ഇന്ത്യൻ കാർഷിക ഉൽപ്പന്നങ്ങളുടെ, പ്രത്യേകിച്ച് മാമ്പഴത്തിന്റെ ആഗോള വില്പന വർദ്ധിപ്പിക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി വാണിജ്യ, വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള കാർഷിക, ഭക്ഷ്യ ഉൽപ്പന്ന കയറ്റുമതി വികസന അതോറിറ്റി (APEDA) അബുദാബിയിൽ മാമ്പഴ മേള സംഘടിപ്പിച്ചു.

യുഎഇയിലെ ഇന്ത്യൻ എംബസിയുമായും ലുലു ഗ്രൂപ്പുമായും സഹകരിച്ച് ഇൻ-സ്റ്റോർ മാമ്പഴ മേള ‘ഇന്ത്യൻ മാംഗോ മാനിയ 2025’ ന് തുടക്കം കുറിച്ചു. മാമ്പഴക്കാലത്ത് , ഇന്ത്യയുടെ ഏറ്റവും മികച്ച മാമ്പഴ ഇനങ്ങൾ അന്താരാഷ്ട്ര ഉപഭോക്താക്കൾക്ക്, പ്രത്യേകിച്ച് യുഎഇയിലും ഗൾഫ് മേഖലയിലുടനീളമുള്ള ഇന്ത്യൻ പ്രവാസികൾക്ക് ലഭ്യമാക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.

പ്രീമിയം ഇന്ത്യൻ മാമ്പഴ ഇനങ്ങളിൽ GI-ടാഗ് ചെയ്‌തതും സവിശേഷവുമായ പ്രാദേശിക ഇനങ്ങളായ ബനാറസി ലാങ്‌ഡ, ദഷേരി, ചൗസ, സുന്ദർജ, അമ്രപാലി, മാൾഡ, ഭാരത് ഭോഗ്, പ്രഭാ ശങ്കർ, ലക്ഷ്മൺ ഭോഗ്, മഹ്മൂദ് ബഹാർ, വൃന്ദാവനി, ഫാസ്‌ലി, മല്ലിക എന്നിവ ഉൾപ്പെടുന്നു.

അബുദാബിയിലെ ഖാലിദിയ മാളിലുള്ള ലുലു ഹൈപ്പർമാർക്കറ്റിൽ യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, ഈ പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ലുലു ഗ്രൂപ്പ് ചെയർമാൻ യൂസഫ് അലി എം.എ സന്നിഹിതനായിരുന്നു. ഇന്ത്യൻ എംബസി കൗൺസിലർ (ട്രേഡ് & ഇൻവെസ്റ്റ്‌മെന്റ്) രോഹിത് മിശ്ര; എപിഇഡിഎ ഡെപ്യൂട്ടി ജനറൽ മാനേജർ ഡോ. സി.ബി. സിംഗ്; മറ്റ് വിശിഷ്ട വ്യക്തികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഇന്ത്യൻ ഉൽപ്പന്നങ്ങളെ ആഗോളതലത്തിൽ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു സുപ്രധാന വേദിയാണ് ലുലുവെന്നും ഇന്ത്യൻ മാമ്പഴ കർഷകരെ യുഎഇയിലെ വിപണികളുമായി ബന്ധിപ്പിക്കുന്നതിൽ എപിഇഡിഎ ഒരു പ്രധാന പങ്ക് വഹിക്കുന്നതായും സഞ്ജയ് സുധീർ പറഞ്ഞു. “ഈ മേളയിലൂടെ, പ്രത്യേകിച്ച് ഉത്തർപ്രദേശ്, ബീഹാർ, പശ്ചിമ ബംഗാൾ, മധ്യപ്രദേശ്, തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും കിഴക്കൻ മേഖലയിൽ നിന്നുമുള്ള ഇന്ത്യൻ മാമ്പഴങ്ങളുടെ പുതുമയും സമൃദ്ധിയും ഗൾഫിലുടനീളമെത്തും” അദ്ദേഹം പറഞ്ഞു.

ഇന്ത്യ-ഗൾഫ് വിപണി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ലുലു ഗ്രൂപ്പിന്റെ പ്രതിജ്ഞാബദ്ധത ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫ് അലി ആവർത്തിച്ച് സ്ഥിരീകരിച്ചു. “യുഎഇയിലും ഗൾഫ് മേഖലയിലുടനീളമുള്ള ഞങ്ങളുടെ റീറ്റെയ്ൽ വില്പന ശൃംഖലകളിലൂടെ ഇന്ത്യയിലെ ഏറ്റവും മികച്ച ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിൽ ലുലു അഭിമാനിക്കുന്നു,” അദ്ദേഹം പറഞ്ഞു.

APEDA ചെയർമാൻ അഭിഷേക് ദേവ് ഇന്ത്യയിൽ നിന്നുള്ള സന്ദേശത്തിൽ, മാമ്പഴം പോലെ പ്രീമിയം ഹോർട്ടികൾച്ചറൽ ഉൽപ്പന്നങ്ങൾ ഉൾപ്പെടെ കാർഷിക വിളകളുടെയും , സംസ്കരിച്ച ഭക്ഷ്യ ഉൽപ്പന്നങ്ങളുടെയും കയറ്റുമതി വർദ്ധിപ്പിക്കുന്നതിനുള്ള APEDA-യുടെ പ്രതിജ്ഞാബദ്ധത ആവർത്തിച്ചു. “ഉത്തർപ്രദേശ്, ബീഹാർ, പശ്ചിമ ബംഗാൾ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന മാമ്പഴ ഇനങ്ങൾ വ്യോമമാർഗം എത്തിക്കുന്നതിന് എപിഇഡിഎ സൗകര്യമൊരുക്കിയിട്ടുണ്ട്. ഈ സംരംഭം ഇന്ത്യയുടെ മാമ്പഴ വൈവിധ്യത്തെ ആഗോളതലത്തിൽ ആഘോഷിക്കുക മാത്രമല്ല, ഇന്ത്യൻ കർഷകർക്ക് ഗണ്യമായ കയറ്റുമതി അവസരങ്ങൾ സൃഷ്ടിക്കുകയും കർഷക സമൂഹത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു,” അദ്ദേഹം അഭിപ്രായപ്പെട്ടു.ഇന്ത്യൻ മാമ്പഴങ്ങളുടെ ഏറ്റവും വലിയ കയറ്റുമതി കേന്ദ്രമാണ് യുഎഇ . 2024 ൽ, ഇന്ത്യ യുഎഇയിലേക്ക് 20 ദശലക്ഷം യുഎസ് ഡോളറിലധികം വിലവരുന്ന 12,000 മെട്രിക് ടൺ മാമ്പഴം കയറ്റുമതി ചെയ്തു. ഇത് യുഎഇയിൽ ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ വർദ്ധിച്ച ആവശ്യകതയെ പ്രതിഫലിപ്പിക്കുന്നു