മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് സന്നിധാനത്ത് നടക്കുന്ന കളമെഴുത്തിന് നാളെ (ജനുവരി 18) സമാപനം. മാളികപ്പുറം മണിമണ്ഡപത്തില്‍ മകരസംക്രമ ദിനം മുതല്‍ അഞ്ച് ദിവസത്തേയ്ക്കാണ് കളമെഴുത്ത്. അയ്യപ്പന്റെ ബാല്യം, കൗമാരം, യൗവനം, കര്‍മപൂര്‍ത്തീകരണം, ധര്‍മശാസ്താവിലേക്കുള്ള പരിണാമം എന്നിവയാണ് കളത്തില്‍. ആദ്യ ദിനത്തില്‍ ബാലമണികണ്ഠവേഷം, തുടര്‍ന്ന് വില്ലാളിവീരന്‍, രാജകുമാരന്‍, ഇന്ന് (ജനുവരി 17) പുലിവാഹനന്‍, സമാപന ദിനമായ ജനുവരി 18 ന് തിരുവാഭരണ വിഭൂഷിതനായ ധര്‍മശാസ്താവിനെയുമാണ് കളമെഴുതുന്നത്.

 

റാന്നി കുന്നയ്ക്കാട്ട് കുറുപ്പുമാരുടെ കുടുംബത്തിനാണ് കളമെഴുതുന്നതിനുള്ള അവകാശം. രതീഷ് അയ്യപ്പകുറുപ്പ്, അജിത് ജനാര്‍ദന കുറുപ്പ്, ജയകുമാര്‍ ജനാര്‍ദനകുറുപ്പ് എന്നിവര്‍ നേതൃത്വം നല്‍കുന്നു. പന്തളം കൊട്ടാരത്തില്‍ നിന്ന് കളമെഴുത്തിനുള്ള പ്രകൃതിദത്തമായ നിറങ്ങള്‍ നല്‍കുന്നു. മഞ്ഞള്‍, ഉമിക്കരി, വാകപ്പൊടി, മഞ്ഞളും ചുണ്ണാമ്പും ചേര്‍ത്തുള്ള സിന്ദൂരം എന്നിവയാണ് പ്രധാനമായും ഉപയോഗിക്കുന്നത്.

 

കളമെഴുത്തിന് ശേഷം സന്നിധാനത്തേയ്ക്ക് എഴുന്നളളത്ത്. തുടര്‍ന്ന് പതിനെട്ടാം പടിക്ക് താഴെയുള്ള നിലപാട് തറയില്‍ നിന്ന് തെക്കോട്ട് നോക്കി നായാട്ടുവിളിക്കും. അവസാന ദിനമായ നാളെ (ജനുവരി 18) കളമെഴുതിയതിന് ശേഷം ശരകുത്തിയിലേക്ക് എഴുന്നള്ളി നായാട്ട് വിളിക്കും. മകരവിളക്ക് മഹോത്സവ വേളയില്‍ കാട്ടിലേക്ക് മടങ്ങിയ അയ്യപ്പസ്വാമിയുടെ കാവലാളുകളായ മലദൈവങ്ങളെയും ഭൂതഗണങ്ങളെയും തിരിച്ച് സന്നിധാനത്തേയ്ക്ക് കൂട്ടികൊണ്ടു വരുന്നു എന്നതാണ് സങ്കല്‍പ്പം. ശരംകുത്തിയില്‍ നിന്ന് തീവെട്ടിയും മേളവുമില്ലാതെ നിശശബ്ദമായാണ് മടക്കം. തിരിച്ച് മാളികപുറത്തെത്തി കളം മായ്ക്കും. തുടര്‍ന്ന് മാളികപ്പുറം മേല്‍ശാന്തി, നായാട്ടുവിളി സംഘം, തിരുവാഭരണ പേടകവാഹക സംഘം എന്നിവര്‍ക്ക് മണിമണ്ഡപം പൂജാരിമാര്‍ കിഴിപ്പണം നല്‍കുന്നതോടെ ചടങ്ങ് അവസാനിക്കും.