കേന്ദ്ര ധനകാര്യ-കോർപ്പറേറ്റ് കാര്യ മന്ത്രി നിർമ്മല സീതാരാമൻ ഇന്ന് പാർലമെന്റിൽ 2026-27-ലെ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചു.

ബജറ്റിന്റെ പ്രധാന സവിശേഷതകൾ ഇനി പറയുന്നു:

കർത്തവ്യ ഭവനിൽ തയ്യാറാക്കിയ ആദ്യ ബജറ്റായ ഇത്, മൂന്ന് കർത്തവ്യങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്:

* ഉൽപ്പാദനക്ഷമതയും മത്സരക്ഷമതയും വർദ്ധിപ്പിച്ച്, അസ്ഥിരമായ ആഗോള രീതികളെ പ്രതിരോധിക്കുന്നതിലൂടെ സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുകയും നിലനിർത്തുകയും ചെയ്യുക എന്നതാണ് ആദ്യ കർത്തവ്യം.

* രണ്ടാമത്തെ കർത്തവ്യം ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുകയും അവരുടെ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുക, രാജ്യത്തിന്റെ അഭിവൃദ്ധിയിലേക്കുള്ള പാതയിൽ അവരെ ശക്തമായ പങ്കാളികളാക്കുക എന്നതാണ്.

* സബ്കാ സാത്ത്, സബ്കാ വികാസ് (ഏവർക്കും ഒപ്പം ഏവരുടെയും വികസനം) എന്ന ദർശനവുമായി യോജിപ്പിച്ചിരിക്കുന്ന മൂന്നാമത്തെ കർത്തവ്യം, ഓരോ കുടുംബത്തിനും, സമൂഹത്തിനും, പ്രദേശത്തിനും, മേഖലയ്ക്കും അർത്ഥവത്തായ പങ്കാളിത്തത്തിനുള്ള വിഭവങ്ങൾ, സൗകര്യങ്ങൾ, അവസരങ്ങൾ എന്നിവ ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ്.

ബജറ്റ് എസ്റ്റിമേറ്റുകൾ

* കടം ഇതര വരുമാനവും മൊത്തം ചെലവും യഥാക്രമം ₹36.5 ലക്ഷം കോടിയും ₹53.5 ലക്ഷം കോടിയുമായി കണക്കാക്കുന്നു. കേന്ദ്രത്തിന്റെ അറ്റ ​​നികുതി വരുമാനം ₹28.7 ലക്ഷം കോടിയായി കണക്കാക്കപ്പെടുന്നു.

* മൊത്ത വിപണി വായ്പകൾ ₹17.2 ലക്ഷം കോടിയായി കണക്കാക്കപ്പെടുന്നു. ദീർഘകാല ഓഹരികളിൽ നിന്നുള്ള അറ്റ ​​വിപണി വായ്പകൾ ₹11.7 ലക്ഷം കോടിയായി കണക്കാക്കപ്പെടുന്നു.

* കടം ഇതര വരുമാനങ്ങളുടെ പുതുക്കിയ എസ്റ്റിമേറ്റുകൾ ₹34 ലക്ഷം കോടിയാണ്. അതിൽ കേന്ദ്രത്തിന്റെ അറ്റ ​​നികുതി വരുമാനം ₹26.7 ലക്ഷം കോടിയാണ്.

* മൊത്തം ചെലവിന്റെ പുതുക്കിയ എസ്റ്റിമേറ്റ് ₹49.6 ലക്ഷം കോടിയാണ്. അതിൽ മൂലധന ചെലവ് ഏകദേശം ₹11 ലക്ഷം കോടിയാണ്.

* 2026-27 ലെ എസ്റ്റിമേറ്റ് ധന കമ്മി ജിഡിപിയുടെ 4.3 ശതമാനമാണെന്ന് കണക്കാക്കപ്പെടുന്നു.

* 2025-26 ലെ പുതുക്കിയ കണക്ക് പ്രകാരം, ധനക്കമ്മി 2025-26 ലെ ബജറ്റ് എസ്റ്റിമേറ്റിന്റെ തുല്യമായി ജിഡിപിയുടെ 4.4 ശതമാനമായി കണക്കാക്കുന്നു.

* 2026-27 സാമ്പത്തിക വർഷത്തിലെ കടം-ജിഡിപി അനുപാതം ജിഡിപിയുടെ 55.6 ശതമാനമായിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു, 2025-26 RE-യിൽ ഇത് ജിഡിപിയുടെ 56.1 ശതമാനമായിരുന്നു.

ഒന്നാം കർത്തവ്യം: സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുകയും നിലനിർത്തുകയും ചെയ്യൽ

ഈ ലക്ഷ്യം കൈവരിക്കുന്നതിനായി 6 പ്രധാന ഇടപെടലുകൾ ബജറ്റ് നിർദ്ദേശിക്കുന്നു.

1. ഏഴ് തന്ത്രപ്രധാന-അത്യാധുനിക മേഖലകളിൽ ഉൽപ്പാദനം വർദ്ധിപ്പിക്കുക

i. ഇന്ത്യയെ ആഗോള ബയോഫാർമ നിർമ്മാണ കേന്ദ്രമായി മാറ്റുന്നതിനായി ബയോഫാർമ ശക്തി പദ്ധതി (Strategy for Healthcare Advancement through Knowledge, Technology and Innovation – SHAKTI) പ്രഖ്യാപിച്ചു. അടുത്ത 5 വർഷത്തേക്ക് ₹10,000 കോടി രൂപയാണ് ഈ പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്.

a. 3 പുതിയ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (NIPER) ഉൾപ്പെടുന്ന ബയോഫാർമ-കേന്ദ്രീകൃത ശൃംഖല സൃഷ്ടിക്കപ്പെടും. നിലവിലുള്ള 7 എണ്ണം നവീകരിക്കും.

b. 1000-ത്തിലധികം അംഗീകൃത ഇന്ത്യ ക്ലിനിക്കൽ ട്രയൽസ് സൈറ്റുകളുടെ ശൃംഖല സൃഷ്ടിക്കപ്പെടും

ii. സെമികണ്ടക്ടർ നിർമ്മാണത്തിന് ആവശ്യമായ ഉപകരണങ്ങളും അസംസ്‌കൃത വസ്തുക്കളും ഇന്ത്യയിൽ തന്നെ ഉൽപ്പാദിപ്പിക്കുന്നതിനായി ‘ISM 2.0’ ആരംഭിക്കും. ഇന്ത്യക്കു സ്വന്തമായി ഇന്റലക്ച്വൽ പ്രോപ്പർട്ടി വികസിപ്പിക്കുക, വിതരണ ശൃംഖലകൾ ശക്തിപ്പെടുത്തുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം. വ്യവസായ അധിഷ്ഠിത ഗവേഷണ കേന്ദ്രങ്ങളിലൂടെയും പരിശീലന കേന്ദ്രങ്ങളിലൂടെയും മികച്ച സാങ്കേതികവിദ്യയും വിദഗ്ധരായ തൊഴിലാളികളെയും വാർത്തെടുക്കുന്നതിലും ഇത് ശ്രദ്ധ കേന്ദ്രീകരിക്കും.

iii. ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളുടെ ഘടകങ്ങൾ നിർമ്മിക്കുന്നതിനുള്ള പദ്ധതിയുടെ വിഹിതം ₹40,000 കോടി രൂപയായി വർദ്ധിപ്പിച്ചു.

iv. ഒഡിഷ, കേരളം, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നീ ധാതു സമ്പന്ന സംസ്ഥാനങ്ങളെ പിന്തുണയ്ക്കുന്നതിനായി, ഖനനം, സംസ്കരണം, ഗവേഷണം, ഉൽപ്പാദനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക അപൂർവ ധാതു ഇടനാഴികൾ സ്ഥാപിക്കും.

v. ക്ലസ്റ്റർ അടിസ്ഥാനത്തിലുള്ള ‘പ്ലഗ്-ആൻഡ്-പ്ലേ’ മോഡലിൽ മൂന്ന് പ്രത്യേക കെമിക്കൽ പാർക്കുകൾ സ്ഥാപിക്കുന്നതിന് സംസ്ഥാനങ്ങളെ സഹായിക്കുന്നതിനായി കേന്ദ്ര ഗവണ്മെന്റ് പുതിയ പദ്ധതി ആരംഭിക്കും. ‘ചലഞ്ച് റൂട്ട്’ വഴിയാണ് ഈ പാർക്കുകൾ അനുവദിക്കുന്നത്.

vi. മൂലധന ഉപകരണ ശേഷി ശക്തിപ്പെടുത്തൽ

* കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ (CPSEs) രണ്ട് സ്ഥലങ്ങളിൽ ഡിജിറ്റൽ സംവിധാനങ്ങളോടു കൂടിയ ഹൈ-ടെക് ടൂൾ റൂമുകൾ സ്ഥാപിക്കും. അതിസൂക്ഷ്മമായ ഘടകങ്ങൾ (High-precision components) കുറഞ്ഞ ചെലവിൽ തദ്ദേശീയമായി രൂപകൽപ്പന ചെയ്യാനും നിർമ്മിക്കാനും ഇത് സഹായിക്കും.

* സാങ്കേതികമായി മികവുറ്റതും ഉയർന്ന മൂല്യമുള്ളതുമായ നിർമ്മാണ ഉപകരണങ്ങളുടെ ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനായി നിർമ്മാണ-അടിസ്ഥാന സൗകര്യ ഉപകരണ പദ്ധതി (CIE) ആവിഷ്കരിക്കും.

* ആഗോളതലത്തിൽ മത്സരക്ഷമതയുള്ള ഒരു കണ്ടെയ്നർ നിർമ്മാണ ആവാസവ്യവസ്ഥ ഇന്ത്യയിൽ സൃഷ്ടിക്കുന്നതിനായി അടുത്ത 5 വർഷത്തേക്ക് ₹10,000 കോടിയിലധികം വകയിരുത്തിക്കൊണ്ടുള്ള പദ്ധതി പ്രഖ്യാപിച്ചു.

vii. വസ്ത്ര മേഖലയ്ക്കുള്ള സംയോജിത പദ്ധതി

എ. പട്ട് (Silk), കമ്പിളി (Wool), ചണം (Jute) തുടങ്ങിയ പ്രകൃതിദത്ത നാരുകളിലും, മനുഷ്യനിർമ്മിത നാരുകളിലും, നവീനകാല നാരുകളിലും സ്വയംപര്യാപ്തത കൈവരിക്കാൻ ഈ പദ്ധതി ലക്ഷ്യമിടുന്നു.

ബി. പരമ്പരാഗത വസ്ത്ര നിർമ്മാണ ക്ലസ്റ്ററുകളെ ആധുനികവൽക്കരിക്കുന്നതിനായി യന്ത്രസാമഗ്രികൾക്കും സാങ്കേതിക വിദ്യയ്ക്കും സാമ്പത്തിക സഹായം നൽകും. കൂടാതെ പൊതുവായ പരിശോധനാ-സർട്ടിഫിക്കേഷൻ കേന്ദ്രങ്ങളും സ്ഥാപിക്കും.

* സാങ്കേതിക വസ്ത്ര മേഖലയുടെ (Technical textiles) മൂല്യവർദ്ധനയ്ക്കു മുൻഗണന നൽകി, ‘ചലഞ്ച് മോഡിൽ’ ബൃഹദ് ടെക്സ്റ്റൈൽ പാർക്കുകൾ സ്ഥാപിക്കും.

* ഖാദി, കൈത്തറി, കരകൗശല മേഖലകളെ ശക്തിപ്പെടുത്തുന്നതിനായി മഹാത്മാഗാന്ധി ഗ്രാമ സ്വരാജ് സംരംഭം പ്രഖ്യാപിച്ചു.

എ. ഈ പദ്ധതിയിലൂടെ ഉൽപ്പന്നങ്ങൾക്ക് ആഗോള വിപണി ലഭ്യമാക്കാനും, ബ്രാൻഡിംഗ് മെച്ചപ്പെടുത്താനും സഹായിക്കും. കൂടാതെ പരിശീലനം, നൈപുണ്യ വികസനം, ഉൽപ്പാദന ഗുണനിലവാരം എന്നിവയ്ക്ക് പിന്തുണ നൽകുകയും ചെയ്യും.

2. പാരമ്പര്യ വ്യവസായ മേഖലകളുടെ പുനരുജ്ജീവനം

* പാരമ്പര്യമായി നിലനിൽക്കുന്ന 200 വ്യവസായ ക്ലസ്റ്ററുകളെ (Legacy industrial clusters) പുനരുജ്ജീവിപ്പിക്കുന്നതിനുള്ള പദ്ധതി പ്രഖ്യാപിച്ചു. അടിസ്ഥാനസൗകര്യ വികസനത്തിലൂടെയും സാങ്കേതികവിദ്യയുടെ നവീകരണത്തിലൂടെയും ഇവയുടെ കാര്യക്ഷമത വർദ്ധിപ്പിക്കാനും ഉൽപ്പാദനച്ചെലവ് കുറച്ച് വിപണിയിൽ കൂടുതൽ മത്സരക്ഷമമാക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു.

3. “ചാമ്പ്യൻ എസ്.എം.ഇ.” രൂപീകരണവും ചെറുകിട സംരംഭങ്ങൾക്കുള്ള പിന്തുണയും

* ഭാവിയിലെ മികച്ച സംരംഭങ്ങളെ (Future Champions) സൃഷ്ടിക്കുന്നതിനായി ₹10,000 കോടിയുടെ സമർപ്പിത എസ്എംഇ വളർച്ചാ ഫണ്ട് രൂപീകരിക്കും. നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്ന സംരംഭങ്ങൾക്ക് ഇതിലൂടെ ആനുകൂല്യങ്ങൾ നൽകും.

* സൂക്ഷ്മ സംരംഭങ്ങൾക്കുള്ള പിന്തുണ തുടരുന്നതിനും അവർക്ക് മൂലധനം ഉറപ്പാക്കുന്നതിനുമായി സ്വയംപര്യാപ്ത ഇന്ത്യ ഫണ്ട്. ഇതിലേക്ക് ₹2,000 കോടി കൂടി അധികമായി അനുവദിച്ചു.

* ചെറുകിട സംരംഭങ്ങളെ സഹായിക്കുന്നതിനായി ‘കോർപ്പറേറ്റ് മിത്ര’ എന്ന പേരിൽ ഒരു വിദഗ്ധ സംഘത്തെ വാർത്തെടുക്കും. ഇതിനായി ഐ.സി.എ.ഐ (ICAI), ഐ.സി.എസ്.ഐ (ICSI), ഐ.സി.എം.എ.ഐ (ICMAI) തുടങ്ങിയ പ്രൊഫഷണൽ സ്ഥാപനങ്ങളുടെ സഹായത്തോടെ ഹ്രസ്വകാല കോഴ്സുകളും പ്രായോഗിക പരിശീലന ഉപകരണങ്ങളും ഗവണ്മെന്റ് ലഭ്യമാക്കും. രണ്ടാം നിര, മൂന്നാം നിര നഗരങ്ങളിലെ സംരംഭകർക്കായിരിക്കും ഇതിന്റെ പ്രയോജനം കൂടുതൽ ലഭിക്കുക.

4. അടിസ്ഥാന സൗകര്യങ്ങൾക്ക് കരുത്തുറ്റ ഉത്തേജനം

* 2026-27 സാമ്പത്തിക വർഷത്തിൽ പൊതു മൂലധന ചെലവ് ₹12.2 ലക്ഷം കോടിയായി വർദ്ധിപ്പിക്കും.

* നിർമ്മാണ ഘട്ടത്തിലുണ്ടാകാവുന്ന സാമ്പത്തിക നഷ്ടസാധ്യതകളെക്കുറിച്ചുള്ള സ്വകാര്യ നിക്ഷേപകരുടെ ആശങ്ക പരിഹരിക്കുന്നതിനായി ഒരു ‘റിസ്ക് ഗ്യാരന്റി ഫണ്ട്’ സർക്കാർ രൂപീകരിക്കും.

* കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ കൈവശമുള്ള റിയൽ എസ്റ്റേറ്റ് ആസ്തികൾ പ്രത്യേക ‘റീറ്റ്സ്’ (REITs – Real Estate Investment Trusts) വഴി വിപണിയിലെത്തിച്ച് വരുമാനം കണ്ടെത്തുന്നത് വേഗത്തിലാക്കും.

* പരിസ്ഥിതി സൗഹൃദ ചരക്ക് നീക്കം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികൾ:

a. കിഴക്ക് ദാങ്കുനി മുതൽ പടിഞ്ഞാറ് സൂറത്ത് വരെ ബന്ധിപ്പിക്കുന്ന പുതിയ ചരക്ക് ഇടനാഴികൾ സ്ഥാപിക്കും.

b. അടുത്ത 5 വർഷത്തിനുള്ളിൽ 20 പുതിയ ദേശീയ ജലപാതകൾ പ്രവർത്തനസജ്ജമാക്കും. ഇതിൽ ആദ്യത്തേത് ഒഡിഷയിലെ NW-5 ആയിരിക്കും. ഇത് താൽച്ചർ, അംഗുൽ തുടങ്ങിയ ധാതുസമ്പന്നമായ പ്രദേശങ്ങളെയും കലിംഗ നഗർ പോലുള്ള വ്യവസായ കേന്ദ്രങ്ങളെയും പാരദീപ്, ധാമ്ര തുറമുഖങ്ങളുമായി ബന്ധിപ്പിക്കും.

* ആവശ്യമായ വിദഗ്ധ തൊഴിലാളികളെ വാർത്തെടുക്കാൻ മികവിന്റെ പ്രാദേശിക കേന്ദ്രങ്ങളായി പരിശീലന സ്ഥാപനങ്ങൾ സ്ഥാപിക്കും.

* വാരാണസിയിലും പട്‌നയിലും ഉൾനാടൻ ജലപാതകൾക്ക് അനുയോജ്യമായ കപ്പൽ അ‌റ്റകുറ്റപ്പണി കേന്ദ്രങ്ങൾ (Ship repair ecosystem) സ്ഥാപിക്കും.

സി. റോഡ്, റെയിൽ ഗതാഗതത്തിന് പകരമായി ജലഗതാഗതത്തെ പ്രോത്സാഹിപ്പിക്കും. ഇതിനായി ഒരു കോസ്റ്റൽ കാർഗോ പ്രമോഷൻ പദ്ധതി ആരംഭിക്കും. 2047-ഓടെ ഉൾനാടൻ ജലപാതകളുടെയും തീരദേശ സമുദ്രവ്യാപാരത്തിന്റെയും വിഹിതം 6 ശതമാനത്തിൽ നിന്ന് 12 ശതമാനമായി വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം.

* ഉൾനാടൻ പ്രദേശങ്ങളിലെ യാത്രാസൗകര്യം വർദ്ധിപ്പിക്കുന്നതിനും വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുമായി സീപ്ലെയ്നുകളുടെ ആഭ്യന്തര നിർമ്മാണത്തിന് പ്രോത്സാഹനം നൽകും.

a. ഇതിന്റെ പ്രവർത്തനങ്ങൾക്കായി ‘സീപ്ലെയ്ൻ വി.ജി.എഫ് (VGF) സ്കീം’ ആവിഷ്കരിക്കും

5. ദീർഘകാല ഊർജ്ജ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കൽ

* അന്തരീക്ഷത്തിലെ കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനായുള്ള സി.സി.യു.എസ് (Carbon Capture Utilization and Storage) സാങ്കേതികവിദ്യയ്ക്കായി അടുത്ത 5 വർഷത്തേക്ക് ₹20,000 കോടി വകയിരുത്തി.

6. നഗര സാമ്പത്തിക മേഖലകളുടെ വികസനം

* നഗരങ്ങളെ സാമ്പത്തിക വളർച്ചാ കേന്ദ്രങ്ങളായി വികസിപ്പിക്കുന്നതിനായി ഓരോ നഗര സാമ്പത്തിക മേഖലയ്ക്കും അടുത്ത 5 വർഷത്തേക്ക് ₹5,000 കോടി വീതം വകയിരുത്തി. പരിഷ്കരണങ്ങൾക്കും പ്രകടമായ ഫലങ്ങൾക്കും മുൻഗണന നൽകുന്ന സാമ്പത്തിക സഹായ പദ്ധതിയാണിത്. ‘ചലഞ്ച് മോഡിലൂടെ’ തെരഞ്ഞെടുക്കപ്പെടുന്ന നഗരങ്ങൾക്കായിരിക്കും ഈ സഹായം ലഭിക്കുക.

* നഗരങ്ങൾ തമ്മിലുള്ള യാത്രാസംവിധാനം പരിസ്ഥിതി സൗഹൃദമാക്കുന്നതിനും സാമ്പത്തിക വളർച്ചയെ ബന്ധിപ്പിക്കുന്നതിനുമായി ഏഴ് അ‌തിവേഗ റെയിൽ ഇടനാഴികൾ വികസിപ്പിക്കും. അവ താഴെ പറയുന്നു:

i. മുംബൈ-പൂണെ
ii. പൂണെ-ഹൈദരാബാദ്
iii. ഹൈദരാബാദ്-ബെംഗളൂരു
iv. ഹൈദരാബാദ്-ചെന്നൈ
v. ചെന്നൈ-ബെംഗളൂരു
vi. ഡൽഹി-വാരാണസി
vii. വാരാണസി-സിലിഗുരി

* ബാങ്കിംഗ് മേഖലയെ സമഗ്രമായി അവലോകനം ചെയ്യുന്നതിനും ഇന്ത്യയുടെ അടുത്ത ഘട്ടത്തിലുള്ള സാമ്പത്തിക വളർച്ചയുമായി അതിനെ ഏകോപിപ്പിക്കുന്നതിനുമായി വികസിത ഭാരതത്തിനായുള്ള ബാങ്കിംഗ് ഉന്നതതല സമിതി രൂപീകരിക്കും. സാമ്പത്തിക സ്ഥിരത, സാമ്പത്തിക ഉൾപ്പെടുത്തൽ, ഉപഭോക്തൃ സംരക്ഷണം എന്നിവ ഉറപ്പാക്കിയാകും ഈ സമിതി പ്രവർത്തിക്കുക.

* പൊതുമേഖലാ ബാങ്കിങ് ഇതര ധനകാര്യ കമ്പനികളുടെ (NBFCs) പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിനും അവയെ കൂടുതൽ വിപുലപ്പെടുത്തുന്നതിനുമായി പവർ ഫിനാൻസ് കോർപ്പറേഷൻ (PFC), റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപ്പറേഷൻ (REC) എന്നിവയെ ഗവണ്മെന്റ് പുനഃസംഘടിപ്പിക്കും.

* വിദേശ നിക്ഷേപങ്ങൾക്കായി കൂടുതൽ ആധുനികവും ഉപഭോക്തൃ സൗഹൃദവുമായ ചട്ടക്കൂട് നിർമ്മിക്കുന്നതിനായി വിദേശ വിനിമയ പരിപാലന (Non-debt Instruments) ചട്ടങ്ങൾ സമഗ്രമായി അവലോകനം ചെയ്യാൻ നിർദ്ദേശം. ഇന്ത്യയുടെ മാറിക്കൊണ്ടിരിക്കുന്ന സാമ്പത്തിക മുൻഗണനകൾക്ക് അനുസൃതമായി വിദേശ നിക്ഷേപങ്ങൾ ക്രമീകരിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

മുനിസിപ്പൽ ബോണ്ടുകൾ

* വലിയ നഗരങ്ങൾ ഉയർന്ന മൂല്യമുള്ള മുൻസിപ്പൽ ബോണ്ടുകൾ പുറത്തിറക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി, ₹1,000 കോടിക്ക് മുകളിലുള്ള ഓരോ ബോണ്ട് ഇഷ്യൂവിനും ₹100 കോടി വീതം പ്രോത്സാഹന തുക പ്രഖ്യാപിച്ചു.

രണ്ടാം കർത്തവ്യം: ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുകയും ശേഷി വർദ്ധിപ്പിക്കുകയും ചെയ്യൽ

* ‘വികസിത ഭാരതത്തിന്റെ’ പ്രധാന ചാലകശക്തിയായി സേവന മേഖലയെ മാറ്റുന്നതിനും അതിനു വേണ്ട നടപടികൾ ശുപാർശ ചെയ്യുന്നതിനുമായി ”വിദ്യാഭ്യാസം മുതൽ തൊഴിലും സംരംഭവും വരെ’ എന്ന പേരിൽ ഉന്നതാധികാര സ്റ്റാൻഡിംഗ് കമ്മിറ്റി രൂപീകരിക്കും.

വികസിത ഭാരതത്തിനായി പ്രൊഫഷണലുകളെ സൃഷ്ടിക്കൽ

* അനുബന്ധ ആരോഗ്യ മേഖലയിലെ പ്രൊഫഷണലുകളെ (AHPs) വാർത്തെടുക്കുന്നതിനായി നിലവിലുള്ള സ്ഥാപനങ്ങൾ നവീകരിക്കുകയും സ്വകാര്യ-സർക്കാർ മേഖലകളിൽ പുതിയ സ്ഥാപനങ്ങൾ ആരംഭിക്കുകയും ചെയ്യും.

a. അടുത്ത 5 വർഷത്തിനുള്ളിൽ ഒരു ലക്ഷം പുതിയ അലൈഡ് ഹെൽത്ത് പ്രൊഫഷണലുകളെ കൂടി ഈ മേഖലയിലേക്ക് എത്തിക്കും.

* ഇന്ത്യയെ മെഡിക്കൽ ടൂറിസം സേവനങ്ങളുടെ ഒരു ആഗോള കേന്ദ്രമായി മാറ്റുന്നതിനായി അഞ്ച് റീജിയണൽ മെഡിക്കൽ ഹബ്ബുകൾ സ്ഥാപിക്കും.

ആയുഷ്

* 3 പുതിയ അഖിലേന്ത്യാ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടുകൾ സ്ഥാപിക്കും
.
മൃഗസംരക്ഷണം

* മൃഗചികിത്സാ പ്രൊഫഷണലുകളുടെ എണ്ണം 20,000-ലധികം വർദ്ധിപ്പിക്കാൻ ഗവണ്മെന്റ് ലക്ഷ്യമിടുന്നു.

എ. സ്വകാര്യ മേഖലയിൽ മൃഗചികിത്സാ-പാരാ വെറ്ററിനറി കോളേജുകൾ, വെറ്ററിനറി ആശുപത്രികൾ, രോഗനിർണ്ണയ ലാബുകൾ, പ്രജനന കേന്ദ്രങ്ങൾ എന്നിവ സ്ഥാപിക്കുന്നതിനായി വായ്പയുമായി ബന്ധിപ്പിച്ച മൂലധന സബ്‌സിഡി പദ്ധതി ആരംഭിക്കും.

ഓറഞ്ച് സമ്പദ്​വ്യവസ്ഥ

* മുംബൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജീസിന് കീഴിൽ ആനിമേഷൻ, വിഷ്വൽ ഇഫക്റ്റ്സ്, ഗെയിമിംഗ്, കോമിക്സ് (AVGC) എന്നീ മേഖലകൾക്കായി പ്രത്യേക ‘കണ്ടന്റ് ക്രിയേറ്റർ ലാബുകൾ’ സ്ഥാപിക്കും. രാജ്യത്തെ 15,000 സെക്കൻഡറി സ്കൂളുകളിലും 500 കോളേജുകളിലും ഈ ലാബുകൾ സ്ഥാപിക്കുന്നതിന് ഗവണ്മെന്റ് പിന്തുണ നൽകും.

വിദ്യാഭ്യാസം

* പ്രധാന വ്യവസായ-ലോജിസ്റ്റിക് ഇടനാഴികൾക്ക് സമീപം 5 യൂണിവേഴ്സിറ്റി ടൗൺഷിപ്പുകൾ സ്ഥാപിക്കും. ‘ചലഞ്ച് റൂട്ട്’ വഴി തെരഞ്ഞെടുക്കപ്പെടുന്ന പ്രദേശങ്ങളിലാകും ഇവ വരിക.

a. വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗ് (VGF) അല്ലെങ്കിൽ മൂലധന സഹായത്തിലൂടെ രാജ്യത്തെ എല്ലാ ജില്ലകളിലും ഓരോ പെൺകുട്ടികളുടെ ഹോസ്റ്റൽ വീതം സ്ഥാപിക്കും.

വിനോദസഞ്ചാരം

* നിലവിലുള്ള ‘നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി’യെ ‘നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി’യായി ഉയർത്തും.

a. 20 വിനോദസഞ്ചാര കേന്ദ്രങ്ങളിലായി 10,000 ഗൈഡുകളുടെ നൈപുണ്യം വർദ്ധിപ്പിക്കുന്നതിനായി പരീക്ഷണ പദ്ധതി പ്രഖ്യാപിച്ചു. ഒരു ഐ.ഐ.എമ്മുമായി (IIM) സഹകരിച്ച് 12 ആഴ്ച നീണ്ടുനിൽക്കുന്ന ഉയർന്ന നിലവാരമുള്ള പരിശീലനമാണ് ഇവർക്ക് നൽകുക.

b. സാംസ്കാരികവും ആത്മീയവും പൈതൃകപരവുമായ പ്രാധാന്യമുള്ള എല്ലാ സ്ഥലങ്ങളെയും ഡിജിറ്റലായി രേഖപ്പെടുത്തുന്നതിന് ‘നാഷണൽ ഡെസ്റ്റിനേഷൻ ഡിജിറ്റൽ നോളജ് ഗ്രിഡ്’ സ്ഥാപിക്കും.

പൈതൃക, സാംസ്കാരിക വിനോദസഞ്ചാരം

* ലോഥൽ, ധോളവീര, രാഖിഗഡി, ആദിച്ചനല്ലൂർ, സാരാനാഥ്, ഹസ്തിനാപുർ, ലേ കൊട്ടാരം എന്നിവയുൾപ്പെടെയുള്ള 15 പുരാവസ്തു കേന്ദ്രങ്ങളെ ഊർജ്ജസ്വലവും ആസ്വാദ്യകരവുമായ സാംസ്കാരിക വിനോദസഞ്ചാര കേന്ദ്രങ്ങളായി വികസിപ്പിക്കും.

കായികം

* അടുത്ത ദശകത്തിൽ കായിക മേഖലയെ മാറ്റിമറിക്കുന്നതിനായി ‘ഖേലോ ഇന്ത്യ മിഷൻ’ ആരംഭിക്കും.

മൂന്നാം കർത്തവ്യം ഏവർക്കുമൊപ്പം, ഏവരുടെയും വികസനം എന്നീ ദർശനങ്ങളുമായി സംയോജിപ്പിച്ചിരിക്കുന്നു. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി താഴെ പറയുന്ന നാല് മേഖലകളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കും:

1. കർഷക വരുമാനം വർദ്ധിപ്പിക്കൽ

* പുതിയ സംരംഭങ്ങൾ ഏറ്റെടുക്കും
a. 500 ജലസംഭരണികളുടെയും അമൃത് സരോവറുകളുടെയും സംയോജിത വികസനം

ഉയർന്ന മൂല്യമുള്ള കൃഷി:
* ഉയർന്ന മൂല്യമുള്ള വിളകളെ പിന്തുണയ്ക്കും:

a. തീരദേശങ്ങളിൽ തേങ്ങ, ചന്ദനം, കൊക്കോ, കശുവണ്ടി തുടങ്ങിയ ഉയർന്ന മൂല്യമുള്ള വിളകളുടെ കൃഷിക്ക് സർക്കാർ പിന്തുണ നൽകും.

b. നാളികേര ഉൽപ്പാദനവും ഉൽപ്പാദനക്ഷമതയും വർദ്ധിപ്പിക്കുന്നതിനായി പ്രത്യേക ‘കോക്കനട്ട് പ്രൊമോഷൻ സ്കീം’ (നാളികേര വികസന പദ്ധതി) ആരംഭിക്കും.

ഭാരത്-വിസ്താർ (കാർഷിക വിഭവങ്ങൾ പ്രാപ്യമാക്കുന്നതിനുള്ള സംയോജിത സംവിധാനം)

* കാർഷിക വിഭവങ്ങൾ ലഭ്യമാക്കുന്നതിനുള്ള ബഹുഭാഷാ AI ഉപകരണം. അഗ്രിസ്റ്റാക്ക് (AgriStack) പോർട്ടലുകളെയും ഐ.സി.എ.ആർ (ICAR) പാക്കേജുകളെയും നിർമിതബുദ്ധി (AI) സംവിധാനങ്ങളുമായി ബന്ധിപ്പിക്കുന്ന ഈ സാങ്കേതികവിദ്യ ഗവണ്മെന്റ് പുറത്തിറക്കും.

2. ദിവ്യാംഗരെ ശാക്തീകരിക്കൽ

* ഭിന്നശേഷിക്കാർക്കായി ഐടി, വിഷ്വൽ ഇഫക്റ്റ്സ് (AVGC), അ‌തിഥിസൽക്കാരം, ഭക്ഷണ-പാനീയ മേഖലകളിൽ തൊഴിലധിഷ്ഠിത പരിശീലനം നൽകുന്ന ദിവ്യാംഗജൻ കൗശൽ യോജന.

3. മാനസികാരോഗ്യത്തിനും ട്രോമ കെയറിനുമുള്ള പ്രതിജ്ഞാബദ്ധത

* ഉത്തരേന്ത്യയിൽ പുതിയ നിംഹാൻസ് (NIMHANS-2) സ്ഥാപിക്കും.

a. റാഞ്ചിയിലെയും തേസ്പുരിലെയും ദേശീയ മാനസികാരോഗ്യ സ്ഥാപനങ്ങളെ പ്രാദേശിക ഉന്നത സ്ഥാപനങ്ങളായി നവീകരിക്കും.

4. പൂർവ്വോദയ സംസ്ഥാനങ്ങളിലും വടക്കുകിഴക്കൻ മേഖലയിലും ശ്രദ്ധ കേന്ദ്രീകരിക്കൽ

* കിഴക്കൻ തീരത്ത് ദുർഗാപൂരിനെ പ്രധാന കേന്ദ്രമാക്കി (node) ബന്ധിപ്പിച്ചുകൊണ്ട് ഒരു സംയോജിത വ്യാവസായ ഇടനാഴി സർക്കാർ വികസിപ്പിക്കും. അഞ്ച് പൂർവോദയ സംസ്ഥാനങ്ങളിലായി (ഒഡിഷ, ഝാർഖണ്ഡ്, പശ്ചിമ ബംഗാൾ, ബിഹാർ, ആന്ധ്രാപ്രദേശ്) 5 പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ നിർമ്മിക്കും. ഈ മേഖലയിലെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനായി 4,000 ഇലക്ട്രിക് ബസ്സുകൾ അനുവദിക്കും.

a. അരുണാചൽ പ്രദേശ്, സിക്കിം, അസം, മണിപ്പുർ, മിസോറം, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ ബുദ്ധമത തീർത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ‘ബുദ്ധ പരിപഥം’ വികസിപ്പിക്കുന്നതിനായി പുതിയ പദ്ധതി ആരംഭിക്കും.

16-ാം ധനകാര്യ കമ്മീഷൻ

16-ാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ അനുസരിച്ച്, 2026-27 സാമ്പത്തിക വർഷത്തിൽ സംസ്ഥാനങ്ങൾക്കായി ₹1.4 ലക്ഷം കോടി ധനകാര്യ കമ്മീഷൻ ഗ്രാന്റായി അനുവദിച്ചു.

ഭാഗം – ബി

പ്രത്യക്ഷ നികുതി

പുതിയ ആദായനികുതി നിയമം

* 2025 ലെ പുതിയ ആദായനികുതി നിയമം, 2026 ഏപ്രിൽ മുതൽ പ്രാബല്യത്തിൽ

* ലളിതവൽക്കരിച്ച ആദായനികുതി ചട്ടങ്ങളും ഫോമുകളും ഉടൻ വിജ്ഞാപനം ചെയ്യും. സാധാരണ പൗരന്മാർക്ക് എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയുന്ന രീതിയിലാണ് ഫോമുകൾ പുനർരൂപകൽപ്പന ചെയ്തിരിക്കുന്നത്.

ജനജീവിതം ആയാസരഹിതമാക്കൽ

* മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ, വ്യക്തികൾക്ക് അനുവദിക്കുന്ന പലിശയെ ആദായനികുതിയിൽ നിന്ന് ഒഴിവാക്കും, കൂടാതെ ഈ ഇനത്തിലുള്ള ടിഡിഎസ് (TDS) നിർത്തലാക്കുകയും ചെയ്യും.

* ടിസിഎസ് (TCS) യുക്തിസഹമാക്കൽ

* വിദേശ ടൂർ പാക്കേജുകളുടെ ടിസിഎസ് നിരക്ക് 2 ശതമാനമായി കുറയ്ക്കും (നിലവിലെ 2 – 20 ശതമാനത്തിൽ നിന്ന്).

* വിദ്യാഭ്യാസം, ചികിൽസ എന്നിവയ്ക്കായുള്ള എൽആർഎസ് (LRS) പണമിടപാടുകൾക്കുള്ള ടിസിഎസ് നിരക്ക് 2 ശതമാനമായി കുറയ്ക്കും (നിലവിലെ 5 ശതമാനത്തിൽ നിന്ന്).

* മനുഷ്യവിഭവശേഷി ലഭ്യമാക്കുന്നതിനുള്ള ടിഡിഎസ് വ്യവസ്ഥകൾ ലളിതമാക്കിയത് തൊഴിൽ അധിഷ്ഠിത വ്യവസായങ്ങൾക്ക് ഗുണകരമാകും.

• ചെറുകിട നികുതിദായകർക്കായി, നികുതിനിർണയ അധികാരികൾക്ക് അപേക്ഷ നൽകുന്നതിന് പകരം കുറഞ്ഞ നിരക്കിലോ പൂജ്യം നിരക്കിലോ ഉള്ള ഡിഡക്ഷൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് നിയമങ്ങൾ അടിസ്ഥാനമാക്കിയുള്ള ഓട്ടോമേറ്റഡ് സംവിധാനം ഏർപ്പെടുത്തും.

* ലാഭവിഹിതം, പലിശ തുടങ്ങിയവയുടെ ടിഡിഎസിനായുള്ള ഫോം 15G അല്ലെങ്കിൽ 15H, ഡെപ്പോസിറ്ററികളിൽ സമർപ്പിക്കുന്നതിന് ഏകജാലക സംവിധാനം.

* നാമമാത്രമായ ഫീസ് അടച്ച്, റിട്ടേണുകൾ പരിഷ്കരിക്കുന്നതിനുള്ള സമയ പരിധി ഡിസംബർ 31-ൽ നിന്ന് മാർച്ച് 31 വരെയായി വർദ്ധിപ്പിക്കും

• ടാക്സ് റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനുള്ള സമയക്രമം ഘട്ടംഘട്ടമായി ക്രമീകരിക്കും.

• എൻആർഐകൾ ഉൾപ്പെടുന്ന വസ്തു ഇടപാടുകൾക്ക് ഇനി ടാൻ (TAN) ആവശ്യമില്ല; പകരം വാങ്ങുന്നയാളുടെ പാൻ (PAN) കാർഡ് ഉപയോഗിച്ചുള്ള ചലാൻ സംവിധാനം ഏർപ്പെടുത്തും.

* ചെറുകിട നികുതിദായകർക്ക് അവരുടെ വിദേശ വരുമാനമോ ആസ്തിയോ വെളിപ്പെടുത്തുന്നതിനായി ആറ് മാസത്തെ ഒറ്റത്തവണ വിദേശ ആസ്തി വെളിപ്പെടുത്തൽ പദ്ധതി.

വിചാരണയും ശിക്ഷാനടപടികളും യുക്തിസഹമാക്കൽ

* ആദായനികുതി നിർണയവും പിഴ നടപടികളും സംയോജിപ്പിച്ച് പൊതുവായ ഉത്തരവ് പുറപ്പെടുവിക്കാൻ നിർദ്ദേശം

* വ്യവഹാരങ്ങൾ കുറയ്ക്കുന്നതിനായി, റീ-അസസ്‌മെന്റ് നടപടികൾ ആരംഭിച്ചതിന് ശേഷവും നികുതിദായകർക്ക് അവരുടെ റിട്ടേണുകൾ പരിഷ്കരിക്കാൻ അനുവാദമുണ്ടാകും. ഇതിനായി ബന്ധപ്പെട്ട വർഷത്തെ നികുതി നിരക്കിന് പുറമെ 10 ശതമാനം അധിക നികുതി നൽകേണ്ടി വരും.

• അധിക ആദായനികുതി അടയ്ക്കുന്നതിലൂടെ വരുമാനം തെറ്റായി റിപ്പോർട്ട് ചെയ്തതിനായുള്ള പിഴകളിൽ നിന്നും ഒഴിവാകാൻ സാധിക്കും.

• ആദായനികുതി നിയമപ്രകാരമുള്ള പ്രോസിക്യൂഷൻ ചട്ടക്കൂട് യുക്തിസഹമാക്കും.

• അക്കൗണ്ട് ബുക്കുകളും രേഖകളും ഹാജരാക്കാതിരിക്കുന്നത്, ടിഡിഎസ് പേയ്‌മെന്റ് ബാധ്യത, ഏതെങ്കിലും തരത്തിൽ പണമടക്കുന്നത് എന്നിവ ക്രിമിനൽ കുറ്റമല്ലാതാക്കും

* 20 ലക്ഷം രൂപയിൽ താഴെ മൂല്യമുള്ള സ്ഥാവരമല്ലാത്ത വിദേശ ആസ്തികൾ വെളിപ്പെടുത്താത്തവർക്ക്, 1.10.2024 മുതൽ മുൻകാല പ്രാബല്യത്തോടെ നിയമനടപടികളിൽ നിന്ന് ഒഴിവാകാൻ അവസരം നൽകും.

സഹകരണ സംഘങ്ങൾ

* പാൽ, എണ്ണക്കുരുക്കൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ ഉൽപ്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന പ്രാഥമിക സഹകരണ സംഘങ്ങൾക്ക് നിലവിൽ ലഭിക്കുന്ന നികുതിയിളവ്, കന്നുകാലിത്തീറ്റയും പരുത്തിക്കുരുവും വിതരണം ചെയ്യുന്ന സംഘങ്ങൾക്കും കൂടി ലഭ്യമാക്കും.

* സഹകരണ സംഘങ്ങൾ തമ്മിലുള്ള ലാഭവിഹിത വരുമാനം, അംഗങ്ങൾക്കിടയിൽ വീണ്ടും വിതരണം ചെയ്യുകയാണെങ്കിൽ അതിന് പുതിയ നികുതി വ്യവസ്ഥയിൽ ഇളവ് അനുവദിക്കും.

* വിജ്ഞാപനം ചെയ്യപ്പെട്ട ദേശീയ സഹകരണ ഫെഡറേഷനുകൾക്ക് 2026 ജനുവരി 31 വരെ കമ്പനികളിൽ നടത്തുന്ന നിക്ഷേപങ്ങളിൽ നിന്നുള്ള
ലാഭവിഹിതം അംഗങ്ങളായ സഹകരണ സംഘങ്ങൾക്ക് വിതരണം ചെയ്യുകയാണെങ്കിൽ അതിന് 3 വർഷത്തേക്ക് നികുതി ഇളവ് നൽകും

ഇന്ത്യയുടെ വളർച്ചാ എഞ്ചിൻ എന്ന നിലയിൽ ഐടി മേഖലയ്ക്ക് പിന്തുണ

* സോഫ്റ്റ്‌വെയർ വികസനം, ഐടി അധിഷ്ഠിത സേവനങ്ങൾ, നോളജ് പ്രോസസ് ഔട്ട്‌സോഴ്‌സിംഗ്, കരാർ അടിസ്ഥാനത്തിലുള്ള ഗവേഷണ പ്രവർത്തനങ്ങൾ എന്നിവയെല്ലാം ‘ഇൻഫർമേഷൻ ടെക്നോളജി സർവീസസ്’ എന്ന ഒരൊറ്റ വിഭാഗത്തിന് കീഴിലാക്കും. ഇതിന് 15.5 ശതമാനം എന്ന പൊതുവായ ‘സേഫ് ഹാർബർ മാർജിൻ’ നിശ്ചയിച്ചു.

* ഐടി സേവനങ്ങൾക്കായി ‘സേഫ് ഹാർബർ’ ആനുകൂല്യം ലഭിക്കുന്നതിനുള്ള പരിധി 300 കോടി രൂപയിൽ നിന്ന് 2,000 കോടി രൂപയായി വർദ്ധിപ്പിച്ചു.

* ഐടി സേവനങ്ങൾക്കായുള്ള സേഫ് ഹാർബർ അനുമതി ഒരു ഓട്ടോമേറ്റഡ് സംവിധാനം വഴി ലഭ്യമാക്കും. ഇത് തുടർച്ചയായി 5 വർഷം വരെ നിലനിർത്താം.

* ഐടി സേവനങ്ങൾക്കായുള്ള ഏകപക്ഷീയമായ അഡ്വാൻസ്ഡ് പ്രൈസിംഗ് എഗ്രിമെൻ്റ് (APA) നടപടികൾ 2 വർഷത്തിനുള്ളിൽ പൂർത്തിയാക്കാ നുള്ള ശ്രമം ത്വരിതപ്പെടുത്തും, നികുതിദായകൻ്റെ അഭ്യർത്ഥന പ്രകാരം ഇത് 6 മാസത്തേക്ക് ദീർഘിപ്പിക്കാവുന്നതാണ്.

* APA കരാറിൽ ഏർപ്പെടുന്ന സ്ഥാപനങ്ങൾക്ക് റിട്ടേണുകളിൽ മാറ്റം വരുത്താൻ ലഭിക്കുന്ന സൗകര്യം അവരുടെ അനുബന്ധ സ്ഥാപനങ്ങൾക്കും ലഭ്യമാക്കും.

ആഗോള ബിസിനസും നിക്ഷേപവും ആകർഷിക്കൽ

* ഇന്ത്യയിലെ ഡാറ്റാ സെന്ററുകൾ ഉപയോഗിച്ച് ആഗോളതലത്തിൽ ക്ലൗഡ് സേവനങ്ങൾ നൽകുന്ന വിദേശ കമ്പനികളെ 2047വരെ നികുതിയിൽ നിന്ന് ഒഴിവാക്കും

* ഇന്ത്യയിൽ നിന്ന് ഡാറ്റാ സെന്റർ സേവനങ്ങൾ നൽകുന്ന കമ്പനി ഒരു അനുബന്ധ സ്ഥാപനമാണെങ്കിൽ, ചെലവിന്റെ 15 ശതമാനം സേഫ് ഹാർബർ ആയി അനുവദിക്കും.

* ബോണ്ടഡ് വെയർഹൗസുകളിൽ സ്പെയർ പാർട്സുകൾ സൂക്ഷിക്കുന്ന പ്രവാസികൾക്ക് ലാഭവിഹിതത്തിന്റെ 2 ശതമാനം സേഫ് ഹാർബർ അനുവദിക്കും. തത്ഫലമായുണ്ടാകുന്ന 0.7 ശതമാനം നികുതി മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറവായിരിക്കും.

* ബോണ്ടഡ് സോണുകളിലെ ടോൾ നിർമ്മാതാക്കൾക്ക് മൂലധന ഉപകരണങ്ങളും യന്ത്രസാമഗ്രികളും നൽകുന്ന പ്രവാസികൾക്ക് 5 വർഷത്തേക്ക് ആദായനികുതി ഇളവ് നൽകും.

* വിജ്ഞാപനം ചെയ്യപ്പെട്ട പദ്ധതികൾക്ക് കീഴിൽ ഇന്ത്യയിൽ 5 വർഷം താമസിക്കുന്ന വിദേശ വിദഗ്ധരുടെ വിദേശ വരുമാനത്തിന് (ഇന്ത്യയ്ക്ക് പുറത്തുനിന്നുള്ള വരുമാനം) നികുതി ഇളവ് നൽകും.

* അനുമാന അടിസ്ഥാനത്തിൽ നികുതി (Presumptive tax) അടയ്ക്കുന്ന എല്ലാ പ്രവാസികൾക്കും മിനിമം ആൾട്ടർനേറ്റ് ടാക്സിൽ (MAT) ഇളവ് നൽകും.

നികുതി നിർവ്വഹണം

* ഇൻകം കമ്പ്യൂട്ടേഷൻ ആൻഡ് ഡിസ്‌ക്ലോഷർ സ്റ്റാൻഡേർഡ്‌സ് (ICDS), ഇന്ത്യൻ അക്കൗണ്ടിംഗ് സ്റ്റാൻഡേർഡ്‌സിൽ (IndAS) തന്നെ ഉൾപ്പെടുത്തുന്നതിനായി കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെയും കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിന്റെയും ഒരു സംയുക്ത സമിതി രൂപീകരിക്കും. 2027-28 നികുതി വർഷം മുതൽ ICDS അടിസ്ഥാനത്തിലുള്ള പ്രത്യേക അക്കൗണ്ടിംഗ് രീതി ഒഴിവാക്കും.

* സേഫ് ഹാർബർ ചട്ടങ്ങൾക്കായി ‘അക്കൗണ്ടന്റ്’ എന്ന പദത്തിന് നൽകിയിട്ടുള്ള നിർവ്വചനം യുക്തിസഹമാക്കും

മറ്റ് നികുതി നിർദ്ദേശങ്ങൾ

* ചെറുകിട ഓഹരി ഉടമകളുടെ താൽപ്പര്യം മുൻനിർത്തി, എല്ലാത്തരം ഓഹരി ഉടമകളുടെയും ബൈബാക്ക് (Buyback) വരുമാനത്തെ മൂലധന നേട്ടമായി (Capital Gains) ആയി കണക്കാക്കി നികുതി ചുമത്തും. പ്രൊമോട്ടർമാർ അധിക ബൈബാക്ക് നികുതി നൽകണം; ഇത് കോർപ്പറേറ്റ് പ്രൊമോട്ടർമാർക്ക് 22 ശതമാനവും മറ്റുള്ളവർക്ക് 30 ശതമാനവും ആയിരിക്കും.

* മദ്യം, ആക്രി സാധനങ്ങൾ ധാതുക്കൾ എന്നിവയുടെ വിൽപ്പനക്കാർക്കുള്ള TCS നിരക്ക് 2 ശതമാനമായി ഏകീകരിക്കും. ടെണ്ടു ഇലകളുടെ (Tendu leaves) നിരക്ക് 5 ശതമാനത്തിൽ നിന്ന് 2 ശതമാനമായി കുറയ്ക്കും.

* ഭാവി ഇടപാടുകളിലെ STT (സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സ്) 0.02-ൽ നിന്ന് 0.05 ശതമാനമായി ഉയർത്തും. ഓപ്‌ഷനുകളുടെ പ്രീമിയത്തിന്മേലുള്ള STT 0.15 ശതമാനമായും വർദ്ധിപ്പിക്കും.

* കമ്പനികളെ പുതിയ നികുതി വ്യവസ്ഥയിലേക്ക് മാറാൻ പ്രോത്സാഹിപ്പിക്കുന്നതിനായി, പഴയ MAT ക്രെഡിറ്റ് പുതിയ വ്യവസ്ഥയിലേക്ക് മാറുന്നവർക്ക് മാത്രമേ അനുവദിക്കൂ. ലഭ്യമായ മാറ്റ് (MAT) ക്രെഡിറ്റ് ഉപയോഗിച്ചുള്ള സെറ്റ്-ഓഫ് (നികുതി ഇളവ്), പുതിയ നികുതി വ്യവസ്ഥയിലെ ആകെ നികുതി ബാധ്യതയുടെ നാലിലൊന്ന് (1/4) വരെ മാത്രമായി പരിമിതപ്പെടുത്തി അനുവദിക്കും.

* MAT (Minimum Alternate Tax) എന്നത് അന്തിമ നികുതിയായി മാറ്റാൻ നിർദ്ദേശിക്കുന്നു. 2026 ഏപ്രിൽ 1 മുതൽ കൂടുതൽ ക്രെഡിറ്റ് ശേഖരണം ഉണ്ടാകില്ല. MAT നിരക്ക് നിലവിലെ 15 ശതമാനത്തിൽ നിന്ന് 14 ശതമാനമായി കുറയ്ക്കും.

പരോക്ഷ നികുതി

താരിഫ് ലളിതവൽക്കരണം

* സമുദ്ര, തുകൽ, ടെക്സ്റ്റൈൽ ഉൽപ്പന്നങ്ങൾ: കയറ്റുമതിക്കായി കടൽ വിഭവങ്ങൾ സംസ്കരിക്കാൻ ഉപയോഗിക്കുന്ന സാമഗ്രികളുടെ നികുതിരഹിത ഇറക്കുമതി പരിധി FOB മൂല്യത്തിന്റെ 1 ശതമാനത്തിൽ നിന്ന് 3 ശതമാനമായി ഉയർത്തും. തുകൽ/സിന്തറ്റിക് പാദരക്ഷകളുടെ കയറ്റുമതിക്കും നികുതിരഹിത ഇറക്കുമതി ആനുകൂല്യം നൽകും.

ഊർജ്ജ പരിവർത്തനവും സുരക്ഷയും:

* ലിഥിയം-അയൺ ബാറ്ററികളുടെ നിർമ്മാണത്തിനുള്ള യന്ത്രസാമഗ്രികളുടെ കസ്റ്റംസ് ഡ്യൂട്ടി ഇളവ് നീട്ടി.

* സോളാർ ഗ്ലാസ് നിർമ്മാണത്തിനുള്ള ‘സോഡിയം ആന്റിമൊണേറ്റ്’ ഇറക്കുമതിക്ക് നികുതി ഒഴിവാക്കി.

ആണവോർജ്ജം:

* ആണവോർജ്ജ പദ്ധതികൾക്ക് ആവശ്യമായ സാധനങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടി ഇളവ് 2035 വരെ ദീർഘിപ്പിച്ചു.

നിർണായക ധാതുക്കൾ (Critical Minerals):

* നിർണായക ധാതുക്കളുടെ സംസ്കരണത്തിന് ആവശ്യമായ മൂലധന വസ്തുക്കളുടെ ഇറക്കുമതിക്കുള്ള അടിസ്ഥാന കസ്റ്റംസ് തീരുവ ഒഴിവാക്കി.

ബയോഗ്യാസ് മിശ്രിത CNG:

* ബയോഗ്യാസ് മിശ്രിതമായ സിഎൻജിക്ക് നൽകേണ്ട സെൻട്രൽ എക്സൈസ് തീരുവ കണക്കാക്കുമ്പോൾ ബയോഗ്യാസിന്റെ മൂല്യം ഒഴിവാക്കും.

സിവിൽ, പ്രതിരോധ വ്യോമയാന മേഖല:

* വിമാനങ്ങളുടെയും പരിശീലന വിമാനങ്ങളുടെയും നിർമ്മാണത്തിനുള്ള ഘടകങ്ങളുടെയും ഭാഗങ്ങളുടെയും നികുതി ഒഴിവാക്കി.

* പ്രതിരോധ മേഖലയിലെ അറ്റകുറ്റപ്പണികൾക്കായി (MRO) ഇറക്കുമതി ചെയ്യുന്ന അസംസ്കൃത വസ്തുക്കൾക്കും ഇളവ് നൽകും.

ഇലക്ട്രോണിക്സ്:

* മൈക്രോവേവ് ഓവൻ നിർമ്മാണത്തിന് ഉപയോഗിക്കുന്ന പ്രത്യേക ഭാഗങ്ങളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ ഒഴിവാക്കി.

പ്രത്യേക സാമ്പത്തിക മേഖല:

* പ്രത്യേക സാമ്പത്തിക മേഖലകളിലെ യോഗ്യതയുള്ള യൂണിറ്റുകൾക്ക് ആഭ്യന്തര വിപണിയിൽ (DTA) കുറഞ്ഞ നികുതിയിൽ സാധനങ്ങൾ വിൽക്കാൻ അനുമതി നൽകും. ഇത് അവരുടെ കയറ്റുമതിയുടെ നിശ്ചിത അനുപാതത്തിൽ പരിമിതപ്പെടുത്തും.

ജീവിതസൗകര്യം മെച്ചപ്പെടുത്തൽ

• വ്യക്തിഗത ആവശ്യങ്ങൾക്കായി ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ നികുതി 20 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറയ്ക്കും.

• 17 തരം മരുന്നുകൾക്ക് കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി.

• 7 തരം അപൂർവ്വ രോഗങ്ങൾക്കുള്ള മരുന്നുകളുടെയും ഭക്ഷണത്തിന്റെയും നികുതിരഹിത വ്യക്തിഗത ഇറക്കുമതി അനുവദിക്കും.

കസ്റ്റംസ് നടപടികൾ ലളിതമാക്കൽ

• ചരക്ക് നീക്കം സുഗമവും വേഗത്തിലുമാക്കുന്നതിന് കസ്റ്റംസ് നടപടികളിൽ ഉദ്യോഗസ്ഥ ഇടപെടൽ കുറയ്ക്കും.

വിശ്വാസാധിഷ്ഠിത സംവിധാനങ്ങൾ

• ടിയർ 2, ടിയർ 3 വിഭാഗത്തിലുള്ള അംഗീകൃത സാമ്പത്തിക ഓപ്പറേറ്റർമാരുടെ (AEOs) നികുതി അടയ്ക്കാനുള്ള സാവകാശം 15 ദിവസത്തിൽ നിന്ന് 30 ദിവസമായി ഉയർത്തി. ഇത് അർഹരായ നിർമ്മാതാക്കൾക്കും ഇറക്കുമതിക്കാർക്കും ലഭ്യമാകും.

• കസ്റ്റംസ് വകുപ്പ് നൽകുന്ന അഡ്വാൻസ് റൂളിംഗുകളുടെ കാലാവധി നിലവിലെ 3 വർഷത്തിൽ നിന്ന് 5 വർഷമായി ദീർഘിപ്പിച്ചു.

• ചരക്കുകൾ കൈകാര്യം ചെയ്യുന്ന വേളയിൽ മുൻഗണന നൽകുന്നതിനായി, എ.ഇ.ഒ (AEO) അംഗീകാരത്തെ പ്രയോജനപ്പെടുത്താൻ ഗവണ്മെന്റ് ഏജൻസികളെ പ്രോത്സാഹിപ്പിക്കും.

* വിശ്വസ്തരായ ഇറക്കുമതിക്കാർ ‘ബിൽ ഓഫ് എൻട്രി’ ഫയൽ ചെയ്യുന്നതും സാധനങ്ങൾ എത്തുന്നതും സംബന്ധിച്ച അറിയിപ്പ് സ്വയമേവ കസ്റ്റംസ് വകുപ്പിന് ലഭിക്കും (മറ്റ് നിബന്ധനകൾ ഇല്ലാത്ത സാധനങ്ങൾക്ക് മാത്രം).

* കസ്റ്റംസ് വെയർഹൗസ് സംവിധാനം ഓപ്പറേറ്റർമാർക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന രീതിയിലേക്ക് മാറ്റും. ഇതിൽ സെൽഫ് ഡിക്ലറേഷൻ, ഇലക്ട്രോണിക് ട്രാക്കിംഗ്, റിസ്ക് അടിസ്ഥാനത്തിലുള്ള ഓഡിറ്റ് എന്നിവ ഉൾപ്പെടും.

ബിസിനസ്സ് എളുപ്പമാക്കൽ (Ease of Doing Business)

* വിവിധ ഗവണ്മെന്റ് ഏജൻസികളിൽ നിന്നുള്ള ചരക്ക് ക്ലിയറൻസ് അനുമതികൾ ഈ സാമ്പത്തിക വർഷാവസാനത്തോടെ ഒരു ഏകീകൃത ഡിജിറ്റൽ ജാലകം വഴി ലഭ്യമാക്കും.

* തടഞ്ഞുവെക്കുന്ന ചരക്കുകളിൽ 70 ശതമാനവും ഉൾപ്പെടുന്ന ഭക്ഷ്യ വസ്തുക്കൾ, മരുന്നുകൾ, സസ്യങ്ങൾ, മൃഗങ്ങൾ, വനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങളുടെ ക്ലിയറൻസ് നടപടികൾ 2026 ഏപ്രിലോടെ ഈ സംവിധാനത്തിന് കീഴിലാക്കും.

* മറ്റ് നിബന്ധനകൾ ഇല്ലാത്ത സാധനങ്ങൾക്ക്, ഇറക്കുമതിക്കാരൻ ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കിയാലുടൻ കസ്റ്റംസ് ക്ലിയറൻസ് നൽകും.

• എല്ലാ കസ്റ്റംസ് നടപടികൾക്കുമായുള്ള ഏകീകൃതവും വിപുലീകരിക്കാവുന്നതുമായ പ്ലാറ്റ്‌ഫോമായി ‘കസ്റ്റംസ് ഇന്റഗ്രേറ്റഡ് സിസ്റ്റം’ (CIS) രണ്ട് വർഷത്തിനുള്ളിൽ നടപ്പിലാക്കും.

• അപകടസാധ്യതകൾ മുൻകൂട്ടി വിലയിരുത്തുന്നതിനായി അത്യാധുനിക ഇമേജിംഗും നിർമ്മിതബുദ്ധിയും (AI) ഉപയോഗിച്ചുള്ള ‘നോൺ-ഇൻട്രൂസീവ്’ സ്കാനിംഗ് സംവിധാനം ഘട്ടംഘട്ടമായി വ്യാപിപ്പിക്കും. എല്ലാ പ്രധാന തുറമുഖങ്ങളിലുമുള്ള ഓരോ കണ്ടെയ്‌നറും സ്കാൻ ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

പുതിയ കയറ്റുമതി അവസരങ്ങൾ

* ഇന്ത്യൻ കപ്പലുകൾ രാജ്യത്തിന്റെ പ്രത്യേക സാമ്പത്തിക മേഖലയിൽ (EEZ) നിന്നോ അന്താരാഷ്ട്ര സമുദ്ര മേഖലയിൽ നിന്നോ പിടിക്കുന്ന മത്സ്യങ്ങൾക്ക് നികുതി ഒഴിവാക്കി. ഇവ വിദേശ തുറമുഖങ്ങളിൽ ഇറക്കുന്നത് കയറ്റുമതിയായി കണക്കാക്കും.

• കൊറിയർ വഴി കയറ്റുമതി ചെയ്യുന്ന സാധനങ്ങളുടെ 10 ലക്ഷം രൂപ എന്ന പരിധി പൂർണ്ണമായും ഒഴിവാക്കി. ഇത് ഇ-കൊമേഴ്‌സ് വഴി ആഗോള വിപണിയിലേക്ക് പ്രവേശിക്കാൻ ചെറുകിട ബിസിനസ്സുകാർക്കും സ്റ്റാർട്ടപ്പുകൾക്കും കലാകാരന്മാർക്കും സഹായകമാകും.

ജീവിതസൗകര്യം മെച്ചപ്പെടുത്തൽ

* അന്താരാഷ്ട്ര യാത്രക്കാരുടെ ലഗേജ് ക്ലിയറൻസുമായി ബന്ധപ്പെട്ട നിയമങ്ങൾ പരിഷ്കരിക്കും. നിലവിലെ യാത്രാ രീതികൾക്ക് അനുസൃതമായി നികുതിരഹിത പരിധി (Duty-free allowance) വർദ്ധിപ്പിക്കും.

* നികുതി തർക്കങ്ങൾ പരിഹരിക്കാൻ താല്പര്യമുള്ള സത്യസന്ധരായ നികുതിദായകർക്ക്, പിഴയ്ക്ക് പകരം ഒരു നിശ്ചിത തുക അധികമായി നൽകി കേസുകൾ അവസാനിപ്പിക്കാൻ സാധിക്കും.

നികുതിദായകർക്ക് കൂടുതൽ ആശ്വാസം നൽകുന്നതിനായി നേരിട്ടുള്ള നികുതികളിൽ വരുത്തിയ മാറ്റങ്ങൾ കേന്ദ്ര ധനകാര്യ-കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ കേന്ദ്ര ബജറ്റ് 2026-27 ബജറ്റിൽ പ്രഖ്യാപിച്ചു.
ജീവിതം സുഗമമാക്കൽ
മോട്ടോർ അപകട ക്ലെയിം ട്രിബ്യൂണൽ ഒരു വ്യക്തിക്ക് അനുവദിക്കുന്ന തുകയുടെ മേലുള്ള പലിശയെ ആദായനികുതിയിൽ നിന്ന് ഒഴിവാക്കാൻ ബജറ്റ് നിർദ്ദേശിക്കുന്നു. കൂടാതെ, ഈ തുകയിൽ നിന്നുള്ള ടി.ഡി.എസ് (TDS) പിടിക്കുന്ന രീതിയും ഒഴിവാക്കും. വിദേശ ടൂർ പാക്കേജുകളുടെ വിൽപ്പനയുടെ മേലുള്ള ടി.സി.എസ് (TCS) നിരക്ക് കുറയ്ക്കാൻ നിർദ്ദേശിച്ചു. നിലവിലുള്ള 5 ശതമാനം, 20 ശതമാനം എന്നീ നിരക്കുകളിൽ നിന്ന് ഇത് 2 ശതമാനമായി കുറയ്ക്കും. ഇതിനായി തുകയുടെ പരിധി നിശ്ചയിച്ചിട്ടില്ല.
ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീമിന് (LRS) കീഴിൽ വിദേശത്ത് പഠിക്കുന്നതിനും ചികിത്സാ ആവശ്യങ്ങൾക്കുമായി അയക്കുന്ന തുകയുടെ മേലുള്ള ടി.സി.എസ് (TCS) നിരക്ക് 5 ശതമാനത്തിൽ നിന്ന് 2 ശതമാനമായി കുറയ്ക്കാൻ ബജറ്റ് ലക്ഷ്യമിടുന്നു. തൊഴിലാളികളെ വിതരണം ചെയ്യുന്ന സേവനങ്ങളെ വ്യക്തമായി ടി.ഡി.എസ് (TDS) പരിധിയിൽ കൊണ്ടുവരും. നിലവിലുള്ള അവ്യക്തതകൾ ഒഴിവാക്കി ഇതിനെ ‘കോൺട്രാക്ടർമാർക്കുള്ള പേയ്‌മെന്റ്’ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്താനാണ് നിർദ്ദേശം. ഇതിലൂടെ ഇത്തരം സേവനങ്ങൾക്ക് 1 ശതമാനം അല്ലെങ്കിൽ 2 ശതമാനം എന്ന കുറഞ്ഞ നിരക്കിൽ മാത്രമായിരിക്കും ടി.ഡി.എസ് ബാധകമാകുക.

നികുതിദായകർക്കുള്ള സൗകര്യങ്ങൾ
നികുതിദായകർ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനായി നിരവധി പ്രധാന നിർദ്ദേശങ്ങൾ ബജറ്റിൽ അവതരിപ്പിച്ചു. ചെറുകിട നികുതിദായകർക്കായി പുതിയ ഡിജിറ്റൽ സംവിധാനം കൊണ്ടുവരും. ഇനി മുതൽ കുറഞ്ഞ നിരക്കിലോ പൂജ്യം നിരക്കിലോ ഉള്ള നികുതി കുറയ്ക്കൽ സർട്ടിഫിക്കറ്റുകൾ ലഭിക്കാൻ അസസിംഗ് ഓഫീസർക്ക് അപേക്ഷ നൽകേണ്ടതില്ല. പകരം, നിയമങ്ങൾക്കനുസൃതമായി പ്രവർത്തിക്കുന്ന ഓട്ടോമേറ്റഡ് പ്രക്രിയയിലൂടെ ഇത് വേഗത്തിൽ ലഭ്യമാകും. പല കമ്പനികളിലായി ഓഹരി നിക്ഷേപമുള്ളവർക്ക് ഓരോ കമ്പനിക്കും വെവ്വേറെ ഫോം 15G അല്ലെങ്കിൽ 15H നൽകുന്നതിലെ ബുദ്ധിമുട്ട് ഒഴിവാക്കും. നിക്ഷേപകർക്ക് ഈ ഫോമുകൾ അവരുടെ ഡിപ്പോസിറ്ററികളിൽ സമർപ്പിക്കാം. ഡിപ്പോസിറ്ററികൾ തന്നെ ഇത് ബന്ധപ്പെട്ട എല്ലാ കമ്പനികൾക്കും നേരിട്ട് കൈമാറുന്നതാണ്. ആദായനികുതി റിട്ടേണുകളിലെ തെറ്റുകൾ തിരുത്തി സമർപ്പിക്കാനുള്ള സമയം ഡിസംബർ 31-ൽ നിന്ന് മാർച്ച് 31 വരെ നീട്ടി. ചെറിയൊരു തുക ഫീസായി നൽകിക്കൊണ്ട് ഈ സൗകര്യം പ്രയോജനപ്പെടുത്താം.

ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിലെ പുതിയ സമയക്രമം
തിരക്ക് ഒഴിവാക്കുന്നതിനും നികുതിദായകർക്ക് കൂടുതൽ സൗകര്യം നൽകുന്നതിനുമായി നികുതി റിട്ടേണുകൾ സമർപ്പിക്കുന്നതിനുള്ള സമയപരിധിയിൽ മാറ്റം വരുത്താൻ ബജറ്റ് നിർദ്ദേശിച്ചു. ITR 1 ഉം ITR 2 ഉം റിട്ടേണുകൾ ഉള്ള വ്യക്തികൾക്ക് റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 ആയി തന്നെ തുടരും. ഓഡിറ്റിംഗ് ആവശ്യമില്ലാത്ത ബിസിനസ്സുകൾക്കും ട്രസ്റ്റുകൾക്കും റിട്ടേൺ ഫയൽ ചെയ്യാൻ ഓഗസ്റ്റ് 31 വരെ സമയം അനുവദിക്കും. ഇന്ത്യയിലുള്ള ഒരാൾ ഒരു വിദേശിയിൽ (NRI/Non-resident) നിന്ന് വസ്തു വാങ്ങുമ്പോൾ, അതിനുള്ള ടി.ഡി.എസ് (TDS) അടയ്ക്കുന്നതിന് ഇനി മുതൽ വാങ്ങുന്നയാൾക്ക് പ്രത്യേക ടാൻ (TAN) നമ്പറിന്റെ ആവശ്യമില്ല. പകരം, വാങ്ങുന്നയാളുടെ പാൻ (PAN) കാർഡ് ഉപയോഗിച്ചുള്ള ചലാൻ വഴി തന്നെ ഈ നികുതി അടയ്ക്കാമെന്ന് ബജറ്റ് നിർദ്ദേശിക്കുന്നു.

ചെറുകിട നികുതിദായകർക്ക് പ്രത്യേക ഊന്നൽ
വിദ്യാർത്ഥികൾ, യുവ പ്രൊഫഷണലുകൾ, ഐടി ജീവനക്കാർ, വിദേശത്തുനിന്നും മടങ്ങിയെത്തിയ പ്രവാസികൾ തുടങ്ങിയ ചെറുകിട നികുതിദായകർ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി പുതിയ പദ്ധതി സർക്കാർ ആവിഷ്കരിക്കും.
(എ) നിശ്ചിത പരിധിയിൽ താഴെയുള്ള വിദേശ വരുമാനമോ ആസ്തിയോ വെളിപ്പെടുത്തുന്നതിനായി ആറ് മാസത്തെ കാലാവധിയുള്ള ഒറ്റത്തവണ വിദേശ ആസ്തി വെളിപ്പെടുത്തൽ പദ്ധതി കൊണ്ടുവരും.
വിദേശ വരുമാനമോ ആസ്തിയോ വെളിപ്പെടുത്താത്തവർക്കും (ബി) വിദേശ വരുമാനം വെളിപ്പെടുത്തുകയും നികുതി അടയ്ക്കുകയും ചെയ്തിട്ടുണ്ടെങ്കിലും, ആ വരുമാനം ഉപയോഗിച്ച് വാങ്ങിയ ആസ്തികൾ കൃത്യമായി രേഖപ്പെടുത്താൻ സാധിക്കാത്തവർക്കും ഈ പദ്ധതി ബാധകമാകും.
(എ) വിഭാഗത്തിന്, വെളിപ്പെടുത്താത്ത വരുമാനത്തിന്റെയോ ആസ്തിയുടെയോ മൂല്യം ₹1 കോടി വരെ ആയിരിക്കണം. ആസ്തിയുടെ വിപണി മൂല്യത്തിന്റെ 30% അല്ലെങ്കിൽ വരുമാനത്തിന്റെ 30% നികുതിയായി നൽകണം. ഇതിനു പുറമെ, പിഴയ്ക്ക് പകരമായി 30% തുക കൂടി അധിക ആദായനികുതിയായി നൽകേണ്ടതുണ്ട്. ഇത് വഴി നിയമനടപടികളിൽ നിന്ന് ഇവർക്ക് പൂർണ്ണ സംരക്ഷണം ലഭിക്കും.
(ബി) വിഭാഗത്തിന്, ആസ്തിയുടെ മൂല്യം ₹5 കോടി വരെ ആയിരിക്കണം. വെറും ₹1 ലക്ഷം ഫീസായി നൽകി, ഈ ആസ്തികൾ ക്രമീകരിക്കാം. ഇവർക്ക് പിഴയിൽ നിന്നും നിയമനടപടികളിൽ നിന്നും പൂർണ്ണമായ ഒഴിവാക്കൽ ലഭിക്കും.

നിർണ്ണായകമായ അടിസ്ഥാന സൗകര്യങ്ങൾ പ്രാപ്തമാക്കേണ്ടതിന്റെയും ഡാറ്റാ സെന്ററുകളിൽ നിക്ഷേപം വർദ്ധിപ്പിക്കേണ്ടതിന്റെയും ആവശ്യകത തിരിച്ചറിഞ്ഞുകൊണ്ട്, ഇന്ത്യയിൽ നിന്നുള്ള ഡാറ്റാ സെന്റർ സേവനങ്ങൾ ഉപയോഗിച്ച് ആഗോളതലത്തിൽ ഉപഭോക്താക്കൾക്ക് ക്ലൗഡ് സേവനങ്ങൾ നൽകുന്ന ഏതൊരു വിദേശ കമ്പനിക്കും 2047 വരെ നികുതി അവധി നൽകുമെന്ന് കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി. നിർമ്മല സീതാരാമൻ 2026-27 ലെ കേന്ദ്ര ബജറ്റ് പാർലമെന്റിൽ അവതരിപ്പിക്കവേ, നിർദ്ദേശിച്ചു. എന്നിരുന്നാലും, ഇത്തരത്തിലുള്ള കമ്പനികൾ ഇന്ത്യൻ ഉപഭോക്താക്കൾക്ക് സേവനങ്ങൾ നൽകേണ്ടത് ഒരു ഇന്ത്യൻ റീസെല്ലർ സ്ഥാപനം വഴിയായിരിക്കണം.

ഇന്ത്യയിൽ നിന്ന് ഡാറ്റാ സെന്റർ സേവനങ്ങൾ നൽകുന്ന കമ്പനി അനുബന്ധ സ്ഥാപനമാണെങ്കിൽ പ്രവർത്തന ചെലവിന്റെ 15 ശതമാനം സേഫ് ഹാർബർ ആനുകൂല്യം നൽകാനും കേന്ദ്ര ബജറ്റിൽ നിർദ്ദേശമുണ്ട്.

ഇലക്ട്രോണിക്സ് നിർമ്മാണ മേഖലയിൽ ‘ജസ്റ്റ്-ഇൻ-ടൈം’ ലോജിസ്റ്റിക്സിന്റെ കാര്യക്ഷമത പ്രയോജനപ്പെടുത്തുന്നതിനായി, പ്രവാസികൾക്ക് (non-residents) ബോണ്ടഡ് വെയർഹൗസുകളിൽ ഘടകഭാഗങ്ങൾ സംഭരിക്കുന്നതിന് ‘സേഫ് ഹാർബർ’ (safe harbour) ആനുകൂല്യം നൽകുമെന്ന് കേന്ദ്ര ധനമന്ത്രി ബജറ്റിൽ നിർദ്ദേശിച്ചു. ഇൻവോയ്സ് മൂല്യത്തിന്റെ 2 ശതമാനം ലാഭവിഹിതമായി കണക്കാക്കും. ശേഷം ഈടാക്കുന്ന 0.7 ശതമാനം നികുതി സമാനമായ മറ്റിടങ്ങളിലെ നികുതി നിരക്കിനേക്കാൾ വളരെ കുറവാണ്.

ഇന്ത്യയിലെ ടോൾ നിർമ്മാണത്തിന് പ്രോത്സാഹനം നൽകുന്നതിനായി, ബോണ്ടഡ് സോണിലെ ഏതെങ്കിലും ടോൾ നിർമ്മാതാവിന് മൂലധന സാധനങ്ങളോ, യന്ത്രങ്ങളോ ഉപകരണങ്ങളോ നൽകുന്ന ഏതൊരു പ്രവാസിക്കും 5 വർഷത്തേക്ക് ആദായനികുതിയിൽ നിന്ന് ഇളവ് നൽകാൻ കേന്ദ്ര ധനമന്ത്രി 2026-27 ലെ കേന്ദ്ര ബജറ്റിൽ നിർദ്ദേശിച്ചിട്ടുണ്ട്.

ബജറ്റ് നിർദ്ദേശമനുസരിച്ച് വിജ്ഞാപനം ചെയ്യപ്പെട്ട പദ്ധതികൾക്ക് കീഴിൽ 5 വർഷം വരെ ഇന്ത്യയിൽ കഴിയുന്ന ഒരു പ്രവാസി വിദഗ്ദ്ധന്റെ ആഗോള വരുമാനത്തിന് (ഇന്ത്യക്ക് പുറത്തു നിന്നുള്ള വരുമാനം) നികുതി ഇളവ് നൽകുന്നു. വിദേശത്തുള്ള പ്രതിഭകളെ ദീർഘകാലം ഇന്ത്യയിൽ ജോലി ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

അനുമാന അടിസ്ഥാനത്തിൽ (Presumptive basis) നികുതി അടയ്ക്കുന്ന എല്ലാ പ്രവാസികൾക്കും മിനിമം ആൾട്ടർനേറ്റ് ടാക്സിൽ (MAT) നിന്ന് ഇളവു നൽകാനും കേന്ദ്ര ബജറ്റ് നിർദ്ദേശിക്കുന്നു.

കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ ഇന്ന് പാർലമെന്റിൽ 2026-27 ലെ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചു. വികസിത ഭാരതത്തിന്റെ പ്രധാന ചാലകശക്തിയായി സേവന മേഖലയെ കേന്ദ്രീകരിക്കുന്ന നടപടികൾ ശുപാർശ ചെയ്യുന്നതിനായി ഒരു ഉന്നതാധികാര ‘വിദ്യാഭ്യാസ, തൊഴിൽ, സംരംഭ’ സ്റ്റാൻഡിംഗ് കമ്മിറ്റി (High-Powered ‘Education to Employment and Enterprise’ Standing Committee) രൂപീകരിക്കാൻ കേന്ദ്ര ബജറ്റ് നിർദ്ദേശിക്കുന്നു. ഇത് 2047 ആകുമ്പോഴേക്കും 10% ആഗോള വിഹിതത്തോടെ സേവനങ്ങളിൽ ഇന്ത്യയെ ആഗോള നേതാവാക്കും. വളർച്ച, തൊഴിൽ, കയറ്റുമതി എന്നിവയ്ക്കുള്ള സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനുള്ള മുൻ​ഗണനാ മേഖലകൾ കമ്മിറ്റി നിശ്ചയിക്കും. ജോലികളിലും നൈപുണ്യ ആവശ്യകതകളിലും ആർട്ടിഫിഷ്യൻ ഇന്റലിജൻസ് (AI) ഉൾപ്പെടെയുള്ള വളർന്നുവരുന്ന സാങ്കേതികവിദ്യകൾ ചെലുത്തുന്ന സ്വാധീനം അവർ വിലയിരുത്തുകയും അതിനുള്ള നടപടികൾ നിർദ്ദേശിക്കുകയും ചെയ്യും.

ഇന്ത്യൻ ഡിസൈൻ വ്യവസായം അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണെങ്കിലും, രാജ്യത്ത് ഇന്ത്യൻ ഡിസൈനർമാരുടെ കുറവ് നേരിടുന്നുണ്ട്. ഇന്ത്യയുടെ കിഴക്കൻ മേഖലയിൽ ഡിസൈൻ വിദ്യാഭ്യാസവും വികസനവും പ്രോത്സാഹിപ്പിക്കുന്നതിനായി ‘ചലഞ്ച് റൂട്ട്’ വഴി ഒരു പുതിയ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ (NID) സ്ഥാപിക്കാൻ കേന്ദ്ര ബജറ്റ് നിർദ്ദേശിക്കുന്നു.

പ്രധാന വ്യാവസായിക, ലോജിസ്റ്റിക് ഇടനാഴികളുടെ സമീപം 5 സർവകലാശാല ടൗൺഷിപ്പുകൾ സൃഷ്ടിക്കുന്നതിന് ‘ചലഞ്ച് റൂട്ട്’ വഴി സംസ്ഥാനങ്ങളെ ​ഗവൺമെന്റ് പിന്തുണയ്ക്കും. ഈ ആസൂത്രിത അക്കാദമിക് സോണുകളിൽ ഒന്നിലധികം സർവ്വകലാശാലകൾ, കോളേജുകൾ, ഗവേഷണ സ്ഥാപനങ്ങൾ, നൈപുണ്യ കേന്ദ്രങ്ങൾ, റെസിഡൻഷ്യൽ കോംപ്ലക്സുകൾ എന്നിവ ഉൾപ്പെടും.

ഉന്നതവിദ്യാഭ്യാസ മേഖലയിലെ സ്റ്റെം (STEM – സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ്) സ്ഥാപനങ്ങളിൽ ദീർഘനേരത്തെ പഠനവും ലബോറട്ടറി ജോലികളും പെൺകുട്ടികൾക്ക് ചില വെല്ലുവിളികൾ ഉയർത്താറുണ്ട്. ഇത് പരിഹരിക്കുന്നതിനായി, വി.ജി.എഫ് (VGF) അല്ലെങ്കിൽ മൂലധന സഹായത്തിലൂടെ രാജ്യത്തെ എല്ലാ ജില്ലകളിലും പെൺകുട്ടികളുടെ ഓരോ ഹോസ്റ്റൽ വീതം സ്ഥാപിക്കാൻ കേന്ദ്ര ബജറ്റ് നിർദ്ദേശിക്കുന്നു.

ആഴത്തിലുള്ള അനുഭവാധിഷ്ഠിത രീതികളിലൂടെ ആസ്ട്രോഫിസിക്സ് , അസ്‌ട്രോണമി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി നാല് ടെലിസ്കോപ്പ് ഇൻഫ്രാസ്ട്രക്ച്ചർ ഫസിലിറ്റികൾ സജ്ജമാക്കുകയോ നവീകരിക്കുകയോ ചെയ്യും. ഇതിൽ നാഷണൽ ലാർജ് സോളാർ ടെലിസ്കോപ്പ്, നാഷണൽ ലാർജ് ഒപ്റ്റിക്കൽ ഇൻഫ്രാറെഡ് ടെലിസ്കോപ്പ്, ഹിമാലയൻ ചന്ദ്ര ടെലിസ്കോപ്പ്, കോസ്മോസ് 2 (COSMOS 2) പ്ലാനറ്റേറിയം എന്നിവ ഉൾപ്പെടുന്നു.

2026-27 ലെ കേന്ദ്ര ബജറ്റിൽ ‘വികസിത് ഭാരതത്തിനായുള്ള ബാങ്കിംഗ് ഉന്നതതല സമിതി’ (High Level Committee on Banking for Viksit Bharat) രൂപീകരിക്കാൻ നിർദ്ദേശിക്കുന്നു. പാർലമെന്റിൽ ഇന്ന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കവേ, സാമ്പത്തിക മേഖലയെ സമഗ്രമായി അവലോകനം ചെയ്യാനും സാമ്പത്തിക സ്ഥിരത, എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം (Inclusion), ഉപഭോക്തൃ സംരക്ഷണം എന്നിവ ഉറപ്പാക്കിക്കൊണ്ട് ഇന്ത്യയുടെ അടുത്ത ഘട്ടത്തിലുള്ള വളർച്ചയുമായി ഈ മേഖലയെ യോജിപ്പിക്കാനും സമിതി ലക്ഷ്യമിടുന്നതായി കേന്ദ്ര ധനകാര്യമന്ത്രി ശ്രീമതി നിർമല സീതാരാമൻ പറഞ്ഞു.ശക്തമായ ബാലൻസ് ഷീറ്റുകൾ, ലാഭക്ഷമതയിലെ ചരിത്രപരമായ നേട്ടങ്ങൾ, മെച്ചപ്പെട്ട ആസ്തി നിലവാരം എന്നിവയാണ് ഇന്നത്തെ ഇന്ത്യൻ ബാങ്കിംഗ് മേഖലയുടെ സവിശേഷതയെന്നും, രാജ്യത്തെ 98 ശതമാനത്തിലധികം ഗ്രാമങ്ങളിലും ബാങ്കിംഗ് സേവനങ്ങൾ എത്തിച്ചേർന്നതായും കേന്ദ്ര ബജറ്റ് ചൂണ്ടിക്കാട്ടി.
പൊതുമേഖലാ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളിൽ (NBFCs) കൂടുതൽ കാര്യക്ഷമതയും വളർച്ചയും കൈവരിക്കുന്നതിനായി പവർ ഫിനാൻസ് കോർപ്പറേഷനും (PFC) റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപ്പറേഷനും (REC) പുനഃസംഘടിപ്പിക്കാൻ കേന്ദ്ര ബജറ്റ് നിർദ്ദേശിക്കുന്നു. ‘വികസിത് ഭാരത’ത്തിനായുള്ള എൻ.ബി.എഫ്.സി-കളുടെ കാഴ്ചപ്പാട്, വായ്പാ വിതരണത്തിനും സാങ്കേതിക വിദ്യ സ്വീകരിക്കുന്നതിനുമുള്ള വ്യക്തമായ ലക്ഷ്യങ്ങളോടെ ബജറ്റിൽ രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്.
ഇന്ത്യയുടെ മാറിക്കൊണ്ടിരിക്കുന്ന സാമ്പത്തിക മുൻഗണനകൾക്ക് അനുസൃതമായി, വിദേശ നിക്ഷേപങ്ങൾക്കായി കൂടുതൽ ആധുനികവും ലളിതവുമായ ഒരു ചട്ടക്കൂട് സൃഷ്ടിക്കുന്നതിനായി ‘ഫോറിൻ എക്സ്ചേഞ്ച് മാനേജ്‌മെന്റ് (നോൺ-ഡെബ്റ്റ് ഇൻസ്ട്രുമെന്റ്‌സ്) റൂൾസ്’ സമഗ്രമായി അവലോകനം ചെയ്യുമെന്നും ശ്രീമതി നിർമല സീതാരാമൻ പറഞ്ഞു .

കോർപ്പറേറ്റ് ബോണ്ട് സൂചികകളിൽ (Corporate bond indices) ഫണ്ടുകൾക്കും ഡെറിവേറ്റീവുകൾക്കും (Derivatives) ആവശ്യമായ സൗകര്യങ്ങളോടു കൂടിയ ഒരു ‘മാർക്കറ്റ് മേക്കിംഗ്’ ചട്ടക്കൂടും, കോർപ്പറേറ്റ് ബോണ്ടുകളിൽ ‘ടോട്ടൽ റിട്ടേൺ സ്വാപ്‌സ്’ (Total return swaps) നടപ്പിലാക്കുന്നതിനുള്ള നിർദ്ദേശവും ബജറ്റ് മുന്നോട്ടുവെക്കുന്നു.
വൻനഗരങ്ങൾ ഉയർന്ന മൂല്യമുള്ള മുനിസിപ്പൽ ബോണ്ടുകൾ പുറപ്പെടുവിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി, 1000 കോടി രൂപയിൽ കൂടുതൽ മൂല്യമുള്ള ഒരൊറ്റ ബോണ്ട് ഇഷ്യുവിന് 100 കോടി രൂപയുടെ ഇൻസെന്റീവ് (പ്രോത്സാഹന തുക) ബജറ്റ് നിർദ്ദേശിക്കുന്നു. ചെറിയ പട്ടണങ്ങൾക്കും ഇടത്തരം നഗരങ്ങൾക്കും പിന്തുണ നൽകുന്നതിനായി, 200 കോടി രൂപ വരെയുള്ള ബോണ്ട് ഇഷ്യൂകൾക്ക് ഇൻസെന്റീവ് നൽകുന്ന നിലവിലെ അമൃത് (AMRUT) പദ്ധതിയും തുടരും.
ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കുന്നതിന്റെ (Ease of doing business) ഭാഗമായി, ഇന്ത്യക്ക് പുറത്ത് താമസിക്കുന്ന വ്യക്തികൾക്ക് (PROI) പോർട്ട്‌ഫോളിയോ ഇൻവെസ്റ്റ്‌മെന്റ് സ്കീം വഴി ലിസ്റ്റ് ചെയ്ത ഇന്ത്യൻ കമ്പനികളുടെ ഇക്വിറ്റി ഇൻസ്ട്രുമെന്റുകളിൽ നിക്ഷേപം നടത്താൻ അനുമതി നൽകും. ഈ പദ്ധതിക്ക് കീഴിൽ ഒരു വ്യക്തിക്ക് നടത്താവുന്ന നിക്ഷേപ പരിധി നിലവിലെ 5 ശതമാനത്തിൽ നിന്ന് 10 ശതമാനമായും, എല്ലാ വ്യക്തിഗത വിദേശ നിക്ഷേപകർക്കും കൂടി നിക്ഷേപിക്കാവുന്ന മൊത്തം പരിധി നിലവിലെ 10 ശതമാനത്തിൽ നിന്ന് 24 ശതമാനമായും ഉയർത്താനും ബജറ്റ് നിർദ്ദേശിക്കുന്നു.

ശക്തമായ ആഭ്യന്തര ആവശ്യകത, ഘടനാപരമായ പരിഷ്കാരങ്ങൾ, സുസ്ഥിരമായ സ്ഥൂല സാമ്പത്തിക (മാക്രോ ഇക്കണോമിക്) അന്തരീക്ഷം എന്നിവയുടെ പിന്തുണയാൽ ഇന്ത്യയുടെ വളർച്ചാ സാധ്യതകൾ ശുഭസൂചകമായി തുടരുന്നു. ഈ വർഷം രാജ്യത്തിന് മൂന്ന് സോവറിൻ റേറ്റിംഗ് അപ്‌ഗ്രേഡുകൾ ലഭിച്ചു. കേന്ദ്ര ധനകാര്യ-കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ 2026-27 സാമ്പത്തിക വർഷത്തെ ബജറ്റിനൊപ്പം പാർലമെന്റിൽ സമർപ്പിച്ച മാക്രോ ഇക്കണോമിക് ഫ്രെയിംവർക്ക് സ്റ്റേറ്റ്‌മെന്റ്, മീഡിയം ടേം ഫിസ്ക്കൽ പോളിസി കം ഫിസ്ക്കൽ പോളിസി സ്ട്രാറ്റജി സ്റ്റേറ്റ്‌മെന്റ് എന്നിവ പ്രകാരം, പണപ്പെരുപ്പ സാഹചര്യം ആശങ്കയില്ലാത്ത വിധം നിയന്ത്രണവിധേയമായി തുടരുന്നുവെന്ന് വ്യക്തമാക്കുന്നു. പൊതു നിക്ഷേപം, നിയന്ത്രണങ്ങൾ ഒഴിവാക്കൽ, തൊഴിൽ വിപണി പരിഷ്കാരങ്ങൾ, മനുഷ്യവിഭവശേഷിയിലെ നിക്ഷേപം, നികുതി പരിഷ്കാരങ്ങൾ, ഡിജിറ്റൽ പരിവർത്തനം, സമ്പദ്‌വ്യവസ്ഥയുടെ ഔദ്യോഗികവൽക്കരണം എന്നിവ സമ്പദ്‌വ്യവസ്ഥയെ ഉയർന്ന വളർച്ചാ പാതയിലേക്ക് നയിക്കുമെന്ന് രേഖ സൂചിപ്പിക്കുന്നു. കോർപ്പറേറ്റ്, സാമ്പത്തിക മേഖലകളിലെ ശക്തമായ ബാലൻസ് ഷീറ്റുകൾ സ്വകാര്യ മേഖലയിലെ നിക്ഷേപം വർദ്ധിപ്പിക്കുമെന്നും അത് വളർച്ചാ ഗതിയെ ത്വരിതപ്പെടുത്തുമെന്നും പ്രതീക്ഷിക്കുന്നു.
സമഗ്ര സാമ്പത്തിക രൂപരേഖ (മാക്രോ-ഇക്കണോമിക് ഫ്രെയിംവർക്ക് സ്റ്റേറ്റ്മെൻ്റ്)
സാമ്പത്തിക വളർച്ച
ദേശീയ സ്ഥിതിവിവര കാര്യാലയം പ്രസിദ്ധീകരിച്ച ആദ്യ മുൻകൂർ കണക്കുകൾ പ്രകാരം, 2025–26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ യഥാർത്ഥ ജിഡിപി 7.4 ശതമാനം വളർച്ച നേടുമെന്ന് കണക്കാക്കപ്പെടുന്നു; ഇതേ കാലയളവിലെ നാമമാത്ര ജിഡിപി (Nominal GDP) വളർച്ച 8 ശതമാനമാണ്. 9.1 ശതമാനം വളർച്ചയോടെ സേവന മേഖലയാണ് പ്രധാന വളർച്ചാ ചാലകമായി തുടരുന്നത്. ഉല്പാദന, നിർമ്മാണ പ്രവർത്തന മേഖലകൾ 7 ശതമാനം വളർച്ച രേഖപ്പെടുത്തി. കാർഷിക മേഖല 3.1 ശതമാനം വളർച്ച നേടുമെന്നും കണക്കാക്കപ്പെടുന്നു. 2025-26 ലെ ആദ്യ മുൻകൂർ കണക്കുകളെ അപേക്ഷിച്ച് നോമിനൽ ജിഡിപി 10.0 ശതമാനം വളർച്ച നേടുമെന്ന് ബജറ്റിൽ വ്യക്തമാക്കുന്നു.
ഉപഭോഗവും നിക്ഷേപവും
ആഭ്യന്തര ആവശ്യകത വളർച്ചയുടെ ആണിക്കല്ലായി തുടരുന്നു. സ്വകാര്യ അന്തിമ ഉപഭോഗ ചെലവ് (PFCE) 7 ശതമാനം വളർച്ച നേടുമെന്ന് പ്രവചിക്കപ്പെടുന്നു; ഇത് ജിഡിപിയുടെ 61.5 ശതമാനമാണ്, 2012 സാമ്പത്തിക വർഷത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഗവൺമെൻ്റിൻ്റെ അന്തിമ ഉപഭോഗച്ചെലവും 2025 സാമ്പത്തികവർഷത്തെ 2.3 ശതമാനത്തിൽ നിന്ന് 2026 ൽ 5.2 ശതമാനം വളർച്ചയോടെ ശക്തമായി തിരിച്ചുവരുമെന്ന് കണക്കാക്കപ്പെടുന്നു. യുപിഐ (UPI) ഇടപാടുകൾ, വിമാന-റെയിൽ ഗതാഗതം, ഇ-വേ ബില്ലുകൾ തുടങ്ങിയ ഹൈ-ഫ്രീക്വൻസി സൂചകങ്ങൾ നഗര-ഗ്രാമ ഉപഭോഗത്തിൽ പ്രകടമായ മുന്നേറ്റം പ്രതിഫലിപ്പിക്കുന്നു. നിക്ഷേപ പ്രവർത്തനങ്ങൾ ശക്തമായി തുടരുന്നു; മൊത്തം സ്ഥിര മൂലധന രൂപീകരണം (GFCF) 2026 സാമ്പത്തിക വർഷത്തിൽ 7.8 ശതമാനം വർദ്ധിച്ചു, ഇത് മുൻവർഷത്തേക്കാൾ കൂടുതലാണ്. കൂടാതെ, കഴിഞ്ഞ മൂന്ന് വർഷമായി ജിഡിപിയുടെ ഏകദേശം 30 ശതമാനമായി ജിസിഎഫ്സി (GFCF) സ്ഥിരമായി നിലനിൽക്കുന്നു.
ബാഹ്യ മേഖല
2025 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ആകെ കയറ്റുമതി (ചരക്കുകളും സേവനങ്ങളും) 825.3 ബില്യൺ ഡോളറിലെത്തുകയും ഈ മുന്നേറ്റം 2026 സാമ്പത്തിക വർഷത്തിലും തുടരുകയും ചെയ്യുന്നു. അമേരിക്ക ഏർപ്പെടുത്തിയ താരിഫുകൾ നിലനിൽക്കെ തന്നെ, ചരക്ക് കയറ്റുമതി 2.4 ശതമാനവും (2025 ഏപ്രിൽ-ഡിസംബർ), സേവന കയറ്റുമതി 6.5 ശതമാനവും വളർച്ച രേഖപ്പെടുത്തി. 2025 ഏപ്രിൽ-ഡിസംബർ കാലയളവിലെ ചരക്ക് ഇറക്കുമതിയിൽ 5.9 ശതമാനം വർദ്ധനവുണ്ടായി. 2025 സാമ്പത്തിക വർഷത്തിൽ നേരിട്ടുള്ള വിദേശനിക്ഷേപം (FDI) മൊത്തം 81.0 ബില്യൺ ഡോളറായി രേഖപ്പെടുത്തി; 2026 സാമ്പത്തിക വർഷത്തിന്റെ ആദ്യ ഏഴ് മാസങ്ങളിൽ മറ്റേതൊരു സാമ്പത്തിക വർഷത്തെയും അപേക്ഷിച്ച് ഏറ്റവും ഉയർന്ന നിക്ഷേപം ലഭിച്ചതോടെ ഈ മുന്നേറ്റം കൂടുതൽ ശക്തമായി. കറന്റ് അക്കൗണ്ട് കമ്മി (CAD), 2025 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിലെ (H1) 1.3 ശതമാനത്തിൽ നിന്ന് 2026 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ ജിഡിപിയുടെ 0.8 ശതമാനമായി കുറഞ്ഞു.
മീഡിയം ടേം ഫിസ്‌ക്കൽ പോളിസി കം സ്ട്രാറ്റജി സ്റ്റേറ്റ്‌മെൻ്റ്
ധനകാര്യ സൂചകങ്ങൾ
2024-25 (പതിവ്), 2025-26 ബജറ്റുകളിൽ സൂചിപ്പിച്ചിട്ടുള്ള കബാധ്യത കുറയ്ക്കാനുള്ള മാർഗം (Debt glide path) തന്നെയാണ് 2026-27 കേന്ദ്ര ബജറ്റിന്റെയും പ്രധാന ധനകാര്യ അടിസ്ഥാനം. 2021-22 സാമ്പത്തിക വർഷത്തിൽ പ്രഖ്യാപിച്ച ‘ഫിസ്ക്കൽ കൺസോളിഡേഷൻ’ (ധനപരമായ ഏകീകരണം) പ്രക്രിയയുടെ പശ്ചാത്തലത്തിലാണ് ഈ ബജറ്റ് അവതരിപ്പിക്കുന്നത്. സാമ്പത്തിക അച്ചടക്കത്തിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ വികസന മുൻഗണനകൾക്ക് ആവശ്യമായ വിഭവങ്ങൾ ലഭ്യമാക്കാൻ ഈ നടപടി ശക്തമായ അടിത്തറ നൽകിയിട്ടുണ്ട്. 2021-22 ബജറ്റിൽ പ്രഖ്യാപിച്ചതുപോലെ, 2025-26 സാമ്പത്തിക വർഷത്തിൽ ധനക്കമ്മി ജിഡിപിയുടെ 4.5 ശതമാനത്തിൽ താഴെ എത്തിക്കുക എന്ന ലക്ഷ്യം ഗവണ്മെന്റ് യാഥാർഥ്യമാക്കി. വരും വർഷങ്ങളിൽ കേന്ദ്ര ഗവണ്മെന്റിന്റെ കടബാധ്യത കുറഞ്ഞുവരുന്ന തരത്തിലുള്ള സാമ്പത്തിക നിലപാട് സ്വീകരിക്കാനായിരിക്കും ഗവണ്മെന്റ് പരിശ്രമിക്കുക. 2025-26 ലെ പരിഷ്കരിച്ച കണക്കുകളും (RE), 2026-27 ലെ ബജറ്റ് എസ്റ്റിമേറ്റുകളും(BE) പ്രകാരമുള്ള പ്രധാന ധനകാര്യ സൂചകങ്ങൾ ജിഡിപിയുടെ ശതമാനമായി ചുവടെയുള്ള പട്ടികയിൽ നൽകിയിരിക്കുന്നു.

വരവ്
2026-27 ലെ ബജറ്റിൽ, മൊത്തം നികുതി വരുമാനം 44.04 ലക്ഷം കോടി രൂപയായി കണക്കാക്കുന്നു. ഇത് 2025-26 ലെ പരിഷ്ക്കരിച്ച കണക്കുകളേക്കാൾ (RE) 8.0 ശതമാനം വർധന രേഖപ്പെടുത്തുന്നു. മൊത്തം നികുതി വരുമാനത്തിന്റെ 61.2 ശതമാനവും സംഭാവന ചെയ്യുന്നത് പ്രത്യക്ഷ നികുതികളാണ്, ഇത് 26.97 ലക്ഷം കോടി രൂപ വരും. പരോക്ഷ നികുതികൾ 17.07 ലക്ഷം കോടി രൂപയാകുമെന്ന് കണക്കാക്കപ്പെടുന്നു. 2026-27 സാമ്പത്തിക വർഷത്തിൽ മൊത്തം നികുതി വരുമാനവും ജിഡിപിയും തമ്മിലുള്ള അനുപാതം (GTR to GDP ratio) 11.2 ശതമാനമായിരിക്കും. പതിനാറാം ധനകാര്യ കമ്മീഷന്റെ (SFC) നിർദ്ദേശങ്ങൾ നടപ്പിലാക്കുന്ന ആദ്യ വർഷം കൂടിയാണ് 2026-27. വിഭജനാത്മക നികുതി വിഹിതത്തിന്റെ (Divisible pool) 41 ശതമാനം സംസ്ഥാനങ്ങൾക്ക് നൽകുന്നത് തുടരണമെന്ന് കമ്മീഷൻ ശുപാർശ ചെയ്തിട്ടുണ്ട്. കേന്ദ്രത്തിന് ലഭിക്കുന്ന അറ്റ നികുതി വരുമാനം (Net Tax Revenue) 28.67 ലക്ഷം കോടി രൂപയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കേന്ദ്ര ഗവണ്മെന്റിന്റെ നികുതിയേതര വരുമാനം 6.66 ലക്ഷം കോടി രൂപയായി കണക്കാക്കുന്നു. കേന്ദ്രത്തിന്റെ ആകെ റവന്യൂ വരവുകൾ [അറ്റ നികുതി വരുമാനവും നികുതിയേതര വരുമാനവും ചേർത്ത്] 35.33 ലക്ഷം കോടി രൂപയായി കണക്കാക്കപ്പെടുന്നു. റവന്യൂ വരവുകളിൽ 2025-26 ലെ പരിഷ്കരിച്ച കണക്കുകളേക്കാൾ 5.7 ശതമാനം വളർച്ചയാണ് ബജറ്റ് ലക്ഷ്യമിടുന്നത്.
ചെലവ്
കേന്ദ്ര ഗവണ്മെന്റിന്റെ ആകെ ചെലവ് 53.47 ലക്ഷം കോടി രൂപയായിരിക്കുമെന്ന് 2026-27 ലെ ബജറ്റിൽ വ്യക്തമാക്കുന്നു. (ഇത് ജിഡിപിയുടെ 13.6 ശതമാനമാണ്). 2025-26 ലെ പരിഷ്കരിച്ച കണക്കായ (RE) 49.65 ലക്ഷം കോടി രൂപയേക്കാൾ 7.7 ശതമാനം വർദ്ധനവാണ് ഇത് കാണിക്കുന്നത്. ബജറ്റിൽ മൂലധന ചെലവിനായി 12.22 ലക്ഷം കോടി രൂപ (ജിഡിപിയുടെ 3.1 ശതമാനം) ബജറ്റിൽ നീക്കിവെച്ചിട്ടുണ്ട്. സംസ്ഥാനങ്ങൾക്കുള്ള പ്രത്യേക മൂലധന സഹായമായ SASCI (Special Assistance as Loan to States for Capital Expenditure) വഴി നൽകുന്ന 2.0 ലക്ഷം കോടി രൂപയും ഇതിൽ ഉൾപ്പെടുന്നു. കേന്ദ്ര ഗവണ്മെന്റിന്റെ മൂലധന ചെലവും, ആസ്തികൾ സൃഷ്ടിക്കുന്നതിനായി നൽകുന്ന ധനസഹായവും (Grants-in-aid) ചേർന്നതാണ് ‘ഫലപ്രദമായ മൂലധന ചെലവ്’ (Effective Capital Expenditure). ഇവ രണ്ടും ചേർന്ന് സമ്പദ്‌വ്യവസ്ഥയുടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്ന നിക്ഷേപങ്ങളായി മാറുന്നു. 2026-27 ബജറ്റിൽ ആസ്തികൾ സൃഷ്ടിക്കുന്നതിനുള്ള ഗ്രാൻഡ്-ഇൻ-എയ്ഡിനായി 4.93 ലക്ഷം കോടി രൂപ (ജിഡിപിയുടെ 1.3 ശതമാനം) മാറ്റിവെച്ചിട്ടുണ്ട്. അതനുസരിച്ച്, 2026-27 സാമ്പത്തിക വർഷത്തിലെ ആകെ ഫലപ്രദമായ മൂലധന ചെലവ് 17.15 ലക്ഷം കോടി രൂപയായി (ജിഡിപിയുടെ 4.4 ശതമാനം) കണക്കാക്കപ്പെടുന്നു.
സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതവും ധനകാര്യ കമ്മീഷൻ ഗ്രാന്റുകളും
ധനകാര്യ കമ്മീഷന്റെ (FC) ശുപാർശകൾ പ്രകാരം, കമ്മീഷൻ നിശ്ചയിച്ചിട്ടുള്ള കാലയളവിൽ കേന്ദ്ര ഗവണ്മെന്റ് സംസ്ഥാനങ്ങൾക്ക് നികുതി വിഹിതം കൈമാറുന്നു. നേരത്തെ സൂചിപ്പിച്ചതുപോലെ, വിഭജനാത്മക നികുതി സമാഹരണത്തിന്റെ (divisible pool) 41 ശതമാനം സംസ്ഥാനങ്ങൾക്ക് നൽകണമെന്ന പതിനാറാം ധനകാര്യ കമ്മീഷന്റെ (SFC) ശുപാർശ ഗവണ്മെന്റ് അംഗീകരിച്ചിട്ടുണ്ട്. 2026-27 ലെ ബജറ്റിൽ, സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതം 15.26 ലക്ഷം കോടി രൂപയായി കണക്കാക്കപ്പെടുന്നു. 2025-26 ലെ പരിഷ്കരിച്ച (RE) 13.93 ലക്ഷം കോടി രൂപയേക്കാൾ കൂടുതലാണിത്. മുൻവർഷങ്ങളിലെ നികുതി വിഹിതവുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളിൽ നിന്ന് കേന്ദ്രത്തിന് ലഭിക്കാനുള്ള കുടിശ്ശികയിനത്തിലുള്ള 9,084.02 കോടി രൂപ കൂടി ഇതിൽ ഉൾപ്പെടുന്നു. 2026-27 ലെ ബജറ്റ് കണക്കുകൾ പ്രകാരം സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതം ജിഡിപിയുടെ 3.9 ശതമാനമാണ്; ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് (കുടിശ്ശിക ഉൾപ്പെടെ) 1.33 ലക്ഷം കോടി രൂപ കൂടുതലാണ്. കൂടാതെ, 2026-27 ബജറ്റിൽ ധനകാര്യ കമ്മീഷൻ ഗ്രാന്റുകൾ 1.4 ലക്ഷം കോടി രൂപയായി കണക്കാക്കുന്നു. അതനുസരിച്ച്, നികുതി വിഹിതവും ഗ്രാന്റുകളും ഉൾപ്പെടെ ധനകാര്യ കമ്മീഷൻ വഴി സംസ്ഥാനങ്ങൾക്ക് കൈമാറുന്ന ആകെ തുക 16.56 ലക്ഷം കോടി രൂപയായി കണക്കാക്കപ്പെടുന്നു.

2026-27 സാമ്പത്തിക വർഷത്തേക്കുള്ള ധനനയ തന്ത്രം
2026-27 സാമ്പത്തിക വർഷത്തെ ധനനയ തന്ത്രം, 2025-26 ലെ ബജറ്റിൽ സൂചിപ്പിച്ചിട്ടുള്ള കടബാധ്യത കുറയ്ക്കാനുള്ള മാർഗം എന്നതിന് അനുസൃതമായി തുടരും. ധനക്കമ്മിയെ പ്രധാന പ്രവർത്തന ലക്ഷ്യമായി നിലനിർത്തിക്കൊണ്ട്, 2030-31 സാമ്പത്തിക വർഷത്തോടെ കടബാധ്യത -ജിഡിപി അനുപാതം 50±1 ശതമാനത്തിൽ എത്തിക്കുക എന്നതാണ് ഇടക്കാല ലക്ഷ്യം. ഈ ലക്ഷ്യങ്ങൾക്ക് അനുസൃതമായി, 2026-27 ലെ ബജറ്റ് കണക്കുകൾ പ്രകാരം കേന്ദ്ര ഗവണ്മെന്റിന്റെ കടബാധ്യത-ജിഡിപി അനുപാതം 55.6 ശതമാനവും, ധനക്കമ്മി ലക്ഷ്യം ജിഡിപിയുടെ 4.3 ശതമാനവുമായിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു. മൂലധനച്ചെലവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരുന്നതിലൂടെ സാമ്പത്തിക വളർച്ചയ്ക്ക് പിന്തുണ നൽകുക, ആഗോള സാമ്പത്തിക പ്രതിസന്ധികളെ നേരിടാൻ ആവശ്യമായ സാമ്പത്തിക സാഹചര്യം ഒരുക്കുക, വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ രാജ്യത്തിന്റെ സുസ്ഥിരമായ അഭിവൃദ്ധി ഉറപ്പാക്കുക എന്നിവയാണ് ഈ ധനനയത്തിന്റെ മറ്റ് വശങ്ങൾ. നികുതി നയത്തിലെ പരിഷ്കാരങ്ങൾ, ചെലവ് നയം, ഗവണ്മെന്റ് കടമെടുക്കൽ, വായ്പ ലഭ്യമാക്കൽ, നിക്ഷേപം എന്നിവയും ഇതിൽ ഉൾപ്പെടുന്നു.