തിരുവനന്തപുരത്തു പുതുതായി നിർമിച്ച പൂജപ്പുര ഹെഡ് പോസ്റ്റ് ഓഫീസ് കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. ആധുനികവും ജനകേന്ദ്രീകൃതവുമായ പൊതുസൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവയ്പാണിത്.

38,790 ചതുരശ്രയടി വിസ്തീർണത്തിൽ, എല്ലാവിധ ആധുനിക സജ്ജീകരണങ്ങളോടുംകൂടി നിർമിച്ച ഈ ആറുനില മന്ദിരം (GF+5) കരമന-തിരുമല പ്രധാന റോഡിലാണു സ്ഥിതിചെയ്യുന്നത്. പൊതുജനങ്ങൾക്ക് എളുപ്പത്തിൽ എത്തിച്ചേരാനും പെട്ടെന്നു തിരിച്ചറിയാനും കഴിയുന്ന വിധത്തിലാണ് ഓഫീസ് നിലകൊള്ളുന്നത്. 19.82 കോടി രൂപ ചെലവിൽ നിർമിച്ച ഈ കെട്ടിടത്തിന്റെ രൂപകൽപ്പന, സമകാലിക സേവന-പ്രവർത്തന ആവശ്യ​ങ്ങൾ നിറവേറ്റുന്ന രീതിയിലാണ്.

കാര്യക്ഷമമായ സേവനവും മികച്ച ഉപഭോക്തൃ അനുഭവവും ഉറപ്പാക്കുന്നതിനായി ഏഴു പ്രത്യേക കൗണ്ടറുകളും അത്യാധുനിക തൊഴിലിടങ്ങളും ഹെഡ് പോസ്റ്റ് ഓഫീസിൽ സജ്ജീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം നഗരസഭാപരിധിയിലെ 56 ചതുരശ്ര കിലോമീറ്റർ പ്രദേശത്തായി വസിക്കുന്ന ഏകദേശം 3.1 ലക്ഷം പേർക്ക് ഈ ഓഫീസിന്റെ സേവനം ലഭ്യമാകും.

8 വിതരണ ജീവനക്കാർ ഉൾപ്പെടെ 76 ജീവനക്കാരുള്ള ഈ പോസ്റ്റ് ഓഫീസ്, അത്യാധുനിക തപാൽ സാങ്കേതികവിദ്യ (APT) ഉപയോഗപ്പെടുത്തി തപാൽ, ബാങ്കിങ്, ഇൻഷുറൻസ്, മറ്റു ഗവണ്മെന്റ് സേവനങ്ങൾ എന്നിവ നൽകുന്ന സംയോജിത പൊതുസേവനകേന്ദ്രമായി പ്രവർത്തിക്കുന്നു. കെട്ടിടത്തിന്റെ മുകളിലത്തെ നിലകളിൽ അക്കൗണ്ടിങ്, ഓഡിറ്റിങ് വിഭാഗങ്ങളിലായി 142 ജീവനക്കാർ കൂടി പ്രവർത്തിക്കും.
പുതിയ കേന്ദ്രം ഡിജിറ്റൽ വിനിമയക്ഷമതയ്ക്കു കരുത്തേകുകയും സാമ്പത്തിക ഉൾച്ചേർക്കൽ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. വികസിത ഇന്ത്യ എന്ന ലക്ഷ്യത്തോടുള്ള തപാൽ വകുപ്പിന്റെ പ്രതിജ്ഞാബദ്ധത ഇത് ആവർത്തിച്ചുറപ്പിക്കും.