തദ്ദേശ സ്വയംഭരണ സ്ഥാപനം പൊതുതെരഞ്ഞെടുപ്പ് :നവംബർ 14 ന് വിജ്ഞാപനമിറക്കും:

ഡിസംബർ 9, 11 തീയതികളിൽ രണ്ട് ഘട്ടമായി പോളിംഗ്, വോട്ടെണ്ണൽ 13 ന്

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ പ്രഖ്യാപിച്ചു. ഡിസംബർ 9, 11 തിയതികളിൽ രണ്ടുഘട്ടമായാണ് പോളിംഗ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഡിസംബർ 9 നും തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഡിസംബർ 11 നും രാവിലെ 7 മുതൽ വൈകുന്നേരം 6 വരെ പോളിംഗ് നടക്കും. ഡിസംബർ 13 നാണ് വോട്ടെണ്ണലെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിൽ നടന്ന വാർത്താസമ്മേളനത്തിൽ കമ്മീഷണർ അറിയിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷൻ നവംബർ 14 ന് വിജ്ഞാപനമിറക്കും. അന്നു തന്നെ വരണാധികാരി പുറപ്പെടുവിക്കുന്ന തെരഞ്ഞെടുപ്പ് പരസ്യപ്പെടുത്തലുണ്ടാകും. നവംബർ 21 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നവംബർ 22 ന് നടക്കും. നവംബർ 24 നകം സ്ഥാനാർത്ഥിത്വം പിൻവലിക്കാം. ഡിസംബർ 18 ന് തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കും.

ഇന്ത്യൻ ഭരണഘടനയുടെ 73, 74 ഭേദഗതിക്കനുസരിച്ച് നിലവിൽ വന്ന 1994 ലെ കേരള പഞ്ചായത്ത് രാജ്, കേരള മുനിസിപ്പാലിറ്റി നിയമങ്ങൾ പ്രകാരം റൂറൽ മേഖലയിൽ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നീ സ്ഥാപനങ്ങളും അർബൻ മേഖലയിൽ മുനിസിപ്പാലിറ്റി, മുനിസിപ്പൽ കോർപ്പറേഷൻ എന്നീ സ്ഥാപനങ്ങളും രൂപീകരിക്കപ്പെട്ടു. സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലേക്കും അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുളള ചുമതല ഭരണഘടനാ സ്ഥാപനമായ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനിൽ അർപ്പിതമാണ്. 1993 ഡിസംബർ 3 ന് രൂപീകൃതമായ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ 1995 മുതൽ കൃത്യമായും 5 വർഷം കൂടുമ്പോൾ തദ്ദേശ തെരഞ്ഞെടുപ്പ് നടത്തി വരുന്നു. കേരളത്തിൽ അഞ്ച് തലത്തിലേക്കുമുളള തദ്ദേശ തെരഞ്ഞെടുപ്പ് ഒരേ സമയത്താണ് നടത്തിവരുന്നത്. സംസ്ഥാനത്ത് നിലവിൽ 1200 തദ്ദേശ സ്ഥാപനങ്ങൾ ഉണ്ട്. 941 ഗ്രാമ പഞ്ചായത്തുകൾ, 152 ബ്ലോക്ക് പഞ്ചായത്തുകൾ, 14 ജില്ലാ പഞ്ചായത്തുകൾ. 87 മുനിസിപ്പാലിറ്റികൾ 6 കോർപ്പറേഷനുകൾ എന്നിവയിൽ ആകെ 23612 വാർഡുകളാണുളളത്. ഓരോ വാർഡും നിയോജകമണ്ഡലമാണ്. നിയോജകമണ്ഡലാടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പു നടത്തുന്നതിനായി വോട്ടർപട്ടിക തയ്യാറാക്കുകയും മുന്നൊരുക്കങ്ങൾ പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്.

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ നിലവിലെ ഭരണസമിതി കാലയളവ് ഡിസംബർ 20ന് അവസാനിക്കും. 2020-ൽ പൊതു തെരഞ്ഞെടുപ്പ് ഡിസംബർ 8, 10, 14 തീയതികളിലാണ് നടന്നത്. വോട്ടെണ്ണൽ 16നും സത്യപ്രതിജ്ഞ 21നു മായിരുന്നു. കണ്ണൂർ ജില്ലയിലെ മട്ടന്നൂർ നഗരസഭ ഒഴികെ സംസ്ഥാനത്തെ 1199 തദ്ദേശസ്ഥാപനങ്ങളിലേക്കുമുളള പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയാണ്. മട്ടന്നൂർ നഗരസഭയുടെ കാലാവധി 2027 സെപ്റ്റംബർ 10ന് മാത്രമേ അവസാനിക്കൂ.

941 ഗ്രാമപഞ്ചായത്തുകളിലെ 17337 വാർഡുകൾ, 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2267 വാർഡുകൾ, 14 ജില്ലാ പഞ്ചായത്തുകളിലെ 346 വാർഡുകൾ, 86 മുനിസിപ്പാലിറ്റികളിലെ 3205 വാർഡുകൾ, 6 കോർപ്പറേഷനുകളിലെ 421 വാർഡുകൾ എന്നിവയിലേക്കാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്നത് ആകെ 23576 വാർഡുകളിലേക്കാണ്. പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡീലിമിറ്റേഷൻ കമ്മീഷൻ തദ്ദേശ സ്ഥാപനങ്ങളുടെ വാർഡ് വിഭജനം നടത്തിയിരുന്നു.

2024 – ൽ സർക്കാർ പുതുക്കി. നിശ്ചയിച്ച അംഗസംഖ്യ പ്രകാരവും 2011-ലെ സെൻസസ് ജനസംഖ്യ അടിസ്ഥാനമാക്കിയുമാണ് വാർഡ് വിഭജനം നടത്തിയത്. ഗ്രാമപഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ എന്നിവയുടേത് ഒന്നാം ഘട്ടമായും ബ്ലോക്ക് പഞ്ചായത്തുകളുടേത് രണ്ടാംഘട്ടമായും ജില്ലാ പഞ്ചായത്തുകളുടേത് മൂന്നാംഘട്ടമായുമാണ് വാർഡ് വിഭജനം പൂർത്തിയാക്കിയത്. പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരി മുനിസിപ്പാലിറ്റി, തൃക്കടീരി ഗ്രാമപഞ്ചായത്ത് എന്നിവയിൽ വാർഡ് വിഭജനം ആവശ്യമായിരുന്നില്ല. വാർഡ് വിഭജനത്തിന്റെ ഭാഗമായി എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെയും ഡിജിറ്റൽ വാർഡ് മാപ്പ് ഐ.കെ.എം. സഹായത്തോടെ തയ്യാറാക്കി. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ ചെയർമാനും ഗവ. സെക്രട്ടറിമാരായ ഡോ. രത്തൻ യു. ഖേൽക്കർ, കെ. ബിജു, എസ്. ഹരികിഷോർ, ഡോ. കെ വാസുകി എന്നിവർ അംഗങ്ങളുമായ ഡീലിമിറ്റേഷൻ കമ്മീഷനാണ് വാർഡ് വിഭജനം നടത്തിയത്.

തദ്ദേശ സ്ഥാപനങ്ങളിൽ 2020 ലെ പൊതു തെരഞ്ഞെടുപ്പിനായി തയ്യാറാക്കിയ വോട്ടർപട്ടിക 2023 ലും 2024 ലും 2025-ൽ രണ്ടുതവണയും സംക്ഷിപ്തമായി പരിഷ്‌കരിച്ചാണ് 2025 ലെ പൊതു തെരഞ്ഞെടുപ്പിനായി ഉപയോഗിക്കുന്നത്. കേന്ദ്ര ഇലക്ഷൻ കമ്മീഷന്റെ 2014-ലെ അസംബ്ലി ബൂത്തുതല വോട്ടർപട്ടിക ഹൗസ് വെരിഫിക്കേഷൻ ഓഫീസർമാർ വീട് വീടാന്തരം സന്ദർശിച്ച് വാർഡുതലത്തിൽ ക്രമീകരിച്ചിരുന്നു. അത്തരത്തിൽ തയ്യാറാക്കിയ വോട്ടർപട്ടിക 2015 ലും 2020 ലും ആവശ്യമായ പുതുക്കലുകൾ വരുത്തി പൊതു തെരഞ്ഞെടുപ്പുകൾക്കും അതിനെ തുടർന്നുനടന്ന ഉപതെരഞ്ഞെടുപ്പുകൾക്കും ഉപയോഗിച്ചിരുന്നു.

സംസ്ഥാനത്താകെ 1200 തദ്ദേശ സ്ഥാപനങ്ങളിലുണ്ടായിരുന്ന 21900 വാർഡുകൾ ഡീലിമിറ്റേഷൻ പ്രക്രിയവഴി 23,612 ആയി വർദ്ധിച്ചു. പുതിയ വാർഡുകൾക്കനുസൃതമായി വോട്ടർപട്ടിക 2025 ആഗസ്റ്റിലും ഒക്ടോബറിലും രണ്ട് പ്രാവശ്യം പുതുക്കിയിരുന്നു. ആഗസ്റ്റിൽ തയ്യാറാക്കിയ വോട്ടർ പട്ടിക സെപ്റ്റംബർ 29ന് വീണ്ടും കരടായി പ്രസിദ്ധീകരിക്കുകയും അന്തിമ പട്ടിക ഒക്ടോബർ 25 ന് പ്രസിദ്ധീകരിക്കുകയും ചെയ്തു. ഒക്ടോബർ 25 ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിൽ 1,34,12,470 പുരുഷന്മാരും 1,50,18,010 സ്ത്രീകളും 281 ട്രാൻസ്ജെൻഡറുകളും ഉൾപ്പെടെ ആകെ 2,84,30,761 വോട്ടർമാരുണ്ട്. പ്രവാസി ഭാരതീയർക്കുള്ള വോട്ടർ പട്ടികയും തയ്യാറാക്കിയിട്ടുണ്ട്. പ്രവാസി പട്ടികയിൽ 2484 പുരുഷന്മാരും 357 സ്ത്രീകളും ഉൾപ്പെടെ ആകെ 2841 വോട്ടർമാരാണുളളത്.

ഒക്ടോബർ 25 ന് പ്രസിദ്ധീകരിച്ച അന്തിമ പട്ടികയിൽ ഉൾപ്പെടാത്തവർക്ക് പേര് ചേർക്കുന്നതിന് നവംബർ 4, 5 തീയതികളിൽ വീണ്ടും അവസരം നൽകിയിരുന്നു. അതോടൊപ്പം ഒഴിവാക്കലിനും ഭേദഗതിക്കും സ്ഥാനമാറ്റത്തിനും അവസരമുണ്ടായിരുന്നു. സപ്ലിമെന്ററി ലിസ്റ്റുകൾ 14ന് പ്രസിദ്ധീകരിക്കും. അത് അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് സൗജന്യമായി നൽകും. വോട്ടെടുപ്പിനായി 33,746 പോളിംഗ് സ്റ്റേഷനുകൾ ഉണ്ടാകും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് വാർഡുകളിലേക്കുളള വോട്ട് രേഖപ്പെടുത്തുന്നതിന് പഞ്ചായത്തുകൾക്കായി 28,127 ഉം മുനിസിപ്പാലിറ്റികൾക്ക് 3604 ഉം കോർപ്പറേഷനുകൾക്ക് 2015 ഉം പോളിംഗ് സ്റ്റേഷനുകളുമാണുളളത്. പഞ്ചായത്ത് തലത്തിൽ ഒരു വോട്ടർ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്ക് മൂന്ന് വോട്ടും നഗരസഭാതലത്തിൽ ഒരു വോട്ടുമാണ് രേഖപ്പെടുത്തേണ്ടത്.

തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് സംവരണ സംബന്ധിച്ച് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടേത് ജില്ലാ കളക്ടറും, മുനിസിപ്പാലിറ്റികളുടേത് തദ്ദേശ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറും കോർപ്പറേഷനുകളുടേത് തദ്ദേശ വകുപ്പ് അർബൻ ഡയറക്ടറുമായിരുന്നു അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥർ. സ്ത്രീ, പട്ടികജാതി സ്ത്രീ, പട്ടിക വർഗ്ഗ സ്ത്രീ, പട്ടികജാതി, പട്ടിക വർഗ്ഗം എന്നിങ്ങനെ അഞ്ച് വിഭാഗങ്ങൾക്കുളള സംവരണ വാർഡുകളുടെ എണ്ണം സർക്കാർ നിശ്ചയിച്ചിരുന്നു. അതനുസരിച്ച് ആവർത്തനക്രമം പാലിച്ച് നറുക്കെടുപ്പിലൂടെയാണ് സംവരണ വാർഡുകൾ കണ്ടെത്തിയിട്ടുള്ളത്.

തദ്ദേശ സ്ഥാപനങ്ങളുടെ അദ്ധ്യക്ഷ സ്ഥാനങ്ങളുടെ സംവരണം കമ്മീഷൻ നിശ്ചയിച്ച് വിജ്ഞാപനം ചെയ്തിട്ടുണ്ട്. അദ്ധ്യക്ഷസ്ഥാനം സ്ത്രീകൾക്കായി സംവരണം ചെയ്യാത്ത തദ്ദേശ സ്ഥാപനങ്ങളിൽ ഉപാധ്യക്ഷസ്ഥാനം സ്ത്രീകൾക്കായി സംവരണം ചെയ്തിട്ടുണ്ട്.

വോട്ടെടുപ്പിനായി ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ ഹൈദരാബാദ് ആസ്ഥാനമായ ഇലക്ട്രോണിക് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (ഇ.സി.ഐ.എൽ) സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനു വേണ്ടി നിർമ്മിച്ചു നൽകിയവയാണ്. ഇവയുടെ പരിശോധന ഇ.സി.ഐ. എൽ എൻജിനീയർമാരുടെ നേതൃത്വത്തിൽ പൂർത്തിയാക്കിയിട്ടുണ്ട്. 50,693 കൺട്രോൾ യൂണിറ്റുകളും 1,37,922 ബാലറ്റ് യൂണിറ്റുകളുമാണ് അത്തരത്തിൽ തെരഞ്ഞെടുപ്പിനായി തയ്യാറാക്കിയിട്ടുളളത്. ത്രിതല പഞ്ചായത്തുകളിൽ ഓരോ പോളിംഗ് സ്റ്റേഷനിലും ഒരു കൺട്രോൾ യൂണിറ്റും മൂന്ന് ബാലറ്റ് യൂണിറ്റുകളും ഉപയോഗിക്കും. പരിശോധന പൂർത്തിയാക്കിയ മെഷീനുകളിൽ വോട്ടെടുപ്പിന് ഒരാഴ്ച മുമ്പ് കാൻഡിഡേറ്റ് സെറ്റിംഗ് നടത്തും. ഒരു ബാലറ്റ് യൂണിറ്റിൽ പരമാവധി 15 സ്ഥാനാർത്ഥികളുടെ പേരും ചിഹ്നവുമാണ് രേഖപ്പെടുത്തുന്നത്. 15-ൽ അധികം സ്ഥാനാർത്ഥികൾ ഉണ്ടാവുകയാണെങ്കിൽ അധിക ബാലറ്റ് യൂണിറ്റ് സജ്ജമാക്കും.

വോട്ടെടുപ്പിന് ആവശ്യമായ പോളിംഗ് സാധനങ്ങളും ഫാറങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ലഭ്യമാക്കിയിട്ടുണ്ട്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ വോട്ടെടുപ്പിന് ഒരാഴ്ച മുമ്പ് ജില്ലാ വെയർഹൗസിൽ നിന്നും വരണാധികാരികൾക്ക് ലഭ്യമാക്കും. തെരഞ്ഞെടുപ്പിനായി വരണാധികാരികളെയും ഉപവരണാധികാരികളെയും കമ്മീഷൻ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജില്ലാ പഞ്ചായത്തിന്റെ വരണാധികാരി ജില്ലാ കളക്ടറാണ്. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവയ്ക്ക് ഒന്ന് വീതവും മുനിസിപ്പാലിറ്റി കോർപ്പറേഷനുകൾക്ക് വാർഡുകളുടെ എണ്ണത്തിനനുസരിച്ച് ഒന്നിലധികവും വരണാധികാരികൾ ഉണ്ടാവും. ആകെ 1249 വരണാധികാരികളാണുളളത്. ഓരോ വരണാധികാരിക്കും ഒന്നിലധികം ഉപവരണാധികാരികളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. വരണാധികാരികൾക്കും ഉപവരണാധികാരികൾക്കും ആവശ്യമായ പരിശീലനം നൽകിയിട്ടുണ്ട്.

ഓരോ പോളിംഗ് സ്റ്റേഷനിലും ഒരു പ്രിസൈഡിംഗ് ഓഫീസർ, 3 പോളിംഗ് ഓഫീസർമാർ എന്നിവരെ വോട്ടെടുപ്പിനായി നിയോഗിക്കും. വോട്ടെടുപ്പിനും പോളിംഗ് സാധനങ്ങളുടെ വിതരണത്തിനും മറ്റുമായി ഒരു ലക്ഷത്തി എൺപതിനായിരത്തോളം ഉദ്യോഗസ്ഥരെ നിയോഗിക്കും. കൂടാതെ സുരക്ഷാ ഉദ്യോഗസ്ഥരെയും നിയോഗിക്കും. പോളിംഗ് ഉദ്യോഗസ്ഥർക്കുളള പരിശീലനം വോട്ടെടുപ്പിന് മുമ്പ് നൽകും.

പോളിംഗ് സാധനങ്ങളുടെ വിതരണത്തിനും പോളിംഗിനു ശേഷം അവ തിരികെ വാങ്ങി സൂക്ഷിക്കുന്നതിനുമുള്ള വിതരണ സ്വീകരണ കേന്ദ്രങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. ത്രിതല പഞ്ചായത്തുകളെ സംബന്ധിച്ച് ബ്ലോക്ക് പഞ്ചായത്ത്തലത്തിലും, മുനിസിപ്പാലിറ്റി കോർപ്പറേഷനുകളെ സംബന്ധിച്ച് അതത് സ്ഥാപനതലത്തിലുമാണ് വിതരണസ്വീകരണ കേന്ദ്രങ്ങൾ സജ്ജമാക്കുന്നത്. വോട്ടെണ്ണലും ഇതേ കേന്ദ്രങ്ങളിൽ വച്ചാണ് നടത്തുന്നത്. അത്തരത്തിൽ സംസ്ഥാനത്ത് ആകെ 244 കേന്ദ്രങ്ങൾ ഉണ്ടാകും.

തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് രാഷ്ട്രീയ പാർട്ടികൾക്ക് ചിഹ്നം അനുവദിച്ച് കമ്മീഷൻ ഉത്തരവായിട്ടുണ്ട്. നാല് പട്ടികകളായി തിരിച്ചാണ് ചിഹ്നങ്ങൾ അനുവദിച്ചിട്ടുള്ളത്. ഒന്നാം പട്ടികയിൽ ദേശീയ പാർട്ടികൾക്കും രണ്ടാം പട്ടികയിൽ കേരളത്തിലെ സംസ്ഥാന പാർട്ടികൾക്കുമാണ് ചിഹ്നങ്ങൾ നൽകിയിട്ടുളളത്. മൂന്നാം പട്ടികയിൽ മറ്റു സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും അംഗീകൃത പാർട്ടികൾക്കും, കേരള നിയമസഭയിലോ തദ്ദേശസ്ഥാപനങ്ങളിലോ പ്രാധിനിത്യമുളള പാർട്ടികൾക്കുമുളള ചിഹ്നങ്ങളാണ് നൽകിയിട്ടുളളത്. നാലാം പട്ടികയിലെ ചില സ്വതന്ത്ര ചിഹ്നങ്ങൾ മുൻഗണനാപ്രകാരം നൽകുന്നതിന് രജിസ്ട്രേഡ് രാഷ്ട്രിയ പാർട്ടികൾക്ക് അനുവദിച്ചിട്ടുണ്ട്. അല്ലാത്തവ സ്വതന്ത്ര സ്ഥാനാർത്ഥികൾക്ക് നൽകും.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃക പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. പെരുമാറ്റചട്ടം സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും ബാധകമായിരിക്കും. സ്വതന്ത്രവും നിഷ്പക്ഷവും നീതിപൂർവവുമായ തെരഞ്ഞെടുപ്പ് നടത്തുന്നതിനാണ് പെരുമാറ്റച്ചട്ടം ഏർപ്പെടുത്തുന്നത്. ജാതിയുടെയോ സമുദായത്തിന്റെയോ ഭാഷയുടെയോ പേരിൽ വോട്ട് ചോദിക്കുകയോ മതസ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ എന്നിവ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ഉപയോഗിക്കാനോ പാടില്ല. മതപരമോ വംശപരമോ സമുദായപരമോ ഭാഷാപരമോ ആയ സംഘർഷങ്ങൾ ഉണ്ടാകുന്നതും പരസ്പര വിദ്വേഷം ജനിപ്പിക്കുന്നതുമായ പ്രചാരണപ്രവർത്തനങ്ങളും പാടില്ല. മറ്റു സ്ഥാനാർത്ഥികളുടെയോ പ്രതിപക്ഷപാർട്ടി പ്രവർത്തകരുടെയോ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട വിമർശനങ്ങളും പാടില്ല.

കേന്ദ്രത്തിലോ സംസ്ഥാനത്തിലോ തദ്ദേശ സ്ഥാപനങ്ങളിലോ അധികാരത്തിലിരിക്കുന്ന കക്ഷി ഔദ്യോഗിക സ്ഥാനം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വിനിയോഗിക്കരുത്. മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, മറ്റു ജനപ്രതിനിധികൾ എന്നിവർ തങ്ങളുടെ വിവേചനാധികാരം ഉപയോഗിച്ച് ആനുകൂല്യങ്ങൾ നൽകുകയോ പ്രഖ്യാപനങ്ങൾ നടത്തുകയോ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുകയോ ചെയ്യാൻ പാടില്ല. പുതിയ പദ്ധതികളോ സ്‌കീമുകളോ ആരംഭിക്കുകയോ ഉദ്ഘാടനം നടത്തുകയോ പാടില്ല. പെരുമാറ്റചട്ടം സംബന്ധിച്ച പരാതികൾ പരിശോധിക്കുന്നതിന് ജില്ലകളിൽ മോണിറ്ററിംഗ് കമ്മിറ്റി ഉണ്ടാകും. ജില്ലാ കളക്ടർ അധ്യക്ഷനും ജില്ലാ പോലീസ് മേധാവി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ, തദ്ദേശ വകുപ്പിലെ ജില്ലാ ജോയിന്റ് ഡയറക്ടർ, പ്രമുഖ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ കമ്മിറ്റിയിൽ അംഗങ്ങളുമായിരിക്കും.

മാധ്യമപ്രവർത്തകർക്കും പെരുമാറ്റച്ചട്ടം ബാധകമാണ്. തെരഞ്ഞെടുപ്പ് സംബന്ധിച്ച വാർത്തകളുടെ നിജസ്ഥിതി മനസ്സിലാക്കിയാവണം അവ പ്രസിദ്ധീകരിക്കേണ്ടത്. ഇതിനായി ജില്ലകളിൽ ജില്ലാ കളക്ടർ ചെയർമാനും ജില്ലാ ഇൻഫർമേഷൻ ഓഫീസർ കൺവീനറും ഐ & പി.ആർ വകുപ്പിലെ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ, ജില്ലാ കളക്ടറേറ്റിലെ ലോ ഓഫീസർ, ഒരു വിശിഷ്ട മാധ്യമ/സാമൂഹ്യ പ്രവർത്തകൻ, ഒരു അർട്ടിഫിഷ്യൽ ഇന്റലിജൻസ്/സോഷ്യൽമീഡിയ വിദഗ്ദ്ധൻ എന്നിവരടങ്ങുന്ന മീഡിയ റിലേഷൻ സമിതി രൂപീകരിച്ചിട്ടുണ്ട്. സംസ്ഥാനതലത്തിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സെക്രട്ടറി ചെയർമാനായും പബ്ലിക് റിലേഷൻസ് ഓഫീസർ കൺവീനറായും 8 അംഗ മീഡിയാ റിലേഷൻസ് സമിതിയും രൂപീകരിച്ചിട്ടുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സോഷ്യൽ മീഡിയ എന്നിവയിലൂടെ ഉള്ള വ്യാജ വാർത്തകൾക്കെതിരെ പ്രത്യേക ജാഗ്രത വേണം.

വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുമ്പുളള 48 മണിക്കൂർ സമയപരിധിയിൽ മാധ്യമങ്ങളിലൂടെ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്ന പ്രചാരണങ്ങൾ പാടില്ല. തെരഞ്ഞെടുപ്പ് സംപ്രേക്ഷണം സംബന്ധിച്ച് ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാൻഡേർഡ് അതോറിറ്റി നൽകിയിട്ടുളള നിർദ്ദേശങ്ങളും അച്ചടി മാധ്യമങ്ങൾക്കായി പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ നൽകിയിട്ടുളള മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കണം.

പെരുമാറ്റചട്ടം സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ കമ്മീഷൻ പുറപ്പെടുവിച്ചിട്ടുണ്ട്. അവ പാലിക്കാനും തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുന്നതിനും ബന്ധപ്പെട്ടവർ ആവശ്യമായ നടപടി സ്വീകരിക്കേണ്ടതാണ്. സ്വതന്ത്രവും സമാധാനപരവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്തുന്നതിന് വേണ്ട എല്ലാ കരുതൽ നടപടികളും കമ്മീഷൻ സ്വീകരിക്കും.

ക്രമസമാധാനപാലനത്തിന് വേണ്ട ക്രമീകരണങ്ങൾ സംസ്ഥാന പോലീസ് ചീഫുമായി ആലോചിച്ച് ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനായി 70,000 പോലീസ് ഓഫീസർമാരെ നിയോഗിക്കും. പ്രശ്നബാധിത ബൂത്തുകളുടെ വിവരം ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നൽകുന്ന മുറയ്ക്ക് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതാണ്. പ്രശ്നബാധിത ബൂത്തുകളിൽ ആവശ്യാനുസരണം വീഡിയോഗ്രാഫിയോ വെബ്കാസ്റ്റിംഗോ ഏർപ്പെടുത്തും. അധിക സുരക്ഷാ സംവിധാനവും ഏർപ്പെടുത്തും. പോലീസ് സബ്ഇൻസ്പെക്ടർമാർ, സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടുമാർ എന്നിവർക്കുളള സ്ഥലമാറ്റ മാനദണ്ഡങ്ങൾ കമ്മീഷൻ പുറപ്പെടുവിച്ചതനുസരിച്ച് ഉദ്യോഗസ്ഥരെ പുനർ വിന്യസിച്ചിട്ടുണ്ട്.

സ്ഥാനാർത്ഥികളുടെയും രാഷ്ട്രീയപാർട്ടികളുടെയും തെരഞ്ഞെടുപ്പ് പ്രചാരണം നിയമാനുസൃതവും കമ്മീഷന്റെ മാർഗനിർദ്ദേശങ്ങൾക്ക് വിധേയവുമായിരിക്കണം. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ മാതൃകാ പെരുമാറ്റചട്ടത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. വാഹന പ്രചാരണത്തിനും പൊതുയോഗങ്ങൾ, പ്രകടനങ്ങൾ, എന്നിവയ്ക്കും പോലീസ് അധികാരികളിൽ നിന്ന് മുൻകൂട്ടി അനുമതി വാങ്ങേണ്ടതുണ്ട്. ഉച്ചഭാഷിണിയുടെ ഉപയോഗം രാത്രി 10 മണിക്ക് ശേഷം രാവിലെ 6 മണിവരെ പാടില്ലാത്തതാണ്. നിയമാനുസൃതമായ ശബ്ദപരിധി പാലിച്ചായിരിക്കണം പ്രചാരണ പ്രവർത്തനം നടത്തേണ്ടത്. പരസ്യപ്രചാരണം വോട്ടെടുപ്പ് അവസാനിക്കുന്ന സമയത്തിന് 48 മണിക്കൂർ മുമ്പ് വരെ മാത്രമെ പാടുളളൂ.

സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും അച്ചടിക്കുന്ന പോസ്റ്ററുകളിലും ലഘുലേഖകളിലും അച്ചടിക്കാരന്റെയും പ്രസാധകന്റെയും പേരും വിലാസവും കോപ്പികളുടെ എണ്ണവും ഉണ്ടായിരിക്കണം. അച്ചടിക്കുന്ന രേഖയുടെ പകർപ്പും പ്രസാധകന്റെ പ്രഖ്യാപനവും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് നൽകിയിരിക്കണം. വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുമ്പുളള 48 മണിക്കൂർ വേളയിൽ മദ്യനിരോധനം ഏർപ്പെടുത്തും. വോട്ടെണ്ണൽ ദിവസവും മദ്യനിരോധനം ഉണ്ടാകും.

തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായി ഓരോ ജില്ലയിലും ഒരു ജനറൽ ഒബ്സർവർ ഉണ്ടാകും. ഐഎഎസ്/ഐഎഫ്എസ് തലത്തിലുളള ഒരു ഓഫീസറെ ഇതിനായി കമ്മീഷൻ നിയമിക്കും. സ്ഥാനാർത്ഥികളുടെ ചെലവ് കണക്ക് നിരീക്ഷിക്കുന്നതിനായി ചെലവ് നിരീക്ഷകരെയും കമ്മീഷൻ നിയോഗിക്കും. പൊതു സ്ഥാപനങ്ങളും പരിസരവും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാൻ പാടില്ല. പൊതുസ്ഥലങ്ങളും സ്ഥാപനങ്ങളും വികൃതമാക്കുന്ന തരത്തിലുള്ളതും അനധികൃതവുമായ പ്രചാരണങ്ങൾ മോണിറ്റർ ചെയ്ത് നടപടി എടുക്കുന്നതിന് താലൂക്ക്തലത്തിലും ജില്ലാതലത്തിലും ആന്റിഡീഫേയ്സ്മെന്റ് സ്‌ക്വാഡ് ഉണ്ടാകും.

ഗ്രീൻ പ്രോട്ടോകോൾ പാലിച്ച് കൊണ്ടായിരിക്കും തെരഞ്ഞെടുപ്പ് നടത്തുക. ഇതു സംബന്ധിച്ച വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ കമ്മീഷൻ പുറപ്പെടുവിച്ചിട്ടുണ്ട്. പ്രകൃതി സൗഹൃദപരവും നിയമാനുസൃതവുമായ മാർഗ്ഗങ്ങൾ മാത്രം സ്വീകരിച്ചുകൊണ്ട്. തെരഞ്ഞെടുപ്പ് നടത്താൻ എല്ലാവരും ജാഗ്രത പാലിക്കേണ്ടതാണ്. സ്ഥാനാർത്ഥികൾക്ക് പരമാവധി ചെലവഴിക്കാവുന്ന തുക ഗ്രാമപഞ്ചായത്തിൽ 25,000 രൂപയും ബ്ലോക്ക് പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും 75,000 രൂപയും ജില്ലാ പഞ്ചായത്തിലും കോർപ്പറേഷനിലും 1,50,000 രൂപയുമാണ്. സ്ഥാനാർത്ഥികളുടെ ചെലവ് കണക്ക് ഫലപ്രഖ്യാപന തീയതി മുതൽ 30 ദിവസത്തിനകം തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് നൽകിയിരിക്കണം. ചെലവ് കണക്ക് നൽകാതിരിക്കുകയോ പരിധിയിൽ കൂടുതൽ ചെലവഴിക്കുകയോ ചെയ്യുന്ന സ്ഥാനാർത്ഥികളെ ഉത്തരവ് തീയതി മുതൽ അഞ്ച് വർഷക്കാലത്തേക്ക് കമ്മീഷൻ അയോഗ്യരാക്കും.

വോട്ടെടുപ്പ് ദിവസം രാവിലെ ആറുമണിക്ക് അതാത് പോളിംഗ് സ്റ്റേഷനിൽ വച്ച് മോക്പോൾ നടത്തും. വോട്ടെടുപ്പ് രാവിലെ 7 മണിക്ക് ആരംഭിക്കും. വൈകുന്നേരം ആറുമണി വരെയാണ് പോളിംഗ്. വോട്ടർമാർക്ക് സൗകര്യപ്രദമായ രീതീയിലാണ് പോളിംഗ് സ്റ്റേഷനുകൾ ക്രമീകരിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളായ വൈദ്യുതി, കുടിവെളളം, റാമ്പ്, സുഗമമായ വോട്ടിംഗിംനും വിശ്രമിക്കുന്നതിനുമുളള സൗകര്യം എന്നിവ ഏർപ്പെടുത്തും.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, ഫോട്ടോ പതിച്ച എസ്എസ്എൽസി ബുക്ക്, ഏതെങ്കിലും ദേശസാൽക്കൃത ബാങ്കിൽ നിന്നും 6 മാസത്തിനു മുമ്പ് നൽകിയ ഫോട്ടോ പതിച്ച പാസ് ബുക്ക്, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ തിരിച്ചറിയൽ രേഖ, ആധാർ കാർഡ് എന്നിവയാണ് വോട്ട് ചെയ്യുന്നതിന് ഹാജരാക്കാവുന്ന തിരിച്ചറിയൽ രേഖകൾ. വോട്ടേഴ്സ് ലിസ്റ്റിൽ പേരുളള മുഴുവൻ പേരും പോളിംഗ് സ്റ്റേഷനിൽ എത്തി അവരുടെ വിലയേറിയ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് കമ്മീഷൻ അഭ്യർത്ഥിക്കുകയാണ്.

വോട്ടെടുപ്പ് ദിവസം എല്ലാ സർക്കാർ, പൊതുമേഖലാ ജീവനക്കാർക്കും നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് ആക്ട് പ്രകാരം അവധി അനുവദിക്കും. സ്വകാര്യ മേഖലയിലെ വ്യാപാര, വാണിജ്യ, വ്യവസായ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അവധിയോ വോട്ട്ചെയ്യുന്നതിനുളള അനുമതിയോ നൽകുന്നതിന് കമ്മീഷൻ ഉത്തരവ് പുറപ്പെടുവിക്കും. വോട്ടർപട്ടികയ്ക്കായി Electoral Roll Management System എന്ന സോഫ്റ്റ് വെയറും തെരഞ്ഞെടുപ്പ് ഡ്യൂട്ടികൾക്കായി നിയോഗിക്കുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങൾക്ക് e-Drop, വോട്ടെണ്ണലിനായി TREND, ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, വരണാധികാരി, സെക്ടറൽ ഓഫീസർ, പ്രിസൈഡിംഗ് ഓഫീസർ എന്നിവർക്ക് പോളിംഗ് ദിവസവും തലേന്നും മോണിറ്ററിംഗിനായി Poll Manager, സ്ഥാനാർത്ഥികൾക്കുളള Nomination Management System, EVM Tracking Software എന്നീ ഐടി ആപ്ലിക്കേഷനുകളും കമ്മീഷൻ പൊതു തെരഞ്ഞെടുപ്പിനായി വിന്യസിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പ് വിജ്ഞാപന തീയതി മുതൽ നാമനിർദ്ദേശപത്രിക സമർപ്പിക്കാം. നിശ്ചിത ദിവസങ്ങളിൽ രാവിലെ 11 മണിക്കും വൈകുന്നേരം 3 മണിക്കുമിടയിൽ വേണം പത്രിക സമർപ്പിക്കേണ്ടത്. നാമനിർദ്ദേശപത്രിക നിശ്ചിത ഫാറത്തിൽ (ഫാറം 2) വേണം നൽകേണ്ടത്. പത്രികയോടൊപ്പം ഫാറം 2എ – ൽ സ്ഥാവര ജംഗമ സ്വത്തുക്കളുടെയും, ബാധ്യത/കുടിശ്ശികയുടെയും, ക്രിമിനൽ കേസുകളുടെയും ഉൾപ്പടെയുളള വിശദവിവരങ്ങൾ നൽകണം. സ്ഥാനാർത്ഥി നിക്ഷേപമായി ഗ്രാമപഞ്ചായത്തിൽ 2,000 രൂപയും ബ്ലോക്ക് പഞ്ചായത്തിലും, മുനിസിപ്പാലിറ്റിയിലും 4,000 രൂപയും ജില്ലാ പഞ്ചായത്തിലും കോർപ്പറേഷനിലും 5,000 രൂപയും കെട്ടിവയ്ക്കണം. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് നിശ്ചിത തുകയുടെ പകുതി മതിയാകും.

സ്ഥാനാർത്ഥിക്ക് നോമിനേഷൻ നൽകുന്ന ദിവസം 21 വയസ്സ് പൂർത്തിയായിരിക്കണം. പട്ടികജാതി, പട്ടികവർഗ്ഗ സംവരണ വാർഡുകളിൽ മത്സരിക്കുന്നവർ ബന്ധപ്പെട്ട അധികാരിയിൽനിന്നുളള ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കണം. വരണാധികാരിയുടെയോ കമ്മീഷൻ അധികാരപ്പെടുത്തിയ ഓഫീസറുടെയോ മുമ്പാകെ നിശ്ചിത ഫോറമനുസരിച്ച് സത്യപ്രതിജ്ഞയോ ദൃഡപ്രതിജ്ഞയോ നടത്തി ഒപ്പിട്ടുനൽകുകയും വേണം.

നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ പോകുന്ന സ്ഥാനാർത്ഥിക്കൊപ്പം മൂന്ന് അകമ്പടി വാഹനങ്ങൾ മാത്രമേ 100 മീറ്റർ പരിധിക്കുളളിൽ അനുവദിക്കൂ. വരണാധികാരി/ ഉപവരണാധികാരി മുമ്പാകെ പത്രിക സമർപ്പിക്കുന്ന വേളയിൽ വരണാധികാരിയുടെ റൂമിലേക്ക് സ്ഥാനാർത്ഥി ഉൾപ്പെടെ 5 പേർക്ക് മാത്രമേ പ്രവേശനാനുമതിയുളളൂ.

സ്ഥാനാർത്ഥികളുടെ യോഗ്യതകളും അയോഗ്യതകളും സംബന്ധിച്ച മാർഗ്ഗരേഖ കമ്മീഷൻ പുറപ്പെടുവിച്ചിട്ടുണ്ട്. വോട്ടെണ്ണൽ ബന്ധപ്പെട്ട വിതരണ കേന്ദ്രങ്ങളിൽ വച്ച് രാവിലെ 8 മണിമുതൽ ആരംഭിക്കും. ആദ്യം തപാൽ വോട്ടുകളാണ് എണ്ണുന്നത്. അതിനെത്തുടർന്ന് വോട്ടിംഗ് മെഷിനിലെ വോട്ടുകൾ എണ്ണും. ഒരു വാർഡിലെ എല്ലാ പോളിംഗ് സ്റ്റേഷനുകളിലേയും വോട്ടുകൾ ഒരേ ടേബിളിലായിരിക്കും എണ്ണുക. വോട്ടെണ്ണൽ പുരോഗതി അപ്പപ്പോൾ തന്നെ TREND സോഫ്റ്റുവെയറിലൂടെ ലഭ്യമാക്കും.

തദ്ദേശസ്ഥാപനങ്ങളുടെ നിലവിലെ ഭരണസമിതിയുടെ കാലാവധി അവസാനിക്കുന്ന മുറയ്ക്ക് പുതിയതായി തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളുടെയും കൗൺസിലർമാരുടെയും സത്യപ്രതിജ്ഞ/ദൃഢപ്രതിജ്ഞ ചെയ്യേണ്ടതുണ്ട്. സത്യപ്രതിജ്ഞ തീയതിയും ആദ്യയോഗം വിളിച്ചുചേർക്കുന്നത് സംബന്ധിച്ചും സർക്കാർ മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിക്കും. അതനുസരിച്ചുള്ള തുടർനടപടി ബന്ധപ്പെട്ട വരണാധികാരികൾ സ്വീകരിക്കും. അംഗങ്ങളുടെ സത്യപ്രതിജ്ഞക്ക് ശേഷം കമ്മീഷൻ നിശ്ചയിക്കുന്ന തീയതികളിൽ അധ്യക്ഷൻ, ഉപാധ്യക്ഷൻ, സ്റ്റാൻഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പുകൾ നടത്തും.

പ്രാദേശിക ഭരണം ശക്തമാക്കുന്നതിന് വേണ്ടിയുളള ഈ ജനാധിപത്യ പ്രക്രിയിൽ എല്ലാ രാഷ്ട്രിയ പാർട്ടികളുടെയും സ്ഥാനാർത്ഥികളുടെയും വോട്ടർമാരുടെയും സഹകരണം ഉണ്ടാകണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണർ അഭ്യർത്ഥിച്ചു.