പോലീസ് സംവിധാനങ്ങൾക്കും നിർണായക അടിസ്ഥാന സൗകര്യങ്ങൾക്കും വേണ്ടിയുള്ള സൈബർ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി കേരള പോലീസ് സൈബർ ഡിവിഷന്റെ “അഡ്വാൻസ്ഡ് സൈബർ സെക്യൂരിറ്റി ഓപ്പറേഷൻസ് സെന്റർ” (എസ്ഒസി) മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്തു.
കേന്ദ്ര ടെലി കമ്മ്യൂണിക്കേഷൻസ് മന്ത്രാലയത്തിന് കീഴിലെ ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിന്റെ (ഡിഒടി) പ്രധാന ഗവേഷണ വികസന കേന്ദ്രമായ സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് ടെലിമാറ്റിക്സ് (സി-ഡിഒടി) ആണ് കേരള പോലീസിനായി ഈ സൈബർ സുരക്ഷാ ഓപ്പറേഷൻ സെന്റർ -‘ത്രിനേത്ര’ രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചെടുത്തത്.
സി-ഡിഒടി യുടെ ത്രിനേത്ര സംവിധാനം, സംരംഭങ്ങളുടെയും നിർണായക മേഖലകളുടെയും സൈബർ സുരക്ഷാ പ്രതിരോധം നിറവേറ്റുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്നു. നിർമ്മിത ബുദ്ധി അധിഷ്ഠിതമായി പ്രവർത്തിക്കുന്ന, തദ്ദേശീയമായ, സംയോജിത സൈബർ സുരക്ഷാ പ്ലാറ്റ്‌ഫോമാണിത്.ഒരു സംരംഭത്തിനുള്ളിലെ എൻഡ്‌പോയിന്റുകൾ, നെറ്റ്‌വർക്ക് ട്രാഫിക്, ഉപയോക്തൃ പെരുമാറ്റം എന്നിവ നിരീക്ഷിക്കുന്നതിനും,സൈബർ സുരക്ഷ മേഖലയിലെ അപകടസാധ്യതകൾ മുൻകൂട്ടി തിരിച്ചറിയുന്നതിനും, അപാകതകൾ കണ്ടെത്തുന്നതിനും ഇത് സഹായിക്കുന്നു.
പോലീസ് ആസ്ഥാനം, നഗര കമ്മീഷണറേറ്റുകൾ, അനുബന്ധ പോലീസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിലെ കമ്പ്യൂട്ടറുകളും നിർണായക അടിസ്ഥാന സൗകര്യങ്ങളും സുരക്ഷിതമാക്കുന്നതിലാണ് ഈ എസ്ഒസി ശ്രദ്ധ കേന്ദ്രീകരിക്കുക. സൈബർ ഭീഷണി നിരീക്ഷണം, അപകടസാധ്യതകൾ തിരിച്ചറിയൽ, ശക്തമായ ഡാറ്റ സംരക്ഷണം ഉറപ്പാക്കൽ എന്നിവയിൽ ഈ എസ്ഒസി 24 മണിക്കൂറും നിർണായക പങ്ക് വഹിക്കും. കേരള പോലീസിന്റെ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിക്കുന്നതിലും സൈബർ സുരക്ഷാ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിലുമുള്ള ഒരു പ്രധാന കുതിച്ചുചാട്ടമാണ് ഈ സംരംഭം.
ഓഫ്‌ലൈൻ ഉദ്ഘാടന ചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ., സി-ഡോട്ട് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. പങ്കജ് കുമാർ ദലേല, കൗൺസിലർ ശ്രീദേവി എ, ടെക്നോപാർക്ക് സി.ഇ.ഒ. സഞ്ജീവ് നായർ, ജി. ടെക് സെക്രട്ടറി ശ്രീകുമാർ വി, സൈബർ ഓപ്പറേഷൻ എസ്.പി. അങ്കിത് അശോകൻ, ഡിവൈ.എസ്.പി. അരുൺകുമാർ എസ്., സൈബർ ഡോം ഇൻസ്പെക്ടർ കൃഷ്ണൻ പോറ്റി കെ.ജി. എന്നിവർ പങ്കെടുത്തു.
സി-ഡോട്ട് സി.ഇ.ഒ ഡോ. രാജ്കുമാർ ഉപാധ്യായ, സി-ഡോട്ട് ശാസ്ത്രജ്ഞരെ പ്രചോദിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തതിന് കേരള മുഖ്യമന്ത്രി പിണറായി വിജയന് നന്ദിയും കടപ്പാടും അറിയിച്ചു. തദ്ദേശീയ ടെലികോം സാങ്കേതികവിദ്യകളുടെ വികസനത്തിനും വ്യാപനത്തിനും പിന്തുണ നൽകുന്നതിൽ സി-ഡോട്ട് പ്രതിജ്ഞാബദ്ധമാണെന്ന് ഡോ. ഉപാധ്യായ പറഞ്ഞു