സുരക്ഷിത വിദേശ കുടിയേറ്റത്തിന് നിയമനിര്‍മ്മാണം നടത്തേണ്ടത് കേന്ദ്ര സര്‍ക്കാറെന്ന് മുഖ്യമന്ത്രി.അഞ്ചാം ലോക കേരള സഭയ്ക്ക് വിജയകരമായ സമാപനം.

സുരക്ഷിത പ്രവാസം ഉറപ്പാക്കാന്‍ ഹൈ പവർ കമ്മിറ്റി രൂപീകരിക്കും.നോർക്ക കെയർ ഇൻഷുറൻസിൽ തിരികെയെത്തിയ പ്രവാസികളെയും ഉള്‍പ്പെടുത്തുന്നത് പരിഗണിക്കും

 

 

 

 

ജനുവരി 29 മുതല്‍ 31 വരെ ചേര്‍ന്ന ലോക കേരള സഭയുടെ അഞ്ചാം സമ്മേളനത്തിന് വിജയകരമായ സമാപനം. സജീവമായ ചർച്ചകളും വിലപ്പെട്ട നിർദ്ദേശങ്ങളുമാണ് സമ്മേളനത്തില്‍ ഉയര്‍ന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

 

 

എട്ട് വിഷയങ്ങളിലും, ഏഴ് മേഖല സമ്മേളനങ്ങളിലുമായി നടന്ന ചര്‍ച്ചകളില്‍ ഉയര്‍ന്ന നിര്‍ദ്ദേശങ്ങള്‍ക്ക് മറുപടി നല്‍കി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 15 ആം പഞ്ചവത്സര പദ്ധതി തയ്യാറാക്കി കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ഈ ചർച്ചകൾ നടന്നത്. ഇത് അഞ്ചാം ലോക കേരള സഭയുടെ പ്രധാന ആകർഷകമാണ്. സുരക്ഷിത കുടിയേറ്റമാണ് പ്രധാനപ്പെട്ടത്.

 

 

 

ഇക്കാര്യത്തില്‍ നിയമനിര്‍മ്മാണം നടത്തേണ്ടത് കേന്ദ്രസര്‍ക്കാരാണ്. എമിഗ്രേഷൻ നിയമത്തിന്റെ ഒന്നാം കരട് 2019 ലും രണ്ടാം കരട് 2021 ലാണ് പ്രസിദ്ധീകരിച്ചത്. എന്നാല്‍ പിന്നീട് 2025 ൽ ഓവർസീസ് മൊബിലിറ്റി ഫെസിലിറ്റേഷൻ ആൻഡ് വെൽഫെയർ ബില്ലും പ്രസിദ്ധീകരിച്ചു. പഴയ കരട് ബില്ലുകളിൽ നിന്നും കാതലായ മാറ്റങ്ങളോടെയാണ് പുതിയ ബിൽ. സാധാരണക്കാരായ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതാണോ ഈ ബിൽ എന്ന സംശയം പൊതുവേ ഉയർന്നു വന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 

 

 

പ്രവാസികള്‍ക്കും കുടുംബത്തിനുമായുള്ള സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയായ നോർക്ക കെയർ പദ്ധതിയിൽ തിരികെയെത്തിയ പ്രവാസികളേയും കുടുംബാംഗങ്ങളേയും ഉള്‍പ്പെടുത്തുന്നത് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു .

 

 

 

വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍, അനധികൃത റിക്രൂട്ട്മെന്റ്, വിസ തട്ടിപ്പ്, മനുഷ്യക്കടത്ത് എന്നിവ ഗുരുതരമായ കാര്യങ്ങളാണ്. 2024-ൽ മാത്രം ഈ ഗണത്തിൽ 1300 കേസുകൾ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തു. ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ പൊതുബോധം ഉയർത്താൻ നടപടികള്‍ സ്വീകരിക്കുന്നതിനൊപ്പം കുറ്റവാളികൾ രക്ഷപ്പെടാതിരിക്കാനും കുറ്റകൃത്യങ്ങൾ വ്യാപിക്കാതിരിക്കാനും ഇടപെടേണ്ടതുണ്ട്. ഇതിനാലാണ് നിലവിലെ എൻ ആർ ഐ പോലീസ് സെല്ലിന് പകരമായി പ്രവാസികൾക്ക് നേരിട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ സാധിക്കുന്ന സംവിധാനമെന്ന നിലയില്‍ പ്രവാസി പേലീസ് സ്റ്റേഷന്‍ നിലവില്‍ വരിക. വിദേശ രാജ്യങ്ങളിൽ പഠിക്കാൻ പോകുന്ന വിദ്യാർത്ഥികൾക്ക് അതാത് രാജ്യങ്ങളിലെ നിയമങ്ങൾ യൂണിവേഴ്സിറ്റികൾ സംബന്ധിച്ച വിവരങ്ങൾ കോഴ്സുകൾ, സ്കോളര്‍ഷിപ്പുകള്‍ ഇവയെല്ലാം വ്യക്തമാക്കുന്നതാണ് ലോക കേരള സഭയില്‍ ഉദ്ഘാടനം ചെയ്ത നോര്‍ക്ക സ്റ്റുഡൻറ് മൈഗ്രേഷൻ പോർട്ടലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിദേശ ഭാഷാ പഠനത്തിനായുളള നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജസില്‍ ജാപ്പാനീസ് ഉൾപ്പെടെയുള്ള വിദേശ ഭാഷാ പഠനത്തിനും അവസരമൊരുക്കും. സുരക്ഷിത പ്രവാസത്തിന് ചീഫ് സെക്രട്ടറി, ആഭ്യന്തര വകുപ്പ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി തുടങ്ങിയവർ അംഗങ്ങളായുള്ള ഒരു ഹൈ പവർ കമ്മിറ്റി രൂപീകരിക്കും.

 

 

 

പ്രവാസികളുടെയും തിരികെ വന്ന പ്രവാസികളുടെ പുനരധിവാസത്തിനും സാമ്പത്തിക പുനസംയോജനത്തിനുമായാണ് പ്രവാസി മിഷൻ. തിരികെ വന്ന പ്രവാസികളുടെ നൈപുണ്യ വിവരണങ്ങൾ നോർക്ക പോർട്ടൽ വഴി ശേഖരിക്കുന്നതിന്റെ സാധ്യതകളും പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ലോക കേരള സഭയിലുയര്‍ന്ന നിര്‍ദ്ദേശങ്ങള്‍ പരിശോധിക്കാന്‍ 21 അംഗ സ്റ്റാൻഡിങ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. സ്പീക്കർ എ.എൻ ഷംസീർ സമാപന പ്രസംഗം നിർവഹിച്ചു. നിരവധി ക്രിയാത്മക നിർദേശങ്ങൾ അഞ്ചാം ലോക കേരള സഭയിൽ ഉയർന്നതായി അദ്ദേഹം പറഞ്ഞു. പ്രവാസികളുടെ ക്ഷേമത്തിനും കേരള വികസനത്തിനും ഇവ സഹായകമാകുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

 

 

 

നിയമസഭാ മന്ദിരത്തിലെ ആര്‍ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ ജനുവരി 30, 31 തീയതികള്‍ ചേര്‍ന്ന അഞ്ചാം ലോക കേരള സഭയില്‍ 125 രാജ്യങ്ങളിൽ നിന്നും 28 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള അഞ്ഞൂറിലധികം കേരളീയ പ്രവാസി പ്രതിനിധികൾ, മന്ത്രിമാരായ കെ. രാജൻ, റോഷി അഗസ്‌റ്റിൻ, കെ കൃഷ്ണൻകുട്ടി, എ. കെ ശശീന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ, കെ ബി ഗണേഷ് കുമാർ, വി ശിവൻകുട്ടി, ജി ആർ അനിൽ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, എം.പി മാര്‍, എം.എല്‍.എ മാര്‍, ചീഫ് സെക്രട്ടറി ഡോ എ ജയതിലക്, നോർക്ക റൂട്ട്സ് റെസിഡന്റ് വൈസ്‌ ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണൻ, വൈസ് ചെയർമാൻ എം എ യൂസഫലി, നോര്‍ക്ക റൂട്ട്സ് ഡയറക്ടർമാരായ ഡോ. രവി പിള്ള, ഒ.വി മുസ്തഫ, സി.വി റപ്പായി, ജെ.കെ മേനോന്‍, നോർക്ക വകുപ്പ് സെക്രട്ടറി അനുപമ ടി വി, ലോക കേരള സഭ ഡയറക്ടര്‍ ആസിഫ് കെ. യൂസഫ്, നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി തുടങ്ങിയവര്‍ സംബന്ധിച്ചു. ‘നവകേരള നിർമ്മിതിയിൽ പ്രവാസികളുടെ പങ്ക്’ എന്ന വിഷയത്തിൽ യൂണിവേഴ്സിറ്റി കോളേജിൽ ഓപ്പൺ ഫോറവും സംഘടിപ്പിച്ചു. ജനുവരി 29 ന് തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തില്‍ ചേര്‍ന്ന പൊതുസമ്മേളനത്തോടെയാണ് ലോക കേരള സഭയ്ക്ക് തുടക്കമായത്.

———————————————————-

 

മടങ്ങിയെത്തുന്ന പ്രവാസികളുടെ സാമ്പത്തിക-സാമൂഹ്യ സുരക്ഷ ഉറപ്പാക്കാൻ
നൂതനാശയങ്ങൾ ചർച്ചയാക്കി ലോക കേരള സഭ

 

 

തിരിച്ചെത്തുന്ന പ്രവാസികളുടെ സമഗ്രമായ സാമ്പത്തിക-സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനായി ക്ഷേമനിധിയിലെ പ്രായപരിധി ഒഴിവാക്കുക, 18-40 വയസുകാർക്കായി രണ്ടാം തലമുറ പെൻഷൻ പദ്ധതി ആവിഷ്‌കരിക്കുക, കുറഞ്ഞ സിബിൽ സ്‌കോർ ഉള്ളവർക്കും കേരള ബാങ്ക് വഴി വായ്പ ലഭ്യമാക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ ലോക കേരള സഭയോടനുബന്ധിച്ച് സംഘടിപ്പിച്ച ചർച്ചകളിൽ ഉയർന്നു വന്നു.

 

 

 

മടങ്ങിയെത്തുന്ന പ്രവാസികളുടെ ക്ഷേമത്തിനായി ‘പ്രവാസി ഗ്രാമസഭ’ പോലുള്ള നൂതന ആശയങ്ങലും ചർച്ചയായി. തിരിച്ചെത്തിയവരുടെ തൊഴിൽ നൈപുണ്യം പ്രയോജനപ്പെടുത്താൻ തദ്ദേശ സ്ഥാപനങ്ങൾ വഴി സ്‌കിൽ മാപ്പിംഗ് നടത്തണം. പ്രവാസി പെൻഷൻ വിതരണത്തിലെ കാലതാമസം ഒഴിവാക്കാനും നോർക്ക കെയർ പദ്ധതിയിൽ പ്രവാസികളുടെ മാതാപിതാക്കളെ ഉൾപ്പെടുത്തുന്നത് ഉറപ്പുവരുത്താനും സർക്കാർ ഇടപെടൽ ആവശ്യമാണ്. പ്രവാസികളായിരിക്കുമ്പോൾ തന്നെ കുടുംബങ്ങളെ ഉൾപ്പെടുത്തി കുടുംബശ്രീ മാതൃകയിൽ പുനരധിവാസ പദ്ധതികൾ ആവിഷ്‌കരിക്കുന്നത് മടങ്ങിയെത്തുന്നവർക്ക് വലിയ ആശ്വാസമാകുമെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി.

 

 

 

പഞ്ചായത്ത് തലത്തിൽ പ്രവാസി ഹെൽപ്പ് ഡെസ്‌കുകൾ സ്ഥാപിക്കുന്നതിനൊപ്പം പ്രവാസികളുടെ തൊഴിൽ നൈപുണ്യം വാർഡ് തലത്തിൽ ശേഖരിച്ച് ‘വിജ്ഞാന കേരളം’ മാതൃകയിൽ പ്രയോജനപ്പെടുത്തണമെന്നും അംഗങ്ങൾ നിർദ്ദേശിച്ചു. കാർഷിക മേഖലയിലെ നൂതന സംരംഭങ്ങൾക്ക് സബ്‌സിഡി നൽകുന്നതിനൊപ്പം പ്രവാസി ക്ഷേമ ബോർഡിനായി ഓൺലൈൻ ലോട്ടറി വഴി ഫണ്ട് സ്വരൂപിക്കണമെന്ന ആശയവും ചർച്ചയിൽ മുന്നോട്ടുവെച്ചു.

 

 

 

തിരിച്ചെത്തുന്ന പ്രവാസികളിൽ ഭൂരിഭാഗവും രോഗികളും മാനസിക-സാമ്പത്തിക സമ്മർദ്ദം അനുഭവിക്കുന്നവരുമാണെന്നും, ഇത് കുടുംബവുമായുള്ള വൈകാരിക അകൽച്ചയ്ക്ക് കാരണമാകുന്നുണ്ടെന്നും പ്രവാസി പ്രതിനിധികൾ വിലയിരുത്തി. വായ്പാ തിരിച്ചടവിലെ പ്രതിസന്ധികളും അസംഘടിത മേഖലയിൽ ജോലി ചെയ്യുന്നവരുടെ സുരക്ഷാ പ്രശ്‌നങ്ങളും അടിയന്തരമായി പരിഹരിക്കപ്പെടേണ്ടതുണ്ട്.

 

————————————————————

ലോക കേരള സഭ: പ്രവാസി ഭരണനിർവഹണം മുതൽ സാംസ്‌കാരിക കൈമാറ്റം വരെയുമുള്ള മേഖലകളിൽ പരിഷ്‌കാരങ്ങൾക്ക് നിർദേശങ്ങളുമായി സഭാംഗങ്ങൾ

പ്രവാസി ഭരണനിർവഹണം മുതൽ സാംസ്‌കാരിക കൈമാറ്റം വരെയുമുള്ള മേഖലകളിൽ വിപുലമായ പരിഷ്‌കാരങ്ങക്കുള്ള നിർദേശങ്ങൾ ലോക കേരള സഭയോടനുബന്ധിച്ചു സംഘടിപ്പിച്ച വിഷയാധിഷ്ഠിത ചർച്ചകളിൽ ഉയർന്നുവന്നു. പ്രവാസി ക്ഷേമ പദ്ധതികൾ കൂടുതൽ ജനകീയമാക്കുന്നതിനൊപ്പം കേരളത്തിന്റെ വികസനത്തിൽ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കാനുള്ള വിപുലമായ നിർദേശങ്ങളും വിവിധ രാജങ്ങളിൽ നിന്നുള്ള മലയാളി പ്രവാസി പ്രതിനിധികൾ മുന്നോട്ടുവച്ചു.

 

 

 

 

പ്രവാസി ഭരണനിർവഹണ രംഗത്ത് വലിയ മാറ്റങ്ങളാണ് അംഗങ്ങൾ പ്രധാനമായും നിർദ്ദേശിച്ചത്. നോർക്ക ഐഡി കാർഡ് ഒസിഐ കാർഡ് ഹോൾഡർമാർക്കും ലഭ്യമാക്കുക, റിക്രൂട്ട്‌മെന്റ് ഏജൻസികളുടെ പ്രവർത്തനം സുതാര്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾക്കൊപ്പം ‘ഓപ്പറേഷൻ ശുഭയാത്ര’ വഴി അനധികൃത റിക്രൂട്ട്‌മെന്റുകൾ കർശനമായി തടയണമെന്ന നിർദ്ദേശവും ഉയർന്നു.

 

 

 

കംബോഡിയ പോലുള്ള രാജ്യങ്ങളിൽ പ്രവാസികളെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് പ്രേരിപ്പിക്കുന്ന ധാരാളം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് കണക്കിലെടുത്ത് ബോധവൽക്കരണം ശക്തമാക്കണം. വിദേശ രാജ്യങ്ങളിലെ നിയമങ്ങളും സംസ്‌കാരവും സംബന്ധിച്ച് ഉദ്യോഗാർത്ഥികൾക്ക് മുൻകൂട്ടി പരിശീലനം നൽകണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു.

 

 

 

പ്രവാസി നിക്ഷേപങ്ങളെ കേരളത്തിന്റെ വികസനവുമായി ബന്ധിപ്പിക്കാൻ പുതിയ സാധ്യതകളാണ് ചർച്ചകൾ തുറന്നിട്ടത്. പ്രവാസി സംരംഭകർക്കായി എൻആർഐ എയ്ഞ്ചൽ ഇൻവെസ്റ്റ്‌മെന്റ് പ്ലാറ്റ്‌ഫോം രൂപീകരിക്കുക, ടൂറിസം മേഖലയിൽ ‘കേരള ബ്രാൻഡ്’ ഫ്രാഞ്ചൈസികൾ വികസിപ്പിക്കുക തുടങ്ങിയ ആശയങ്ങൾ ചർച്ചയായി. ഹൈസ്പീഡ് റെയിൽ കണക്റ്റിവിറ്റിയുടെയും ടൂറിസം മേഖലയുടെ വികസനവും സാധ്യതകളും ചർച്ചയായി. പ്രവാസികൾക്ക് ഗ്രാമതലത്തിൽ നിക്ഷേപം നടത്താൻ അവസരമൊരുക്കണമെന്നും വിദേശ വിദ്യാർത്ഥികളെ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് ആകർഷിക്കാൻ പുതിയ കോഴ്സുകൾ ആരംഭിക്കണമെന്നും നിർദ്ദേശമുയർന്നു.

 

 

 

ഉന്നതവിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് ചേക്കേറുന്ന വിദ്യാർത്ഥികളുടെ എണ്ണം വർധിക്കുമ്പോഴും അവർ നേരിടുന്ന പ്രതിസന്ധികൾ ഗുരുതരമാണെന്ന് പ്രതിനിധികൾ അഭിപ്രായപ്പെട്ടു. വിദേശത്തേക്ക് പോകുന്നതിന് മുൻപ് അവിടുത്തെ നിയമങ്ങൾ, കാലാവസ്ഥ, സാമ്പത്തിക വിനിയോഗം തുടങ്ങിയവയിൽ കുട്ടികൾക്ക് കൃത്യമായ പരിശീലനം നൽകണം. അംഗീകൃത ഏജൻസികളെയും കോഴ്‌സുകളെയും കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കാൻ ഏകീകൃത ഓൺലൈൻ പ്ലാറ്റ്ഫോം വേണം. കുട്ടികൾക്ക് അടിയന്തര സഹായം ലഭ്യമാക്കാൻ 24 മണിക്കൂർ കൗൺസിലിംഗ് സൗകര്യവും ലഭ്യമാക്കണമെന്ന് അഭിപ്രായമുയർന്നു.

 

 

 

മലയാള ഭാഷയെയും സംസ്‌കാരത്തെയും ആഗോളതലത്തിൽ വളർത്താൻ വിപുലമായ സാംസ്‌കാരിക പദ്ധതികളും പ്രതിനിധികൾ നിർദ്ദേശിച്ചു. പ്രവാസി വിദ്യാർത്ഥികൾക്കായി ആഗോള യുവജനോത്സവം സംഘടിപ്പിക്കുക, കുടിയേറ്റ ചരിത്രത്തിന്റെ ഡിജിറ്റൽ ആർക്കൈവ് തയ്യാറാക്കുക, യുനെസ്‌കോ സാഹിത്യ നഗരങ്ങളുമായി ചേർന്ന് മലയാള സാഹിത്യോത്സവങ്ങൾ നടത്തുക എന്നിവ ഇതിൽ പ്രധാനമാണ്. ജെഎൻയു പോലുള്ള സർവകലാശാലകളിൽ മലയാളം ചെയർ സ്ഥാപിക്കുന്നതിനൊപ്പം പ്രവാസി എഴുത്തുകാർക്ക് സാഹിത്യ അക്കാദമിയുമായി ബന്ധപ്പെടാൻ നോഡൽ ഓഫീസറെ നിയമിക്കണമെന്ന ആവശ്യവും പ്രതിനിധികൾ മുന്നോട്ടുവെച്ചു.

——————————————–

ലോകമെമ്പാടുമുള്ള മലയാളി പ്രവാസികളുടെ ആശങ്കകളും പ്രതീക്ഷകളും പങ്കുവെച്ച് അഞ്ചാം ലോക കേരള സഭ

 

 

ലോകമെമ്പാടുമുള്ള മലയാളി പ്രവാസികളുടെ ആശങ്കകളും പ്രതീക്ഷകളും പങ്കുവെച്ച് അഞ്ചാം ലോക കേരള സഭ. വിവിധ ലോകരാജ്യങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ ചർച്ചകളിൽ സജീവമായി പങ്കെടുക്കുകയും നിർദേശങ്ങൾ മുന്നോട്ടു വയ്ക്കുകയും ചെയ്തു.

 

 

പശ്ചിമേഷ്യയും ആഫ്രിക്കയും മുതൽ അമേരിക്ക വരെയുള്ള ഇടങ്ങളിൽ നിന്നുള്ളവരും, ഇതര ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമായ പ്രവാസി പ്രതിനിധികൾ കേരളത്തിന്റെ വികസനത്തിനും പ്രവാസികളുടെ സുരക്ഷയ്ക്കുമായി വിപുലമായ നിർദ്ദേശങ്ങളാണ് മുന്നോട്ടുവെച്ചത്. പ്രവാസി ക്ഷേമനിധി വർദ്ധിപ്പിക്കുന്നത് മുതൽ വിദേശത്ത് കേരളത്തിന്റെ ആർട്‌സ് ആൻഡ് സയൻസ് കോളേജുകൾ സ്ഥാപിക്കുന്നത് വരെയുള്ള ആവശ്യങ്ങൾ ചർച്ചകളിൽ ഉയർന്നു വന്നു.

 

 

 

പശ്ചിമേഷ്യ: ഗൾഫ് മേഖലയിലെ പ്രവാസികൾ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകളാണ് പശ്ചിമേഷ്യൻ രാജങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പ്രധാനമായും ചകർച്ചയാക്കിയത്. പ്രവാസി ക്ഷേമനിധി പെന്‍ഷന്‍ 3500 രൂപയിൽ നിന്നും 5000 രൂപയായി ഉയർത്തണം. കേരള സർക്കാർ മുൻകൈയെടുത്ത് വിദേശ രാജ്യങ്ങളിൽ ആർട്‌സ് ആൻഡ് സയൻസ് കോളേജുകൾ സ്ഥാപിക്കണം. പ്രവാസികളുടെ മക്കൾക്ക് പി.എസ്.സി സംവരണം നൽകണമെന്ന ആവശ്യവും ഉയർന്നു. ഗൾഫ് രാജ്യങ്ങളിൽ കേരളത്തിന്റെ ഹെൽത്ത് ടൂറിസം പ്രോത്സാഹിപ്പിക്കാൻ എംബസികളുമായി ചേർന്ന് പ്രവർത്തിക്കണം. കണ്ണൂർ എയർപോർട്ടിലെ മാതൃകയിൽ എല്ലാ വിമാനത്താവളങ്ങളിലും ഭക്ഷ്യസംസ്‌കരണ സംവിധാനം ഒരുക്കണം.

 

 

 

യൂറോപ്പും അമേരിക്കയും: യൂറോപ്പിലേക്കുള്ള കുടിയേറ്റം വർദ്ധിക്കുന്ന സാഹചര്യത്തിൽ വ്യാജ റിക്രൂട്ട്മെന്റുകളെ തടയണമെന്നതായിരുന്നു പ്രധാന ആവശ്യം. ജർമ്മനി, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള ഭാഷാ പരീക്ഷകളുടെ വ്യാജ സർട്ടിഫിക്കറ്റുകൾ തടയാൻ നോർക്ക ഇടപെടണം. ഒറ്റപ്പെടൽ അനുഭവിക്കുന്ന പ്രവാസികൾക്കായി നോർവേ മാതൃകയിൽ ‘ഹ്യൂമൻ ലൈബ്രറി’ പോലുള്ള പ്ലാറ്റ്ഫോമുകൾ ഒരുക്കണം.

 

 

ഒ.സി.ഐ കാർഡ് ഉടമകളെ കൂടി നോർക്ക കെയർ പദ്ധതിയിൽ ഉൾപ്പെടുത്തണം. പ്രവാസികളുടെ നാട്ടിലെ സ്വത്ത് സംരക്ഷണത്തിനും മാതാപിതാക്കളുടെ സുരക്ഷയ്ക്കും പ്രത്യേക പരിഗണന വേണം.

 

 

 

ഓസ്ട്രേലിയ, കാനഡ, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് വർദ്ധിച്ചുവരുന്ന വിദ്യാർത്ഥി കുടിയേറ്റം ചർച്ചയായി. ഉയർന്ന ജീവിതച്ചെലവും ഒറ്റപ്പെടലും വിദ്യാർത്ഥികളിൽ മാനസിക സമ്മർദ്ദമുണ്ടാക്കുന്നു.

 

 

 

ഓസ്ട്രേലിയയിൽ നിന്നുള്ള പ്രതിനിധികൾ ട്രേഡ് സ്‌കിൽ സർട്ടിഫിക്കേഷനായി പ്രത്യേക സംവിധാനവും നഴ്‌സിംഗ് കോഴ്‌സുകളുടെ കാലാവധി കുറയ്ക്കുന്നതും പരിഗണിക്കണമെന്നതുമായ ആവശ്യങ്ങൾ ഉന്നയിച്ചു.

 

 

ഇതര ഏഷ്യൻ രാജ്യങ്ങളും ആഫ്രിക്കയും: കേരളത്തിൽ നിന്ന് ചൈനയിലേക്കും ജപ്പാനിലേക്കും നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കണമെന്ന ആവശ്യമുയർന്നു. യുനെസ്‌കോ സാഹിത്യ നഗരമായ കോഴിക്കോടിനെയും ആഫ്രിക്കയിലെ സാഹിത്യ നഗരങ്ങളെയും ബന്ധിപ്പിച്ച് ‘കൾച്ചറൽ കോറിഡോർ’ സ്ഥാപിക്കണമെന്നും നിർദേശമുയർന്നു.

 

 

ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ കഴിയുന്ന മലയാളികൾ: ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ കഴിയുന്ന മലയാളികൾക്കും സാംസ്‌കാരികവും സാമൂഹികവുമായ പിന്തുണ വേണമെന്ന് ആവശ്യമുയർന്നു. ഡൽഹിയിലും കൊൽക്കത്തയിലും കേരളം സാംസ്‌കാരിക കേന്ദ്രങ്ങൾ സ്ഥാപിക്കണം. ഹൈദരാബാദ് – തിരുവനന്തപുരം റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ വേണം. കേരളത്തിന്റെ പ്രീയപ്പെട്ട എഴുത്തുകാരൻ ഒ. വി. വിജയൻ അവസാനമായി താമസിച്ചിരുന്നത് ഹൈദരാബാദിൽ ആണ്. അദ്ദേഹത്തിന്റെ കൈയെഴുത്തുപ്രതികളും കാർട്ടൂണുകളും ശേഖരിച്ച് ഒ. വി. വിജയൻ സ്മാരകത്തിലേക്ക് മാറ്റാൻ സർക്കാർ ഇടപെടണം.

 

 

പാസ്പോർട്ട് പുതുക്കുന്നതിലെ അപാകതകൾ, വിമാന നിരക്ക് വർദ്ധനവ്, പ്രവാസി കുടുംബങ്ങളിലെ ഗാർഹിക പീഡനങ്ങൾ തുടങ്ങിയ വിഷയങ്ങൾ വിവിധ സെഷനുകളിൽ ഗൗരവമായി ചർച്ച ചെയ്യപ്പെട്ടു. സ്ത്രീ പ്രവാസികൾക്കായി പ്രത്യേക ഓൺലൈൻ സപ്പോർട്ട് സിസ്റ്റം വേണമെന്ന നിർദ്ദേശവും സഭയിലുണ്ടായി.