ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ്: സ്‌കൂൾ വിഭാഗത്തിൽ എൻഎസ്എസ് മടവൂർ തിരുവനന്തപുരവും കോളേജ് വിഭാഗത്തിൽ കാര്യവട്ടം ക്യാമ്പസും ജേതാക്കൾ

*രണ്ടാം സ്ഥാനം പത്തനംതിട്ട കലഞ്ഞൂർ സ്‌കൂളിനും പാലക്കാട് ചിറ്റൂർ ഗവ. കോളേജിനും

സംസ്ഥാനത്തെ അഞ്ചു ലക്ഷത്തോളം വിദ്യാർത്ഥികൾ പങ്കെടുത്ത അറിവിന്റെ ഏറ്റവും വലിയ ഉത്സവമായ ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ് പ്രഥമ എഡിഷന്റെ ആവേശകരമായ കലാശപ്പോരിൽ സ്‌കൂൾ വിഭാഗത്തിൽ തിരുവനന്തപുരം മടവൂർ എൻഎസ്എസ് ഹയർ സെക്കന്ററി സ്‌കൂളും കോളേജ് വിഭാഗത്തിൽ കേരള സർവകലാശാല തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസും ജേതാക്കൾ.

സ്‌കൂൾ വിഭാഗത്തിൽ പത്തനംതിട്ട കലഞ്ഞൂർ ജിഎച്ച്എസ്എസ് & വിഎച്ച്എസ്എസ് രണ്ടാം സ്ഥാനം നേടിയപ്പോൾ കോളേജ് വിഭാഗത്തിൽ ഗവ. കോളേജ് ചിറ്റൂർ പാലക്കാടാണ് രണ്ടാമത്തെത്തിയത്. വയനാട് പെരിക്കല്ലൂർ ജിഎച്ച്എസ്എസും കേരള സർവകലാശാല തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസുമാണ് യഥാക്രമം സ്‌കൂൾ, കോളേജ് വിഭാഗങ്ങളിൽ മൂന്നാം സ്ഥാനത്ത്.

എൻഎസ്എസ് മടവൂർ സ്‌കൂളിനെ പ്രതിനിധീകരിച്ച് അനന്യ പി എസ്, നവനീത് കൃഷ്ണ യു എസ് എന്നിവർ പങ്കെടുത്തപ്പോൾ കോളേജ് വിഭാഗത്തിലെ ജേതാക്കളായ കാര്യവട്ടം ക്യാമ്പസ് ടീമിൽ അശ്വതി പി എ, ശ്രീഹരി എം എന്നിവർ അണിനിരന്നു. കണ്ണൂർ സ്വദേശിയായ അശ്വതി ചരിത്രത്തിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയും തൃശൂർ സ്വദേശിയായ ശ്രീഹരി എംകോം വിദ്യാർത്ഥിയുമാണ്. അനന്യ പ്ലസ് വൺ വിദ്യാർത്ഥിനിയും നവനീത് കൃഷ്ണ പ്ലസ് ടു വിദ്യാർത്ഥിയുമാണ്.

സ്‌കൂൾ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ കലഞ്ഞൂർ സ്‌കൂളിനെ പ്ലസ് വൺ വിദ്യാർത്ഥികളായ നിരജ്ഞൻ വി, അർജുൻ എസ് കുമാർ എന്നിവർ പ്രതിനിധീകരിച്ചു. കോളേജ് വിഭാഗത്തിലെ രണ്ടാം സ്ഥാനക്കാരായ ഗവ. കോളേജ് ചിറ്റൂർ ടീമിലുണ്ടായിരുന്നത് അബ്ദുൾ സലാം എ എൻ, അശ്വിൻ എസ് എന്നിവർ. പാലക്കാട് സ്വദേശിയായ അബ്ദുൾ സലാം ഫിലോസഫി ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയും ചിറ്റൂർ സ്വദേശിയായ അശ്വിൻ ജോഗ്രഫി ബിരുദ വിദ്യാർത്ഥിയുമാണ്.

മൂന്നാം സ്ഥാനം നേടിയ പെരിക്കല്ലൂർ സ്‌കൂളിനെ സഹോദരങ്ങളായ അൻസഫ് അമാൻ എ എസ്, ആസിം ഇഷാൻ എ എസ് എന്നിവർ പ്രതിനിധീകരിച്ചപ്പോൾ കോളേജ് വിഭാഗത്തിൽ മൂന്നാമത്തെത്തിയ കാര്യവട്ടം ക്യാമ്പസ് ടീമിൽ അഭിരാമി എസ് ജി, അനുജിത്ത് കെ എന്നിവർ അണിനിരന്നു. അൻസഫ് പ്ലസ് വൺ വിദ്യാർത്ഥിയും ആസിം 10-ാം ക്ലാസ് വിദ്യാർത്ഥിയുമാണ്. തിരുവനന്തപുരം സ്വദേശിയായ അഭിരാമി ഇക്കണോമിക്‌സ് ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയും പാലക്കാട് സ്വദേശിയായ അനുജിത്ത് എംകോം വിദ്യാർത്ഥിയുമാണ്.

സ്‌കൂൾ വിഭാഗത്തിലെ ആദ്യ മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം അഞ്ചു ലക്ഷം രൂപ, മൂന്ന് ലക്ഷം രൂപ, രണ്ട് ലക്ഷം രൂപ എന്നിങ്ങനെയും കോളേജ് വിഭാഗത്തിൽ ആദ്യ മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം മൂന്ന് ലക്ഷം രൂപ, രണ്ട് ലക്ഷം രൂപ, ഒരു ലക്ഷം രൂപ എന്നിങ്ങനെയുമാണ് ക്യാഷ് പ്രൈസ്.

വഴുതക്കാട് ഗവ. വനിത കോളേജിൽ നടന്ന ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ് ഗ്രാന്റ് ഫിനാലെയിൽ കോളേജ് വിഭാഗത്തിൽ നിന്ന് 40 ഉം സ്‌കൂൾ വിഭാഗത്തിൽ 41 ഉം ടീമുകൾ പങ്കെടുത്തു. ജനുവരി 12 ന് സ്‌കൂൾ, കോളജ് തലങ്ങളിൽ തുടങ്ങിയ ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസിൽ വിവിധ ജില്ലകളിൽ നിന്നും യോഗ്യത നേടിയ ടീമുകളാണ് ഗ്രാന്റ് ഫിനാലെയിൽ ഏറ്റുമുട്ടിയത്.

കോളേജ് വിഭാഗത്തിൽ തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് നാലാം സ്ഥാനവും (ആദിത്യൻ ഡി എം, അശ്വിൻ വി ജെ) കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ് അഞ്ചാം സ്ഥാനവും (വിസ്മയ സി പി, യദുനന്ദ് ജി ആർ), മണ്ണുത്തി കോളേജ് ഓഫ് വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് (കാർത്തിക് എസ് ആർ, ഷംജ സാം എസ് എൽ) ആറാം സ്ഥാനവും നേടി.

സ്‌കൂൾ വിഭാഗത്തിൽ വയനാട് വാളാട് ജി എച്ച്എസ്എസ് നാലാം സ്ഥാനവും (ദിൽനാഥ് ജെ, അന്ന ഐറിൻ വർക്കി) മലപ്പുറം മാറാക്കര വിവിഎം എച്ച്എസ്എസ് അഞ്ചാം സ്ഥാനവും (പ്രഭിൻ പ്രകാശ് വി, യശ്വന്ത് ജെ ജഗദീഷ്), കോഴിക്കോട് ചിങ്ങപുരം സികെജി മെമ്മോറിയൽ എച്ച്എസ്എസ് (ശരണ്യ സായി, അനസൂജ് കെ ടി കെ) ആറാം സ്ഥാനവും നേടി.

ജേതാക്കൾ ക്യാഷ് പ്രൈസ്, മെമെന്റോ, സർട്ടിഫിക്കറ്റ് എന്നിവ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് സ്വീകരിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായി.

കോളേജ് വിഭാഗത്തിലെ ക്വിസ് ജി എസ് പ്രദീപ് നയിച്ചപ്പോൾ സ്‌കൂൾ വിഭാഗത്തിൽ ഡോ. കെ എം വിഷ്ണു നമ്പൂതിരി, ഡോ. ആഗ്നേയ് ജി കെ, അമിത് മധുപാൽ എന്നിവർ ക്വിസ് മാസ്റ്റർമാരായി.

———————————————

വിദ്യ നിഷേധിക്കപ്പെട്ടിടത്ത് നിന്നും എല്ലാ കുഞ്ഞുങ്ങൾക്കും നിലവാരമുള്ള വിദ്യാഭ്യാസം കിട്ടുന്ന ഇടമായി കേരളം മാറി: മുഖ്യമന്ത്രി പിണറായി വിജയൻ

വായനയ്ക്ക് വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നൽകാൻ ആലോചനയെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി

വിദ്യ നിഷേധിക്കപ്പെട്ടിടത്ത് നിന്നും എല്ലാ കുഞ്ഞുങ്ങൾക്കും നിലവാരമുള്ള വിദ്യാഭ്യാസം കിട്ടുന്ന ഇടമായി കേരളം മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ സാമൂഹിക, വികസന, ക്ഷേമ പ്രവർത്തനങ്ങളുടെ ചരിത്രവും വർത്തമാനവും പ്രമേയമാക്കി സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ് ആദ്യ എഡിഷന്റെ ഗ്രാൻഡ് ഫിനാലെയും സമാപന സമ്മേളനവും സമ്മാനദാന ചടങ്ങും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ചരിത്രപരമായ ഒരു വലിയ മാറ്റത്തിന്റെ ഇങ്ങേയറ്റത്തെ കണ്ണികളാണ് ഇപ്പോഴത്തെ വിദ്യാർത്ഥികൾ. വിദ്യാർത്ഥികൾക്ക് ആ ചരിത്രത്തെക്കുറിച്ച് ബോധ്യമുണ്ടാകണം. നാടിനുണ്ടായ മാറ്റങ്ങൾ അവർ പഠിക്കണം. അതിൽ അസഹിഷ്ണുത പ്രകടിപ്പിക്കുന്നവരെ പ്രോത്സാഹിപ്പിക്കാൻ അനുവദിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ അധ്യയന വർഷത്തെ പാഠപുസ്തകങ്ങളുടെ വിതരണം സർക്കാർ ആരംഭിച്ചു. അധ്യയന വർഷം പകുതിയായാലും പുസ്തകങ്ങൾ ലഭ്യമല്ലാത്ത ഒരു കാലം ഇവിടെ ഉണ്ടായിരുന്നു. ആയിരത്തോളം സ്‌കൂളുകൾ അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ കാലത്തുനിന്നാണ് നവീന ലാബുകളും സൗകര്യങ്ങളുമുള്ള സ്‌കൂളുകൾ എന്ന നിലയിലേക്ക് കേരളം എത്തിപ്പെട്ടത്, അദ്ദേഹം കൂട്ടിച്ചേർത്തു.

കാണാൻ കൊതിക്കുന്ന, കണ്ടാലും വീണ്ടും കാണാൻ ആഗ്രഹിക്കുന്ന നാടായി കേരളം മാറി. എന്നാൽ ദുർഗന്ധം കൊണ്ട് റോഡുകളിലൂടെ നടക്കാൻ കഴിയാത്ത കേരളം കാണാൻ അധികം പിന്നോട്ട് പോകേണ്ടി വരില്ല. മാലിന്യമുക്ത കേരളം സാധ്യമായത് ഹരിത കേരള മിഷനിലൂടെയാണ്. ആരോഗ്യ രംഗത്ത്, പ്രത്യേകിച്ച് പാലിയേറ്റീവ് രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങൾ വിദ്യാർത്ഥികൾ അറിയേണ്ടതുണ്ട്.

കേരളത്തെ അപകീർത്തിപ്പെടുത്തുക എന്ന ഗൂഢലക്ഷ്യത്തോടെ സിനിമകളെ ഉപയോഗിക്കുന്നു. എന്നാൽ യാഥാർത്ഥ്യം അതല്ലെന്ന് തിരിച്ചറിയാനും സമൂഹത്തെ അറിയിക്കാനും വിദ്യാർത്ഥികൾക്ക് കഴിയണം. അതിന് നമ്മുടെ നാടിനെയും അതിന്റെ ചരിത്രത്തെയും കുറിച്ച് വ്യക്തമായ ബോധ്യം അവർക്കുണ്ടാകണം.

കേരളത്തിന്റെ ചരിത്രത്തെയും വർത്തമാനകാല യാഥാർത്ഥ്യങ്ങളെയും കുറിച്ച് വ്യക്തമായ അറിവും കാഴ്ചപ്പാടും ഉള്ളവരാണ് നമ്മുടെ കുട്ടികൾ എന്ന് മനസിലാക്കാൻ ഈ ക്വിസ് പരിപാടിയിലൂടെ കഴിഞ്ഞതായി മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

കേരളത്തിന്റെ അതിജീവനപോരാട്ടങ്ങളെ കുറിച്ച് വിദ്യാർത്ഥികളെ ബോധവാന്മാരാക്കാൻ ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസിലൂടെ സാധിച്ചതായി പരിപാടിയിൽ അധ്യക്ഷത വഹിച്ച പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

ക്വിസ് മത്സരത്തിന്റെ തുടർച്ചയായി വായനക്ക് വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നൽകാൻ സർക്കാർ ആലോചിക്കുന്നതായി പൊതുവിദ്യാഭ്യാസ മന്ത്രി അറിയിച്ചു. അടുത്ത അധ്യയന വർഷം മുതൽ ഇത് നടപ്പിലാക്കും.

തിരുവനന്തപുരം ഗവ. വനിത കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി പ്രിയദർശിനി, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ. കെ വാസുകി, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ടി വി സുഭാഷ്, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എൻ എസ് കെ ഉമേഷ്, കോളേജിയേറ്റ് എജ്യുക്കേഷൻ ഡയറക്ടർ കെ സുധീർ എന്നിവർ സംസാരിച്ചു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് അഡീഷണൽ ഡയറക്ടർ കെ ജി സന്തോഷ് നന്ദി പറഞ്ഞു.

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സംയുക്ത നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.