ശബരിമല ദര്‍ശനത്തിനെത്തുന്ന അയ്യപ്പഭക്തര്‍ക്ക് തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനെ ഇന്ന് (ജനുവരി 17) രാത്രി എട്ടുവരെ കണ്ടു തൊഴാം. ജനുവരി 14 ന് മകരസംക്രമ നാളിലെ സന്ധ്യാ ദീപാരാധനയിലാണ് പന്തളം കൊട്ടാരത്തില്‍ നിന്നെത്തിച്ച തിരുവാഭരണങ്ങള്‍ അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തിയത്. തുടര്‍ന്നായിരുന്നു മകരജ്യോതി ദര്‍ശനം. അയ്യപ്പന്റെ പിതൃസ്ഥാനീയനായ പന്തളം രാജാവ് പണികഴിപ്പിച്ചതാണ് ഈ തിരുവാഭരണങ്ങളെന്നാണ് വിശ്വാസം.
ജനുവരി 18 വരെയാണ് നെയ്യഭിഷേകം. ജനുവരി 19 രാത്രി വരെ ഭക്തര്‍ക്ക് ദര്‍ശന സൗകര്യമുണ്ട്. ജനുവരി 19 ന് മാളികപ്പുറത്ത് ഗുരുതി നടക്കും. ജനുവരി 20ന് പന്തളം രാജപ്രതിനിധി ദര്‍ശനം നടത്തിയതിന് ശേഷം മണ്ഡല, മകരവിളക്ക് മഹോത്സവത്തിന് സമാപനം കുറിച്ച് നട രാവിലെ 6.30 ന് അടയ്ക്കും.
ശബരിമല ദര്‍ശനത്തിനായുള്ള സ്പോട്ട് ബുക്കിംഗ് കൗണ്ടറുകള്‍ മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി അയ്യപ്പഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കുന്ന ജനുവരി 19 വരെ പ്രവര്‍ത്തിക്കും.
പമ്പ, നിലയ്ക്കല്‍, എരുമേലി എന്നിവിടങ്ങളിലാണ് സ്പോട്ട് ബുക്കിംഗ് സൗകര്യമുള്ളത്. വെര്‍ച്വല്‍ ക്യൂ ബുക്കിംഗും ജനുവരി 19 വരെയുണ്ടാകും. ജനുവരി 18 വരെ ഓരോ ദിവസവും വെര്‍ച്വല്‍ ക്യൂ വഴി 50,000 പേരെയും സ്പോട്ട് ബുക്കിംഗ് വഴി 5,000 പേരെയും പ്രവേശിപ്പിക്കും. ജനുവരി 19ന് വെര്‍ച്വല്‍ ക്യൂ വഴി 30,000 പേരെയും സ്പോട്ട് ബുക്കിംഗ് വഴി 5,000 പേരെയും കടത്തിവിടും.


