സ്പെഷ്യൽ സർവീസായി ഓടിയിരുന്ന എറണാകുളം – വേളങ്കണ്ണി ട്രെയിൻ മാർച്ച് 18 മുതൽ സ്ഥിരം സർവീസായി ഓടിത്തുടങ്ങുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. ദീർഘകാലമായി യാത്രക്കാർ ആവശ്യപ്പെട്ടിരുന്ന ഈ സർവീസ് പുനരാരംഭിക്കുന്നത് കേരളത്തിലും തമിഴ്നാട്ടിലുമുള്ള തീർത്ഥാടകരുടെയും സാധാരണ യാത്രക്കാരുടെയും യാത്രാസൗകര്യം വർധിപ്പിക്കുന്നതിന് സഹായകരമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
തുടർച്ചയായി റെയിൽവേ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽ വിഷയം ഉയർത്തുകയും ആവശ്യമായ ഇടപെടലുകൾ നടത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് എറണാകുളത്ത് നിന്നും വേളങ്കണ്ണിയിലേക്ക് നിലവിലുള്ള ട്രെയിനിന് പുറമേ രണ്ടാമതൊരു സർവീസും സ്ഥിരമായി അനുവദിച്ചതെന്ന് എംപി പറഞ്ഞു.
എറണാകുളം – വേളങ്കണ്ണി വാരാന്ത്യ ട്രെയിൻ മാർച്ച് 18 മുതൽ എറണാകുളത്തിൽ നിന്ന് സർവീസ് ആരംഭിക്കും. തിരിച്ചുള്ള വേളങ്കണ്ണി – എറണാകുളം ട്രെയിൻ മാർച്ച് 19 മുതൽ സർവീസ് ആരംഭിക്കും.
മാവേലിക്കര പാർലമെന്റ് മണ്ഡലത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളായ ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, മാവേലിക്കര, ശാസ്താംകോട്ട, കൊട്ടാരക്കര, ആവണീശ്വരം എന്നിവിടങ്ങളിൽ ട്രെയിനിന് സ്റ്റോപ്പ് ഉണ്ടായിരിക്കും. ഇതുവഴി മധ്യകേരളത്തെയും തെക്കൻ കേരളത്തെയും തീർത്ഥാടകർക്ക് വേളങ്കണ്ണിയിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാകുമെന്ന് എംപി പറഞ്ഞു. ഈ സർവീസ് പ്രദേശത്തെ യാത്രക്കാരക്കും തീർത്ഥാടകർക്കും വലിയ ആശ്വാസമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭാവിയിൽ ഈ ട്രെയിനിന് കൂടുതൽ ദിവസങ്ങളിൽ സർവീസ് ആരംഭിക്കുന്നതിനും ആവശ്യമായ മറ്റു സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുമായി റെയിൽവേ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽ വിഷയങ്ങൾ എത്തിക്കുമെന്നും എംപി അറിയിച്ചു. പ്ലാറ്റ്ഫോം നീളംകൂട്ടൽ പൂർത്തിയാകുന്ന മുറയ്ക്ക് എഴുകോണിലും ട്രെയിനിന് സ്റ്റോപ്പ് അനുവദിക്കുന്നതിനുള്ള ഇടപെടൽ നടത്തുമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി വ്യക്തമാക്കി.


