തിരഞ്ഞെടുപ്പുകളിലെ കള്ളപ്പണത്തിന്റെ സ്വാധീനം തടയുന്നതിൽ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനെ സഹായിക്കാനുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി, 2026 ൽ നടക്കാനിരിക്കുന്ന കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ശുദ്ധവും നീതിയുക്തവുമാണെന്ന് ഉറപ്പാക്കുന്നതിനുള്ള പ്രക്രിയയിൽ ഭാഗഭാക്കാവാൻ ആദായനികുതി വകുപ്പ് സമ്മതിദായകരെ പ്രോത്സാഹിപ്പിക്കുന്നു.
മാതൃകാ പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സമയത്ത്, സംസ്ഥാനത്തിനുള്ളിൽ തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ സാധ്യതയുള്ളതോ അത്തരത്തിൽ സംശയിക്കപ്പെടുന്നതോ ആയ കണക്കിൽപ്പെടാത്ത പണം, സ്വർണ്ണം, വെള്ളി, വിലയേറിയ ലോഹങ്ങൾ, മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവയുടെ നീക്കത്തെക്കുറിച്ച് കേരളത്തിലെ ആദായനികുതി ഡയറക്ടറേറ്റ് (അന്വേഷണ വിഭാഗം) കർശനമായ നിരീക്ഷണം നടത്തും.
ഈ നടപടികളുടെ ഭാഗമായി, ചുവടെ ചേർക്കുന്ന മേൽ വിലാസത്തിൽ 24×7 കൺട്രോൾ റൂം ആരംഭിച്ചു:
റൂം നമ്പർ. 603, 6-ാം നില,
O/o ഡയറക്ടർ ജനറൽ ഓഫ് ഇൻകം ടാക്സ് (ഇൻവെസ്റ്റിഗേഷൻ)
ആയകർ ഭവൻ, പഴയ റെയിൽവേ സ്റ്റേഷൻ റോഡ്
കൊച്ചി, കേരളം
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പണം, സ്വർണ്ണം, വിലയേറിയ ലോഹങ്ങൾ അല്ലെങ്കിൽ മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവയുടെ സംശയാസ്പദമായ നീക്കമോ വിതരണമോ സംബന്ധിച്ച വിശ്വസനീയമായ വിവരങ്ങൾ പൊതുജനങ്ങൾക്ക് റിപ്പോർട്ട് ചെയ്യാം. ഇതിനായി,
ടോൾ-ഫ്രീ നമ്പർ: 1800 425 3173,
മൊബൈൽ / വാട്ട്സ്ആപ്പ് നമ്പർ: 8547002030
ഇമെയിൽ: [email protected]
എന്നിവ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്.
മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുള്ള വേളയിൽ ഏത് സമയത്തും താമസക്കാർക്കും പൗരന്മാർക്കും ടോൾ-ഫ്രീ നമ്പറിൽ ബന്ധപ്പെടാം. വിവരദാതാക്കൾ പേര് അല്ലെങ്കിൽ തിരിച്ചറിയുന്നതിനുള്ള മറ്റു വ്യക്തിഗത വിവരങ്ങൾ എന്നിവ വെളിപ്പെടുത്തേണ്ടതില്ല. എന്നാൽ, നൽകുന്ന വിവരങ്ങൾ വിശ്വസനീയവും നിയമപരമായി നടപടി എടുക്കേണ്ടതരത്തിലുള്ളതുമായിരിക്കണം.
2026 ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കപ്പെടുന്നത് മുതൽ തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകുന്നതുവരെ കൺട്രോൾ റൂം പ്രവർത്തനക്ഷമമായി തുടരും. ജനാധിപത്യ മൂല്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും സുതാര്യമായ തിരഞ്ഞെടുപ്പുകൾ ഉറപ്പാക്കുന്നതിനുമായി, പ്രസക്തമായ വിവരങ്ങൾ ഡയറക്ടറേറ്റുമായി പങ്കുവെയ്ക്കുന്നതിന് പൗരന്മാരെ സജീവമായി പ്രോത്സാഹിപ്പിക്കുന്നു. വിവരം നൽകുന്നവരുടെ വിവരങ്ങൾ കർശനമായും രഹസ്യമായി സൂക്ഷിക്കും.

