ശബരിമല മകരവിളക്ക് മഹോത്സവത്തിന്റെ പ്രധാന ചടങ്ങായ കളമെഴുത്ത്, വിളക്കെഴുന്നള്ളത്ത്, നായാട്ടുവിളിക്ക് സമാപനം. മാളികപ്പുറം മണിമണ്ഡപത്തില്‍ മകരസംക്രമ ദിനം മുതല്‍ അഞ്ച് ദിവസത്തേയ്ക്കായിരുന്നു കളമെഴുത്ത്. അവസാന ദിനമായ ഇന്നലെ (ജനുവരി 18) തിരുവാഭരണ വിഭൂഷിതനായ ധര്‍മശാസ്താവിനെ വരച്ചു.

ബാലമണികണ്ഠവേഷം, വില്ലാളിവീരന്‍, രാജകുമാരന്‍, പുലിവാഹനന്‍ എന്നീ രൂപങ്ങളായിരുന്നു ആദ്യ നാലു ദിവസങ്ങളില്‍. അയ്യപ്പന്റെ ബാല്യം, കൗമാരം, യൗവനം, കര്‍മപൂര്‍ത്തീകരണം, ധര്‍മശാസ്താവിലേക്കുള്ള പരിണാമം എന്നിങ്ങനെയാണ് സങ്കല്‍പം. റാന്നി കുന്നയ്ക്കാട്ട് കുടുംബത്തിലെ രതീഷ് അയ്യപ്പകുറുപ്പ്, അജിത് ജനാര്‍ദന കുറുപ്പ്, ജയകുമാര്‍ ജനാര്‍ദനകുറുപ്പ് എന്നിവര്‍ നേതൃത്വം നല്‍കി. പന്തളം കൊട്ടാരം നല്‍കിയ മഞ്ഞള്‍, ഉമിക്കരി, വാകപ്പൊടി, മഞ്ഞളും ചുണ്ണാമ്പും ചേര്‍ത്തുള്ള സിന്ദൂരം എന്നിവ ഉപയോഗിച്ച് കളമെഴുതി.

 

കളമെഴുത്തിന് ശേഷം തലപ്പാറമല, ഉടുമ്പാറമല എന്നിവയുടെ കൊടികള്‍, വാദ്യോപകരണങ്ങള്‍, തീവെട്ടി, കുത്തുവിളക്ക് എന്നിവയുമായി ശരകുത്തിയിലേക്ക് എഴുന്നള്ളി നായാട്ടുവിളിച്ചു. ആദ്യ നാലു ദിവസം പതിനെട്ടാം പടിക്ക് താഴെയുള്ള നിലപാട് തറയില്‍ നിന്ന് തെക്കോട്ട് നോക്കിയായിരുന്നു നായാട്ടുവിളി. ഉത്സവത്തിനെത്തിയ ഭക്തരെ ക്ഷേത്ര അതിര്‍ത്തിയിലെത്തിച്ച് യാത്രയാക്കുന്നു എന്നതാണ് ശരംകുത്തിയിലേക്കുള്ള എഴുന്നള്ളത്തിന്റെ വിശ്വാസം. ഉത്സവ വേളയില്‍ ശബരിമലയില്‍ നിന്ന് ഉള്‍ക്കാടുകളിലേക്ക് പോയ അയ്യപ്പസ്വാമിയുടെ കാവലാളുകളായ ഭൂതഗണങ്ങളേയും മലദൈവങ്ങളേയും അയ്യപ്പസ്വാമി നേരിട്ട് വിളിച്ച് ശബരിമലയിലേക്ക് കൂട്ടിക്കൊണ്ടു വരുന്നു എന്ന സങ്കല്‍പത്തിലാണ് നായാട്ടുവിളി.

റാന്നി -പെരുനാട് പുന്നമൂട്ടില്‍ കുടുംബത്തിലെ പി.ജി. മഹേഷ് നായാട്ടുവിളിയിലെ ശീലുകള്‍ ചൊല്ലി. പദ്യരൂപത്തില്‍ ചിട്ടപ്പെടുത്തിയ അയ്യപ്പസ്വാമിയുടെ ഐതിഹ്യം ആസ്പദമാക്കിയ 576 ശീലുകളാണിത്.

ശരംകുത്തിയില്‍ നിന്ന് തീവെട്ടിയും മേളവുമില്ലാതെ നിശശ്ബദമായി മടങ്ങിയ സംഘം മാളികപുറത്തെത്തി. തുടര്‍ന്ന് മാളികപ്പുറം മേല്‍ശാന്തി, നായാട്ടുവിളി സംഘം, തിരുവാഭരണ പേടകവാഹക സംഘം, കുത്തുവിളക്ക് എടുക്കുന്ന കഴകം എന്നിവര്‍ക്ക് മണിമണ്ഡപം കര്‍മികള്‍ കിഴിപ്പണം നല്‍കി. തുടർന്ന് കളം മായ്ച്ചതോടെ ചടങ്ങ് അവസാനിച്ചു.