മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന തല ബാങ്കേഴ്സ് സമിതി കേരള & ലക്ഷദ്വീപ് കൺവീനർ പ്രദീപ് കെ. എസ്. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിലെ ധനകാര്യ സേവന വകുപ്പ് എല്ലാ ഗ്രാമപഞ്ചായത്തുകളിലും പൂർണ്ണമായ സാമ്പത്തിക ഉൾപ്പെടുത്തൽ കൈവരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച രാജ്യവ്യാപക പ്രചാരണ പരിപാടിയെ കുറിച്ച് തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്കൂൾ, കോളേജ് വിദ്യാർത്ഥികളെയാണ് മ്യൂൾ തട്ടിപ്പുകാർ ലക്ഷ്യം വയ്ക്കുന്നത്. തട്ടിപ്പുകാർ ഇരകളെ ഉപയോ​ഗിച്ച് ബാങ്ക് അക്കൗണ്ടുകൾ തുടങ്ങുമെന്നും, വാടകയ്ക്കെടുക്കുന്ന ഇത്തരം അക്കൗണ്ടുകൾ വഴി കള്ളപ്പണം വെളുപ്പിക്കൽ, സൈബർ തട്ടിപ്പ് എന്നിവ നടത്തുന്നുണ്ടെന്നും അദ്ദേഹം പറ‍ഞ്ഞു.

കേരളം മ്യൂൾ അക്കൗണ്ടുകളുടെ ഹോട്ട്സ്പോട്ടായി മാറി കൊണ്ടിരിക്കുന്നുവെന്നും, അപകടകരമായ ഇത്തരം തട്ടിപ്പുകൾക്കെതിരെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജനസുരക്ഷാ പ്രചാരണത്തിൻ്റെ ഭാ​ഗമായി ബോധവത്കരണ ക്യാമ്പയ്ൻ സംഘടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മ്യൂൾ അക്കൗണ്ട് ഉടമകൾക്ക് ജയിൽ ശിക്ഷ, സ്ഥിരമായ ക്രിമിനൽ റെക്കോർഡ്, ധനകാര്യ സ്ഥാപനങ്ങളുടെ കരിമ്പട്ടികയിൽ ഉൾപ്പെടൽ എന്നിവ നേരിടേണ്ടി വരാൻ സാധ്യതയുണ്ട്. ഡിജിറ്റൽ അറസ്റ്റ്, തട്ടിപ്പ് എന്നിവയ്ക്കെതിരെ ജാ​ഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജൻ ധൻ യോജന അക്കൗണ്ടുകൾ ഉൾപ്പടെയുള്ള പത്ത് വർഷം പൂർത്തിയാക്കിയ ബാങ്ക് അക്കൗണ്ടുകളുടെ റീകെവൈസി നടത്തണമെന്നും അദ്ദേഹം പറഞ്ഞു. വിവിധ പദ്ധതികളിൽ നിന്ന് ലഭിക്കുന്ന സഹായധനവും, സബ്സിഡിയും റീകെവൈസി ചെയ്യാത്ത അക്കൗണ്ടുകളിൽ നിന്ന് പിൻവലിക്കാൻ സാധിക്കില്ലെന്നും പ്രദീപ് വ്യക്തമാക്കി.

57 ലക്ഷം അക്കൗണ്ടുകൾ കേരളത്തിൽ റീ കെവൈസി ചെയ്യാൻ ഉണ്ടെന്നും, ഇത് മൊത്തം അക്കൗണ്ടുകളുടെ 20 ശതമാനമാണ് വരുന്നതെന്നും പ്രദീപ് സൂചിപ്പിച്ചു. പ്രധാൻ മന്ത്രി ജീവൻ ജ്യോതി ബീമാ യോജന, പി എം സുരക്ഷാ ബീമാ യോജന എന്നീ ഇൻഷുറൻസ് പരിരക്ഷാ പദ്ധതികളെക്കുറിച്ചും, അസംഘടിത തൊഴിലാളികൾക്ക് പ്രയോജനകരമായ അടൽ പെൻഷൻ യോജനയെക്കുറിച്ചും അദ്ദേഹം വിവരിച്ചു. ​

നോമിനികൾ ഇല്ലാത്ത കാരണത്താൽ 67000 കോടി രൂപയുടെ അൺക്ലെയിംഡ് ഡിപ്പോസിറ്റാണ് ഇന്ത്യയിലുടനീളമാ‌യി ഉള്ളത്. ബാങ്കിംഗ് സേവനങ്ങൾക്കെല്ലാം നോമിനേഷൻ വളരെ അത്യാവശ്യമാണെന്നും ജനങ്ങൾക്ക് ഇത് സംബന്ധിച്ച ബോധവത്കരണം നൽകി വരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗോത്രവർ​ഗ മേഖലയിൽ ഉൾപ്പടെ അക്കൗണ്ട് ഇല്ലാത്തവർക്ക് അക്കൗണ്ട് തുറന്ന് സമ്പൂർണ്ണത കൈവരിക്കുകയാണ് ലക്ഷ്യമിടുന്നത്. ജനസുരക്ഷാ പ്രചാരണത്തിൻ്റെ ഭാ​ഗമായി എല്ലാ ​ഗ്രാമ പഞ്ചായത്തുകളിലും ബാങ്കുകളുടെ നേതൃത്വത്തിൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നുണ്ടെന്നും, ഈ ക്യാമ്പുകളിൽ ഈ സേവനങ്ങൾ ലഭ്യമാക്കിയിട്ടുണ്ടെന്നും പ്രദീപ് വ്യക്തമാക്കി.

അഞ്ഞൂറോളം പഞ്ചായത്തുകളിൽ പ്രചാരണം പൂർത്തിയായതായും അദ്ദേഹം അറിയിച്ചു. 2025 സെപ്റ്റംബർ 30 വരെയാണ് ദേശീയാടിസ്ഥാനത്തിലുള്ള ഈ പ്രചാരണം നടക്കുന്നത്. പ്രസ് ഇൻഫർമേഷൻ ബ്യൂറോ അഡീഷണൽ ഡയറക്ടർ ജനറൽ വി പളനിച്ചാമി, പിഐബി ഡെപ്യൂട്ടി ഡയറക്ടർ ജോർജ്ജ് മാത്യു എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.