മുണ്ടക്കൈ – ചുരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സർക്കാർ ഒരുക്കുന്ന വയനാട് മാതൃകാ ടൗൺഷിപ്പിന്റെ ഒന്നാംഘട്ടം പൂർത്തിയായി. ഫെബ്രുവരി 25 വൈകിട്ട് 4 ന് എൽസ്റ്റൺ എസ്റ്റേറ്റിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ടൗൺഷിപ്പിന്റെ ഉദ്ഘാടനവും ഗുണഭോക്താക്കൾക്കുള്ള പട്ടയ വിതരണവും നിർവഹിക്കും.

വയനാടിന്റെ ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുയോജ്യമായ രീതിയിൽ വിവിധ സർക്കാർ സംവിധാനങ്ങളുടെയും ഏജൻസികളുടെയും തൊഴിലാളികളുടെയും ഏകോപിതമായ പ്രവർത്തനത്തിലൂടെയാണ് ടൗൺഷിപ്പ് യാഥാർഥ്യമാകുന്നത്. ആകെ 410 വീടുകളും അനുബന്ധ സൗകര്യങ്ങളും വിഭാവനം ചെയ്തിട്ടുള്ള ടൗൺഷിപ്പിന്റെ ഒന്നാംഘട്ടത്തിൽ 178 വീടുകളാണ് പൂർത്തിയായത്. ദുരന്തത്തിൽ പൂർണമായും വീട് നഷ്ടമായ കുടുംബങ്ങൾക്കാണ് ആദ്യ ഘട്ടത്തിൽ വീടുകൾ നൽകുന്നത്.

പ്രകൃതി ദുരന്തങ്ങൾ അതിജീവിക്കാൻ സാധിക്കും വിധം 1000 ചതുരശ്രയടിയിൽ ഒറ്റ നിലയിൽ പണിത കെട്ടിടങ്ങൾ ഭാവിയിൽ ഇരു നില നിർമ്മിക്കാനുള്ള അടിത്തറയോടെയാണ് തയ്യാറാക്കിയിരിക്കുന്നത്. പ്രധാന കിടപ്പുമുറി, രണ്ട് മുറികൾ, സിറ്റൗട്ട്, ലിവിങ്, സ്റ്റഡി റൂം, ഡൈനിങ്, അടുക്കള, സ്റ്റോർ ഏരിയ എന്നിവ വീടിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.

ടൗൺഷിപ്പിൽ ഒരുങ്ങുന്ന 410 വീടുകളിലായി 1662 ലധികം ആളുകൾക്കാണ് തണലൊരുങ്ങുന്നത്. വീടുകൾക്ക് പുറമെ പൊതു റോഡ്, ആരോഗ്യ കേന്ദ്രം, അങ്കണവാടി, പൊതുമാർക്കറ്റ്, കമ്മ്യൂണിറ്റി സെന്ററുകൾ എന്നിവയും ഇതിന്റെ ഭാഗമായുണ്ടാവും. ആരോഗ്യ കേന്ദ്രത്തിൽ ലബോറട്ടറി, ഫാർമസി, പരിശോധന-വാക്സിനേഷൻ-ഒബ്സർവേഷൻ മുറികൾ, ഒപി, ടിക്കറ്റ് കൗണ്ടർ സൗകര്യങ്ങളും സജീകരിക്കും. പൊതു മാർക്കറ്റിൽ കടകൾ, സ്റ്റാളുകൾ, ഓപ്പൺ മാർക്കറ്റ്, കുട്ടികൾക്ക് കളി സ്ഥലം, പാർക്കിങ് എന്നിവ ഒരുക്കും. മർട്ടി പർപ്പസ് ഹാൾ, കളി സ്ഥലം, ലൈബ്രറി, സ്പോട്സ് ക്ലബ്ബ്, ഓപ്പൺ എയർ തിയേറ്റർ എന്നിവ കമ്മ്യൂണിറ്റി സെന്ററിൽ നിർമ്മിക്കും.

ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനായി ടൗൺഷിപ്പ് നിർമ്മിക്കാൻ കൽപ്പറ്റ വില്ലേജിലെ എൽസ്റ്റൺ എസ്റ്റേറ്റിലെ 64.4705 ഹെക്ടർ ഭൂമിയാണ് സർക്കാർ ഏറ്റെടുത്തത്. അതിജീവിതർക്ക് സുരക്ഷിത സ്ഥലം വാസയോഗ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ആയിരുന്നു ഭൂമി ഏറ്റെടുക്കൽ. ഭൂമി ഏറ്റെടുത്തതിന് തൊട്ടടുത്ത ദിവസം നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 2025 മാർച്ച് 27 ന് മുഖ്യമന്ത്രി പിണറായി വിജയൻ ടൗൺഷിപ്പിന് തറക്കല്ലിട്ടു. എല്ലാം നഷ്ടമായ ഒരുകൂട്ടം ജനതയുടെ സ്വപ്നമാണ് എൽസ്റ്റൺ എസ്റ്റേറ്റിലെ പുനരധിവാസ ടൗൺഷിപ്പ്. ടൗൺഷിപ്പിന്റെ ശേഷിച്ച നിർമ്മാണ പ്രവർത്തനങ്ങളും അതിവേഗം പുരോഗമിക്കുകയാണ്.

25ന് നടക്കുന്ന ചടങ്ങിൽ റവന്യു മന്ത്രി കെ. രാജൻ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ ഒ.ആർ. കേളു, റോഷി അഗസ്റ്റിൻ, എ.കെ. ശശീന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ, കെ.ബി. ഗണേഷ്‌കുമാർ, പി.എ. മുഹമ്മദ് റിയാസ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി, വയനാട് എം.പി പ്രിയങ്ക ഗാന്ധി, കൽപ്പറ്റ എം.എൽ.എ ടി. സിദ്ദിഖ്, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ റവന്യു- ദുരന്തനിവാരണ വകുപ്പ് സെക്രട്ടറി എം ജി രാജമാണിക്യം പ്രോജക്ട് റിപ്പോർട്ട് അവതരിപ്പിക്കും. വയനാട് ടൗൺഷിപ്പ് പ്രോജക്ട് സ്‌പെഷ്യൽ ഓഫീസർ എസ് സുഹാസ് നന്ദി അറിയിക്കും.