കാളികാവ് അടയ്ക്കാകുണ്ടില്‍ ഇറങ്ങിയ നരഭോജിക്കടുവയെ പിടികൂടുന്നതിനായുള്ള ദൗത്യം ആരംഭിച്ചു. നിരീക്ഷണ ക്യാമറകള്‍ ഉടന്‍ സ്ഥാപിച്ചു. കാട്ടില്‍ തിരച്ചില്‍ നടത്താന്‍ കുങ്കിയാനകളെയും എത്തിച്ചു. ‘കുഞ്ചു’ എന്ന ആനയെയാണ് ഇന്നലെ ദൗത്യത്തിനിറക്കിയത് .

 

ഇന്ന് ‘പ്രമുഖ’ എന്ന ആനയെയും  എത്തിക്കും. രണ്ട് ആനകളും കടുവകളെ പിടിക്കുന്ന ദൗത്യത്തില്‍ പ്രത്യേക പരിശീലനം നേടിയവയാണ്.വനംവകുപ്പ് ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള 25 അംഗ സംഘമാണ് തിരച്ചില്‍ നടത്തുന്നത്.

 

കടുവയെ മയക്കുവെടിവെച്ച് പിടികൂടാനാണ് വനംവകുപ്പിന്റെ തീരുമാനം.കടുവയെ പിടികൂടുന്നതിനായി മൂന്ന് കൂടുകള്‍ സ്ഥാപിച്ചു .

ഡ്രോണ്‍ സംഘം രാവിലെയെത്തും.പ്രദേശത്തുനിന്ന് കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തി.മലപ്പുറം കാളികാവ് അടയ്ക്കാക്കുണ്ടിൽ റബ്ബർ ടാപ്പിങ്ങിന് പോയ ചോക്കാട് കല്ലാമൂല സ്വദേശി അബ്ദുൽ ഗഫൂർ ആണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

ടാപ്പിംഗിനായി പോയതായിരുന്നു ഗഫൂർ, കൂടെ മറ്റു സഹപ്രവർത്തകരും ഉണ്ടായിരുന്നു. ഗഫൂറിനെ കടുവ പിടിച്ചു കൊണ്ടുപോവുന്നത് കണ്ടുവെന്ന് കൂടെ ഉണ്ടായിരുന്ന ടാപ്പിംഗ് തൊഴിലാളിയാണ് അറിയിച്ചത്.സംഭവ സ്ഥലത്തുനിന്നും ഏകദേശം 5 കിലോമീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്.