കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരത്തെ സി.എസ്.ഐ.ആർ-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി (CSIR-NIIST) തോന്നക്കലിലെ ബയോ-360 ലൈഫ് സയൻസ് പാർക്കിൽ സ്ഥാപിക്കുന്ന ഇന്നൊവേഷൻ, ടെക്നോളജി ആൻഡ് എൻ്റർപ്രണർഷിപ്പ് ഹബ്ബിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശിലാസ്ഥാപനം നടത്തി.

 

ആയുർവേദ ഗവേഷണം, സുസ്ഥിര പാക്കേജിംഗിനായുള്ള മികവിൻ്റെ കേന്ദ്രങ്ങൾ, കയർ, റബർ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയ്ക്കുള്ള പ്രാദേശിക വിഭവ വികസന കേന്ദ്രം, മലിനജലത്തിൽ നിന്നുള്ള സോളാർ ഹൈഡ്രജൻ ഉല്പാദനത്തിനായുള്ള പ്രാരംഭ സംരംഭം എന്നിങ്ങനെ അഞ്ച് മേഖലകളിലാണ് കേന്ദ്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് സിഎസ്ഐആർ ഡയറക്ടർ ജനറലും ഡിഎസ്ഐആർ സെക്രട്ടറിയുമായ ഡോ. എൻ. കലൈശെൽവി പറഞ്ഞു.

 

തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. സംരംഭകത്വത്തിന് ആവശ്യമായ എല്ലാ പിന്തുണയും കേന്ദ്രം നൽകുമെന്നും ഡോ. എൻ. കലൈശെൽവി അറിയിച്ചു.

കേരളത്തിൻ്റെ പ്രാദേശിക വ്യവസായങ്ങൾക്ക് മുൻ​ഗണന നൽകിയും, സമൂഹത്തിൻ്റെ ആവശ്യങ്ങൾ ഉൾക്കൊണ്ടുമാണ് കേന്ദ്രം പ്രവർത്തനം നടത്തുക. മുഴുവൻ സമൂഹത്തിനും പ്രയോജനകരമായ സമഗ്ര ഗവണ്മെന്റ് സമീപനമാണ് ഈ കേന്ദ്രത്തിൻ്റെ കാതലെന്നും അവർ ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര പങ്കാളികളെ കൂടി ആകർഷിക്കാൻ ഹ​ബ്ബിന് സാധിക്കു‍ം. ഹബ്ബിൻ്റെ നിർമാണം ഉടൻ പൂർത്തിയാകുമെന്നും ഡോ. കലൈശെൽവി അറിയിച്ചു.

ജനപ്രീതി വർദ്ധിച്ച് വരുന്ന ആയുർവേദ മേഖലയിലെ ഉല്പന്നങ്ങളുടെ ​ഗുണനിലവാര പരിശോധനയും, ജിഎംപി (​ഗുഡ് മാനുവാക്ച്ചറിം​ഗ് പ്രാക്ടീസ്) സർട്ടിഫിക്കേഷനും ഹബ്ബിലെ സവിശേഷതയായിരിക്കും. വ്യവസായത്തിന് സജ്ജമായ യുവതലമുറയെ വാർത്തെടുക്കുന്നതിലും പരിശീലനം നൽകുന്നതിനും ഭാവിയിൽ കേന്ദ്രം ഊന്നൽ നൽകും.

 

എല്ലാ ഉല്പാദന സൗകര്യങ്ങളും പുതുതായി തുടങ്ങുന്ന കേന്ദ്രത്തിൽ ഉണ്ടാകുമെന്ന് സിഎസ്ഐആർ-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി (CSIR-NIIST) ഡയറക്ടർ ഡോ. സി. അനന്ദരാമകൃഷ്ണൻ പറഞ്ഞു. പാരമ്പര്യ ആയുർവേദ പരിശീലകരെ കൂടി ലക്ഷ്യമിട്ടാണ് ഹബ്ബ് ആരംഭിക്കുന്നതെന്ന് സിഎസ്ഐആർ-എൻഐഐഎസ്ടി ചീഫ് സയന്റിസ്റ്റും, എൻ.എസ്.സി തലവനുമായ ഡോ. സി കേശവചന്ദ്രനും വ്യക്തമാക്കി.