ഡോ. രവി പിളള അക്കാഡമിക് എക്സലൻസ് സ്കോളർഷിപ്പ് പദ്ധതിയുടെ ആദ്യ ബാച്ചിലെ അര്‍ഹരായ 1500 വിദ്യാര്‍ത്ഥികള്‍ക്കുളള സ്കോളര്‍ഷിപ്പ് വിതരണം ഫെബ്രുവരി 11 ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ സംഘടിപ്പിക്കും .
തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഉച്ചയ്ക്ക് 3.30 മുതലാണ് ചടങ്ങ്. ഹയര്‍സെക്കൻഡറി തലത്തില്‍ 1100 വിദ്യാര്‍ത്ഥികള്‍ക്ക് അന്‍പതിനായിരം രൂപയുടേയും, ഡിഗ്രി (ഒരു ലക്ഷം രൂപ വീതം), പോസ്റ്റ് ഗ്രാജുവേറ്റ് തലത്തില്‍ (ഒന്നേകാല്‍ ലക്ഷം രൂപ വിതം) 200 വീതം വിദ്യാര്‍ത്ഥികള്‍ക്കും ഉള്‍പ്പെടെ 1500 പേര്‍ക്കാണ് സ്കോളര്‍ഷിപ്പ് ലഭിക്കുക.
ഓരോ വിഭാഗത്തിലും 20 ശതമാനം സ്കോളര്‍ഷിപ്പുകള്‍ പ്രവാസി കേരളീയരുടെ മക്കള്‍ക്കും അഞ്ചു ശതമാനം ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്കുമാണ്. പ്രമുഖ പ്രവാസി വ്യവസായിയും നോര്‍ക്ക റൂട്ട്സ് ഡയറക്ടറുമായ ഡോ. രവി പിളളയുടെ നേതൃത്വത്തിലുളള രവി പിളള ഫൗണ്ടേഷന് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് വഴിയാണ് രവി പിളള അക്കാദമിക് എക്സലൻസ് സ്കോളർഷിപ്പ് പദ്ധതി നടപ്പിലാക്കുന്നത്.


