ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ വിവിധയിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി. കനത്ത മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തിൽ ഡൽഹിയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു.
ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലും വെള്ളം കയറി. മഴയും പ്രതികൂല കാലാവസ്ഥയും വിമാന സർവീസുകളെ ബാധിച്ചതോടെ നിരവധി സർവീസുകൾ വൈകുകയും ചിലത് വഴിതിരിച്ചുവിടുകയും ചെയ്തു.
വൈകിട്ട് 3.30 മുതൽ 4.30 വരെയുള്ള സമയത്ത് ഒൻപത് വിമാന സർവീസുകളാണ് വഴിതിരിച്ചുവിട്ടത്. ഇതിൽ ജയ്പൂരിലേക്കുള്ള നാല് സർവീസുകളും ലക്നൗ, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകളും ഉൾപ്പെടുന്നു.
പ്രതികൂല കാലാവസ്ഥയെ തുടർന്ന് വിമാന സർവീസുകളെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് എയർ ഇന്ത്യ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി.
അതിനിടെ, ഉത്തർപ്രദേശിലെ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലും കനത്ത മഴ തുടരുകയാണ്. ഇവിടെ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.


