മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ ശ്രവണശേഷി നഷ്ടപ്പെട്ടവർക്ക് മാനന്തവാടി ഗവ എൻജിനീയറിങ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റ് ശ്രവണസഹായികൾ കൈമാറി. ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന പരിപാടിയിൽ വിദ്യാർത്ഥികൾ ശ്രവണസഹായികൾ കളക്ടർ ഡി.ആർ മേഘശ്രീക്ക് കൈമാറി. ക്യാമ്പസ് ടു കമ്മ്യൂണിറ്റി പദ്ധതിയുടെ ഭാഗമായി ഉന്നത നിലവാരമുള്ള മൂന്ന് ശ്രവണസഹായികളാണ് വിദ്യാര്‍ത്ഥികൾ ദുരന്ത ബാധിതര്‍ക്ക് നൽകിയത്. ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി തയ്യാറാക്കിയ മൈക്രോ പ്ലാൻ പ്രൊജക്ട് വഴി കണ്ടെത്തിയ ഗുണഭോക്താക്കൾക്കാണ് മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യുന്നത്.

ഓണക്കാലത്ത് എൻ.എസ്.എസ് യൂണിറ്റുകൾ സംഘടിപ്പിച്ച ഓണം സമ്മാന കൂപ്പൺ ചലഞ്ചിലൂടെയാണ് പദ്ധതിക്കായി 65,000 രൂപ കണ്ടെത്തിയത്. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ എസ്. അഞ്ജന, ഡോ. പി.നികേഷ് എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർത്ഥി പ്രതിനിധികളായ അതുൽ വിനോദ്, നസ്‌ല, സുബിൻ, അഭിഷേക്, അദീന, മിദ, സ്നേഹ, അനിരുദ്ധ്, ഫാദിൽ, ഹിദാഷ്, ശ്രീദക്ഷിണ എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. അസിസ്റ്റന്റ് കളക്ടർ അർച്ചന പി.പി, മൈക്രോപ്ലാൻ പ്രോജക്ട് കോഓർഡിനേറ്റർ റോഷൻ രാജു, മൈക്രോപ്ലാൻ പ്രോജക്ട് അസിസ്റ്റന്റ് ഡെൽന ജോൺ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.