business100news.com; കൊല്ലം – എറണാകുളം – കൊല്ലം (06169/70)യും കൊല്ലം – കോട്ടയം – കൊല്ലം (66315/16)യും സർവീസ് നടത്തുന്ന മെമു ട്രെയിനുകളുടെ കോച്ചുകളുടെ എണ്ണം എട്ടിൽ നിന്ന് പന്ത്രണ്ടായി ഉയർത്തിയതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. യാത്രക്കാരുടെ ദീർഘകാല ആവശ്യത്തിനും നിരന്തരമായ പരാതികൾക്കും പിന്നാലെ വന്ന ഈ തീരുമാനം സ്ഥിരം യാത്രക്കാർക്ക് വലിയ ആശ്വാസമാണ്.
കഴിഞ്ഞാഴ്ച പാർലമെന്റ് സമ്മേളനത്തിനിടെ, മെമു ട്രെയിനുകളിൽ അനുഭവപ്പെടുന്ന അത്യന്തം തിരക്ക്, വിദ്യാർത്ഥികൾക്കും തൊഴിൽജീവികൾക്കും സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ എന്നിവ സംബന്ധിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി കേന്ദ്ര റെയിൽവേ മന്ത്രി കൂടാതെ റെയിൽവേ ബോർഡ് ചെയർമാനെ നേരിൽ കണ്ടു വിശദീകരിക്കുകയും അടിയന്തര ഇടപെടൽ ആവശ്യപ്പെടുകയും ചെയ്തിരുന്നു. യാത്രക്കാരുടെ സുരക്ഷയും സൗകര്യവും മുൻനിർത്തി കോച്ചുകളുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യം അദ്ദേഹം ശക്തമായി ഉന്നയിച്ചിരുന്നു.
ഈ ഇടപെടലിന് പിന്നാലെ റെയിൽവേ അധികാരികൾ അനുകൂല നടപടി സ്വീകരിച്ച് രണ്ട് സർവീസുകളിലും കോച്ചുകളുടെ എണ്ണം പന്ത്രണ്ടാക്കി ഉയർത്തിയിരിക്കുകയാണ്. പ്രതിദിനം ആയിരക്കണക്കിന് യാത്രക്കാരെ ആശ്രയിക്കുന്ന ഈ റൂട്ടുകളിൽ തിരക്ക് കുറയാനും യാത്ര കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമാകാനും ഇത് സഹായകരമാകും.
ജനങ്ങളുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിച്ച് വേഗത്തിൽ നടപടി സ്വീകരിച്ച റെയിൽവേ മന്ത്രിക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും കൊടിക്കുന്നിൽ സുരേഷ് എംപി നന്ദി രേഖപ്പെടുത്തി. യാത്രക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ തുടർച്ചയായ ഇടപെടലുകൾ ഉണ്ടാകുമെന്ന് എംപി അറിയിച്ചു.

