ഇന്ത്യ എഐ ഇംപാക്ട് എക്സ്പോ 2026′-ൻ്റെ ഉദ്ഘാടന ചടങ്ങിലെ പ്രധാന നിമിഷങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി

 

 

‘ഇന്ത്യ എഐ ഇംപാക്ട് എക്സ്പോ 2026’ ആശയങ്ങളുടെയും നവീകരണത്തിന്റെയും ലക്ഷ്യബോധത്തിന്റെയും ശക്തമായ സംഗമമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വിശേഷിപ്പിച്ചു.

ഉദ്ഘാടന ചടങ്ങിലെ പ്രധാന നിമിഷങ്ങൾ പങ്കുവെച്ചുകൊണ്ട്, ആഗോള നന്മയ്ക്കായി നിർമ്മിത ബുദ്ധിയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ ഇന്ത്യൻ പ്രതിഭകളുടെ അസാധാരണമായ കരുത്ത് ഈ എക്സ്പോ വ്യക്തമാക്കുന്നുവെന്ന് മോദി പറഞ്ഞു.

എല്ലാറ്റിനുമുപരിയായി, മനുഷ്യപുരോഗതിക്കായി എഐ ഉത്തരവാദിത്തത്തോടും എല്ലാവരെയും ഉൾക്കൊള്ളിച്ചുകൊണ്ടും വിപുലമായ രീതിയിലും പ്രയോജനപ്പെടുത്താനുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത ഈ പരിപാടി ഒരിക്കൽ കൂടി ഉറപ്പിച്ചു.

————————–

2026 ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി ഇന്ത്യയുടെ എഐ വിപ്ലവത്തിന്റെ അടിസ്ഥാന സ്തംഭമായി ടെലികോമിനെ ഉയർത്തിക്കാട്ടി:കേന്ദ്ര വാർത്താ വിനിമയ സഹമന്ത്രി ഡോ.പെമ്മസാനി ചന്ദ്രശേഖർ

2026 ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയിൽ സംസാരിച്ച കേന്ദ്ര വാർത്താ വിനിമയ – ഗ്രാമവികസന സഹമന്ത്രി പെമ്മസാനി ചന്ദ്രശേഖർ ഇന്ത്യയുടെ എ ഐ പരിസ്ഥിതിയുടെ അടിസ്ഥാനഘടകമായി ടെലികോം അടിസ്ഥാനസൗകര്യത്തെ വിശേഷിപ്പിച്ചു

ടെലികോം മേഖല രാജ്യത്തിന്റെ ഡിജിറ്റൽ പരിവർത്തനത്തിന് ശക്തമായ അടിത്തറ ഒരുക്കുന്നുവെന്നും, എഐ അധിഷ്ഠിത സേവനങ്ങളുടെ വ്യാപനത്തിനും നവീകരണത്തിനും നിർണായക പിന്തുണ നൽകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. “കണക്റ്റിവിറ്റി ഒരു ആഡംബരം അല്ല; സ്വാധീനാധികാരമാണ്,” എന്ന മന്ത്രിയുടെ വാക്കുകൾ സദസിൽ ശ്രദ്ധേയമായി.

എല്ലാവരേയും ഉൾക്കൊള്ളുന്നതും സർവജനപ്രാപ്യവുമായ ഡിജിറ്റൽ കണക്റ്റിവിറ്റിയാണ് ഇന്ത്യയെ സാങ്കേതിക നേതൃത്വത്തിലേക്ക് നയിക്കുന്നതെന്നും, രാജ്യത്തിന്റെ ഡിജിറ്റൽ ശാക്തീകരണ ദൗത്യത്തിൽ ടെലികോം മേഖലയ്ക്ക് കേന്ദ്രസ്ഥാനമാണുള്ളതെണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭാരത് മണ്ഡപത്തിൽ പുരോഗമിക്കുന്ന ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയുടെ ഭാഗമായി സംഘടിപ്പിച്ച ടെലികോം നിർമ്മിത ബുദ്ധി സെഷനിൽ മുഖ്യപ്രഭാഷണം നടത്തിയ കേന്ദ്ര വാർത്താ വിനിമയ – ഗ്രാമവികസന സഹമന്ത്രി പെമ്മസാനി ചന്ദ്രശേഖർ ഇന്ത്യയുടെ അതിവേഗം വളരുന്ന ടെലികോം മേഖലയെക്കുറിച്ചു വിശദീകരിച്ചു. 2014-ൽ 6 കോടി മാത്രമായിരുന്ന ബ്രോഡ്ബാൻഡ് സബ്സ്ക്രൈബർമാരുടെ എണ്ണം 2025-ഓടെ 100 കോടിയായി ഉയർന്നുവെന്ന് അദ്ദേഹം പറഞ്ഞു. ശരാശരി പ്രതിമാസ മൊബൈൽ ഡാറ്റ ഉപഭോഗം ഓരോ ഉപയോക്താവിനും 24 ജിബിയ്ക്ക് മുകളിൽ എത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫൈബർ വിന്യാസം 42 ലക്ഷം കിലോമീറ്റർ റൂട്ട് കടന്നതായും, ലോകത്തിലെ അതിവേഗ 5 ജി വ്യാപനങ്ങളിൽ ഒന്നായി ഇന്ത്യ മാറിയെന്നും മന്ത്രി വ്യക്തമാക്കി.

അവസാന ഗുണഭോക്താവിനുവരെ സേവനം എത്തിക്കുന്നതിന് മുൻഗണന നൽകുന്ന ഭാരത് നെറ്റ് പോലുള്ള പദ്ധതികളിലെ തുടർച്ചയായ നിക്ഷേപങ്ങൾ എ ഐ അധിഷ്ഠിത സേവനങ്ങൾ ഗ്രാമപ്രദേശങ്ങളിലേക്കും വിദൂര പ്രദേശങ്ങളിലേക്കും ഒരുപോലെ എത്തിക്കുന്നുവെന്നും അതുവഴി ഉയർന്നുവരുന്ന സാങ്കേതികവിദ്യകളിലേക്കുള്ള പ്രവേശനം ജനാധിപത്യവൽക്കരിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ ഇപ്പോൾ കണക്റ്റിവിറ്റി വ്യാപനഘട്ടത്തിൽ നിന്ന് ശേഷിവ്യാപന ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് മന്ത്രി നിരീക്ഷിച്ചു. ഉയർന്ന ശേഷിയുള്ള ഫൈബർ ബാക്ക്ഹോൾ, കുറഞ്ഞ ലേറ്റൻസി ആവശ്യമായ ആപ്ലിക്കേഷനുകൾക്കായുള്ള എഡ്ജ് കമ്പ്യൂട്ടിംഗ്, ക്ലൗഡ് അടിസ്ഥാനസൗകര്യ വികസനം, സ്റ്റാർട്ടപ്പുകൾക്കും സംരംഭങ്ങൾക്കും നവീകരണം സാധ്യമാക്കുന്ന ആക്സസ് എന്നിവയ്ക്കാണ് ഇപ്പോൾ മുൻഗണന നൽകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

ടയർ-2, ടയർ-3 നഗരങ്ങളിലുടനീളം സംരംഭകത്വവും സാങ്കേതിക നവീകരണവും വളരുന്ന സാഹചര്യത്തിൽ ഈ ഇടപെടലുകൾ നിർണായകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിവിധ മേഖലകളിൽ എഐ നവീകരണം വേഗത്തിൽ സാദ്ധ്യമാകുകയാണെന്നും, വലിയ സംരംഭങ്ങൾ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ എഐ സാങ്കേതികവിദ്യകൾ സജീവ ഉൽപ്പാദന അന്തരീക്ഷങ്ങളിൽ വിനിയോഗിച്ചുതുടങ്ങിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വിശ്വാസ്യതയ്ക്കും സുരക്ഷയ്ക്കും നൽകുന്ന പ്രാധാന്യം ഊന്നിപ്പറഞ്ഞ കേന്ദ്ര വാർത്താ വിനിമയ സഹമന്ത്രി ശക്തിപ്പെടുത്തിയ ടെലികോം സുരക്ഷാ ചട്ടക്കൂടുകൾ മുന്നോട്ട് വച്ചു. 1,200-ത്തിലധികം സ്ഥാപനങ്ങളെ ബന്ധിപ്പിക്കുന്ന എ ഐ അധിഷ്ഠിത ഡിജിറ്റൽ ഇന്റലിജൻസ് പ്ലാറ്റ്‌ഫോം, 86 ലക്ഷത്തിലധികം വ്യാജ സിം കാർഡുകൾ കണ്ടെത്തി വിച്ഛേദിച്ച ASTR ഉപകരണം, 1,400 കോടി രൂപയിലധികം മൂല്യമുള്ള തട്ടിപ്പ് ഇടപാടുകൾ തടഞ്ഞ ഫിനാൻഷ്യൽ ഫ്രോഡ് റിസ്‌ക് ഇൻഡിക്കേറ്റർ എന്നിവയുടെ പ്രവർത്തനം അദ്ദേഹം വിശദീകരിച്ചു.

എഐ അധിഷ്ഠിത സ്പാം കണ്ടെത്തൽ സംവിധാനങ്ങളും തട്ടിപ്പ്തടയൽ സംവിധാനങ്ങളും വഴി പൗരന്മാരെ സജീവമായി സംരക്ഷിക്കുകയും രാജ്യത്തെ ഡിജിറ്റൽ വിശ്വാസ്യത കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് മന്ത്രി വ്യക്തമാക്കി.

ആഗോള രംഗത്ത് ഇന്ത്യയുടെ സ്ഥാനം പരാമർശിക്കവെ, ലോകത്തിലെ മുൻനിര എഐ പരിസ്ഥിതികളിൽ ഒന്നായ ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ വലിയ ടെലികോം വിപണിയായി വളർന്നുവെന്ന് കേന്ദ്ര വാർത്ത വിനിമയ- ഗ്രാമവികസന സഹമന്ത്രി പെമ്മസാനി ചന്ദ്രശേഖർ വ്യക്തമാക്കി. സ്വയംപര്യാപ്തവും നവീകരണചാലകവുമായ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ രൂപപ്പെടുത്തുന്നതിനുള്ള ദീർഘകാല തന്ത്രത്തിന്റെ ഭാഗമായി ഇന്ത്യ എഐ മിഷനു കീഴിൽ അനുവദിച്ച ഫണ്ടുകളും സെമികണ്ടക്ടർ നിർമ്മാണ മേഖലയിലെ വൻ നിക്ഷേപങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി.

ടെലികോം ഇനി വെറും കോളുകൾ ബന്ധിപ്പിക്കുന്നതിൽ മാത്രമല്ല, അവസരങ്ങളെ ബന്ധിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് തന്റെ പ്രസംഗം അവസാനിപ്പിക്കുന്നതിന് മുന്നോടിയായി അദ്ദേഹം വ്യക്തമാക്കി. എല്ലാവരെയും ഉൾക്കൊള്ളുന്നതും സുരക്ഷിതവും എഐ സജ്ജവുമായ ഡിജിറ്റൽ ഭാവി നിർമ്മിക്കാൻ ഇന്ത്യ പ്രതിബദ്ധമാണെന്നും അദ്ദേഹം ആവർത്തിച്ചുടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (DoT), സോഫ്റ്റ്‌വെയർ ടെക്‌നോളജി പാർക്ക്‌സ് ഓഫ് ഇന്ത്യ, സെല്ലുലാർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ (COAI) എന്നിവയുടെ സഹകരണത്തോടെയാണ് ഈ സെഷൻ സംഘടിപ്പിച്ചത്.

———————————

ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി 2026-ൽ “ഇന്ത്യയിലെ നിർമ്മിത ബുദ്ധി വികസന സാദ്ധ്യതകൾ മെച്ചപ്പെടുത്തൽ” എന്ന വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രാലയം സെഷൻ സംഘടിപ്പിച്ചു

 

ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി 2026 ന്റെ ഭാഗമായി, ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ, വിദ്യാഭ്യാസ മന്ത്രാലയം “ഇന്ത്യയിലെ നിർമ്മിത ബുദ്ധി വികസന സാദ്ധ്യതകൾ വികസിപ്പിക്കൽ”എന്ന വിഷയത്തിൽ ഒരു പ്രത്യേക സെഷൻ സംഘടിപ്പിച്ചു.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ ധർമ്മേന്ദ്ര പ്രധാൻ, വിദ്യാഭ്യാസ, നൈപുണ്യ വികസന, സംരംഭകത്വ (സ്വതന്ത്ര ചുമതല) സഹമന്ത്രി ശ്രീ ജയന്ത് ചൗധരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

 

സ്കൂൾ വിദ്യാഭ്യാസ- സാക്ഷരതാ സെക്രട്ടറി ശ്രീ സഞ്ജയ് കുമാർ, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഡോ. വിനീത് ജോഷി, മദ്രാസ് ഐഐടി സെക്രട്ടറി പ്രൊഫ. വി. കാമകോടി എന്നിവരുള്‍പ്പെട്ട മുതിർന്ന ഉദ്യോഗസ്ഥർ, അക്കാദമിക് നേതാക്കൾ, ഗവേഷകർ, വിദ്യാഭ്യാസ മേഖലയിലെ എഐ ഉപയോഗിക്കുന്ന പ്രമുഖ സ്റ്റാർട്ടപ്പുകളുടെ സ്ഥാപകർ എന്നിവരും പരിപാടിയിൽ സംബന്ധിച്ചു.

ഇന്ത്യയിൽ നിർമ്മിത ബുദ്ധിയുടെ വളർച്ച പ്രദർശിപ്പിക്കുകയും ത്വരിതപ്പെടുത്തുകയും ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദീർഘവീക്ഷണത്തോടെ രൂപകല്പന ചെയ്ത് ആവിഷ്കരിച്ച നിർണ്ണായക വേദിയാണിതെന്ന് ചടങ്ങിൽ സംസാരിച്ച ശ്രീ ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു.

 

രാജ്യം ശ്രദ്ധേയമായ വേഗതയിൽ നിർമ്മിത ബുദ്ധി സാധ്യതകൾ സ്വീകരിക്കുന്നതിനാൽ ലോകം ഇന്ത്യയെ കൂടുതൽ കൂടുതൽ ഉറ്റുനോക്കുകയാണെന്ന് ഇന്ത്യയുടെ ദ്രുതഗതിയിലുള്ള സാങ്കേതിക പുരോഗതിയെ ഉയർത്തിക്കാട്ടി ശ്രീ പ്രധാൻ പറഞ്ഞു. ആഗോള വിജ്ഞാന സൂപ്പർ പവറായി ഇന്ത്യയെ നയിക്കുന്നതിൽ AI ഒരു പരിവർത്തനാത്മക പങ്ക് വഹിക്കുമെന്നും 2047 ഓടെ വികസിത ഭാരതം എന്ന ദർശനത്തിന് ഗണ്യമായ സംഭാവന നൽകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

 

യുവ നവീനാശയ കർത്താക്കളുടെ നിർണായക പങ്കിനെ ചൂണ്ടിക്കാട്ടവെ, ഇന്ത്യയിലെ യുവതലമുറ മുൻ തലമുറകളിൽ നിന്ന് വ്യത്യസ്തമായ ചിന്താഗതിയോടെയാണ് മുന്നേറുന്നതെന്ന് ശ്രീ ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു.

“വിദ്യാഭ്യാസത്തിലെ എഐയും എഐയിലെ വിദ്യാഭ്യാസവും തമ്മിൽ ആഴത്തിലുള്ള ബന്ധമുണ്ട്” എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

 

വിദ്യാഭ്യാസം നൽകുന്നതിനും സ്വീകരിക്കുന്നതിനും ശാക്തീകരിക്കുന്നതിനും ക്രിയാത്മക സംരംഭങ്ങൾ സൃഷ്ടിക്കുന്നതിനും AI-യെ ഉപയോഗപ്പെടുത്താൻ അദ്ദേഹം വിദ്യാർത്ഥികളോടും യുവ പ്രൊഫഷണലുകളോടും ആഹ്വാനം ചെയ്തു.

ഇത്തരം ശ്രമങ്ങൾ വളർന്നുവരുന്ന ആഗോള എഐ രംഗത്ത് ഇന്ത്യയെ മുൻനിര ശക്തിയായി ഉയർത്താൻ സഹായിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

 

ഇന്ത്യാ ഇംപാക്ട് എ ഐ ഉച്ചകോടി 2026 ലെ ചർച്ചകൾ ഉൾക്കാഴ്ച നൽകുന്നതായിരുന്നുവെന്ന് ചടങ്ങിൽ സംസാരിച്ച ശ്രീ ജയന്ത് ചൗധരി പറഞ്ഞു. ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശ്രീ ധർമ്മേന്ദ്ര പ്രധാന്റെ സാന്നിധ്യത്തിൽ, അക്കാദമിക് മേഖലയിലും വ്യവസായ മേഖലയിലും നിന്നുള്ള പ്രമുഖ വ്യക്തികൾ ‘വികസിത ഭാരതം 2047 ‘ എന്ന കാഴ്ചപ്പാടുമായി യോജിപ്പിച്ച്, അടിസ്ഥാന പഠനം, വൈദഗ്ദ്ധ്യം, ഗവേഷണം, ആഗോള നേതൃത്വം എന്നിവയിലുടനീളം AI യുടെ ഘടനാപരമായ സംയോജനത്തെക്കുറിച്ച് ചർച്ച ചെയ്തതായും അദ്ദേഹം പറഞ്ഞു.

 

കൂടാതെ, വിദ്യാഭ്യാസ മന്ത്രാലയത്തിൻറെയും സ്കിൽ ഇന്ത്യയുടെയും പവിലിയനുകൾ സന്ദർശിച്ചതായും അദ്ദേഹം അറിയിച്ചു. നയപരമായ ദർശനം പ്രായോഗിക നിലപാടുകളാക്കി മാറ്റുന്ന, വിപുലീകരിക്കാവുന്നതും ‘ഇന്ത്യ ആദ്യം’ എന്ന സമീപനത്തിലുള്ളതുമായ എഐ പരിഹാരങ്ങൾ അവിടെ പ്രദർശിപ്പിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

 

കഴിഞ്ഞ ഒരു ദശാബ്ദമായി വിദ്യാഭ്യാസ മന്ത്രാലയം ദേശീയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ, നയരൂപീകരണ ചട്ടക്കൂടുകൾ, സ്ഥാപന പരിഷ്‌കാരങ്ങൾ, ശേഷിവികസന പദ്ധതികൾ എന്നിവയിലൂടെ എ ഐ അധിഷ്ഠിത വിദ്യാഭ്യാസത്തിനായുള്ള അടിസ്ഥാന സൗകര്യങ്ങൾ ഘട്ടംഘട്ടമായി സൃഷ്‌ടിച്ചുവരികയാണ്. സ്കൂൾ വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, ശേഷി വികസനം, പുരോഗമനാത്മക ഗവേഷണം, പരിസ്ഥിതി നവീകരണം എന്നിവയിലുടനീളം ഈ ഇടപെടലുകൾ വ്യാപിച്ചിട്ടുണ്ട്.

 

കഴിഞ്ഞ വർഷത്തെ ബജറ്റ് പ്രഖ്യാപനത്തെ തുടർന്ന് കേന്ദ്രസർക്കാർ ഐഐടി മദ്രാസിൽ, എഐ സെന്റർ ഓഫ് എക്സലൻസ് സ്ഥാപിച്ചു. വിദ്യാഭ്യാസ രംഗത്ത് എഐ സംയോജിപ്പിക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കാൻ അക്കാദമിക മേഖലയുമായും വ്യവസായ രംഗവുമായും പൊതുസമൂഹ സംഘടനകളുമായും വിവിധ സർക്കാർ സ്ഥാപനങ്ങളുമായും മന്ത്രാലയം വ്യാപകമായ ആശയവിനിമയങ്ങളും ആലോചനകളും നടത്തി.

 

അടുത്തിടെ, വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന എഐ സ്റ്റാർട്ടപ്പ് സ്ഥാപകരുമായി മന്ത്രി ചർച്ചകൾ നടത്തി. കൂടാതെ, ഉത്തരവാദിത്ത എഐ അധിഷ്ഠിത പരിവർത്തനത്തിന് ശക്തി നൽകുന്നതിനായി പ്രധാന പങ്കാളികളെ ഒരുമിപ്പിച്ച രണ്ടുദിവസത്തെ “ഭാരത് ബോധൻ എഐ കോൺക്ലേവ് 2026” യോഗത്തിനും അദ്ദേഹം അധ്യക്ഷത വഹിച്ചു.

 

നയപരമായ കാഴ്ചപ്പാടിൽ നിന്ന് വലിയ തോതിൽ നടപ്പിലാക്കുന്നതിലേക്കുള്ള ഇന്ത്യയുടെ പരിവർത്തനം, പൊതു ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ, മികവിന്റെ കേന്ദ്രങ്ങൾ, അധ്യാപക പരിശീലന പരിപാടികൾ, പാഠ്യപദ്ധതി സംയോജനം, വ്യവസായ, സ്റ്റാർട്ടപ്പുകളുമായുള്ള ആഴത്തിലുള്ള സഹകരണം എന്നിവയെ ഉച്ചകോടിയിലെ സെഷൻ അടിവരയിട്ടു.

 

അക്കാദമിക്, വ്യവസായം, നിക്ഷേപ ആവാസവ്യവസ്ഥ എന്നിവയിലെ പ്രമുഖ നേതാക്കൾ പാനലിൽ പങ്കെടുത്തു. ഐഐടി ജമ്മു ഡയറക്ടർ പ്രൊഫ. മനോജ് എസ്. ഗൗർ സെഷൻ മോഡറേറ്റ് ചെയ്തു. ഭരണ ചട്ടക്കൂടുകൾ, ദേശീയ പഠന പ്ലാറ്റ്‌ഫോമുകൾ, സ്വദേശീയ എഐ നവീകരണങ്ങൾ, അത്യാധുനിക എഐ മോഡലുകളുടെ ഉത്തരവാദിത്ത വിനിയോഗം എന്നിവ തമ്മിലുള്ള ഏകീകരണം ഇന്ത്യയിലെ വിദ്യാഭ്യാസ ഫലങ്ങളെ എങ്ങനെ പുനർനിർമ്മിക്കുന്നു എന്നതിലായിരുന്നു ചർച്ച ഊന്നൽ നൽകിയത്.

 

ഒറ്റപ്പെട്ട പരീക്ഷണങ്ങളേക്കാൾ വ്യവസ്ഥാപിത ഇടപെടലുകൾക്കാണ് പ്രാധാന്യം നൽകേണ്ടതെന്ന് ഊന്നിപ്പറഞ്ഞ സെഷൻ, നയം, സ്ഥാപനങ്ങൾ, സാങ്കേതികവിദ്യ എന്നിവയെ രാജ്യവ്യാപക ദീർഘകാല കാഴ്ചപ്പാടുകൾ പ്രാവർത്തികമാക്കുന്നതിനായി എങ്ങനെ ഏകോപിപ്പിക്കാമെന്ന് അടിവരയിട്ടു.

———————–

2026 ലെ ഇന്ത്യ AI ഇംപാക്ട് ഉച്ചകോടിയിൽ ഊർജ്ജവും പ്രവേശനക്ഷമതയും സംബന്ധിച്ച AI ഇംപാക്ട് കേസ്ബുക്കുകൾ പ്രകാശനം ചെയ്തു

 

026 ലെ ഇന്ത്യ AI ഇംപാക്ട് ഉച്ചകോടിയിൽ ഊർജ്ജവും പ്രവേശനക്ഷമതയും കേന്ദ്രീകരിച്ചുള്ള AI ഇംപാക്ട് കേസ്ബുക്കുകൾ പുറത്തിറക്കി . സുസ്ഥിര വികസനത്തിനും സമഗ്രവളർച്ചയ്ക്കുമായി നിർമിത ബുദ്ധി (AI) ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ആഗോള അനുഭവങ്ങൾ ഈ പ്രസിദ്ധീകരണങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നു .
ഗവണ്മെന്റ് മന്ത്രാലയങ്ങൾ, അന്താരാഷ്ട്ര ഏജൻസികൾ, ഗവേഷണ സ്ഥാപനങ്ങൾ, ഫൗണ്ടേഷനുകൾ എന്നിവയുടെ സഹകരണത്തിലൂടെയാണ് കേസ്ബുക്കുകൾ തയ്യാറാക്കിയിരിക്കുന്നത്. രാജ്യങ്ങളിലുടനീളമുള്ള നയരൂപകർത്താക്കൾക്കും പ്രാക്ടീഷണർമാർക്കും ദീർഘകാല വിജ്ഞാന സ്രോതസ്സുകൾ എന്ന നിലയിൽ അവ രൂപകൽപ്പന ചെയ്‌തിരിക്കുന്നു.

അന്താരാഷ്ട്ര ഊർജ്ജ ഏജൻസിയു (IEA)ടെ പങ്കാളിത്തത്തോടെ ഊർജ്ജ സംഗ്രഹം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഊർജ്ജ പരിവർത്തനത്തിൽ AI യ്ക്കുള്ള ഇരട്ട പങ്കിനെ ഇത് എടുത്തുകാണിക്കുന്നു. ഒരു വശത്ത്, വർദ്ധിച്ചുവരുന്ന കമ്പ്യൂട്ട് ആവശ്യങ്ങൾ കാരണം എ ഐ, അധിക വൈദ്യുതി ആവശ്യകത വർധിപ്പിക്കുന്നു. മറുവശത്ത്, ഊർജ്ജ സംവിധാനത്തിന്റെ കാര്യക്ഷമത മെച്ചപ്പെടുത്താൻ ഇത് സഹായിക്കുന്നു. ഗ്രിഡ് കാര്യക്ഷമത വർധിപ്പിക്കൽ , പുനരുപയോഗ ഊർജ്ജ സംയോജനം, ഡാറ്റാ സെന്റർ കാര്യക്ഷമത, വർദ്ധിച്ചുവരുന്ന കമ്പ്യൂട്ട് ആവശ്യകതകളെ കാലാവസ്ഥാ പ്രതിജ്ഞാബദ്ധതകളുമായി സന്തുലിതമാക്കുന്ന നൂതനപരിഹാരങ്ങൾ എന്നിവയിൽ ഈ സംഗ്രഹ രേഖകൾ, കേസ് പഠനങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു .

 

സഹായ ഉപകരണങ്ങൾ, നേരത്തെയുള്ള രോഗനിർണയം, അനുയോജ്യമായ പഠനം, നൂതന പ്രോസ്‌തെറ്റിക്‌സ്, മാനസികാരോഗ്യ പിന്തുണ എന്നിവയിൽ AI നയിക്കുന്ന ഇടപെടലുകൾ ‘ആക്‌സസ്സബിലിറ്റി’കേസ് ബുക്കിൽ അവതരിപ്പിക്കുന്നു. സ്വകാര്യതാ സംരക്ഷണം, ധാർമ്മിക നിർവഹണം , സാംസ്കാരികമായി സന്ദർഭോചിതമായ നൂതനാശയം എന്നിവയുടെ പ്രാധാന്യവും ഇത് ഊന്നിപ്പറയുന്നു.

മുൻഗണനാ മേഖലകളിലുടനീളമായി AI ഉപയോഗ കേസുകൾ, മികച്ച രീതികൾ, ആഗോള പഠനങ്ങൾ എന്നിവ സമാഹരിക്കേണ്ടതിന്റെ ആവശ്യകത, ഉച്ചകോടിക്ക് മുമ്പുള്ള കൂടിയാലോചനകളിൽ പ്രധാനമായും ഉയർന്നുവന്നതായി എൻഐസി ഡയറക്ടർ ജനറലും MeitY അഡീഷണൽ സെക്രട്ടറിയും ഇന്ത്യ AI സിഇഒയുമായ ശ്രീ അഭിഷേക് സിംഗ് പറഞ്ഞു. സമാനമായ വികസന വെല്ലുവിളികളുള്ള രാജ്യങ്ങൾക്ക്, പ്രത്യേകിച്ച് ഗ്ലോബൽ സൗത്ത് രാജ്യങ്ങൾക്ക് ഈ സംഗ്രഹം ഒരു വഴികാട്ടിയായി വർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിജ്ഞാന സംഗ്രഹം ഗവൺമെന്റുകളെയും നൂതനാശയ വിദഗ്ധരെയും വിജയകരമായ പരിഹാരങ്ങൾ പകർത്താനും, സ്റ്റാർട്ടപ്പുകളുമായി ബന്ധപ്പെടാനും, ഫലപ്രദമായ ഇടപെടലുകൾ നടത്താനും സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

AI സൃഷ്ടിക്കുന്ന അധിക ഊർജ്ജ ആവശ്യകതയിൽ വളരെയധികം ശ്രദ്ധ ചെലുത്തുന്നുണ്ടെങ്കിലും, ഊർജ്ജ മേഖലയിൽ AI ഉണ്ടാക്കുന്ന ശുഭകരമായ സ്വാധീനം തിരിച്ചറിയുന്നതും അത്പോലെ പ്രധാനമാണെന്ന് IEAയിലെ ചീഫ് എനർജി ഇക്കണോമിസ്റ്റിന്റെ ഓഫീസായ വേൾഡ് എനർജി ഔട്ട്‌ലുക്കിൽ നിന്നുള്ള ശ്രീ സിദ്ധാർത്ഥ് സിംഗ് പറഞ്ഞു. സമ്പദ്‌വ്യവസ്ഥയ്ക്കും സമൂഹത്തിനും പ്രയോജനം ചെയ്യുന്ന വിധത്തിൽ AI യുടെ ഉൽ‌പാദനപരമായ ഉപയോഗങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഈ സംരംഭം പ്രോത്സാഹിപ്പിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

വൈദ്യുതി മന്ത്രാലയം അഡീഷണൽ സെക്രട്ടറി ശ്രീ പിയൂഷ് സിംഗ് ; നവ, പുനരുപയോഗ ഊർജ്ജ മന്ത്രാലയ സെക്രട്ടറി ശ്രീ സന്തോഷ് കുമാർ സാരംഗി; അലിംകോ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ പ്രവീൺ കുമാർ; ദേശീയ ഹരിത ഹൈഡ്രജൻ ദൗത്യം മിഷൻ ഡയറക്ടർ ഡോ. അഭയ് ബക്രെ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

രാജ്യാന്തര തലത്തിലെ പഠനത്തെ പിന്തുണയ്ക്കുക , വിജയകരമായി തെളിയിക്കപ്പെട്ട മാതൃകകൾ പകർത്തുക , കാലാവസ്ഥാ പ്രവർത്തനവും സാമൂഹിക ഉൾപ്പെടുത്തലും സംബന്ധിച്ച മേഖലകളിൽ AI വിന്യസിക്കുന്നതിനുള്ള തെളിവുകളുടെ അടിത്തറ ശക്തിപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടുള്ളതാണ് കേസ്ബുക്കുകൾ.

——————————

വൈവിധ്യമാർന്ന ആവശ്യങ്ങളും വെല്ലുവിളികളും പരിഹരിക്കാനായി ഇന്ത്യ AI മിഷൻ: എസ്. കൃഷ്ണൻ (സെക്രട്ടറി, MeitY)

ഇന്ത്യ AI ഇംപാക്ട് സമ്മിറ്റ് 2026-ന്റെ രണ്ടാം ദിനം, ജനകേന്ദ്രീകൃതമായ AI-യും രാജ്യത്തിന്റെ പരമാധികാര സാങ്കേതിക ശേഷിയും തമ്മിൽ സാധ്യമാകുന്ന സമന്വയത്തെക്കുറിച്ചുള്ള ചർച്ചകളോടെ ആരംഭിച്ചു.

പൊതുസേവന വിതരണത്തിലും പൗരക്ഷേമത്തിലും നിർമ്മിത ബുദ്ധി സംവിധാനങ്ങൾ എങ്ങനെ ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവരുന്നു എന്നതിനെ ആസ്പദമാക്കി “അൽഗോരിതങ്ങളിൽ നിന്ന് ഫലപ്രാപ്തിയിലേക്ക് : ജനങ്ങൾക്കായി പ്രവർത്തിക്കുന്ന AI കെട്ടിപ്പടുക്കുക” എന്ന വിഷയത്തിലായിരുന്നു പ്രധാന സെഷൻ. കമ്പ്യൂട്ട്, മോഡലുകൾ, ഡാറ്റ എന്നിവ ആത്യന്തികമായി ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാനും ഭരണം ശക്തിപ്പെടുത്താനും പൗരന്മാർക്ക് ഉറപ്പുള്ള പ്രയോജനങ്ങൾ നൽകുന്ന രീതിയിൽ പ്രായോഗികമായി നടപ്പിലാക്കാൻ കഴിയുന്ന ആപ്ലിക്കേഷനുകളായി മാറണം എന്നതിലാണ് ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിച്ചത്.

സെഷനെ അഭിസംബോധന ചെയ്തുകൊണ്ട് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (MeitY) സെക്രട്ടറി എസ്. കൃഷ്ണൻ സംസാരിച്ചു. ഇന്ത്യ AI മിഷൻ വൈവിധ്യമാർന്ന ആവശ്യങ്ങളും യഥാർത്ഥ ലോകത്തെ വെല്ലുവിളികളും നേരിടാനാണ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. AI ഉപയോഗിച്ച് സൃഷ്ടിക്കാൻ കഴിയുന്ന സ്വാധീനമുള്ള ആപ്ലിക്കേഷനുകളെ കണ്ടെത്തുകയാണ് ഉച്ചകോടിയുടെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.

“യഥാർത്ഥ സ്വാധീനമുള്ള ആപ്ലിക്കേഷനുകൾ നിർമ്മിക്കുക എന്ന ഒരൊറ്റ ലക്ഷ്യത്തോടെയാണ് ഞങ്ങൾ കമ്പ്യൂട്ട്, മോഡലുകൾ, ഡാറ്റ എന്നിവ നൽകുന്നത്. വെറും പരസ്യപ്രചാരണങ്ങൾക്ക് (Hype) അപ്പുറം AI വിജയിക്കുമോ എന്നത് ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്ന പരിഹാരങ്ങൾ നൽകുന്നുണ്ടോ എന്നതിനെ മാത്രം ആശ്രയിച്ചിരിക്കും. ഇവിടുത്തെ പ്രദർശനം സന്ദർശിച്ചാൽ ആരോഗ്യം, കൃഷി, വിദ്യാഭ്യാസം, തുടങ്ങി നിർമ്മാണ മേഖലകളിൽ പ്രവർത്തിക്കുന്ന നൂറുകണക്കിന് സ്റ്റാർട്ടപ്പുകളെ നിങ്ങൾക്ക് കാണാൻ സാധിക്കും. അവിടെ നിന്നാണ് മാറ്റങ്ങൾ ഉണ്ടാകുന്നത്. സർക്കാരുകൾക്ക് ഒരിക്കലും ആവശ്യത്തിന് അധ്യാപകരോ ഡോക്ടർമാരോ ജഡ്ജിമാരോ ഉണ്ടാകില്ല, എന്നാൽ AI ഉപയോഗിച്ച് ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാൻ സാധിച്ചാൽ സേവനങ്ങളുടെ നിലവാരം ഗണ്യമായി ഉയർത്താൻ കഴിയും. അനുയോജ്യമായവ തിരഞ്ഞെടുക്കുക, അവ ഉത്തരവാദിത്തത്തോടെ വ്യാപിപ്പിക്കുക, സ്വകാര്യത സംരക്ഷിക്കുക, പൊതുപണം ഉറപ്പായ ഫലങ്ങൾ നൽകുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നിവയാണ് നമ്മുടെ വെല്ലുവിളി.” അദ്ദേഹം പറഞ്ഞു.

എക്സ്പോയിലുള്ള 600-ലധികം സ്റ്റാർട്ടപ്പുകളും കമ്പനികളും സന്ദർശിക്കാനും വിവിധ മേഖലകളിൽ AI എങ്ങനെയൊക്കെ പ്രയോജനപ്പെടുന്നു എന്ന് നേരിട്ട് മനസ്സിലാക്കാനും അദ്ദേഹം സദസ്സിനോട് അഭ്യർത്ഥിച്ചു.

ജെ-പാൽ (J-PAL) ഗ്ലോബൽ എക്സിക്യൂട്ടീവ് ഡയറക്ടർ ഇക്ബാൽ സിംഗ് ധലിവാൾ, ചിക്കാഗോ സർവകലാശാലയിലെ ഇക്കണോമിക്സ് പ്രൊഫസർ മൈക്കൽ ക്രെമർ, പോളിസി രൂപകർത്താക്കൾ, മറ്റ് പ്രമുഖർ എന്നിവർ സെഷനിൽ പങ്കെടുത്തു.

————————

” നൂതനാശയത്തിൽ നിന്ന് സ്വാധീനത്തിലേക്ക് : പൊതുജനാരോഗ്യ രംഗത്തെ നൂതന സംവിധാനമായി എഐ ” എന്ന വിഷയത്തിൽ നടന്ന സമ്മേളനത്തിൽ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ സഹമന്ത്രി ശ്രീമതി അനുപ്രിയ പട്ടേൽ പങ്കെടുത്തു.

 

ഭാരത് മണ്ഡപത്തിൽ നടന്ന 2026 ലെ ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയിൽ, “നൂതനാശയത്തിൽ നിന്ന് സ്വാധീനത്തിലേക്ക് : പൊതുജനാരോഗ്യ രംഗത്തെ നൂതന സംവിധാനമായി എഐ” എന്ന വിഷയത്തിൽ നടന്ന സമ്മേളനത്തിൽ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ സഹമന്ത്രി ശ്രീമതി അനുപ്രിയ പട്ടേൽ പങ്കെടുത്തു. പൊതുജനാരോഗ്യ മുന്നേറ്റത്തെ നയിക്കുന്നതിലും ഇന്ത്യയുടെ ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിലും നിർമിത ബുദ്ധിയുടെ പരിവർത്തനാത്മക പങ്കിനെ സെഷൻ എടുത്തുകാട്ടി.

 

ആരോഗ്യ-കുടുംബക്ഷേമ സഹമന്ത്രി ശ്രീമതി അനുപ്രിയ പട്ടേൽ മുഖ്യപ്രഭാഷണം നടത്തി. നയരൂപകർത്താക്കൾ, ആരോഗ്യ സംരക്ഷകർ , സാങ്കേതിക വിദഗ്ധർ, ഗവേഷകർ, വ്യവസായ പങ്കാളികൾ എന്നിവരെ അഭിസംബോധന ചെയ്തു. “നമ്മുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിഭാവനം ചെയ്യുന്നതുപോലെ ഇന്ത്യയ്‌ക്കായുള്ള എഐ കേവലം നിർമിത ബുദ്ധി മാത്രമല്ല, എല്ലാവരെയും ഉൾകൊള്ളുന്ന സമഗ്ര ബുദ്ധിയാണ്” എന്ന് എടുത്തുപറഞ്ഞു. ആരോഗ്യ സംരക്ഷണത്തിൽ ഇന്ത്യ AI-യെ കുറിച്ച് സംസാരിക്കുമ്പോൾ, അത് സങ്കീർണ്ണമായ അൽഗോരിതങ്ങളിലോ കൃത്യതയുടെ വാഗ്ദാനങ്ങളിലോ മാത്രം ഒതുങ്ങുന്നില്ല, മറിച്ച് സാങ്കേതികവിദ്യ ജീവിതങ്ങളെ എത്രത്തോളം സ്വാധീനിക്കുന്നുവെന്നുംം രാജ്യത്തുടനീളമുള്ള ആരോഗ്യ അസമത്വങ്ങളെ അഭിസംബോധന ചെയ്യുന്നുവെന്നും അടിസ്ഥാനമാക്കിയാണ് നിർണയിക്കുന്നതെന്ന് അവർ ഊന്നിപ്പറഞ്ഞു.

 

2047 ആകുമ്പോഴേക്കും വികസിത ഭാരതം എന്ന ദർശനത്തിലേക്ക് ഇന്ത്യ മുന്നേറുമ്പോൾ, വികസനത്തിന്റെ ഏറ്റവും നിർണായകമായ സ്തംഭങ്ങളിലൊന്നാണ് ആരോഗ്യം എന്ന് അവർ പറഞ്ഞു. ഇന്ത്യയുടെ വിശാലവും വ്യത്യസ്തവുമായ ജനവിഭാഗങ്ങൾ , ഗ്രാമ-നഗര വേർതിരിവ് , സാംക്രമികവും സാംക്രമികേതരവുമായ രോഗങ്ങളുടെ ഇരട്ട ഭാരം എന്നിവ വെല്ലുവിളികൾ ഉയർത്തുന്നു. അത്തരമൊരു സാഹചര്യത്തിൽ, സാങ്കേതികവിദ്യ – പ്രത്യേകിച്ച് AI – ഒരു അനിവാര്യ സഹായിയായി മാറുന്നു എന്ന് അവർ എടുത്തു പറഞ്ഞു

 

രോഗ നിരീക്ഷണം,പ്രതിരോധം, രോഗനിർണയം,ചികിത്സ തുടങ്ങി ആരോഗ്യ സംരക്ഷണത്തിന്റെ എല്ലാ മേഖലയിലും AI സംയോജിപ്പിച്ചിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. രോഗ പ്രവണതകൾ നിരീക്ഷിക്കുകയും 13 ഭാഷകളിൽ തത്സമയ മുന്നറിയിപ്പുകൾ സൃഷ്ടിക്കുകയും രോഗവ്യാപന പ്രതിരോധ തയ്യാറെടുപ്പ് ശക്തിപ്പെടുത്തുകയും ചെയ്യുന്ന AI- അധിഷ്ഠിത സംവിധാനമായ ‘ മീഡിയ ഡിസീസ് സർവൈലൻസ് സിസ്റ്റം’ അവർ എടുത്തുകാട്ടി. ഇന്ത്യയുടെ രോഗ നിയന്ത്രണ ശ്രമങ്ങളും നിരീക്ഷണ ശേഷിയും വർദ്ധിപ്പിക്കുന്നതിൽ AI-യുടെ ശക്തി ഈ സംവിധാനം പ്രകടമാക്കുന്നുവെന്ന് അവർ പറഞ്ഞു.

 

 

ഏകആരോഗ്യ ദൗത്യത്തിന്റെ കീഴിൽ, ജീനോമിക് നിരീക്ഷണത്തിനായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് AI- അധിഷ്ഠിത സംവിധാനം ആരംഭിച്ചിട്ടുണ്ടെന്നും, മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നതിന് മുമ്പുതന്നെ സാധ്യമായ ജന്തുജന്യ സാംക്രമിക രോഗങ്ങൾ പ്രവചിക്കാൻ ഇവയ്ക്ക് കഴിയുമെന്നും അവർ അറിയിച്ചു. അത്തരം പ്രവചന ശേഷി , പൊതുജനാരോഗ്യ മേഖലയിൽ രോഗ പ്രതിരോധത്തെ അടിസ്ഥാനമാക്കി ഒരു മാതൃകാപരമായ മാറ്റത്തെ പ്രതിനിധീകരിക്കുന്നുവെന്ന് അവർ ഊന്നിപ്പറഞ്ഞു.

 

ക്ഷയരോഗ നിർണയത്തിനായി AI- അധിഷ്ഠിത ഹാൻഡ്‌ഹെൽഡ് എക്സ്-റേ മെഷീനുകളുടെയും കമ്പ്യൂട്ടർ-സഹായത്തോടെയുള്ള ഡിറ്റക്ഷൻ ടൂളുകളുടെയും (CA-TB) വിന്യാസവും അവർ എടുത്തുപറഞ്ഞു.ഇത് നൂതന രോഗനിർണയ രീതികൾ സമൂഹങ്ങൾക്ക് കൂടുതൽ പ്രാപ്യമാക്കി. ഈ നൂതന കണ്ടുപിടുത്തങ്ങൾ ഏകദേശം 16 ശതമാനം അധികമായി ടിബി കേസ് കണ്ടെത്തലിന് കാരണമായി. കൂടാതെ, പ്രതികൂല ടിബി ചികിത്സാ ഫലങ്ങൾ പ്രവചിക്കുന്ന AI- അധിഷ്ഠിത ഉപകരണങ്ങൾ, ചികിത്സാ ഫലങ്ങളിലെ ന്യൂനത 27 ശതമാനം വരെ കുറയ്ക്കാൻ സഹായിച്ചു. ഇത് ക്ഷയരോഗത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തെ ശക്തിപ്പെടുത്തി.

 

വിപുലതയും താങ്ങാനാവുന്ന വിലയും ഊന്നിപ്പറഞ്ഞ ശ്രീമതി. പട്ടേൽ ഇന്ത്യ പോലെ വലിയ ജനസംഖ്യയുള്ള, വിഭവ പരിമിതമായ രാജ്യത്ത് , പരിഹാരങ്ങൾ വിപുലവും ചുരുങ്ങിയ ചെലവിലും വ്യവസ്ഥാപരമായ വിടവുകൾ പരിഹരിക്കാൻ കഴിവുള്ളതുമായിരിക്കണം എന്ന് പറഞ്ഞു. ആരോഗ്യ സംരക്ഷണത്തിൽ ശക്തമായ ഒരു AI ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനായി ഗവൺമെന്റ് സജീവമായി പ്രവർത്തിച്ചിട്ടുണ്ടെന്ന് അവർ അഭിപ്രായപ്പെട്ടു, ഇതിൽ എയിംസ് ഡൽഹി, പിജിഐഎംഇആർ ചണ്ഡീഗഡ്, എയിംസ് ഋഷികേശ് എന്നിവിടങ്ങളിൽ മൂന്ന് എഐ മികവ് കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത് ഉൾപ്പെടുന്നു. പൊതുജനാരോഗ്യ സംരക്ഷണ വിതരണത്തിൽ ലോകോത്തര AI വൈദഗ്ധ്യം സംയോജിപ്പിക്കുന്നതിന് ഇത് സഹായിക്കും.

സാങ്കേതികവിദ്യയുടെ പങ്ക് വ്യക്തമാക്കി, ക്ലിനിക്കൽ വിദഗ്ധർക്ക് പകരമല്ല, മറിച്ച് ക്ലിനിക്കൽ നിരീക്ഷണങ്ങളെ വർദ്ധിപ്പിക്കാനും സഹായിക്കാനുമാണ് AI പ്രയോജനപ്പെടുത്തുന്നത് എന്ന് അവർ ഉറപ്പിച്ചു പറഞ്ഞു. പതിവ് ജോലി ഭാരം കുറയ്ക്കുന്നതിലൂടെ, സങ്കീർണ്ണമായ കേസുകൾക്കും നിർണായകമായ ക്ലിനിക്കൽ തീരുമാനങ്ങൾ എടുക്കുന്നതിനും കൂടുതൽ സമയം ചെലവഴിക്കാൻ ഡോക്ടർമാരെ AI പ്രാപ്തരാക്കുന്നു.

 

“വൈദ്യശാസ്ത്രം ഒരു ശാസ്ത്രം മാത്രമല്ല; അതൊരു കല കൂടിയാണ്,” അവർ അഭിപ്രായപ്പെട്ടു. ആരോഗ്യ സംരക്ഷണം അൽഗോരിതങ്ങളിൽ മാത്രമല്ല, മനുഷ്യരുടെ കരസ്പർശം, സഹാനുഭൂതി, അനുകമ്പ, ആശയവിനിമയം എന്നിവയിലും ഉൾചേർന്നിരിക്കുന്നു -അവ യന്ത്രങ്ങൾക്ക് പകർത്താൻ കഴിയാത്ത ഗുണങ്ങളാണ്.

 

ഭാവിസജ്ജമായ ആരോഗ്യ സംരക്ഷണ പ്രൊഫഷണലുകൾ AI-സാക്ഷരരായിരിക്കണമെന്ന് മന്ത്രി പറഞ്ഞു. രാജ്യത്തുടനീളമുള്ള ഡോക്ടർമാരെ അത്യാവശ്യ ഡിജിറ്റൽ ശേഷിയിൽ സജ്ജരാക്കുന്നതിനായി നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് അടുത്തിടെ ആരോഗ്യ സംരക്ഷണ മേഖലയിൽ AI- എന്ന വിഷയത്തിൽ ഒരു ഓൺലൈൻ പരിശീലന പരിപാടി ആരംഭിച്ചതായി അവർ ചൂണ്ടിക്കാട്ടി. ഇത് ഇന്ത്യയുടെ മെഡിക്കൽ കർമ്മ സേനയെ സാങ്കേതികവിദ്യാധിഷ്ഠിത ഭാവിക്ക് സജ്ജമാണെന്ന് ഉറപ്പാക്കുന്നു.

ഉത്തരവാദിത്വത്തോടെയും, ധാർമ്മികമായും, ഗുണപരമായും വിന്യസിച്ചാൽ പൊതുജനാരോഗ്യത്തിൽ നിർമിത ബുദ്ധി ഒരു പരിവർത്തന ശക്തിയായി മാറുമെന്ന് ചർച്ച എടുത്തുകാണിച്ചു. പരസ്പര പ്രവർത്തനക്ഷമമായ ഡിജിറ്റൽ അടിസ്ഥാന സൗകര്യം , ഗുണനിലവാരമുള്ള ഡാറ്റ, ശക്തമായ നിയന്ത്രണ ചട്ടക്കൂടുകൾ, പൊതു-സ്വകാര്യ സഹകരണം എന്നിവയുടെ പിന്തുണയോടെ, പൈലറ്റ് പ്രോജക്ടുകൾക്ക് ഉപരിയായി സംവിധാന തല സംയോജനത്തിലേക്ക് AI മുന്നേറണമെന്ന് പ്രഭാഷകർ ഏകകണ്ഠേന ഊന്നിപ്പറഞ്ഞു. രോഗ നിരീക്ഷണം, നിർണയം, ക്ലിനിക്കൽ തീരുമാനമെടുക്കൽ, ആരോഗ്യ സംവിധാനത്തിന്റെ കാര്യക്ഷമത എന്നിവയെ ഗണ്യമായി മെച്ചപ്പെടുത്താൻ നിർമിത ബുദ്ധിക്ക് കഴിയുമെങ്കിലും, അത് ആത്യന്തികമായി ക്ലിനിക്കുകളെ പ്രതിസ്ഥാപിക്കാനല്ല, വർദ്ധിപ്പിക്കാനുള്ള ഒരു ഉപകരണമാണെന്ന് ചർച്ചകൾ എടുത്തുപറഞ്ഞു . ഇന്ത്യയുടെ സങ്കീർണ്ണമായ ആരോഗ്യ സംരക്ഷണ വെല്ലുവിളികളെ നേരിടുന്നതിനും ആഗോള ആരോഗ്യ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും ഉൾക്കൊള്ളുന്നതും, വിപുലവും , രോഗി കേന്ദ്രീകൃതവുമായ ഒരു പരിഹാരമായി AI ഉപയോഗപ്പെടുത്തുന്നതിനുള്ള പൊതുവായ പ്രതിജ്ഞാബദ്ധതയോടെയാണ് സെഷൻ അവസാനിച്ചത്.

——————————-

ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി 2026 ൽ കേന്ദ്ര മന്ത്രി ശ്രീ രാജീവ് രഞ്ജൻ സിംഗ് പഞ്ചായത്തീരാജ് മന്ത്രാലയത്തിന്റെ പവലിയൻ ഉദ്ഘാടനം ചെയ്തു

ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി 2026 ൽ കേന്ദ്ര പഞ്ചായത്തിരാജ് മന്ത്രി ശ്രീ രാജീവ് രഞ്ജൻ സിംഗ് എന്ന ലാലൻ സിംഗ് പഞ്ചായത്തിരാജ് മന്ത്രാലയത്തിന്റെ പവലിയൻ ഉദ്ഘാടനം ചെയ്തു.

അടിസ്ഥാനതല ഭരണത്തിൽ സുതാര്യത, കൃത്യത, കാര്യക്ഷമത എന്നിവ വർദ്ധിപ്പിക്കുന്നതിനായി മന്ത്രാലയം വികസിപ്പിച്ചെടുത്ത എഐ- അധിഷ്ഠിത പ്ലാറ്റ്‌ഫോമുകൾ പഞ്ചായത്തീരാജ് മന്ത്രാലയത്തിന്റെ പവലിയൻ അവതരിപ്പിക്കുന്നു. 2026 ലെ ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി & എക്സ്പോയിൽ സഭാസാർ, പ്രമാൺ , ഇ ഗ്രാം സാഥി എന്നിവയുടെ തത്സമയ പ്രദർശനങ്ങളും ഉണ്ടായിരിക്കും .

“സർപഞ്ച് കി ചൗപൽ, എഐ കാ കമാൽ” എന്ന തെരുവ് നാടകം ഉച്ചകോടിയിൽ പ്രദർശിപ്പിച്ചു. ഘടനാപരമായ ഡോക്യുമെന്റേഷനിലൂടെയും സുതാര്യമായ പ്രക്രിയകളിലൂടെയും ഗ്രാമസഭയുടെ പ്രവർത്തനത്തെ നിർമിതബുദ്ധി എങ്ങനെ ശക്തിപ്പെടുത്തുമെന്ന് ഈ നാടകം ചിത്രീകരിക്കുന്നു. “സർവജന ഹിതായ, സർവജന സുഖായ” എന്ന ഉച്ചകോടി പ്രമേയത്തിൽ, ഗ്രാമസഭാ നടപടികളുടെ ആധികാരിക ഡിജിറ്റൽ രേഖകൾ സൃഷ്ടിക്കുക , ആസ്തി നിരീക്ഷണത്തിൽ ആധികാരികത ഉറപ്പാക്കുക, തത്സമയം ഭരണ പിന്തുണ പ്രാപ്തമാക്കുക എന്നിവയിൽ മന്ത്രാലയത്തിന്റെ പ്രവർത്തനം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

 

 

ഗ്രാമസഭാ യോഗങ്ങളുടെ ഘടനാപരമായ മിനിറ്റ്‌സിന്റെ എഐ അടിസ്ഥാനമാക്കിയുള്ള റെക്കോർഡിംഗ്, വിവർത്തനം , ഓട്ടോമേറ്റഡ് തയ്യാറാക്കൽ എന്നിവ പ്രാദേശിക ഭാഷകളിൽ നിർവഹിക്കാൻ സഭാസാർ സഹായിക്കുന്നു. വിവിധ പദ്ധതികൾക്ക് കീഴിലുള്ള ആസ്തി ഫോട്ടോഗ്രാഫുകളുടെ ഓട്ടോമേറ്റഡ് മൂല്യനിർണയത്തിനും ഗുണനിലവാര പരിശോധനയ്ക്കും പ്രമാൺ ഇമേജ് അനലിറ്റിക്സ് സഹായിക്കുന്നു. പഞ്ചായത്ത് ഉദ്യോഗസ്ഥർക്കും പൗരന്മാർക്കും എഐ അധിഷ്ഠിത, തത്സമയ വിവര പിന്തുണ ഇ ഗ്രാം സാഥി നൽകുന്നു. പങ്കാളിത്ത ജനാധിപത്യം കൂടുതൽ ആഴത്തിലാക്കാനും രാജ്യത്തുടനീളമായി എല്ലാ കോണിലും ഭരണം ശക്തിപ്പെടുത്താനും ഡിജിറ്റൽ നൂതനാശയങ്ങൾ പ്രയോജനപ്പെടുത്തുക എന്ന പ്രധാനമന്ത്രിയുടെ ദർശനവുമായി ഈ സാങ്കേതികവിദ്യ അധിഷ്ഠിത സംരംഭങ്ങൾ പൊരുത്തപ്പെടുന്നു .

2026 ഫെബ്രുവരി 20 വരെ ഭാരത് മണ്ഡപത്തിൽ (ഹാൾ 5, ബൂത്ത് 5F5 & 5F9) പഞ്ചായത്തിരാജ് മന്ത്രാലയ പവലിയൻ സന്ദർശിക്കാൻ കഴിയും. AI- അധിഷ്ഠിത തീരുമാനമെടുക്കൽ പ്രവർത്തനരീതി പ്രദർശിപ്പിക്കുന്ന “സർപഞ്ച് ആകുക” എന്ന സംവേദനാത്മക മാതൃക, പരമ്പരാഗത തെരുവ് നാടക രീതിയിലൂടെ പവലിയനിൽ പ്രദർശിപ്പിക്കും. കൂടാതെ മന്ത്രാലയത്തിന്റെ AI പ്ലാറ്റ്‌ഫോമുകളുടെ തൽസമയ പ്രദർശനവും ഇതിൽ ഉൾപ്പെടുന്നു.

————————

ഇന്ത്യയുടെ ലക്ഷ്യബോധമുള്ള എഐ ആവാസവ്യവസ്ഥയെ ലോകത്തിന് മുന്നിൽ അവതരിപ്പിച്ചുകൊണ്ട്, 2026-ലെ ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയിൽ അടൽ ഇന്നൊവേഷൻ മിഷൻ, ‘എഐ-പ്രണേഴ്സ് ഓഫ് ഇന്ത്യ’ പുറത്തിറക്കി.

 

ഉത്തരവാദിത്തമുള്ളതും ഉൾക്കൊള്ളുന്നതുമായ നിർമ്മിതബുദ്ധിയിൽ ഇന്ത്യ ഒരു ആഗോള നേതാവായി ഉയർന്നു വരുന്നത് വീണ്ടും ഉറപ്പിച്ചുകൊണ്ട് നീതി ആയോഗിന് കീഴിലുള്ള അടൽ ഇന്നൊവേഷൻ മിഷൻ, ‘എഐ-പ്രണേഴ്സ് ഓഫ് ഇന്ത്യ’ എന്ന പുസ്തകം ഇന്ന് പുറത്തിറക്കി. യഥാർത്ഥ ലോകത്തെ വെല്ലുവിളികൾക്കുള്ള പരിഹാരങ്ങൾ രൂപപ്പെടുത്തുന്ന 45 മുൻനിര എഐ സ്റ്റാർട്ടപ്പുകളുടെ യാത്രകൾ വിവരിക്കുന്ന ഒരു മുൻനിര കോഫി ടേബിൾ പുസ്തകമാണിത്.

ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയുടെ വേദിയിൽ വെച്ചാണ് പുസ്തകം പ്രകാശനം ചെയ്തത്. അടൽ ഇന്നൊവേഷൻ മിഷൻ്റെ ‘ഇന്നൊവേഷൻസ് ഫോർ യു’ കോഫി ടേബിൾ പരമ്പരയുടെ ഏഴാം പതിപ്പായ ഈ പുസ്തകം, ഇന്ത്യയുടെ ഡീപ്പ്-ടെക്, എഐ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിൽ അടൽ ഇന്നൊവേഷൻ മിഷൻ്റെ നേതൃത്വം വീണ്ടും ഉറപ്പിക്കുന്നു.

ആരോഗ്യ പരിപാലനം, വിദ്യാഭ്യാസം, സുസ്ഥിരത, മൊബിലിറ്റി, സ്പോർട്സ് അനലിറ്റിക്സ്, ഡീപ്പ് ടെക്, സാമൂഹിക സ്വാധീനം എന്നിവയുൾപ്പെടെ മുപ്പതിലധികം മേഖലകളിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകളെ എഐ-പ്രണേഴ്സ് ഓഫ് ഇന്ത്യ പരിചയപ്പെടുത്തുന്നു. രാജ്യവ്യാപകമായി വ്യാപിച്ചുകിടക്കുന്ന അടൽ ഇൻകുബേഷൻ സെൻ്ററുകളുടെ (എഐസി) ശൃംഖലയിൽ നിന്നുള്ള ഈ പുസ്തകം, പരമ്പരാഗത സാങ്കേതിക കേന്ദ്രങ്ങൾക്കപ്പുറത്തേക്ക് വ്യാപിച്ചു കിടക്കുന്ന ഇന്ത്യയുടെ എഐ നവീകരണ മേഖലയുടെ ഭൗമശാസ്ത്രപരവും പ്രമേയപരവുമായ വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്നു.

പുസ്തക പ്രകാശന വേളയിൽ സംസാരിച്ച നീതി ആയോഗിലെ അടൽ ഇന്നൊവേഷൻ മിഷൻ ഡയറക്ടർ ശ്രീ ദീപക് ബാഗ്ല പറഞ്ഞു:

“എല്ലാവരേയും ഉൾക്കൊള്ളുന്ന വളർച്ച, ധാർമ്മിക വിന്യാസം, സാമൂഹിക നന്മയ്ക്കായുള്ള എഐ എന്നിവയിൽ വേരൂന്നിയ നിർമ്മിതബുദ്ധിയെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടാണ് ബഹുമാനപ്പെട്ട പ്രധാനമന്ത്രി നിരന്തരം വ്യക്തമാക്കുന്നത്. ആ കാഴ്ചപ്പാട് പ്രായോഗികമാകുന്നതിൻ്റെ പ്രതിഫലനമാണ് എഐ-പ്രണേഴ്സ് ഓഫ് ഇന്ത്യ എന്ന പുസ്തകം. ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള സംരംഭകർ കേവലം അത്യാധുനിക സാങ്കേതികവിദ്യകൾ നിർമ്മിക്കുക മാത്രമല്ല ചെയ്യുന്നത്, മറിച്ച് ഇന്ത്യയുടെ യാഥാർത്ഥ്യങ്ങളിൽ അധിഷ്ഠിതമായതും ദേശീയ മുൻഗണനകളുമായി പൊരുത്തപ്പെടുന്നതുമായ എഐ പരിഹാരങ്ങൾ വികസിപ്പിക്കുകയാണ്. ലക്ഷ്യബോധമുള്ള നവീകരണത്തിലൂടെ ആഗോള എഐ ചർച്ചകളെ നയിക്കുന്നതിനുള്ള ഇന്ത്യയുടെ പാത ഈ പുസ്തകം കാണിച്ചുതരുന്നു. ഈ മഹത്തായ അവസരത്തിൽ ഈ പുസ്തകത്തിലൂടെ നവീകരണത്തിൻ്റെ തിരശ്ശീലയ്ക്ക് പിന്നിലെ ഈ നായകന്മാരെ അടൽ ഇന്നൊവേഷൻ മിഷൻ ആഘോഷിക്കുകയാണ്.”

സാങ്കേതിക മുന്നേറ്റങ്ങളെക്കുറിച്ച് മാത്രമല്ല, മറിച്ച് ഡീപ്പ്-ടെക് മേഖലയിൽ പ്രവർത്തിക്കുന്ന സംരംഭകരുടെ പ്രചോദനങ്ങൾ, വെല്ലുവിളികൾ, അവരുടെ സ്ഥിരോത്സാഹം എന്നിവയും ഒപ്പിയെടുക്കുന്ന സംരംഭകർക്ക്‌ മുൻഗണന നല്കുന്ന കഥപറച്ചിൽ രീതിയാണ് ഈ പതിപ്പിനെ സവിശേഷമാക്കുന്നത്. എഐ നവീകരണങ്ങൾക്ക് പിന്നിലെ മനുഷ്യകഥകൾക്ക് മുൻഗണന നല്കുന്നതിലൂടെ, ലാഭത്തെ മാത്രം അടിസ്ഥാനമാക്കിയുള്ള വിവരണങ്ങളിൽ നിന്ന് ലക്ഷ്യബോധമുള്ള സംരംഭകത്വത്തിലേക്കുള്ള മാറ്റത്തെ ഈ പുസ്തകം അടിവരയിടുന്നു.

 

—————————–

നിർമിതബുദ്ധിയെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി ANI ക്ക് നൽകിയ അഭിമുഖത്തിൽ നിന്നുള്ള പ്രധാന ഉദ്ധരണികൾ ചുവടെ:

1. സാങ്കേതികവിദ്യ മാനവരാശിയെ സേവിക്കാനാണ്, അല്ലാതെ അതിനു പകരമാകാനല്ല.

2. നമ്മുടെ കാഴ്ചപ്പാടു വ്യക്തമാണ്: നിർമിതബുദ്ധി ആഗോള വികസനത്തിനു വേഗം കൂട്ടണം; അതേസമയം അതു പൂർണമായും മനുഷ്യകേന്ദ്രീകൃതമാകുകയും വേണം.

3. നാം പ്രതിഭകളെ പരിപോഷിപ്പിക്കുക മാത്രമല്ല ചെയ്യുന്നത്; നിർമിതബുദ്ധി വിപ്ലവത്തിൽ പങ്കാളികളാകുന്ന അവസ്ഥയിൽനിന്ന്, അതു രൂപപ്പെടുത്തുന്ന തലത്തിലേക്ക് ഇന്ത്യയെ എത്തിക്കുന്നതിനാവശ്യമായ അടിസ്ഥാനസൗകര്യങ്ങളും നയപരമായ സാഹചര്യങ്ങളും നൈപുണ്യശേഷിയും നാം കെട്ടിപ്പടുക്കുകയാണ്.

4. നമ്മുടെ ഐടി മേഖല സേവനദാതാക്കളായി മാത്രം തുടരരുത്; മറിച്ച്, ഇന്ത്യക്കും ലോകത്തിനും പ്രയോജനപ്പെടുന്ന നിർമിതബുദ്ധി ഉൽപ്പന്നങ്ങളും പ്ലാറ്റ്‌ഫോമുകളും പരിഹാരങ്ങളും നിർമിക്കുന്നതിൽ മുൻപന്തിയിൽ എത്തണമെന്നാണു നാം ആഗ്രഹിക്കുന്നത്.

5. സാധ്യമാണെന്നു നാം കരുതിയ കാര്യങ്ങളുടെ അതിരുകൾ വികസിപ്പിക്കാൻ സഹായിക്കുന്ന പതിന്മടങ്ങു കരുത്തായി ഞാൻ നിർമിതബുദ്ധിയെ കാണുന്നു.

6. നിർമിതബുദ്ധി ഉപയോഗിക്കുന്നതിൽ മാത്രമല്ല, അതിന്റെ സൃഷ്ടിയിലും ലോകത്തെ ആദ്യ മൂന്നു മഹാശക്തികളിൽ ഒന്നായി ഇന്ത്യ മാറണമെന്നതാണ് എന്റെ സ്വപ്നം.

7. നമ്മുടെ നിർമിതബുദ്ധി മാതൃകകൾ ലോകമെമ്പാടും വിന്യസിക്കപ്പെടും, ഇതു കോടിക്കണക്കിനു ജനങ്ങൾക്ക് അവരുടെ മാതൃഭാഷയിൽ സേവനം നൽകും. നമ്മുടെ നിർമിതബുദ്ധി സ്റ്റാർട്ടപ്പുകൾ ശതകോടികൾ മൂല്യമുള്ളവയായി മാറുകയും ദശലക്ഷക്കണക്കിനു മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.

8. നിർമിതബുദ്ധിയിൽ സ്വയംപര്യാപ്തത കൈവരിക്കുക എന്നതിനർഥം, ഈ ഡിജിറ്റൽ നൂറ്റാണ്ടിൽ ഇന്ത്യ സ്വന്തമായി കോഡുകൾ എഴുതുക എന്നതാണ്.

9. ഇന്ത്യ എഐ മിഷൻ നമ്മുടെ മൂല്യങ്ങൾ പ്രതിഫലിപ്പിക്കുന്നതും ജനങ്ങളെ സേവിക്കുന്നതും ലോകത്തിനു മുന്നിൽ ഉത്തരവാദിത്വമുള്ള നിർമിതബുദ്ധി നേതൃത്വമായി ഇന്ത്യയെ പ്രതിഷ്ഠിക്കുന്നതുമായ കോഡുകൾ നാം ഉറപ്പാക്കുന്നു. നമ്മുടെ കാഴ്ചപ്പാടു വ്യക്തമാണ്: നിർമിതബുദ്ധി ആഗോള വികസനത്തിനു വേഗം കൂട്ടണം; അതേസമയം അതു പൂർണമായും മനുഷ്യകേന്ദ്രീകൃതമാകുകയും വേണം.

10. നിർമിതബുദ്ധി വിഭജനങ്ങൾ വർധിപ്പിക്കുമെന്നു ലോകം ആശങ്കപ്പെടുന്ന ഈ സമയത്ത്, വിഭജനങ്ങൾ ഇല്ലാതാക്കാനാണ് ഇന്ത്യ ഇതുപയോഗിക്കുന്നത്.

11. നിർമിതബുദ്ധി ഉപയോഗിക്കുന്നതിൽ മാത്രമല്ല, അതു സൃഷ്ടിക്കുന്നതിലും വൻശക്തിയായി മാറാനുള്ള പ്രതിഭയും സംരംഭകത്വ ഊർജവും ഇന്ത്യക്കുണ്ട്.

12. നവീകരണത്തിനും ഏവരെയും ഉൾപ്പെടുത്തിയുള്ള വികസനത്തിനുമായി നിർമിതബുദ്ധിയെ പതിന്മടങ്ങു കരുത്താക്കി മാറ്റാനുള്ള നമ്മുടെ പ്രതിഭാധനരായ യുവാക്കളുടെ ഓരോ ശ്രമത്തെയും ശക്തിപ്പെടുത്താൻ നാം പ്രതിജ്ഞാബദ്ധതയോടെ നിലകൊള്ളുന്നു.

13. നിർമിതബുദ്ധി മനുഷ്യന്റെ കഴിവുകൾ വർധിപ്പിച്ചേക്കാമെങ്കിലും, തീരുമാനങ്ങൾ എടുക്കുന്നതിൽ അന്തിമ ഉത്തരവാദിത്വം എപ്പോഴും മനുഷ്യരിൽ നിക്ഷിപ്തമാകണം.

14. നിർമിതബുദ്ധിയിൽ പൊതുവായ തത്വങ്ങൾക്കും മാനദണ്ഡങ്ങൾക്കുമായി ലോകം ഒരുമിച്ചു പ്രവർത്തിക്കണം.

15. സാങ്കേതികവിദ്യ കാരണം തൊഴിലുകൾ ഇല്ലാതാകുന്നില്ല. പകരം, അവയുടെ സ്വഭാവം മാറുകയും പുതിയ തരം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയുമാണു ചെയ്യുന്നത്.

16. പുതിയ കണ്ടെത്തലുകൾ സംഭവിക്കുമ്പോഴെല്ലാം പുതിയ അവസരങ്ങൾ ഉയർന്നുവരുമെന്നു ചരിത്രം നമ്മെ പഠിപ്പിക്കുന്നു. നിർമിതബുദ്ധി യുഗത്തിലും ഇതു സത്യമായിരിക്കും.

17. സ്വയംപര്യാപ്ത ഇന്ത്യയിലെ നിർമിതബുദ്ധി സംബന്ധിച്ച എന്റെ കാഴ്ചപ്പാട് പരമാധികാരം, ഉൾച്ചേർക്കൽ, നവീകരണം എന്നീ മൂന്നു സ്തംഭങ്ങളിലധിഷ്ഠിതമാണ്.

18. നിർമിതബുദ്ധിയിൽ സ്വയംപര്യാപ്തത കൈവരിക്കുക എന്നതിനർഥം ഈ ഡിജിറ്റൽ നൂറ്റാണ്ടിൽ ഇന്ത്യ സ്വന്തമായി കോഡുകൾ എഴുതുക എന്നതാണ്.