ജൈവമാലിന്യസംസ്‌കരണത്തെ കൂടുതൽ ഫലപ്രദമാക്കുകയും സംസ്ഥാനത്തിന്റെ സർക്കുലർ ഇക്കോണമി ലക്ഷ്യങ്ങളും സുസ്ഥിര മാലിന്യസംസ്‌കരണവും വേസ്റ്റ് ടു വെൽത്ത്’ ആശയം ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനായി കൊല്ലം ജില്ലയിലെ കുരീപ്പുഴയിൽ ജൈവമാലിന്യത്തെ കംപ്രസ്ഡ് ബയോഗ്യാസ് ആക്കി മാറ്റുന്ന പ്ലാന്റ് സ്ഥാപിക്കുന്നു. ഫെബ്രുവരി 11-ന് ഉച്ചയ്ക്ക് 1ന് തിരുവനന്തപുരം തൈക്കാട് ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ നടക്കുന്ന ചടങ്ങിൽ പ്ലാന്റിനായുള്ള ബഹുകക്ഷി കരാർ ഒപ്പുവയ്ക്കും.

 

ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ശുചിത്വ മിഷൻ, കൊല്ലം മുനിസിപ്പൽ കോർപ്പറേഷൻ, വിവിധ മുനിസിപ്പാലിറ്റികളും ഗ്രാമപഞ്ചായത്തുകളും എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പ്രതിദിനം കുറഞ്ഞത് 120 ടൺ ജൈവമാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കാൻ ശേഷിയുള്ള പ്ലാന്റ്, ആവശ്യാനുസരണം 150 ടൺ വരെ വികസിപ്പിക്കാനാവും. മാലിന്യത്തിൽ നിന്ന് കംപ്രസ്ഡ് ബയോഗ്യാസ് ഉൽപാദിപ്പിക്കുന്നതോടൊപ്പം ജൈവവളം ഉൾപ്പെടെയുള്ള മൂല്യവർധിത ഉപോൽപ്പന്നങ്ങളും നിർമ്മിക്കും. ഇതുവഴി ലാൻഡ്ഫില്ലുകളുടെ ആശ്രയം കുറയ്ക്കാനും ഹരിതഗൃഹ വാതക ബഹിർഗമനം നിയന്ത്രിക്കാനും ഹരിത ഊർജ്ജ ഉൽപാദനം പ്രോത്സാഹിപ്പിക്കാനും സാധിക്കും.

കൊല്ലം കോർപ്പറേഷന്റെ കരിപ്പുഴയിലെ 7 ഏക്കർ ഭൂമിയിൽ പ്ലാന്റിന്റെ രൂപകൽപ്പന, നിർമ്മാണം, പ്രവർത്തനം, പരിപാലനം എന്നിവ ബി.പി.സി.എൽ സ്വന്തം ചെലവിൽ നിർവഹിക്കും പദ്ധതിയുടെ സുഗമമായ നടപ്പാക്കലിനായി ആവശ്യമായ ജൈവമാലിന്യ ലഭ്യത ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉറപ്പുവരുത്തും. കൊല്ലം മുനിസിപ്പൽ കോർപ്പറേഷൻ, കൊട്ടാരക്കര, പരവൂർ, കരുനാഗപ്പള്ളി മുനിസിപ്പാലിറ്റികൾ, ചവറ, നീണ്ടകര, തൃക്കരുവ, പെരിനാട്, തൃക്കോവില്വട്ടം, മയ്യനാട്, ചാത്തന്നൂർ, പനയം, കൊട്ടങ്കര എന്നീ ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിൽ നിന്നുള്ള ജൈവമാലിന്യങ്ങളാണ് പ്ലാന്റിൽ സംസ്‌കരിക്കുന്നത്.

സംസ്ഥാനത്ത് ബി.പി.സി.എൽ നടപ്പാക്കുന്ന മൂന്നാമത്തെ സി.ബി.ജി. പ്ലാന്റാണ് കൊല്ലത്തേത്. കൊച്ചിയിലെ പ്ലാന്റ് പൂർത്തീകരണ ഘട്ടത്തിലും കോഴിക്കോട് കോർപ്പറേഷനിലെ പ്ലാന്റിനായി തുടർനടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയുമാണ്.coming up in Kureepuzha, Kollam