കൊച്ചി: ഡിസിബി ബാങ്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ നാലാം ത്രൈമാസത്തില്‍ 177 കോടി രൂപ അറ്റാദായം നേടി. അതിനു മുമ്പത്തെ സാമ്പത്തിക വര്‍ഷം ഇതേ കാലയളവിൽ 156 കോടി രൂപ ആയിരുന്നു അറ്റാദായം. 14 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ബാങ്കിന്റെ 2025 സാമ്പത്തിക വര്‍ഷത്തെ അറ്റാദായം 615 കോടി രൂപയാണ്. 2024 സാമ്പത്തിക വര്‍ഷത്തെ അറ്റാദായമായ 536 കോടി രൂപയിൽ നിന്ന് 15 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചത്.
വായ്പ 25 ശതമാനം വാര്‍ഷിക വളര്‍ച്ച യും നിക്ഷേപം 22 ശതമാനം വാര്‍ഷിക വളര്‍ച്ച നേടി. മാര്‍ച്ച് 31, 2025ലെ കണക്കനുസരിച്ച് ബാങ്കിന്റെ മൊത്തം നിഷ്ക്രിയ ആസ്തി 2.99 ശതമാനവും അറ്റ നിഷ്ക്രിയ ആസ്തി 1.12 ശതമാനവുമാണ്. മൂലധന ശേഷി ശക്തമായ നിലയില്‍ തുടരുന്നു. 2025 മാര്‍ച്ച് 31-ലെ കണക്കനുസരിച്ച് മൂലധന ശേഷി അനുപാതം 16.77 ശതമാനം ആയിരുന്നു.
ബാങ്കിന്റെ വായ്പകളിലും നിക്ഷേപങ്ങളിലും വളര്‍ച്ച ശക്തമായി തുടരുന്നുവെന്നും നെറ്റ് ഇന്ററസ്റ്റ് മാര്‍ജിന്‍ സ്ഥിരത കൈവരിക്കുകയും ഫീസ് വരുമാനം സ്ഥിരമായി വര്‍ദ്ധിക്കുകയും ചെയ്യുന്നുണ്ടെന്നും ഡിസിബി ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പ്രവീണ്‍ കുട്ടി പറഞ്ഞു. ഉൽപ്പാദനക്ഷമതയിലെ നേട്ടങ്ങൾ ചെലവ് കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിൽ പ്രതിഫലിക്കുന്നു. വെല്ലുവിളികള്‍ക്കിടയിലും പോര്‍ട്ട്ഫോളിയോ ഗുണനിലവാരത്തില്‍ സ്ഥിരമായ പുരോഗതി കാണുന്നതില്‍ സന്തോഷമുണ്ട്. തങ്ങള്‍ സ്വീകരിച്ച നടപടികള്‍ വരും കാലങ്ങളില്‍ ഈ പ്രവണതകളെ കൂടുതല്‍ മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.