ബഡ്ജറ്റിൽ പ്രഖ്യാപിച്ച ആയുർവേദ എയിംസ് എഴുകോണിൽ സ്ഥാപിക്കണം : കൊടിക്കുന്നിൽ സുരേഷ് എംപി
കൊല്ലം: ഈ വർഷത്തെ കേന്ദ്ര ബഡ്ജറ്റിൽ പ്രഖ്യാപിച്ച മൂന്ന് ആയുർവേദ എയിംസ് സ്ഥാപനങ്ങളിൽ ഒരെണ്ണം കൊല്ലം ജില്ലയിലെ എഴുകോണിൽ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എംപി കേന്ദ്ര ആയുഷ് മന്ത്രിയായ പ്രതാപ് റാവു ജാദവിനെ നേരിൽകണ്ട് നിവേദനം നൽകി.
കേരളം ആയുർവേദത്തിന്റെ ജന്മഭൂമിയും ആഗോളതലത്തിൽ അംഗീകാരം നേടിയ സമഗ്ര ചികിത്സാ പാരമ്പര്യമുള്ള സംസ്ഥാനവുമാണെന്ന് എംപി ചൂണ്ടിക്കാട്ടി. ചികിത്സാ സൗകര്യങ്ങളുടെ ലഭ്യതയിലും അനുയോജ്യമായ കേന്ദ്രമായ എഴുകോൺ, ദക്ഷിണ കേരളത്തിലെ ആയുർവേദ ഗവേഷണ-ചികിത്സാ മേഖലകളെ ഏകോപിപ്പിക്കാൻ ഏറ്റവും യുക്തമായ സ്ഥലമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
എഴുകോൺ ഇ.എസ്.ഐ ആശുപത്രിയോട് അനുബന്ധിച്ച് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും, ഭൂമിയും ലഭ്യമാണെന്നും, അതിനാൽ തന്നെ കുറഞ്ഞ ചെലവിൽ വേഗത്തിൽ പദ്ധതി നടപ്പാക്കാൻ കഴിയുമെന്നും എംപി മന്ത്രിയെ അറിയിച്ചു. നിലവിലുള്ള ആരോഗ്യ അടിസ്ഥാനസൗകര്യങ്ങളെ പ്രയോജനപ്പെടുത്തി ആയുർവേദ എയിംസ് സ്ഥാപിക്കുന്നത് പ്രദേശത്തെ ആയിരക്കണക്കിന് രോഗികൾക്ക് ഗുണകരമാകുമെന്ന് അദ്ദേഹം പറഞ്ഞു.
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ജനങ്ങൾക്ക് ഉയർന്ന നിലവാരത്തിലുള്ള ആയുർവേദ ചികിത്സയും സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങളും ലഭ്യമാക്കുന്നതിനൊപ്പം, വിദേശ ചികിത്സാ ടൂറിസത്തിനും എഴുകോൺ കേന്ദ്രമായി മാറാൻ സാധിക്കുമെന്നതാണ് എംപിയുടെ നിലപാട്. ആയുർവേദ മരുന്നുകളുടെ ഉൽപ്പാദനം, ഗവേഷണം, പരിശീലനം എന്നിവയ്ക്കും പുതിയ സാധ്യതകൾ തുറക്കപ്പെടും.
കേരളത്തിന്റെ സമ്പന്നമായ ആയുർവേദ പാരമ്പര്യത്തെ ശക്തിപ്പെടുത്തുന്നതിനും സംസ്ഥാനത്തിന് യോജിച്ച പരിഗണന നൽകുന്നതിനും എഴുകോണിൽ ആയുർവേദ എയിംസ് സ്ഥാപിക്കാനുള്ള നടപടി കേന്ദ്ര സർക്കാർ അടിയന്തരമായി സ്വീകരിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു.

