ഇന്ത്യന്‍ ഹോക്കിയുടെ 100 വര്‍ഷങ്ങള്‍ (1925-2025) ആഘോഷിക്കുന്നതിനായി വിപുലമായ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കേന്ദ്ര യുവജനകാര്യ, കായിക, തൊഴില്‍ മന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ തിങ്കളാഴ്ച പ്രഖ്യാപിച്ചു. ഹോക്കി ഇന്ത്യയുമായി സഹകരിച്ച് നടക്കുന്ന ശതാബ്ദി ആഘോഷങ്ങള്‍ നവംബര്‍ 7 ന് ന്യൂഡല്‍ഹിയിലെ മേജര്‍ ധ്യാന്‍ ചന്ദ് നാഷണല്‍ സ്‌റ്റേഡിയത്തില്‍ നടക്കും. രാജ്യത്തെ 550 ലധികം ജില്ലകളിലുടനീളം സമാന്തര പരിപാടികളും നടക്കും.

ഇന്ത്യയുടെ സമ്പന്നമായ ഹോക്കി പൈതൃകത്തിന്റെ ഒരു നൂറ്റാണ്ടിന്റെ ഓര്‍മ്മയ്ക്കായി സംഘടിപ്പിക്കുന്ന ഈ നിര്‍ണായക പരിപാടിയില്‍ രാജ്യത്തിന് യശസ്സ് സമ്മാനിച്ച ഇതിഹാസ താരങ്ങളെ ആദരിക്കുകയും, ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്ന ഈ കായികരംഗത്തിന്റെ സ്ഥിരോത്സാഹത്തെ ആഘോഷിക്കുകയും ചെയ്യും. ന്യൂഡല്‍ഹിയില്‍ നടക്കുന്ന ആഘോഷങ്ങള്‍ രാവിലെ എട്ടരയ്ക്ക് ആരംഭിക്കും, ഇന്ത്യന്‍ ഹോക്കിയുടെ മഹത്തായ യാത്രയുടെ സത്ത ഉള്‍ക്കൊള്ളുന്ന പ്രത്യേക പരിപാടികളുടെ ഒരു പരമ്പര തന്നെ ഇതില്‍ ഉള്‍പ്പെടുന്നു.

‘ഇന്ത്യ ഹോക്കിയുടെ ശതാബ്ദി ആഘോഷിക്കുമ്പോള്‍, അഭിമാനത്തിന്റെയും, സ്ഥിരോത്സാഹത്തിന്റെയും, ദേശീയ മഹിമയുടെയും ഒരു നൂറ്റാണ്ടിനെയാണ് ഞങ്ങള്‍ ആദരിക്കുന്നത്. നാഴികക്കല്ലായ ഈ പരിപാടി രാജ്യത്തിന് മഹിമ കൊണ്ടുവന്ന നമ്മുടെ നായകന്മാരെ ഓര്‍മ്മിക്കാനും, അവരുടെ യാത്രയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളാനുമുള്ള ഒരു അവസരമാണ്. ഇന്ത്യയ്ക്ക് ഹോക്കി വെറുമൊരു കായിക വിനോദമല്ല. അത് നമ്മുടെ സ്വത്വത്തിന്റെയും കൂട്ടായ മനോഭാവത്തിന്റെയും ഭാഗമാണ്.’ 550ലധികം ജില്ലകളിലുടനീളമുള്ള ആഘോഷങ്ങള്‍ നമ്മുടെ പൈതൃകത്തെ ഉയര്‍ത്തിക്കാട്ടുക മാത്രമല്ല, ഇന്ത്യന്‍ ഹോക്കിയുടെ കഥ രാജ്യത്തിന്റെ എല്ലാ കോണുകളിലേക്കും എത്തിക്കുകയും, ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഹോക്കി സ്റ്റിക്ക് എടുത്ത് ആവേശത്തോടെ കളിക്കാന്‍ പ്രചോദിപ്പിക്കുകയും ചെയ്യും, ”ഡോ. മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു.

കേന്ദ്രമന്ത്രിയുടെ ഇലവനും ഹോക്കി ഇന്ത്യയുടെ മിക്‌സഡ് ഇലവനും (പുരുഷന്മാരും സ്ത്രീകളും) പങ്കെടുക്കുന്ന മുപ്പത് മിനുറ്റ് ദൈര്‍ഘ്യമുള്ള പ്രദര്‍ശന മത്സരം നടക്കും. ലിംഗസമത്വം, കൂട്ടായ പ്രവര്‍ത്തനം, ഉള്‍ച്ചേര്‍ക്കല്‍ എന്നിവ ഉയര്‍ത്തിക്കാട്ടുന്ന ഈ മത്സരത്തില്‍ പുരുഷ, വനിതാ ദേശീയ ടീമുകളില്‍ നിന്നുള്ള പ്രമുഖ താരങ്ങള്‍ പങ്കെടുക്കും. എട്ട് ഒളിമ്പിക് സ്വര്‍ണ്ണ മെഡലുകള്‍ നേടിയും 13 തവണ ഒളിമ്പിക് പോഡിയത്തില്‍ എത്തി(ആദ്യ മൂന്ന് സ്ഥാനങ്ങളിലൊന്നില്‍ വരിക)യും ലോകത്തിലെ ഏറ്റവും വിജയകരമായ ഹോക്കി രാഷ്ട്രമെന്ന പദവിയിലേക്ക് ഇന്ത്യയെ നയിച്ചതിന് പല തലമുറകളിലുള്ള ഹോക്കി ഇതിഹാസങ്ങളെ ആദരിക്കുന്ന ചടങ്ങ് നടക്കും.

കേന്ദ്രസര്‍ക്കാരിന്റെ കായിക പദ്ധതികളില്‍ മുന്‍ഗണന ലഭ്യമാക്കുന്ന ഇനങ്ങളില്‍ ഒന്നാണ് ഹോക്കി. സര്‍ക്കാരിന്റെ പ്രമുഖ പദ്ധതികളായ ടാര്‍ഗെറ്റ് ഒളിമ്പിക് പോഡിയം സ്‌കീം (ടോപ്‌സ്), ടാര്‍ഗെറ്റ് ഏഷ്യന്‍ ഗെയിംസ് ഗ്രൂപ്പ് (ടാഗ്ഗ്) എന്നിവയില്‍ പുരുഷ-വനിതാ ഹോക്കി ഉള്‍പ്പെടുന്നുണ്ട്. ഈ പദ്ധതികള്‍ക്ക് കീഴില്‍, ഓരോ ഒളിമ്പിക് ആവൃത്തികളിലും ദേശീയ ടീമുകള്‍ക്ക് പരിശീലനം, മത്സരങ്ങള്‍, എക്‌സ്‌പോഷര്‍ യാത്രകള്‍, അലവന്‍സുകള്‍ എന്നിവയ്ക്കുള്ള ധനസഹായം ലഭിക്കുന്നു. സ്ത്രീകള്‍ക്കിടയില്‍ ഹോക്കി പ്രചരിപ്പിക്കുന്നതിനായി, കേന്ദ്ര കായിക മന്ത്രാലയം ജൂനിയര്‍, സബ് ജൂനിയര്‍ തലങ്ങളില്‍ രാജ്യമെമ്പാടും അസ്മിത (അച്ചീവിങ് സ്‌പോര്‍ട്‌സ് മൈല്‍സ്‌റ്റോണ്‍ ബൈ ഇന്‍സ്പയറിങ് വിമന്‍ ത്രൂ ആക്ഷന്‍) വനിതാ ഹോക്കി ലീഗ് സംഘടിപ്പിക്കുന്നു.

‘വിപുലമായ നിക്ഷേപം, ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍, സ്ഥാപന പരിഷ്‌കാരങ്ങള്‍ എന്നിവയിലൂടെ ഇന്ത്യയുടെ കായിക ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് സര്‍ക്കാര്‍ ആഴത്തില്‍ പ്രതിജ്ഞാബദ്ധമാണ്. 2036 ഓടെ ഇന്ത്യയെ ലോകത്തിലെ ഏറ്റവും മികച്ച കായിക രാജ്യങ്ങളിലൊന്നായി മാറ്റുക, എല്ലാ മേഖലകളിലും ഉയര്‍ന്ന തലങ്ങളില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കുക എന്നതാണ് ഞങ്ങളുടെ വ്യക്തമായ ദര്‍ശനം. കായിക മന്ത്രാലയം, സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ, ഹോക്കി ഇന്ത്യ പോലുള്ള ഫെഡറേഷനുകള്‍ എന്നിവ തമ്മിലുള്ള തുടര്‍ച്ചയായ സഹകരണത്തോടെ, യുവ പ്രതിഭകളെ വളര്‍ത്തിയെടുക്കുന്നതും, കായികരംഗത്തേക്കുള്ള പ്രവേശനം വിപുലീകരിക്കുന്നതും, എല്ലാ അന്താരാഷ്ട്ര വേദികളിലും ഇന്ത്യയുടെ ത്രിവര്‍ണ്ണ പതാക ഉയര്‍ന്നു പറക്കുന്നുവെന്ന് ഉറപ്പാക്കുന്നതും ഞങ്ങള്‍ തുടരും,’ കായിക മന്ത്രി കൂട്ടിച്ചേര്‍ത്തു.

കായികയിനത്തിന്റെ ശ്രദ്ധേയമായ യാത്ര അതിന്റെ വിജയഗാഥകള്‍, വെല്ലുവിളികള്‍, പുനരുജ്ജീവനം എന്നിവ വിവരിക്കുന്ന ‘ഇന്ത്യന്‍ ഹോക്കിയുടെ 100 വര്‍ഷങ്ങള്‍’ എന്ന ഔദ്യോഗിക സ്മരണികാ വാല്യം ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പുറത്തിറക്കും. ഈ പ്രസിദ്ധീകരണം ഒരു ചരിത്ര രേഖയായും ഇന്ത്യയുടെ ഹോക്കി പാരമ്പര്യത്തെ രൂപപ്പെടുത്തിയ തലമുറകളിലെ കളിക്കാര്‍ക്കുള്ള ആദരാഞ്ജലിയായും വര്‍ത്തിക്കും.

മേജര്‍ ധ്യാന്‍ ചന്ദ് നാഷണല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ബൃഹദ് തലത്തിലുള്ള ഫോട്ടോ പ്രദര്‍ശനം സന്ദര്‍ശകരെ 100 മഹത്തായ വര്‍ഷങ്ങളുടെ ദൃശ്യ യാത്രയിലൂടെ കൊണ്ടുപോകും. 1928ലെ ആംസ്റ്റര്‍ഡാം ഗെയിംസ് മുതല്‍ ഇന്നത്തെ പുനരുജ്ജീവനം വരെയുള്ള അപൂര്‍വ ചരിത്രപര ഫോട്ടോഗ്രാഫുകള്‍, സ്മരണികകള്‍, ഒളിമ്പിക് നിമിഷങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കും.

അടിസ്ഥാനതലത്തില്‍ ഈ ആഘോഷം കൊണ്ടാടുന്നതിന്റെ ഭാഗമായി രാജ്യവ്യാപകമായി 550 ജില്ലകളിലായി 36,000ത്തിലധികം കളിക്കാര്‍ പങ്കെടുക്കുന്ന 1,400ലധികം ഹോക്കി മത്സരങ്ങള്‍ ഒരേസമയം നടക്കും. സമത്വത്തിന്റെയും ഉള്‍ച്ചേര്‍ക്കലിന്റെയും പ്രതീകമായി ഓരോ ജില്ലയിലും ഒരു പുരുഷ, ഒരു വനിതാ മത്സരം നടക്കും. ദേശീയ കായിക വിനോദത്തിന്റെ ആഘോഷത്തില്‍ ഗ്രാമീണ, നഗര ഇന്ത്യയെ ഒന്നിപ്പിച്ച് രാജ്യമെമ്പാടും ഒരു ഉത്സവാന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.കായികരംഗത്ത് മികവിന്റെയും ഉള്‍ക്കൊള്ളലിന്റെയും ഒരു പുതിയ യുഗത്തിന് വഴിയൊരുക്കുന്നതിനോടൊപ്പം, ഇന്ത്യയുടെ ഹോക്കി പൈതൃകം സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും കേന്ദ്ര യുവജനകാര്യകായിക മന്ത്രാലയവും ഹോക്കി ഇന്ത്യയും പ്രതിജ്ഞാബദ്ധരാണ്.