2027-ലെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിക്കുന്ന പത്മ പുരസ്‌കാരം-2027-നുള്ള നാമനിർദ്ദേശങ്ങൾ/ശുപാർശകൾ സമർപ്പിക്കാനുള്ള അവസരം ആരംഭിച്ചു. പത്മ പുരസ്കാരം നാമനിർദ്ദേശങ്ങൾക്കുള്ള അവസാന തീയതി 2026 ജൂലൈ 31 ആണ്. പത്മ അവാർഡുകൾക്കുള്ള നാമനിർദ്ദേശങ്ങൾ/ശുപാർശകൾ രാഷ്ട്രീയ പുരസ്‌കാർ പോർട്ടലിൽ (https://awards.gov.in) ഓൺലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ.
പത്മവിഭൂഷൺ, പത്മഭൂഷൺ, പത്മശ്രീ എന്നീ പത്മ പുരസ്കാരങ്ങൾ രാജ്യത്തെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതികളിൽ ഒന്നാണ്. 1954-ൽ സ്ഥാപിതമായ ഈ പുരസ്കാരങ്ങൾ എല്ലാ വർഷവും റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിക്കപ്പെടുന്നു. ‘വിശിഷ്ട പ്രവർത്തനം’ അംഗീകരിക്കുന്നതിനും കല, സാഹിത്യം, വിദ്യാഭ്യാസം, കായികം, വൈദ്യം, സാമൂഹിക പ്രവർത്തനം, ശാസ്ത്രം, എഞ്ചിനീയറിംഗ്, പൊതുകാര്യം, സിവിൽ സർവീസ്, വ്യാപാരം, വ്യവസായം തുടങ്ങിയ എല്ലാ മേഖലകളിലും/ശാഖകളിലും മികച്ചതും അസാധാരണവുമായ നേട്ടങ്ങൾ/സേവനം എന്നിവയ കാഴ്ച വെയ്ക്കുന്നതിനും നൽകുന്നതാണ് ഈ പുരസ്‌കാരം . വംശം, തൊഴിൽ, പദവി, ലിംഗഭേദം എന്നിവയില്ലാത്ത എല്ലാ വ്യക്തികൾക്കും ഈ പുരസ്കാരത്തിന് അർഹതയുണ്ട്. ഡോക്ടർമാരും ശാസ്ത്രജ്ഞരും ഒഴികെ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഉൾപ്പെടെ പ്രവർത്തിക്കുന്ന ഗവൺമെൻ്റ് ജീവനക്കാർക്ക് പത്മ പുരസ്‌കാരങ്ങൾക്ക് അർഹതയില്ല.
പത്മ പുരസ്‌കാരങ്ങളെ “ജനങ്ങളുടെ പത്മ” ആക്കി മാറ്റാൻ ഗവണ്മെൻ്റ് പ്രതിജ്ഞാബദ്ധമാണ്. അതിനാൽ എല്ലാ പൗരന്മാരും സ്വയം നാമനിർദ്ദേശം ചെയ്യുന്നതടക്കം നാമനിർദ്ദേശങ്ങൾ/ശുപാർശകൾ സമർപ്പിക്കാൻ അഭ്യർത്ഥിക്കുന്നു. സ്ത്രീകൾ, സമൂഹത്തിലെ ദുർബല വിഭാഗങ്ങൾ, പട്ടികജാതി-പട്ടികവർഗക്കാർ, ദിവ്യാംഗർ , സമൂഹത്തിന് നിസ്വാർത്ഥ സേവനം ചെയ്യുന്നവർ എന്നിവരിൽ നിന്ന് യഥാർഥ മികവും നേട്ടങ്ങളും കാഴ്ചവെയ്ക്കുന്നവരും അംഗീകരിക്കപ്പെടാൻ അർഹതയുള്ളതുമായ പ്രതിഭകളെ തിരിച്ചറിയാൻ യോജിച്ച ശ്രമങ്ങൾ ഇതിലൂടെ നടത്താവുന്നതാണ്.
മുകളിൽ പറഞ്ഞ പോർട്ടലിൽ ലഭ്യമായ മാതൃകയിൽ എല്ലാ പ്രസക്തമായ വിശദാംശങ്ങളും നാമനിർദ്ദേശങ്ങളിൽ/ശുപാർശകളിൽ വ്യക്തമാക്കിയിരിക്കണം. ശുപാർശ ചെയ്യുന്ന വ്യക്തിയുടെ നിർദിഷ്ട മേഖല/വിഷയത്തിൽ വിശിഷ്ടവും അസാധാരണവുമായ നേട്ടങ്ങൾ/സേവനം സംബന്ധിച്ച് വ്യക്തമായി പരാമർശിച്ചിരിക്കണം .
ഇതുസംബന്ധിച്ച വിശദാംശങ്ങൾ ആഭ്യന്തര മന്ത്രാലയത്തിൻ്റെ വെബ്‌സൈറ്റിൽ (https://mha.gov.in) ‘അവാർഡുകളും മെഡലുകളും’ എന്ന ശീർഷകത്തിന് കീഴിലും പത്മ പുരസ്‌കാരം പോർട്ടലിലും (https://padmaawards.gov.in) ലഭ്യമാണ്. ഈ പുരസ്‌കാരങ്ങളുമായി ബന്ധപ്പെട്ട ചട്ടങ്ങളും നിയമങ്ങളും https://padmaawards.gov.in/AboutAwards.aspx എന്ന ലിങ്കിൽ വെബ്‌സൈറ്റിൽ ലഭ്യമാണ്.

