മൊറോക്കോയിലെ ഇന്ത്യൻ പ്രവാസി സമൂഹവുമായി സംവദിച്ച് രാജ്യരക്ഷാ മന്ത്രി:ഓപ്പറേഷൻ സിന്ദൂറിലെ ഇന്ത്യയുടെ സംയമനവും ദൃഢനിശ്ചയവും ചർച്ചയായി

മൊറോക്കോയിലെ റബാത്തിൽ നടന്ന പരിപാടിയിൽ രാജ്യരക്ഷാ മന്ത്രി രാജ്‌നാഥ് സിംഗ് ഇന്ത്യൻ സമൂഹവുമായി സംവദിച്ചു.ഓപ്പറേഷൻ സിന്ദൂർ സമയത്ത് സായുധസേന നടത്തിയ നിർണായക നടപടിയെ ഇന്ത്യൻ സമൂഹം അഭിനന്ദിച്ചു.

പൽഗാമിൽ നിരപരാധികളായ ഇന്ത്യക്കാർക്ക് നേരെ നടന്ന ഭീരുത്വപരമായ ആക്രമണത്തിന് ശേഷം സായുധ സേന പൂർണ്ണമായും സജ്ജരായിരുന്നുവെന്നും പ്രതികരിക്കാൻ അവർക്ക് പൂർണ്ണ സ്വാതന്ത്ര്യം നല്കിയിരുന്നുവെന്നും രക്ഷാ മന്ത്രി ആവർത്തിച്ചു.ഇന്ത്യയുടെ നടപടികൾ നിയന്ത്രിതവും സംഘർഷം വഷളാക്കാത്തതുമായിരുന്നുവെന്ന് ഊന്നിപ്പറഞ്ഞ അദ്ദേഹം രാജ്യത്തിൻ്റെ ഉറച്ചതും എന്നാൽ സംയമനപരവുമായ സമീപനത്തെ വിവരിക്കുന്നതിനായി രാമചരിതമാനസത്തെ ഉദ്ധരിച്ച് “ഞങ്ങൾ അവരുടെ മതത്തെ അടിസ്ഥാനമാക്കിയല്ല, മറിച്ച് അവരുടെ കർമ്മത്തെ അടിസ്ഥാനമാക്കിയാണ് തിരിച്ചടി കൊടുത്തത്” എന്നും പറഞ്ഞു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദശകത്തിൽ ഇന്ത്യ കൈവരിച്ച ബഹുമുഖ പുരോഗതിയെക്കുറിച്ചും ചർച്ചയിൽ രാജ്നാഥ് സിംഗ് എടുത്തുപറഞ്ഞു.ആഗോള,ഭൗമരാഷ്ട്രീയ വെല്ലുവിളികൾക്കിടയിലും അതിവേഗം വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ ഉയർന്നുവരികയാണെന്നും പതിനൊന്നാം സ്ഥാനത്ത് നിന്ന് നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഉയർന്നുവെന്നും ഉടൻ തന്നെ ആദ്യ മൂന്ന് സ്ഥാനങ്ങളിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ ഡിജിറ്റൽ പരിവർത്തനം, വിജ്ഞാന സമ്പദ്‌വ്യവസ്ഥയിലെ ദ്രുതഗതിയിലുള്ള മുന്നേറ്റം, ഒരു ദശാബ്ദം മുമ്പ് വെറും 18 ആയിരുന്ന യൂണികോൺ സ്റ്റാർട്ടപ്പുകളിൽ നിന്ന് ഇന്ന് 118 ആയി വർദ്ധിച്ചത് വഴിയുണ്ടായ സ്റ്റാർട്ടപ്പുകളുടെ കുതിച്ചുചാട്ടം എന്നിവ രക്ഷാ മന്ത്രി എടുത്തുപറഞ്ഞു.1.5 ലക്ഷം കോടി രൂപയുടെ ഉത്പാദനവും 100 ലധികം രാജ്യങ്ങളിലേക്ക് 23,000 കോടി രൂപയുടെ പ്രതിരോധ കയറ്റുമതിയും കൈവരിച്ച ഇന്ത്യയുടെ പ്രതിരോധ വ്യവസായത്തിൻ്റെ ശ്രദ്ധേയമായ വളർച്ചയും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലോകമെമ്പാടുമുള്ള ഇന്ത്യൻ സ്വഭാവത്തിൻ്റെ ശക്തി പ്രതിഫലിപ്പിക്കുന്ന ഇന്ത്യൻ സമൂഹത്തിൻ്റെ കഠിനാധ്വാനത്തേയും സമർപ്പണത്തേയും സത്യസന്ധതയേയും ശ്രീ രാജ്‌നാഥ് സിംഗ് പ്രശംസിച്ചു.ഇന്ത്യൻ സംസ്കാരത്തിൽ ഒരു വ്യക്തിയെ യഥാർത്ഥത്തിൽ നിർവചിക്കുന്നത് സ്വഭാവമാണെന്ന് അടിവരയിട്ടുകൊണ്ട് ലോകമതസഭയിൽ സ്വാമി വിവേകാനന്ദൻ പറഞ്ഞ വാക്കുകൾ അദ്ദേഹം അനുസ്മരിച്ചു.