പാക്കിസ്ഥാനുമായി വെടിനിർത്തലിന് ധാരണയായെന്ന് ഇന്ത്യ. കര, വ്യോമ, നാവിക സേനാ നടപടികളെല്ലാം നിർത്തിവയ്ക്കാൻ ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായെന്നു വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.വെടിനിർത്തൽ പ്രഖ്യാപിക്കുകയാണെന്നു പാക്കിസ്ഥാൻ ഉപപ്രധാനമന്ത്രി ഇഷാക് ധറും പ്രഖ്യാപിച്ചു.മേയ് 12 തിങ്കൾ ഉച്ചയ്ക്ക് 12ന് ഇരു രാജ്യങ്ങളിലെയും മിലിട്ടറി ഓപ്പറേഷൻ ഡിജിമാർ വീണ്ടും ചർച്ച നടത്തും.
ഇന്ത്യ– പാക്കിസ്ഥാൻ വെടിനിർത്തലിനു ധാരണയായെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടതിനു പിന്നാലെയാണ് ഇതു സംബന്ധിച്ച് ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും പ്രഖ്യാപനം. രാത്രി മുഴുവൻ നീണ്ട കൂടിയാലോചനകളെത്തുടർന്നാണ് തീരുമാനമെന്നും ബുദ്ധിപരമായ നീക്കത്തിന് ഇന്ത്യയെയും പാക്കിസ്ഥാനെയും അഭിനന്ദിക്കുന്നുവെന്നും ട്രംപ് കുറിപ്പിൽ പറഞ്ഞിരുന്നു.യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായും പാക്ക് സൈനിക മേധാവി അസിം മുനീറുമായും ചർച്ച നടത്തിയിരുന്നു.യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നേതൃത്വത്തിൽ വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസും സ്റ്റേറ്റ് സെക്രട്ടറിമാർക്കോ റൂബിയോയും മധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വം നൽകുകയായിരുന്നു. മധ്യസ്ഥ ചർച്ചയുടെ ഭാഗമായി ഇരു രാജ്യങ്ങളിലെയും മിലിട്ടറി ഓപ്പറേഷൻ ഡിജിമാരും സംസാരിച്ചു.