‘പെലാജിക് വഹൂ’ എന്ന പേരില്‍ അത്യാധുനിക കമ്മീഷനിംഗ് സേവന-ദൗത്യ കപ്പല്‍ (സിഎസ്ഒവി) നിർമാണത്തിന് കൊച്ചി കപ്പല്‍നിര്‍മാണ ശാലയില്‍ (സിഎസ്എൽ) തുടക്കമായി. സൈപ്രസ് ആസ്ഥാനമായ പെലാജിക് പാർട്‌ണേഴ്സിന്റെ പെലാജിക് വിൻഡ് സർവീസസ് ലിമിറ്റഡിനായി നിർമിക്കുന്ന രണ്ടാമത്തെ കപ്പലാണിത്.

കപ്പലില്‍ നിർമാണത്തിന് പെലാജിക് വിൻഡ് സർവീസസ് ലിമിറ്റഡ് സിഇഒ ആന്ദ്രെ ഗ്രോനെവെൽഡ് കീൽ സ്ഥാപിച്ചു. പെലാജിക് വിൻഡ് സർവീസസ് ലിമിറ്റഡ് സിടിഒ പ്രദീപ് രഞ്ജൻ, കൊച്ചി കപ്പല്‍നിര്‍മാണശാല ആസൂത്രണ – പദ്ധതിനിര്‍വഹണ വിഭാഗം ചീഫ് ജനറൽ മാനേജർ ഷിറാസ് വി പി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. പെലാജിക് വിൻഡ് സർവീസസ് ലിമിറ്റഡിന്റെ സൈറ്റ് സംഘത്തിനൊപ്പം കൊച്ചി കപ്പല്‍നിര്‍മാണശാലയിലെയും ഡിഎൻവി ക്ലാസിഫിക്കേഷൻ സൊസൈറ്റിയിലെയും മുതിർന്ന ഉദ്യോഗസ്ഥരും മറ്റ് പങ്കാളികളും കൊച്ചി കപ്പല്‍ശാലയില്‍ സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്തു.

ഭാവിയിൽ മെഥനോൾ ഇന്ധനം ഉപയോഗിക്കാനാവശ്യമായ സജ്ജീകരണങ്ങള്‍ കപ്പലില്‍ നടത്തിയിട്ടുണ്ട്. ഈ സവിശേഷതകൾ പുനരുപയോഗ ഊർജ മേഖലയെ മുന്നോട്ടുനയിക്കുന്നതില്‍ സുപ്രധാന ഘടകമായി കപ്പലിനെ മാറ്റുകയും ആഗോള സുസ്ഥിര ഊർജ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലെ നിർണായക പങ്ക് വ്യക്തമാക്കുകയും ചെയ്യുന്നു. 93 മീറ്റർ നീളവും 19.6 മീറ്റർ വീതിയുമുള്ള ഈ കപ്പൽ കോംഗ്‌സ്‌ബെർഗ് യുടി 5520 എംഎച്ച് രൂപകൽപന അടിസ്ഥാനമാക്കിയാണ് നിര്‍മിക്കുന്നത്. സുരക്ഷ, പ്രവർത്തനക്ഷമത, കടലിലെ മികച്ച സഞ്ചാരം എന്നിവ മെച്ചപ്പെടുത്തുന്നതിനൊപ്പം ഇന്ധന ഉപഭോഗം കുറയ്ക്കാനും ഈ രൂപകൽപന സഹായിക്കുന്നു. കാറ്റാടിപ്പാടങ്ങളിലെ സാങ്കേതികവിദഗ്ധരടക്കം ആകെ 120 പേർക്ക് താമസിക്കാന്‍ സൗകര്യമൊരുക്കുന്ന കപ്പലിന് ഡിഎൻവി കംഫർട്ട് ക്ലാസ് പദവി ലഭിച്ചിട്ടുണ്ട്.

സിഎസ്ഒവി കപ്പലിൽ പൂർണ ഹൈബ്രിഡ് ചലനസംവിധാനമടക്കം സമഗ്ര ഉപകരണങ്ങളുണ്ട്. ഇത് ഏറെ കാര്യക്ഷമമായ സ്ഥിര കാന്തിക ദിശാസംവിധാനങ്ങളെ നിയന്ത്രിക്കുന്നു. വരുംതലമുറ കപ്പലുകളുടെ സമ്പൂര്‍ണ യന്ത്രവല്‍ക്കരണം, കപ്പല്‍ത്തള യന്ത്രസംവിധാനങ്ങള്‍, ഊര്‍ജ – വൈദ്യുത സംവിധാനങ്ങള്‍, ഉപകരണങ്ങൾ, ബ്രിഡ്ജ് കൺസോളുകൾ, കപ്പൽ നിരീക്ഷണ സംവിധാനങ്ങൾ എന്നിവയുമായി ഇതിനെ സംയോജിപ്പിച്ചിരിക്കുന്നു. വലിയ ബാറ്ററി ബാങ്ക് മാത്രം ഉപയോഗിച്ച് തുറമുഖ പ്രവർത്തനങ്ങൾ നടത്താൻ കഴിയുമെന്നതടക്കം കപ്പലിന്റെ നൂതന സാങ്കേതികവിദ്യകൾ പരിസ്ഥിതിപരവും ദൗത്യപരവുമായി വലിയ ഗുണങ്ങൾ നൽകും.

പ്രത്യേക ആവശ്യങ്ങൾക്കായി രൂപം നല്‍കുന്ന വരും തലമുറ കപ്പലുകളുടെ സുപ്രധാന നിർമാണ കേന്ദ്രമെന്ന നിലയിൽ സി‌എസ്‌എല്ലിന്റെ സ്ഥാനം അടയാളപ്പെടുത്തുന്ന പദ്ധതി നൂതനാശയങ്ങളോടും സ്ഥിരതയോടും ആഗോള സഹകരണത്തോടും കൊച്ചി കപ്പല്‍നിര്‍മാണ ശാല (സി‌എസ്‌എൽ) കാണിക്കുന്ന പ്രതിബദ്ധതയെയും പ്രതിഫലിപ്പിക്കുന്നു.