപ്പെടുത്തുകയും ചെയ്യാം .
പദ്ധതി നടപ്പാക്കുന്നതോടെ കിഫ്ബി ഫണ്ട് ഉൾപ്പെടെ ഉപയോഗിച്ച് നിർമ്മിച്ചിട്ടുള്ള കേരളത്തിലെ വലിയ സ്കൂൾ കെട്ടിടങ്ങളുടെ ഭീമമായ വൈദ്യുതി ചാർജ് ഒഴിവാക്കുവാനും
അധികം വരുന്ന വൈദ്യുതി കെ എസ് ഇ ബി ക്ക് കൈമാറി മാസവരുമാനം ഉറപ്പാക്കുവാനും കഴിയും.
രാജ്യത്തെ സോളാർ പാനൽ സ്ഥാപിച്ച സമ്പൂർണ്ണ വിദ്യാലയങ്ങളുള്ള സംസ്ഥാനം എന്ന റിക്കോർഡ് കൂടി കേരളത്തിന് സ്വന്തമാകുമെന്നും സുഗതൻ മാഷ് അഭിപ്രായപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലായ സി എം വിത്ത് മീ യ്ക്കും സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രിക്കും വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും നിവേദനം സമർപ്പിച്ച് കാത്തിരിക്കുകയാണ് സുഗതൻ മാഷ്.
സംസ്ഥാനത്തെ സ്കൂളുകളിൽ കലാകായിക പീരിയിഡുകളിൽ മറ്റു വിഷയങ്ങൾ പഠിപ്പിക്കരുതെന്ന ഉത്തരവിനു പിന്നിലും സ്കൂൾ കുട്ടികളുടെ സുരക്ഷയ്ക്കായി ആറു കോടിയിൽ പരം സംസ്ഥാനത്തെ അൻപതിൽപരം സ്കൂളുകൾക്ക് മുന്നിൽ നടപ്പാതയും സുരക്ഷാ വേലിയും സ്ഥാപിക്കാനുള്ള
തീരുമാനത്തിന് പിന്നിലും ഇദ്ദേഹമാണ്. ടൂറിസ്റ്റ് ബസുകളിലെ അമിത ശല്യത്തിനെതിരെ സർക്കാർ നടപടി സ്വീകരിച്ചതും ഇദ്ദേഹത്തിന്റെ ഇടപെടൽ കൊണ്ടാണ്. സ്കൂൾ ഉച്ചഭക്ഷണത്തിലെ വിഷം തീണ്ടിയ പച്ചക്കറിക്കെതിരെയുള്ള ഇദ്ദേഹത്തിന്റെ ഒറ്റയാൾ സമരം ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്കൂൾ ഉച്ചഭക്ഷണത്തിലെ പുതിയ മെനു പരിഷ്കാരം കഴിഞ്ഞ 15 വർഷങ്ങൾ കൊണ്ട് ഇദ്ദേഹം നടത്തിയ ഇടപെടലുകളുടെ ഫലം കൂടിയാണ്..


