തുലാമാസ പൂജകൾക്കായി ശബരിമല ധർമശാസ്താ ക്ഷേത്രനട ഇന്ന് വൈകിട്ട് അഞ്ചിന് തുറന്നു. മണ്ഡലകാല തീർഥാടനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി വി.ഡി സതീശൻ്റെയും ദേവസ്വം മന്ത്രി കെ. മുരളീധരൻ്റെയും നേതൃത്വത്തിൽ ഇന്ന് പമ്പയിൽ ഉന്നതതല അവലോകന യോഗം ചേര്‍ന്നു . നാളെ രാവിലെയാണ് പുതിയ ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ് നടക്കുക.

ശബരിമല മണ്ഡല മകരവിളക്ക് തീർഥാടനവുമായി ബന്ധപ്പെട്ടുള്ള ക്രമീകരണങ്ങളും മുന്നൊരുക്കങ്ങളും വിലയിരുത്തുന്നതിനാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേര്‍ന്നത്‌ . രാവിലെ 10.30ന് പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തിൽ വച്ചാണ് വിവിധ വകുപ്പുകളുടെ ഏകോപന യോഗം നടന്നു  . ഇതിന് മുന്നോടിയായി രാവിലെ ഒൻപതിന് നിലയ്ക്കലിൽ എഎത്തിയ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും അവിടുത്തെ തീർഥാടന മുന്നൊരുക്കങ്ങൾ നേരിട്ട് പരിശോധിച്ചു . പമ്പയിലെ യോഗത്തിന് ശേഷം വൈകിട്ട് നാലിന് ഇരുവരും സന്നിധാനത്തെത്തി ക്രമീകരണങ്ങൾ വിലയിരുത്തി . ജനപ്രതിനിധികളും വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു .

നാളെ രാവിലെ ഉഷഃപൂജയ്ക്ക് ശേഷമാണ് അടുത്ത ഒരു വർഷത്തേക്കുള്ള ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്നത്. പന്തളം കൊട്ടാരത്തിൽ നിന്നുള്ള കുട്ടികളാണ് നറുക്കെടുക്കുക. ദേവസ്വം ബോർഡ് പ്രസിഡൻ്റ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരിക്കും നറുക്കെടുപ്പ്. തെരഞ്ഞെടുക്കപ്പെടുന്ന പുതിയ മേൽശാന്തിമാർ വൃശ്ചികം ഒന്നിന് ചുമതലയേൽക്കും.

തുലാമാസ പൂജകൾക്കായി നട തുറക്കുമ്പോൾ വൻ ഭക്തജനത്തിരക്കാണ് പ്രതീക്ഷിക്കുന്നത്. ദർശനത്തിനുള്ള വെർച്വൽ ക്യൂ ബുക്കിങ് വേഗത്തിൽ പുരോഗമിക്കുകയാണ്. നട തുറക്കുന്ന ഇന്ന് മാത്രം 30,000 തീർഥാടകർ ഓൺലൈൻ വഴി ദർശനം ബുക്ക് ചെയ്തിട്ടുണ്ട്. പൂജ അവധി ദിവസങ്ങൾ കൂടിയായതിനാൽ മണ്ഡലകാലത്തിന് സമാനമായ രീതിയിലുള്ള തിരക്കാണ് അനുഭവപ്പെടുന്നത്. തുലാം ഒന്നായ ഒക്ടോബർ 18ന് 50,000 പേരും, ഒക്ടോബർ 19ന് 40,000 പേരും ഇതിനോടകം ദർശനത്തിനായി ബുക്ക് ചെയ്തു കഴിഞ്ഞു. വരും ദിവസങ്ങളിലും ബുക്കിങ് തുടരും. തിരക്ക് പരിഗണിച്ച് കൂടുതൽ പൊലീസിനെ സന്നിധാനത്തും പമ്പയിലും വിന്യസിച്ചിട്ടുണ്ട്.

അതിനിടെ, ശബരിമലയിലെത്തുന്ന ഭക്തർക്കായുള്ള ശുചിമുറികളും കുളിമുറികളും പൂർണമായും സൗജന്യമാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉത്തരവിറക്കി. സന്നിധാനം, പമ്പ, സ്വാമി അയ്യപ്പൻ റോഡ്, പരമ്പരാഗത പാത എന്നിവിടങ്ങളിൽ പണം വാങ്ങി ഏർപ്പെടുത്തിയിരുന്ന സൗകര്യങ്ങളാണ് ഇപ്പോൾ സൗജന്യമാക്കിയത്. ശുചിമുറികളുടെ നിലവാരത്തെക്കുറിച്ചും അമിതമായ പണപ്പിരിവിനെക്കുറിച്ചും ഭക്തർക്കിടയിൽ നിന്ന് വ്യാപകമായ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് ദേവസ്വം ബോർഡിൻ്റെ അടിയന്തര നടപടി.