തമിഴ്‌നാട്ടിലെ രാമേശ്വരത്ത് 8300 കോടിയിലധികം രൂപയുടെ വിവിധ റെയിൽ-റോഡ് പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിടുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്തു. നേരത്തെ, ലംബമായി ഉയർത്തുന്ന ഇന്ത്യയിലെ ആദ്യത്തെ കടൽ പാലമായ പുതിയ പാമ്പൻ റെയിൽ പാലം അദ്ദേഹം ഉദ്ഘാടനം ചെയ്തു. റോഡ് പാലത്തിൽ നിന്ന് ട്രെയിനും കപ്പലും ഫ്ലാഗ് ഓഫ് ചെയ്ത അദ്ദേഹം പാലത്തിന്റെ പ്രവർത്തനം വീക്ഷിക്കുകയും ചെയ്തു. രാമേശ്വരത്തെ രാമനാഥസ്വാമി ക്ഷേത്രത്തിൽ അദ്ദേഹം ദർശനവും പൂജയും നടത്തി.

പ്രധാനമന്ത്രി പുതിയ പാമ്പന്‍ റെയില്‍ പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയും രാമേശ്വരം-താംബരം (ചെന്നൈ) പുതിയ ട്രെയിന്‍ സര്‍വീസിന്റെ ഫ്‌ളാഗ് ഓഫ് നിര്‍വഹിക്കുകയും ചെയ്തു. ഈ പാലത്തിന് ആഴമേറിയ സാംസ്‌കാരിക പ്രാധാന്യമുണ്ട്. രാമായണമനുസരിച്ച്, രാമേശ്വരത്തിനടുത്തുള്ള ധനുഷ്‌കോടിയില്‍ നിന്നാണ് രാമസേതുവിന്റെ നിര്‍മ്മാണം ആരംഭിച്ചത്.

രാമേശ്വരത്തെ പ്രധാന ഭൂപ്രദേശവുമായി ബന്ധിപ്പിക്കുന്ന പാലം, ആഗോളതലത്തില്‍ ഇന്ത്യന്‍ എഞ്ചിനീയറിംഗിന്റെ ശ്രദ്ധേയമായ നേട്ടമായി നിലകൊള്ളുന്നു. 700 കോടിയിലധികം രൂപ ചിലവഴിച്ചാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. 2.08 കിലോമീറ്റര്‍ നീളമുള്ള പാലത്തിന് 99 സ്പാനുകളും 17 മീറ്റര്‍ വരെ ഉയരമുള്ള 72.5 മീറ്റര്‍ ലംബ ലിഫ്റ്റ് സ്പാനും ഉണ്ട്. ഇത് കപ്പലുകളുടെ സുഗമമായ യാത്ര സാധ്യമാക്കുകയും തടസ്സമില്ലാത്ത തീവണ്ടി ഗതാഗതം ഉറപ്പാക്കുകയും ചെയ്യുന്നു. സ്റ്റെയിന്‍ലെസ് സ്റ്റീല്‍ റീഇന്‍ഫോഴ്സ്മെന്റ്, ഉയര്‍ന്ന നിലവാരമുള്ള സംരക്ഷണ പെയിന്റ്, പൂര്‍ണ്ണമായും വെല്‍ഡ് ചെയ്ത സന്ധികള്‍ എന്നിവ ഉപയോഗിച്ച് നിര്‍മ്മിച്ച ഈ പാലം വളരെ കാലം ഈടുനിൽക്കുമെന്ന് മാത്രമല്ല അറ്റകുറ്റപ്പണികൾ നന്നേ കുറവും ആയിരിക്കും. ഭാവിയിലെ ആവശ്യങ്ങള്‍ മുൻകണ്ടുകൊണ്ട് ഇരട്ട റെയില്‍ ട്രാക്കുകള്‍ ഉൾക്കൊള്ളുന്ന രീതിയിലാണ് ഇത് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ഒരു പ്രത്യേക പോളിസിലോക്സെയ്ന്‍ കോട്ടിംഗ് ഇതിനെ നാശത്തില്‍ നിന്ന് സംരക്ഷിക്കുകയും സമുദ്രസാമീപ്യം നിമിത്തമുള്ള നാശസാധ്യതകളെ മറികടന്നു ദീർഘ നാൾ നിലനില്‍ക്കുമെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.

പ്രധാനമന്ത്രി തമിഴ്നാട്ടിലെ 8,300 കോടിയിലധികം രൂപയുടെ മൂല്യമുള്ള വിവിധ റെയില്‍, റോഡ് പദ്ധതികള്‍ക്ക് തറക്കല്ലിടുകയും രാജ്യത്തിനു സമര്‍പ്പിക്കുകയും ചെയ്തു. എന്‍എച്ച്-40 ലെ 28 കിലോമീറ്റര്‍ നീളമുള്ള വലജപേട്ട് – റാണിപേട്ട് ഭാഗം നാലുവരിയാക്കുന്നതിന്റെ ശിലാസ്ഥാപനവും എന്‍എച്ച്-332 ലെ 29 കിലോമീറ്റര്‍ നീളമുള്ള വില്ലുപുരം – പുതുച്ചേരി ഭാഗം; എന്‍എച്ച്-32 ലെ 57 കിലോമീറ്റര്‍ നീളമുള്ള പൂണ്ടിയാങ്കുപ്പം – സത്തനാഥപുരം ഭാഗം, എന്‍എച്ച്-36 ലെ 48 കിലോമീറ്റര്‍ നീളമുള്ള ചോളപുരം – തഞ്ചാവൂര്‍ ഭാഗം എന്നിവ രാഷ്ട്രത്തിന് സമര്‍പ്പിക്കുന്നതും ഇതില്‍ ഉള്‍പ്പെടുന്നു. ഈ ഹൈവേകള്‍ നിരവധി തീര്‍ത്ഥാടന കേന്ദ്രങ്ങളെയും വിനോദസഞ്ചാര കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുകയും നഗരങ്ങള്‍ തമ്മിലുള്ള ദൂരം കുറയ്ക്കുകയും മെഡിക്കല്‍ കോളേജ്, ആശുപത്രികൾ, തുറമുഖങ്ങള്‍ എന്നിവയിലേക്ക് വേഗത്തില്‍ എത്തിച്ചേരാന്‍ സഹായിക്കുകയും ചെയ്യും. കൂടാതെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ സമീപത്തുള്ള വിപണികളിലേക്ക് കൊണ്ടുപോകുന്നതിനും പ്രാദേശിക തുകല്‍, ചെറുകിട വ്യവസായങ്ങളുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കും.

“ഇന്ന് രാമനാഥസ്വാമി ക്ഷേത്രത്തിൽ പ്രാർത്ഥിക്കാൻ കഴിഞ്ഞതിൽ ഞാൻ അ‌നുഗൃഹീതനാണ്” – ശ്രീ മോദി പറഞ്ഞു. ഈ പ്രത്യേക ദിനത്തിൽ, 8300 കോടി രൂപയുടെ വികസന പദ്ധതികൾ കൈമാറാൻ തനിക്ക് ഭാഗ്യം ലഭിച്ചുവെന്നും അ‌ദ്ദേഹം കൂട്ടിച്ചേർത്തു. ഈ റെയിൽ-റോഡ് പദ്ധതികൾ തമിഴ്‌നാട്ടിലെ കണക്റ്റിവിറ്റിക്കു ഗണ്യമായ പുരോഗതിയേകുമെന്ന് അദ്ദേഹം പറഞ്ഞു. ഈ പരിവർത്തനാത്മക സംരംഭങ്ങൾക്ക് തമിഴ്‌നാട്ടിലെ ജനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

രാമേശ്വരം ഭാരതരത്ന ഡോ. കലാമിന്റെ നാടാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ശാസ്ത്രവും ആത്മീയതയും പരസ്പരം എങ്ങനെ പൂരകമാണെന്ന് അദ്ദേഹത്തിന്റെ ജീവിതം തെളിയിച്ചുവെന്നു പറഞ്ഞു, “രാമേശ്വരത്തേക്കുള്ള പുതിയ പാമ്പൻ പാലം സാങ്കേതികവിദ്യയുടെയും പാരമ്പര്യത്തിന്റെയും ഐക്യത്തെ അ‌ടയാളപ്പെടുത്തുന്നു” – അ‌ദ്ദേഹം പറഞ്ഞു. ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള നഗരം ഇപ്പോൾ 21-ാം നൂറ്റാണ്ടിലെ എൻജിനിയറിങ് വിസ്മയത്താൽ കൂട്ടിയിണക്കപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എൻജിനിയർമാരുടെയും തൊഴിലാളികളുടെയും സമർപ്പണത്തിനും കഠിനാധ്വാനത്തിനും അദ്ദേഹം നന്ദി പറഞ്ഞു. ഈ പാലം ലംബമായി ഉയർത്താവുന്ന ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ കടൽ പാലമാണെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു, ഇത് വലിയ കപ്പലുകൾക്ക് സഞ്ചരിക്കാനും വേഗത്തിലുള്ള ട്രെയിൻ യാത്ര സാധ്യമാക്കാനും അനുവദിക്കുന്നു. ഇന്ന് രാവിലെ ഒരു പുതിയ ട്രെയിൻ സർവീസും കപ്പലും ഫ്ലാഗ് ഓഫ് ചെയ്തതും അദ്ദേഹം പരാമർശിച്ചു. ഈ ശ്രദ്ധേയമായ പദ്ധതിക്ക് തമിഴ്‌നാട് ജനതയെ അ‌ദ്ദേഹം അഭിനന്ദിച്ചു.

പതിറ്റാണ്ടുകളായി ഈ പാലത്തിനായുള്ള ആവശ്യം നിലനിൽക്കുന്നുണ്ടെന്ന് പറഞ്ഞ ശ്രീ മോദി, ജനങ്ങളുടെ അനുഗ്രഹത്താൽ ഈ പ്രവർത്തനം പൂർത്തിയാക്കാനുള്ള ഭാഗ്യം ലഭിച്ചതായി പറഞ്ഞു. പാമ്പൻ പാലം വ്യവസായ നിർവഹണം സുഗമമാക്കുകയും യാത്രാസൗകര്യം മെച്ചപ്പെടുത്തുകയും ചെയ്യുമെന്നും ഇത് ലക്ഷക്കണക്കിനു ജനങ്ങളുടെ ജീവിതത്തിൽ ഗുണപരമായ സ്വാധീനം ചെലുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. പുതിയ ട്രെയിൻ സർവീസ് രാമേശ്വരത്ത് നിന്ന് ചെന്നൈയിലേക്കും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും ഉള്ള സമ്പർക്കസൗകര്യം മെച്ചപ്പെടുത്തുമെന്നു പ്രധാനമന്ത്രി പറഞ്ഞു. ഈ വികസനം തമിഴ്‌നാട്ടിലെ വ്യാപാരത്തിനും വിനോദസഞ്ചാരത്തിനും ഗുണം ചെയ്യുമെന്നും യുവാക്കൾക്ക് പുതിയ തൊഴിലവസരങ്ങളും വ്യവസായ അവസരങ്ങളും സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യ അതിന്റെ സമ്പദ്‌വ്യവസ്ഥയുടെ വലിപ്പം ഇരട്ടിയാക്കി” – ശ്രീ മോദി പരാമർശിച്ചു. ദ്രുതഗതിയിലുള്ള ഈ വളർച്ചയ്ക്ക് പ്രധാന കാരണം രാജ്യത്തിന്റെ ശ്രദ്ധേയമായ ആധുനിക അടിസ്ഥാനസൗകര്യങ്ങളാണെന്ന് അ‌ദ്ദേഹം എടുത്തുപറഞ്ഞു. കഴിഞ്ഞ ദശകത്തിൽ, റെയിൽവേ, റോഡുകൾ, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, വൈദ്യുതി, വെള്ളം, വാതക പൈപ്പ്‌ലൈനുകൾ തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങൾക്കായുള്ള ബജറ്റ് ഏകദേശം ആറിരട്ടിയായി വർദ്ധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. “ഇന്ന്, രാജ്യത്തുടനീളം ബൃഹദ് പദ്ധതികൾ അതിവേഗം പുരോഗമിക്കുന്നു” – വടക്കൻ മേഖലയിൽ, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽ പാലങ്ങളിലൊന്നായ ജമ്മു കശ്മീരിലെ ചെനാബ് പാലം നിർമ്മിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. പടിഞ്ഞാറൻ മേഖലയിൽ, മുംബൈയിൽ ഇപ്പോൾ രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽ പാലമായ അടൽ സേതു സ്ഥിതിചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കിഴക്ക് ഭാഗത്ത്, അസമിലെ ബോഗിബീൽ പാലം പുരോഗതിയുടെ തെളിവായി നിലകൊള്ളുമ്പോൾ, തെക്ക് ഭാഗത്ത്, ലംബമായി ഉയർത്താനാകുന്ന ലോകത്തിലെ ചുരുക്കം ചില പാലങ്ങളിലൊന്നായ പാമ്പൻ പാലം പൂർത്തിയായി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കിഴക്കൻ, പടിഞ്ഞാറൻ ചരക്ക് ഇടനാഴികൾ പൂർത്തീകരണത്തിലേക്ക് അടുക്കുകയാണെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്റെ പണി വേഗത്തിൽ പുരോഗമിക്കുകയാണെന്നും വന്ദേ ഭാരത്, അമൃത് ഭാരത്, നമോ ഭാരത് തുടങ്ങിയ ആധുനിക ട്രെയിനുകൾ റെയിൽ ശൃംഖലയെ കൂടുതൽ വികസിതമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ ഓരോ പ്രദേശവും പരസ്പരം ബന്ധപ്പെടുമ്പോൾ, ഒരു വികസിത രാഷ്ട്രമാകാനുള്ള പാത ശക്തിപ്പെടുമെന്ന് ഊന്നിപ്പറഞ്ഞ ശ്രീ മോദി, ലോകമെമ്പാടുമുള്ള എല്ലാ വികസിത രാഷ്ട്രങ്ങളിലും മേഖലകളിലും ഇത് സംഭവിച്ചിട്ടുണ്ടെന്ന് പറഞ്ഞു. ഇന്ത്യയിലെ ഓരോ സംസ്ഥാനവും തമ്മിൽ ബന്ധിപ്പിക്കുമ്പോൾ, രാജ്യത്തിന്റെ മുഴുവൻ സാധ്യതകളും സാക്ഷാത്കരിക്കപ്പെടുന്നുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഈ കണക്റ്റിവിറ്റി തമിഴ്‌നാട് ഉൾപ്പെടെ രാജ്യത്തിന്റെ എല്ലാ മേഖലകൾക്കും പ്രയോജനപ്പെടുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

“ഒരു വികസിത രാഷ്ട്രമായി മാറുന്നതിനുള്ള ഇന്ത്യയുടെ യാത്രയിൽ തമിഴ്‌നാട് ഒരു പ്രധാന പങ്ക് വഹിക്കുന്നു”, തമിഴ്‌നാടിന്റെ സാധ്യതകൾ വളരുന്നതിനനുസരിച്ച് ഇന്ത്യയുടെ വളർച്ച കൂടുതൽ ത്വരിതപ്പെടുമെന്ന് പ്രധാനമന്ത്രി അടിവരയിട്ടു പറഞ്ഞു. കഴിഞ്ഞ ദശകത്തിൽ, 2014 ന് മുമ്പുള്ള കാലയളവിനെ അപേക്ഷിച്ച് കേന്ദ്ര സർക്കാർ തമിഴ്‌നാടിന്റെ വികസനത്തിനായി മൂന്നിരട്ടി ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഈ വർദ്ധിച്ച ധനസഹായം തമിഴ്‌നാടിന്റെ സാമ്പത്തിക, വ്യാവസായിക വളർച്ചയ്ക്ക് ഒരു വല്യ പങ്ക് വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

തമിഴ്‌നാട്ടിലെ അടിസ്ഥാന സൗകര്യ വികസനം ഇന്ത്യാ ഗവൺമെന്റിന്റെ മുൻഗണനാ വിഷയമാണെന്ന് അടിവരയിട്ട ശ്രീ മോദി, കഴിഞ്ഞ ദശകത്തിൽ തമിഴ്‌നാടിന്റെ റെയിൽവേ ബജറ്റ് ഏഴ് മടങ്ങ് വർദ്ധിച്ചിട്ടുണ്ടെന്ന് എടുത്തുപറഞ്ഞു. 2014 ന് മുമ്പ് തമിഴ്‌നാട്ടിലെ റെയിൽ പദ്ധതികൾക്ക് പ്രതിവർഷം ₹900 കോടി മാത്രമേ ലഭിച്ചിരുന്നുള്ളൂവെങ്കിൽ, ഈ വർഷം തമിഴ്‌നാടിന്റെ റെയിൽവേ ബജറ്റ് ₹6,000 കോടി കവിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാമേശ്വരം സ്റ്റേഷൻ ഉൾപ്പെടെ സംസ്ഥാനത്തെ 77 റെയിൽവേ സ്റ്റേഷനുകൾ ഇന്ത്യാ ഗവൺമെന്റ് നവീകരിക്കുന്നുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

കഴിഞ്ഞ പത്ത് വർഷത്തിനിടെ ഗ്രാമീണ റോഡുകളുടെയും ഹൈവേകളുടെയും വികസനത്തിൽ ഉണ്ടായിട്ടുള്ള ഗണ്യമായ പുരോഗതി ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, 2014 മുതൽ കേന്ദ്ര സർക്കാരിന്റെ പിന്തുണയോടെ തമിഴ്‌നാട്ടിൽ 4,000 കിലോമീറ്റർ റോഡുകൾ നിർമ്മിച്ചിട്ടുണ്ടെന്നും ചെന്നൈ തുറമുഖത്തെ ബന്ധിപ്പിക്കുന്ന എലിവേറ്റഡ് ഇടനാഴി ശ്രദ്ധേയമായ അടിസ്ഥാന സൗകര്യങ്ങളുടെ മറ്റൊരു ഉദാഹരണമായിരിക്കുമെന്നും കൂട്ടിച്ചേർത്തു. ഏകദേശം 8,000 കോടി രൂപയുടെ റോഡ് പദ്ധതികൾക്ക് ഇന്ന് തറക്കല്ലിടുകയും ഉദ്ഘാടനം നടത്തുകയും ചെയ്തതായി അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പദ്ധതികൾ തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിലെ കണക്റ്റിവിറ്റി വർദ്ധിപ്പിക്കുമെന്നും ആന്ധ്രാപ്രദേശുമായുള്ള തമിഴ്‌നാടിന്റെ ബന്ധം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ചെന്നൈ മെട്രോ പോലുള്ള ആധുനിക പൊതുഗതാഗത സംവിധാനങ്ങൾ തമിഴ്‌നാട്ടിലെ യാത്രാസുഖം വർദ്ധിപ്പിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി, വിപുലമായ അടിസ്ഥാന സൗകര്യ വികസനം വിവിധ മേഖലകളിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലേക്ക് നയിക്കുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

കഴിഞ്ഞ ദശകത്തിൽ ഇന്ത്യയിൽ സാമൂഹിക അടിസ്ഥാന സൗകര്യ മേഖലയിൽ നടത്തിയ റെക്കോർഡ് നിക്ഷേപങ്ങൾ അടിവരയിട്ടുകൊണ്ട്, തമിഴ്‌നാട്ടിലെ കോടിക്കണക്കിന് കുടുംബങ്ങൾക്ക് ഈ സംരംഭങ്ങളുടെ പ്രയോജനം ലഭിച്ചതിൽ ശ്രീ മോദി സന്തോഷം പ്രകടിപ്പിച്ചു. കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യത്തുടനീളമുള്ള ദരിദ്ര കുടുംബങ്ങൾക്ക് 4 കോടിയിലധികം ഉറപ്പായ വീടുകൾ നൽകിയിട്ടുണ്ടെന്നും, അതിൽ പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം തമിഴ്‌നാട്ടിൽ നിർമ്മിച്ച 12 ലക്ഷത്തിലധികം ഉറപ്പായ വീടുകളും ഉൾപ്പെടുന്നുവെന്നും അദ്ദേഹം എടുത്തുപറഞ്ഞു. കഴിഞ്ഞ ദശകത്തിൽ ഏകദേശം 12 കോടി ഗ്രാമീണ കുടുംബങ്ങൾക്ക് ആദ്യമായി പൈപ്പ് വെള്ളം ലഭിച്ചുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. തമിഴ്‌നാട്ടിലെ 1 കോടി 11 ലക്ഷം കുടുംബങ്ങളും ഇതിൽ ഉൾപ്പെടുന്നുവെന്നും, ഇപ്പോൾ ആദ്യമായി അവരുടെ വീടുകളിൽ പൈപ്പ് വെള്ളം ലഭ്യമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

“പൗരന്മാർക്ക് ഗുണനിലവാരമുള്ളതും താങ്ങാനാവുന്ന വിലയിലുള്ളതുമായ ആരോഗ്യ സംരക്ഷണം നൽകുക എന്നത് നമ്മുടെ ഗവൺമെന്റിന്റെ പ്രതിബദ്ധതയാണ്”, പ്രധാനമന്ത്രി പറഞ്ഞു. ആയുഷ്മാൻ ഭാരത് പദ്ധതി പ്രകാരം തമിഴ്‌നാട്ടിൽ ഒരു കോടിയിലധികം ചികിത്സകൾ നടത്തിയിട്ടുണ്ടെന്നും ഇത് സംസ്ഥാനത്തെ കുടുംബങ്ങൾക്ക് 8,000 കോടി രൂപയുടെ ചെലവ് ലാഭിച്ചുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി . തമിഴ്‌നാട്ടിൽ 1,400-ലധികം ജൻ ഔഷധി കേന്ദ്രങ്ങളുണ്ടെന്നും അവിടെ 80% വരെ കിഴിവിൽ മരുന്നുകൾ ലഭ്യമാകുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഈ താങ്ങാനാവുന്ന വിലയിലുള്ള മരുന്നുകൾ ജനങ്ങൾക്ക് 700 കോടി രൂപയുടെ ലാഭം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പ്രത്യേകം പരാമർശിച്ചു.

ഇന്ത്യക്കാരായ യുവാക്കള്‍ ഡോക്ടര്‍മാരാകാന്‍ വിദേശത്തു പോകാന്‍ നിര്‍ബന്ധിതരാകുന്ന സാഹചര്യം ഒഴിവാക്കുന്നതിനു ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് ശ്രീ മോദി വ്യക്തമാക്കി. തമിഴ്നാട്ടില്‍ സമീപ വര്‍ഷങ്ങളില്‍ 11 പുതിയ മെഡിക്കല്‍ കോളേജുകള്‍ ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ദരിദ്ര കുടുംബങ്ങളിലെ നിരവധി കുട്ടികള്‍ക്ക് സഹായകരമാകുന്ന തരത്തില്‍ തമിഴ് ഭാഷയില്‍ മെഡിക്കല്‍ വിദ്യാഭ്യാസ കോഴ്സുകള്‍ ആരംഭിക്കാന്‍ അദ്ദേഹം തമിഴ്നാട് ഗവണ്‍മെന്റിനോട് ആഹ്വാനം ചെയ്തു.

‘നികുതിദായകര്‍ നല്‍കുന്ന ഓരോ രൂപയും ഏറ്റവും ദരിദ്രരായ പൗരന്മാര്‍ക്ക് പോലും പ്രയോജനപ്പെടുന്നുണ്ടെന്ന് നല്ല ഭരണം ഉറപ്പാക്കുന്നു’, പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പ്രകാരം തമിഴ്നാട്ടിലെ ചെറുകിട കര്‍ഷകര്‍ക്ക് ഏകദേശം 12,000 കോടി രൂപ ലഭിച്ചിട്ടുണ്ടെന്നു വ്യക്തമാക്കവേ പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി ഫസല്‍ ബീമ യോജനയില്‍ നിന്ന് തമിഴ്നാട്ടിലെ കര്‍ഷകര്‍ക്കും പ്രയോജനം ലഭിച്ചിട്ടുണ്ടെന്നും, 14,800 കോടി രൂപയുടെ ക്ലെയിമുകള്‍ അംഗീകരിക്കപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഇന്ത്യയുടെ ബ്ലൂ ഇക്കോണമി രാജ്യത്തിന്റെ വളര്‍ച്ചയില്‍ ഒരു പ്രധാന പങ്ക് വഹിക്കും, ഈ മേഖലയിലുള്ള തമിഴ്നാടിന്റെ കരുത്ത് ആഗോളതലത്തില്‍ അംഗീകരിക്കപ്പെടും’, മോദി പറഞ്ഞു. തമിഴ്നാടിന്റെ മത്സ്യബന്ധന സമൂഹത്തിന്റെ കഠിനാധ്വാനത്തെ അദ്ദേഹം എടുത്തുകാട്ടി, സംസ്ഥാനത്തിന്റെ മത്സ്യബന്ധന അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് കേന്ദ്ര ഗവണ്‍മെന്റ് ആവശ്യമായ എല്ലാ പിന്തുണയും നല്‍കുന്നുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന പ്രകാരം തമിഴ്നാടിന് ഗണ്യമായ തോതില്‍ ഫണ്ട് ലഭിച്ചിട്ടുണ്ടെന്നും, കടല്‍പ്പായല്‍ പാര്‍ക്കുകള്‍, മത്സ്യബന്ധന തുറമുഖങ്ങള്‍, ലാന്‍ഡിംഗ് സെന്ററുകള്‍ എന്നിവയില്‍ നൂറുകണക്കിന് കോടി രൂപയുടെ നിക്ഷേപം ഉള്‍പ്പെടെ മത്സ്യത്തൊഴിലാളികള്‍ക്ക് ആധുനിക സൗകര്യങ്ങള്‍ നല്‍കാന്‍ തയ്യാറാകുന്നുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. കഴിഞ്ഞ ദശകത്തില്‍ 3,700-ലധികം മത്സ്യത്തൊഴിലാളികളെ ശ്രീലങ്കയില്‍ നിന്ന് തിരികെ കൊണ്ടുവന്നിട്ടുണ്ടെന്നും കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ മാത്രം എത്തിച്ച 600-ലധികം പേര്‍ ഇതില്‍ ഉള്‍പ്പെടുന്നുവെന്നും ശ്രീ മോദി ചൂണ്ടിക്കാട്ടി.

ഇന്ത്യയെക്കുറിച്ച് ആഗോളതലത്തില്‍ താല്‍പര്യം വര്‍ധിച്ചുവരികയാണെന്നും രാജ്യത്തെ കുറിച്ച് പഠിക്കാനും മനസ്സിലാക്കാനും ആളുകള്‍ ആഗ്രഹിക്കുന്നുണ്ടെന്നും പറഞ്ഞ പ്രധാനമന്ത്രി, ഇന്ത്യയുടെ സംസ്‌കാരവും മൃദുശക്തിയും ഈ ആകര്‍ഷണത്തില്‍ വഹിക്കുന്ന പ്രധാന പങ്കിനെക്കുറിച്ചും എടുത്തുപറഞ്ഞു. ‘തമിഴ് ഭാഷയും പൈതൃകവും ലോകത്തിന്റെ എല്ലാ കോണുകളിലും എത്തുന്നുവെന്ന് ഉറപ്പാക്കാന്‍ ഗവണ്‍മെന്റ് നിരന്തരം പ്രവര്‍ത്തിക്കുന്നു’, 21-ാം നൂറ്റാണ്ടില്‍ ഈ മഹത്തായ പാരമ്പര്യം കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാമേശ്വരത്തെയും തമിഴ്നാട്ടിലെയും പുണ്യഭൂമി രാഷ്ട്രത്തിന് പ്രചോദനവും ഊര്‍ജ്ജവും പകരുന്നതു തുടരുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഭാരതീയ ജനതാ പാര്‍ട്ടിയുടെ സ്ഥാപക ദിനമായ ഇന്ന്, ശക്തവും സമ്പന്നവും വികസിതവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യം ഓരോ ബിജെപി പ്രവര്‍ത്തകന്റെയും അക്ഷീണ പരിശ്രമത്താല്‍ നയിക്കപ്പെടുന്നുവെന്ന് ശ്രീ മോദി അടിവരയിട്ടു വ്യക്തമാക്കി. ബിജെപി ഗവണ്‍മെന്റുകളുടെ സദ്ഭരണവും ദേശീയ താല്‍പ്പര്യം മുന്‍നിര്‍ത്തി എടുക്കുന്ന തീരുമാനങ്ങളും രാജ്യത്തെ ജനങ്ങള്‍ കാണുന്നുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും മുക്കിലും മൂലകളിലുമുള്ള ബിജെപി പ്രവര്‍ത്തകര്‍ താഴെത്തട്ടില്‍ പ്രവര്‍ത്തിക്കുന്നതിലും ദരിദ്രരെ സേവിക്കുന്നതിലും അദ്ദേഹം അഭിമാനം പ്രകടിപ്പിച്ചു. ദശലക്ഷക്കണക്കിന് ബിജെപി പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് അദ്ദേഹം ഉപസംഹരിച്ചത്. അവര്‍ക്ക് ആശംസകള്‍ നേരുകയും ചെയ്തു.

തമിഴ്നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി, കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്, കേന്ദ്ര സഹമന്ത്രി ഡോ. എല്‍. മുരുകന്‍ എന്നിവര്‍ പങ്കെടുത്തു.