പ്രധാനമന്ത്രിയുടെ പന്ത്രണ്ടാം സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രഖ്യാപിച്ച പ്രധാൻ മന്ത്രി വികസിത് ഭാരത് റോസ്ഗാർ യോജനയുടെ രജിസ്ട്രേഷൻ സുഗമമാക്കുന്നതിനുള്ള പോർട്ടലാണിത്.
ഏകദേശം ഒരു ലക്ഷം കോടി രൂപ വകയിരുത്തുന്ന ഈ പദ്ധതിയിലൂടെ 3.5 കോടിയിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള പ്രോത്സാഹനം നല്കും.
എല്ലാ മേഖലകളിലും തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുക, സാമൂഹിക സുരക്ഷ വർദ്ധിപ്പിക്കുക എന്നിവയാണ് പ്രധാൻ മന്ത്രി വികസിത് ഭാരത് റോസ്ഗാർ യോജന ലക്ഷ്യമിടുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി തൻ്റെ 12-ാം സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രഖ്യാപിച്ച പ്രധാൻ മന്ത്രി വികസിത് ഭാരത് റോസ്ഗാർ യോജനയ്ക്ക് കീഴിലുള്ള രജിസ്ട്രേഷൻ സുഗമമാക്കുന്ന പ്രധാൻ മന്ത്രി വികസിത് ഭാരത് റോസ്ഗാർ യോജന പോർട്ടൽ പ്രവർത്തനക്ഷമമായി.
പ്രധാൻ മന്ത്രി വികസിത് ഭാരത് റോസ്ഗർ യോജന എന്ന് പേരിലുള്ള തൊഴിൽ ബന്ധിത പ്രോത്സാഹന പദ്ധതിക്ക് 2025 ജൂലൈ 1-ന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. 99,446 കോടി രൂപ വകയിരുത്തുന്ന ഈ പദ്ധതിയിലൂടെ രണ്ട് വർഷത്തിനുള്ളിൽ രാജ്യത്ത് 3.5 കോടിയിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് പ്രോത്സാഹനം നൽകുന്നത് ലക്ഷ്യമിടുന്നു.
ഉത്പാദന മേഖലയിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് എല്ലാ മേഖലകളിലും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനും സാമൂഹിക സുരക്ഷ വർദ്ധിപ്പിക്കുന്നതിനും പ്രധാൻ മന്ത്രി വികസിത് ഭാരത് റോസ്ഗാർ യോജന ലക്ഷ്യമിടുന്നു.2025 ഓഗസ്റ്റ് ഒന്നിനും 2027 ജൂലൈ 31 നുമിടയിൽ സൃഷ്ടിക്കുന്ന തൊഴിലുകൾക്ക് ഈ പദ്ധതിയുടെ ആനുകൂല്യങ്ങൾ ബാധകമായിരിക്കും.
പുതുതായി ജോലിയിൽ പ്രവേശിക്കുന്ന യുവാക്കൾക്ക് രണ്ട് ഗഡുക്കളായി 15,000 രൂപ വരെയും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന തൊഴിലുടമകൾക്ക് ഒരു പുതിയ ജീവനക്കാരന് പ്രതിമാസം 3000 രൂപ വരെയും പ്രോത്സാഹനം നൽകുന്നതാണ് ഈ പദ്ധതി.
പദ്ധതിയുടെ പാർട്ട് എ പ്രകാരം ആദ്യമായി ജോലിയിൽ പ്രവേശിക്കുന്നവർക്കുള്ള പേയ്‌മെൻ്റുകൾ ആധാർ ബ്രിഡ്ജ് പേയ്‌മെന്റ് സിസ്റ്റം (ABPS) ഉപയോഗിച്ച് നേരിട്ടുള്ള ആനുകൂല്യ വിതരണ(DBT) സംവിധാനത്തിലൂടെ നടക്കും. പാർട്ട് ബി പ്രകാരം തൊഴിലുടമകൾക്കുള്ള പേയ്‌മെൻ്റുകൾ അവരുടെ പാൻകാർഡുമായി ബന്ധിപ്പിച്ച അക്കൗണ്ടുകളിലേക്ക്
നേരിട്ട് നൽകും.
തൊഴിലുടമകൾക്ക് പ്രധാൻമന്ത്രി വികസിത് ഭാരത് റോസ്ഗാർ യോജന പോർട്ടൽ (https://pmvbry.epfindia.gov.in അല്ലെങ്കിൽ https://pmvbry.labour.gov.in) സന്ദർശിച്ച് ഒറ്റത്തവണ രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കാം.
ആദ്യമായി രജിസ്റ്റർ ചെയ്യുന്ന എല്ലാവരും UMANG ആപ്പിൽ ലഭ്യമായ ഫേസ് ഓഥൻ്റിക്കേഷൻ ടെക്നോളജി (FAT) ഉപയോഗിച്ച് യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ (UAN) സൃഷ്ടിക്കേണ്ടതുണ്ട്.
പദ്ധതിയുടെ പ്രയോജനങ്ങൾ:
ജീവനക്കാർക്ക് :
* സാമൂഹിക സുരക്ഷാ പരിരക്ഷ വിപുലീകരിക്കുന്നതിലൂടെയുള്ള ജോലിയുടെ ഔപചാരികവൽക്കരണം
* പുതുതായി ജോലിയിൽ പ്രവേശിക്കുന്നവരെ തൊഴിൽ ചെയ്യാൻ പ്രാപ്തരാക്കുന്ന തൊഴിൽ പരിശീലനം
* സുസ്ഥിരമായ തൊഴിലിലൂടെ മെച്ചപ്പെട്ട തൊഴിൽസാധ്യത
* സാമ്പത്തിക സാക്ഷരതാ കഴിവുകൾ
തൊഴിലുടമകൾക്ക് :
* അധിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ചെലവ് കുറയ്ക്കുക
* തൊഴിലാളി സമൂഹത്തിൻ്റെ സ്ഥിരതയും ഉത്പാദനക്ഷമതയും വർദ്ധിപ്പിക്കുക
* സാമൂഹിക സുരക്ഷയുടെ പരിരക്ഷണം പ്രോത്സാഹിപ്പിക്കുക
1952 ലെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ആൻഡ് മിസ്ലേനിയസ് പ്രൊവിഷൻസ് ആക്ട് പ്രകാരം നിയമാനുസൃത സ്ഥാപനമായ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO)വഴി പ്രധാൻമന്ത്രി വികസിത് ഭാരത് റോസ്ഗാർ യോജന നടപ്പിലാക്കും.