വ്യത്യസ്ത വാഹനാപകടങ്ങളിലായി നാല് മരണം.കോഴിക്കോട് ഓമശ്ശേരിയിൽ സ്കൂട്ടർ അപകടത്തിൽ ബിഹാർ സ്വദേശി ബീട്ടുവും എറണാകുളം പെരുമ്പാവൂരിൽ ബൈക്കും കാറും കൂട്ടിയിടിച്ച് രായമംഗലം സ്വദേശി ജീവൻ മാർട്ടിനുമാണ് മരിച്ചത്. തൃശ്ശൂരിൽ രണ്ട് വാഹനാപകടങ്ങളിലായി രണ്ട് പേർക്കാണ് ജീവൻ നഷ്ടമായത്.
താമരശ്ശേരി മുക്കം സംസ്ഥാന പാതയിൽ ഓമശ്ശേരി മുടൂരിലുണ്ടായ സ്കൂട്ടർ അപകടത്തിലാണ് ബിഹാർ സ്വദേശിക്ക് ദാരുണാന്ത്യം. നിയന്ത്രണം വിട്ട സ്കൂട്ടർ റോഡരികിലെ മതിലിൽ ഇടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്.മുടൂരിലെ ക്രഷർ ജീവനക്കാരനായ ബീട്ടുവാണ് മരിച്ചത്.കൂടെയുണ്ടായിരുന്ന ബന്ധുവും മങ്ങാട് പ്രവർത്തിക്കുന്ന ക്രഷറിലെ ജീവനക്കാരനുമായ ബീഹാർ സ്വദേശി ശരവണിൻ്റെ നില അതീവ ഗുരുതരമാണ്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
തൃശ്ശൂർ പെരുമ്പിലാവിൽ ചരക്ക് ലോറിയിടിച്ചു ബൈക്ക് യാത്രികനായ പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു. പെരുമ്പിലാവ് അംബേദ്‌കർ നഗർ സ്വദേശി ഗൗതമാണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് മനുവിനും അപകടത്തിൽ പരുക്കേറ്റു. ഇടിച്ച ലോറി നിർത്താതെ പോയി എന്ന പരാതിയും ഉയരുന്നുണ്ട് . ഇന്ന് പുലർച്ചെ 12.30 ഓടെ പെരുമ്പിലാവിലെ കോഴിക്കോട് റോഡിലുള്ള പെട്രോൾ പമ്പിനു സമീപത്തായിരുന്നു അപകടം. എരുമപ്പെട്ടിയിൽ ബൈക്ക് ഇടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. എരുമപ്പെട്ടി സീരകത്ത് വീട്ടിൽ അനീസ് ആണ് മരിച്ചത്. എരുമപ്പെട്ടി ഐശ്വര്യ കല്യാണമണ്ഡപത്തിന് സമീപമായിരുന്നു അപകടം.
പെരുമ്പാവൂർ കുറുപ്പംപടിയിൽ ബൈക്കും കാറും തമ്മിൽ ഇടിച്ചുള്ള അപകടംത്തിൽ രായമംഗലം സ്വദേശി ജീവൻ മാർട്ടിൻ മരിച്ചു. ഒപ്പം ഉണ്ടായിരുന്ന സുഹൃത്തിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് മൂന്നുമണിയോടെ ആയിരുന്നു അപകടം.
കുറുപ്പംപടി പീച്ചനാംമുകൾ റോഡിലെ വളവിൽ വച്ച് എതിരെ നിന്ന് വന്ന കാറുമായി യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. ഇവരെ ഉടൻതന്നെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഒരാളുടെ മരണം സംഭവിക്കുകയായിരുന്നു.പത്തനംതിട്ട വാര്യപുരത്ത് കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു.ശബരിമലയിലേക്ക് സർവീസ് നടത്തുകയായിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്.അയ്യപ്പഭക്തരായിരുന്നു ബസ്സിൽ ഉണ്ടായിരുന്നത്. ആരുടേയും നില ഗുരുതരമല്ല.