പ്രവാസികള്‍ക്കായി നോർക്ക-ഇന്ത്യന്‍ ബാങ്ക് സംരംഭക വായ്പാ നിര്‍ണ്ണയക്യാമ്പ് ഇന്ന്
(ഒക്ടോബര്‍ 16 ന്) ആലപ്പുഴയില്‍. സ്പോട്ട് രജിസ്ട്രേഷനും അവസരം

പ്രവാസിസംരംഭകര്‍ക്കായി നോർക്ക റൂട്ട്സും ഇന്ത്യന്‍ ബാങ്കും സംയുക്തമായി സംഘടിപ്പിക്കുന്ന സംരംഭക വായ്പാ നിര്‍ണ്ണയക്യാമ്പ് ഇന്ന് (ഒക്ടോബര്‍ 16 ന്) ആലപ്പുഴയില്‍. രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്തശേഷം നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന നോര്‍ക്ക ഡിപ്പാര്‍ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് അഥവ എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി പ്രകാരമാണ് ക്യാമ്പ്. ആലപ്പുഴ മുല്ലക്കൽ അമ്മൻ കോവില്‍ സ്ട്രീറ്റിലെ ഗുരുവിനായഗർ കോവില്‍ ഹാളിലാണ് ക്യാമ്പ്. രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് വേദിയില്‍ സ്പോട്ട് രജിസ്ട്രേഷനും അവസരമുണ്ടാകും.

പാസ്സ്‌പോർട്ട്, ആധാർ, പാൻകാർഡ്, ഇലക്ഷൻ ഐ.ഡി, റേഷൻ കാർഡ് എന്നിവയുടെ ഒറിജിനലും പകര്‍പ്പുകളും, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോകള്‍ പദ്ധതി-വിശദീകരണം, പദ്ധതിക്കാവശ്യമായ മറ്റു രേഖകൾ എന്നിവ സഹിതമാണ് പങ്കെടുക്കേണ്ടത്. പ്രവാസി കൂട്ടായ്മകള്‍, പ്രവാസികള്‍ ചേര്‍ന്ന് രൂപീകരിച്ച കമ്പനികള്‍, സൊസൈറ്റികള്‍ എന്നിവര്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. പ്രവാസികള്‍ക്ക് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും നിലവിലുളളവയുടെ വിപുലീകരണത്തിനും എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി പ്രയോജനപ്പെടുത്താം. സംരംഭങ്ങള്‍ക്ക് 30 ലക്ഷം രൂപ വരെയുളള വായ്പകള്‍ പദ്ധതി വഴി ലഭിക്കും. കൃത്യമായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്‌സിഡിയും മുന്നു ശതമാനം പലിശ സബ്സിഡിയും ലഭിക്കും. നോര്‍ക്ക റൂട്ട്‌സിന്റെ www.norkaroots.kerala.gov.in വെബ്‌സൈറ്റു വഴി പ്രവാസികള്‍ക്ക് അപേക്ഷ നല്‍കാവുന്നതാണ്.

നോര്‍ക്ക കെയര്‍ പരിരക്ഷയെടുത്ത് 25000 ത്തിലധികം പ്രവാസികുടുംബങ്ങള്‍; എൻറോൾമെന്റ് തീയ്യതി ഒക്ടോബര്‍ 30 വരെ നീട്ടി.

പ്രവാസികേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോര്‍ക്ക കെയറിന് രാജ്യത്തെയും വിദേശത്തെയും പ്രവാസി കേരളീയരിൽ നിന്നും മികച്ച പ്രതികരണം. . ഇതുവരെ 25000 ത്തിലധികം പ്രവാസികുടുംബങ്ങളാണ് നോര്‍ക്ക കെയര്‍ പരിരക്ഷയിൽ ചേർന്നത് . ഇതേ തുടർന്ന് എൻറോൾ ചെയ്യുന്നതിനുള്ള അവസാന തീയ്യതി നിലവിലെ ഒക്ടോബര്‍ 22 ൽ നിന്നും 2025 ഒക്ടോബര്‍ 30 വരെ നീട്ടി. മികച്ച പ്രതികരണമാണ് നോര്‍ക്ക കെയറിന് പ്രവാസികേരളീയരില്‍ നിന്നും ലഭിക്കുന്നതെന്നും പ്രവാസികളുടേയും പ്രവാസി സംഘടനകളുടേയും അഭ്യര്‍ത്ഥന മാനിച്ചാണ് ഒക്ടോബര്‍ 30 വരെ സമയം നീട്ടിയതെന്നും നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. പദ്ധതിയുടെ പ്രചരണാര്‍ത്ഥം ഡല്‍ഹി, മുംബൈ, ബംഗളൂരു, ചെന്നൈ നോര്‍ക്ക റൂട്ട്സ് എന്‍ ആര്‍ ഡവലപ്മെന്റ് ഓഫീസുകളുടെ നേതൃത്വത്തിലും ആഗോളതലത്തില്‍ പ്രവാസി സംഘടനകളുടെ നേതൃത്വത്തിലും പ്രത്യേകം രജിസ്ട്രേഷന്‍ ക്യാമ്പുകളും നടത്തുന്നുണ്ട് .

നോര്‍ക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്ബ്സൈറ്റായ www.norkaroots.kerala.gov.in സന്ദര്‍ശിച്ചോ നോര്‍ക്ക കെയര്‍ മൊബൈല്‍ ആപ്പുകള്‍ മുഖേനയോ സാധുവായ നോര്‍ക്ക പ്രവാസി ഐ.ഡി, സ്റ്റുഡന്റ് ഐ.ഡി. എന്‍.ആര്‍.കെ ഐ.ഡി കാര്‍ഡുളള പ്രവാസികേരളീയര്‍ക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. നോര്‍ക്ക കെയര്‍ മൊബൈല്‍ ആപ്പ് ആപ്പ് ഗൂഗില്‍ പ്ലേസ്റ്റേറില്‍ നിന്നോ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. നോര്‍ക്ക അംഗീകരിച്ച പ്രവാസി സംഘടനകളിലൂടെ മാസ്സ് എൻറോൾമെന്റിനും, വിദേശത്ത് പ്രവാസികേരളീയര്‍ ജോലിചെയ്യുന്ന കമ്പനികൾക്കായി പ്രത്യേക രജിസ്ട്രേഷൻ സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്. ഒരു കുടുംബത്തിന് (പ്രവാസി , പങ്കാളി , 25 വയസ്സില്‍ താഴെയുളള രണ്ടു കുട്ടികള്‍) ₹13,411 പ്രീമിയത്തിൽ അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും 10 ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്സണല്‍ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ഉറപ്പാക്കുന്നതാണ് നോര്‍ക്ക കെയര്‍ പദ്ധതി. അംഗങ്ങളാകുന്നവർക്ക് കേരളപിറവി ദിനമായ നവംബര്‍ ഒന്നു മുതല്‍ പരിരക്ഷ ലഭ്യമാക്കും. നിലവില്‍ കേരളത്തിലെ 500 ലധികം ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്തെ 16000 ത്തോളം ആശുപത്രികള്‍ വഴി പ്രവാസികേരളീയര്‍ക്ക് ക്യാഷ്ലെസ്സ് ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി.

യു.കെ വെയില്‍സില്‍ നഴ്സ് (മെന്റല്‍ ഹെല്‍ത്ത്) ഒഴിവുകള്‍..
നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഒക്ടോബര്‍ 21 വരെ അപേക്ഷിക്കാം

യുണൈറ്റഡ് കിംങ്ഡമിലെ (യു.കെ) വെയില്‍സ് എന്‍.എച്ച് എസ്സില്‍ രജിസ്ട്രേഡ് മെന്റല്‍ ഹെല്‍ത്ത് നഴ്സസ് (RMNs) തസ്തികയിലേയ്ക്കുളള ഒഴിവുകളിലേയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. BSc നഴ്സിങ്/ GNM വിദ്യാഭ്യാസ യോഗ്യതയും IELTS/ OET യു.കെ സ്കോറും, മെന്റല്‍ ഹെല്‍ത്ത് വിഭാഗത്തില്‍ സി.ബി.റ്റി (CBT) പൂര്‍ത്തിയാക്കിയവരാകണം അപേക്ഷകര്‍. മാനസികാരോഗ്യ മേഖലയില്‍ നിലവില്‍ ജോലി ചെയ്യുന്നവരും, അപേക്ഷ നല്‍കുന്ന സമയത്തിന് മുന്‍പ് മാനസികാരോഗ്യ മേഖലയില്‍ കുറഞ്ഞത് 12 മാസത്തെ പ്രവൃത്തി പരിചയവും വേണം. എല്ലാ രേഖകള്‍ക്കും 2026 മാര്‍ച്ച് അവസാനം വരെ സാധുതയുമുണ്ടാകണം. [email protected] എന്ന ഇമെയിൽ വിലാസത്തിൽ ബയോഡാറ്റ, OET /IELTS സ്കോർ കാര്‍ഡ്, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകള്‍, പാസ്സ്പോർട്ട് എന്നിവയുടെ പകർപ്പുകള്‍ സഹിതം 2025 ഒക്ടോബര്‍ 22 നകം അപേക്ഷ നല്‍കേണ്ടതാണ്.

റിക്രൂട്ട്മെന്റ് പ്രക്രിയ പൂര്‍ണമായും ഓണ്‍ലൈനായാണ് സംഘടിപ്പിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ ഒബ്ജക്റ്റീവ് സ്ട്രക്ച്ചേഡ് ക്ലിനിക്കല്‍ എക്സാമിനേഷന്‍ (OSCE) വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ബാന്റ് 5 വിഭാഗത്തില്‍ പ്രതിവര്‍ഷം 31,515 ബ്രിട്ടീഷ് പൗണ്ടും (₹37.76 lakh), OSCE ക്ക് മുന്‍പ് 27,898 ബ്രിട്ടീഷ് പൗണ്ടും (₹33.38 lakh) ശമ്പളമായി ലഭിക്കും. ഇതോടൊപ്പം മറ്റ് ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ടാകും. നോര്‍ക്ക റൂട്ട്സ് (REC.LICENCE NUMBER: B-549/KER/COM/1000+/05/8760/2011) മുഖേനയുളള യു.കെ വെയില്‍സ് റിക്രൂട്ട്മെന്റ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് പൂര്‍ണ്ണമായും സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.norkaroots.kerala.gov.in വെബ്ബ്സൈറ്റ് സന്ദര്‍ശിക്കുകയോ റിക്രൂട്ട്മെന്റ് വിഭാഗത്തിലെ 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

പ്രവാസിസംരംഭകര്‍ക്കായി ‘നോര്‍ക്ക റൂട്ട്സ് -ബിസിനസ് കണക്ട്’ സംഘടിപ്പിച്ചു

കോഴിക്കോട് ജില്ലയിലെ പ്രവാസികള്‍ക്കും പ്രവാസിസംരംഭകര്‍ക്കുമായി നോര്‍ക്ക ബിസ്സിനസ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (എന്‍.ബി.എഫ്.സി) ആഭിമുഖ്യത്തില്‍ നളന്ദ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പ്രവാസി ബിസിനസ് കണക്ടില്‍ 42 പേര്‍ പങ്കെടുത്തു. സംരംഭകർ അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ, ഐഡിയ ജനറേഷൻ, പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കുന്ന വിധം, സെയിൽസ് & മാർക്കറ്റിങ്, ജി.എസ്.ടി, വിവിധ ലൈസൻസുകൾ, സർക്കാർ പദ്ധതികൾ, വായ്പാ സൗകര്യങ്ങൾ, വിവിധ ആനുകൂല്യങ്ങള്‍ തുടങ്ങിയ സെഷനുകള്‍ ഉൾപ്പെടുത്തിയുളളതായിരുന്നു ‘പ്രവാസി ബിസിനസ് കണക്ട്’. വിജയിച്ച സംരംഭകരുടെ അനുഭവങ്ങളും ബിസിനസ് കണക്റ്റില്‍ പങ്കുവച്ചു. എന്‍.ബി.എഫ്.സി പ്രോജക്ട്‌സ് മാനേജര്‍ സുരേഷ് കെ.വി, സീനിയർ പ്രോഗ്രാം കോർഡിനേറ്റർ ഷറഫുദ്ദീന്‍. ബി സെഷനു എന്നിവര്‍ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. നോര്‍ക്ക പദ്ധതികളും സേവനങ്ങളും സംബന്ധിച്ച് നോര്‍ക്ക റൂട്ട്സ് കോഴിക്കോട് സെന്റര്‍ മാനേജര്‍ സി. രവീന്ദ്രന്‍ വിശദീകരിച്ചു.

സംസ്ഥാനത്തെ പ്രവാസി നിക്ഷേപങ്ങളും, പ്രവാസി സംരംഭങ്ങളും പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം നോര്‍ക്ക സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ഏകജാലകസംവിധാനമാണ് എന്‍.ബി.എഫ്.സി. പ്രവാസികള്‍ക്കായി എല്ലാ മാസവും ത്രിദിന സൗജന്യ സംരംഭകത്വ പരിശീലനവും (റെസിഡൻഷ്യൽ), എല്ലാ പ്രവൃത്തി ദിനങ്ങളിലും നോര്‍ക്ക ബിസിനസ്സ് ക്ലിനിക്ക് എന്നീ സേവനങ്ങളും പ്രവാസികള്‍ക്ക് എന്‍.ബി.എഫ്.സി വഴി ലഭ്യമാണ്. എറണാകുളം കളമശ്ശേരിയിൽ പ്രവര്‍ത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റ് (KIED) ക്യാമ്പസില്‍ സംഘടിപ്പിക്കുന്ന ത്രിദിന സൗജന്യ സംരംഭകത്വ പരിശീലന പരിപാടിയുടെ (റെസിഡൻഷ്യൽ) 2026 മാര്‍ച്ച് വരെയുളള ബാച്ചുകളിലേയ്ക്കും ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാന്‍ അവസരമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802012345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.