കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലത്തിന് കീഴിലുള്ള ശ്രീനഗറിലെ പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി) യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മാധ്യമ പര്യടനത്തിൻ്റെ ഭാഗമായി ജമ്മു കാശ്മീരിൽ നിന്നുള്ള മാധ്യമ സംഘത്തിൻ്റെ കേരള പര്യടനം കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) സന്ദർശനത്തോടെ ആരംഭിച്ചു. രണ്ട് പിഐബി ഓഫീസർമാരുൾപ്പടെ 14 പേരടങ്ങുന്നതാണ് സംഘം. തിരുവനന്തപുരം, കോട്ടയം, എറണാകുളം എന്നിങ്ങനെ മൂന്ന് ജില്ലകളിലാണ് സന്ദർശനം.
പര്യടനത്തിൻ്റെ ആദ്യ ദിനത്തിൽ പിഐബി ശ്രീനഗർ പ്രതിനിധി സംഘം കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ഓഫീസ് സന്ദർശിക്കുകയും വാട്ടർ മെട്രോയുടെ ആസൂത്രണം, നടത്തിപ്പ്, പ്രവർത്തന ചട്ടക്കൂട് എന്നിവയെക്കുറിച്ച് നേരിട്ട് വിവരങ്ങൾ മനസ്സിലാക്കുകയും ചെയ്തു. സംഘം കെ.എം.ആർ.എൽ, കൊച്ചി വാട്ടർ മെട്രോ എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി സംവദിക്കുകയും ചെയ്തു.
കെഎംആർഎൽ മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്റ, കെഎംആർഎൽ ഡയറക്ടർ (പ്രോജക്ട്സ്) ഡോ. എം.പി. റാം നവാസ്, കെഎംആർഎൽ ചീഫ് ജനറൽ മാനേജർ ഷാജി ജനാർദനൻ, കൊച്ചി വാട്ടർ മെട്രോയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സാജൻ ജോൺ, കെഎംആർഎൽ പിആർ ആൻഡ് സോഷ്യൽ മീഡിയ മേധാവി കെ.കെ. ജയകുമാർ എന്നിവരുമായി സംഘം കൂടിക്കാഴ്ച നടത്തി.
വാട്ടർ മെട്രോ സമയലാഭമുള്ളതും സംയോജിതവുമായ ഗതാഗത ആശയമാണെന്ന് കെഎംആർഎൽ മാനേജിംഗ് ഡയറക്ടർ ശ്രീ ലോക്നാഥ് ബെഹ്റ വിശേഷിപ്പിച്ചു. വാട്ടർ മെട്രോയിലും റെയിൽ മെട്രോയിലും തടസ്സമില്ലാത്ത സംയോജിത ടിക്കറ്റിംഗ് സംവിധാനം സാധ്യമാക്കുന്നു. മനുഷ്യസൗഹൃദ സമീപനം, വിശദാംശങ്ങളിലേക്കുള്ള ശ്രദ്ധ, ശുചിത്വം, കാര്യക്ഷമമായ ടിക്കറ്റിംഗ് സംവിധാനങ്ങൾ, പ്രായോഗികമായ ആവാസവ്യവസ്ഥ സൃഷ്ടിക്കൽ എന്നിവയാണ് ഏതൊരു പൊതുഗതാഗത സംവിധാനത്തിൻ്റേയും വിജയത്തിന് പിന്നിലെ പ്രധാന ഘടകങ്ങളെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
കൊച്ചി വാട്ടർ മെട്രോയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ശ്രീ സാജൻ ജോൺ വാട്ടർ മെട്രോയുടെ ലക്ഷ്യങ്ങളേയും കാഴ്ചപ്പാടുകളേയും കുറിച്ച് പ്രതിനിധി സംഘത്തോട് വിശദീകരിച്ചു. കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കാൻ ശേഷിയുള്ളതും സുസ്ഥിരവും എല്ലാവരേയും ഉൾക്കൊള്ളുന്നതുമായ ഒരു ഗതാഗത സംവിധാനമെന്ന നിലയിലുള്ള വാട്ടർ മെട്രോയുടെ പങ്കിനെക്കുറിച്ച് അദ്ദേഹം എടുത്തുപറഞ്ഞു. സാർവത്രികവും തുല്യവുമായ പ്രവേശനക്ഷമത, മെച്ചപ്പെട്ട സുരക്ഷാ മാനദണ്ഡങ്ങൾ, പരിസ്ഥിതി സൗഹൃദവും കുറഞ്ഞ മലിനീകരണവുമുള്ള യാത്രാ പരിഹാരങ്ങളിലേക്കുള്ള മാറ്റം എന്നിവ വാഗ്ദാനം ചെയ്യുന്ന ഈ പദ്ധതി തടസ്സമില്ലാത്ത ഗതാഗത മാർഗ്ഗമാണെന്നും അദ്ദേഹം അറിയിച്ചു. നിലവിൽ 20 ബാറ്ററി ബോട്ടുകളും 12 ടെർമിനലുകളുമായി പ്രവർത്തിക്കുന്ന വാട്ടർ മെട്രോ, ചുറ്റുമുള്ള ദ്വീപുകളിൽ നിന്നുള്ള ആയിരക്കണക്കിന് യാത്രക്കാർക്ക് കണക്റ്റിവിറ്റിയും ഗതാഗത സേവനങ്ങളും നല്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
പദ്ധതിയുടെ പ്രവർത്തനവശങ്ങളെക്കുറിച്ച് കെഎംആർഎൽ ചീഫ് ജനറൽ മാനേജർ ശ്രീ ഷാജി ജനാർദ്ദനൻ വിശദീകരിച്ചു. ടെർമിനലുകളുടെ പ്രവേശനക്ഷമത, രക്ഷാപ്രവർത്തനത്തിനുള്ള ബോട്ടുകളുടെ വിന്യാസം ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ, പ്രത്യേക ചാർജിംഗ് ഡോക്കുകളുള്ള ബാറ്ററി ബോട്ടുകളുടെ ഉപയോഗം എന്നിവയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ഇവയുടെ ഉപയോഗം പരിസ്ഥിതിക്ക് ദോഷകരമായ കാർബൺ മലിനീകരണം കുറയ്ക്കാൻ സഹായിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
2023 ഏപ്രിൽ 25-ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയാണ് കൊച്ചി വാട്ടർ മെട്രോ ഉദ്ഘാടനം ചെയ്തത്. ശ്രീനഗർ ഉൾപ്പെടെ രാജ്യത്തെ 15 നഗരങ്ങളിൽ സമാനമായ വാട്ടർ മെട്രോ സംവിധാനങ്ങൾക്കായുള്ള സാധ്യതാ പഠനങ്ങൾ നടത്തിയിട്ടുണ്ടെന്നും, മുംബൈയെ അടുത്ത സാധ്യതയുള്ള സ്ഥലമായി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. കേന്ദ്ര സർക്കാർ സംരംഭമായ ഈ പദ്ധതി, കേരള സർക്കാരും കൊച്ചി മെട്രോയും സംയുക്തമായാണ് നടപ്പിലാക്കുന്നത്. കൂടാതെ, ഈ പദ്ധതിക്ക് നിരവധി ദേശീയ അന്തർദേശീയ അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.
യോഗത്തിൻ്റെ തുടക്കത്തിൽ, പിഐബി ശ്രീനഗറിലെ മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ ഓഫീസറും പര്യടനത്തിൻ്റെ കണ്ടക്റ്റിംഗ് ഓഫീസറുമായ ശ്രീ മജീദ് പണ്ഡിറ്റ് മാധ്യമ പ്രതിനിധി സംഘത്തെ പരിചയപ്പെടുത്തി. പിഐബി കൊച്ചിയിലെ മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ ഓഫീസറായ ശ്രീമതി. ഷാമില കെ. വൈ. പ്രതിനിധി സംഘത്തെ അനുഗമിച്ചു.
പരിപാടിയുടെ ഭാഗമായി, കൊച്ചി വാട്ടർ മെട്രോയിലെ ബോട്ട് യാത്രയിലൂടെ മാധ്യമ സംഘത്തിന് പദ്ധതിയുടെ പ്രവർത്തനങ്ങളും യാത്രക്കാർക്കുള്ള സൗകര്യങ്ങളും നേരിട്ട് അനുഭവിച്ചറിയാനുള്ള അവസരവും ഒരുക്കി.
തുടർന്ന് സംഘം കോട്ടയത്ത് റബർ ബോർഡ് ആസ്ഥാനം സന്ദർശിച്ചു . 2026 ഫെബ്രുവരി 4 ന് തിരുവനന്തപുരത്ത് എത്തുന്ന സംഘം ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുമായി കൂടിക്കാഴ്ച്ച നടത്തും. കേന്ദ്ര കിഴങ്ങു വിള ഗവേഷണ കേന്ദ്രം സന്ദർശിച്ച് ഗവേഷണ പ്രവർത്തനങ്ങൾ മനസ്സിലാക്കും. തുടർന്ന് ഫെബ്രുവരി 5 ന് സംഘം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവും കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രവും സന്ദർശിക്കും. ഫെബ്രുവരി 6ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻ്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി (NIIST) സന്ദർശിക്കുന്ന സംഘം, ഫെബ്രുവരി 7ന് പര്യടനം പൂർത്തിയാക്കി മടങ്ങും.
ഇന്ത്യാ ഗവൺമെന്റിന്റെ വിവിധ വികസന പദ്ധതികൾ മാധ്യമപ്രവർത്തകർക്ക് പരിചയപ്പെടുത്തുക എന്നതാണ് പ്രസ് ഇൻഫർമേഷൻ ബ്യൂറോ വിവിധ സംസ്ഥാനങ്ങളിലേക്ക് സംഘടിപ്പിക്കുന്ന മാധ്യമ പര്യടനത്തിൻ്റെ ലക്ഷ്യം.


